Tuesday, August 18, 2026
Homeഅമേരിക്കഓർമ്മചെപ്പ് ✍ബിന്ദു ടി കെ, കാഞ്ഞിക്കുളം, പാലക്കാട്

ഓർമ്മചെപ്പ് ✍ബിന്ദു ടി കെ, കാഞ്ഞിക്കുളം, പാലക്കാട്

ആഘോഷങ്ങൾക്കും ഉൽസവങ്ങൾക്കും കൂടുതൽ നിറപ്പകിട്ടുള്ളത് കുട്ടിക്കാലത്താണ്. വർഷമെത്ര കടന്നുപോയാലും നൈർമ്മല്യമുള്ള ആ അനുഭവങ്ങൾ ഓർമ ചിത്രങ്ങളായി മിഴിവോടെ മനസ്സിൽ തെളിഞ്ഞു വരും.

ഓണക്കാലം… വർഷം മുഴുവൻ കാത്തിരുന്നെത്തുന്ന ആഹ്ളാദത്തിന്റെ ദിവസങ്ങൾ…. ഗ്രാമാന്തരീക്ഷത്തിലെ ഒരു കർഷക ഭവനത്തിലെ ചടങ്ങുകൾ ഹൃദയഹാരിയായിരുന്നു.

ഓണപൂക്കളം ഒരുക്കുന്നതിൽ തുടങ്ങുന്നു. ആലോഷച്ചടങ്ങുകൾ.. വീട്ടിലെ ഭാഷയിൽ “മുറ്റത്ത് പൂവിടണ്ടേ കുട്ട്യോളെ..” അത്തം പുലരുമ്പോഴുള്ള ചോദ്യമാണ്… വീട്ടിൽ പൂക്കൾ അധികം ഇല്ലാത്തതിനാലും കൂടെക്കൂടാൻ മറ്റു കുട്ടികൾ ചുറ്റുവട്ടത്ത് ഇല്ലാത്തതിനാൽ അച്ഛനോടൊപ്പം പോയി ഇളം വയലറ്റ് നിറമുള്ള ഓണപ്പൂക്കളും ബിസ്ക്കറ്റ് പൂവും പൂച്ചെടിപ്പൂവും പറിച്ചു കൊണ്ടു വരുമായിരുന്നു.

ഈയടുത്തകാലം വരെ ഞാനും അനിയനും ചേർന്ന് തറവാട്ടുമുറ്റത്ത് നാട്ടുപൂക്കൾ കൊണ്ട് പൂവിടുന്നതാണ് ഏറ്റവും മനസ്സിനെ സ്പർശിക്കുന്ന ഓണാഘോഷം. ചാണകം മെഴുകിയ മുറ്റത്ത് മുക്കുറ്റി,തുമ്പ, കൊങ്ങിണി, കാശിത്തുമ്പ, കൃഷ്ണകിരീടം, തെച്ചി, ചെമ്പരത്തി, നന്ത്യാർവട്ടം എല്ലാം ചേർത്ത് കുട്ടിക്കാലത്തേ പോലെ വട്ടം വട്ടമായി പൂക്കളമൊരുക്കും. അച്ഛനുമമ്മയും അഭിപ്രായങ്ങളും നിർദേശങ്ങളുമായി ഒതുക്കു കല്ലിലോ കോലായിലോ ഇരിക്കുന്നുണ്ടാവും. കുട്ടിക്കാലത്തിന്റെ മധുരമുള്ള തനിയാവർത്തനം…

ഓണം അച്ഛൻ വീട്ടിലും അമ്മ വീട്ടിലും മാറി മാറി കൂടിയിരുന്നു.ഒരേ നാട്ടിലാണെങ്കിലും രണ്ടു തറവാട്ടിലും അൽപസ്വൽപം വ്യത്യാസമുള്ള ആചാരങ്ങൾ

അച്‌ഛന്റെ വീട്ടിൽ അച്ചമ്മയുടെ നേത്യത്വത്തിൽ ഉത്രാടസദ്യയാണ് കെങ്കേമം.വീടിനോട് ബന്ധപ്പെട്ട എല്ലാവരുമൊത്തുള്ള ഓണസദ്യ…

അന്ന് നടുമുറ്റം നിറയെ ചാണകം തേയ്ക്കും. അരിമാവു കാണ്ട് അച്ഛൻ മനോഹരമായി അണിയും. അതിന്റെ മാവ് അരക്കൽ എന്റെ പണിയായിരുന്നു. എത്രയും മിനുസമാകാമോ അത്രയും മിനുസമായാലേ അച്ഛന്റെ വിരലുകലൂടെ മുറിയാതെ ഊർന്നു വിണ് അവ ചിത്രങ്ങളാവൂ. മാതേരിനെ എഴുന്നള്ളിച്ചു വരുന്നിടം ഓം എന്നെഴുതി സ്ഥാനം വരക്കും ചുറ്റും ഇതളുകളാവാം…താമരയും വള്ളികളുമാവാം ചേർത്ത് ചേർത്ത് വരച്ചുമുറ്റം നിറയെ അണിയും.മാറി നിന്ന് ശരിയായോ എന്ന് ചാഞ്ഞുംചെരിഞ്ഞും നോക്കുന്ന മല്ലുമുണ്ട് ഉടുത്ത അച്ഛൻ…
തലേന്ന് മണ്ണു കൊണ്ട് ഉണ്ടാക്കിയ മാതേര് പീഠത്തിലെ നാക്കിലയിൽ വെച്ച് മാവ് കൊണ്ട് തണ്ടൊഴുക്കി നിറുകയിൽ തുളസിക്കതിർ വെക്കും. മാതേരിനെ അലങ്കരിക്കാൻ കുട്ടികൾ ഈർക്കിലയിൽ അരളി, ചെമ്പരത്തി കോർത്ത് കുത്തിവെക്കും. ഓണത്തിനായി എത്തിയ പുത്തൻ ഓലക്കുട ( അതിനൊരു പ്രത്യേക മണമുണ്ടേ) മാതേരിന് ചൂടിക്കൊടുക്കും. ഓണസദ്യ നിവേദിക്കുകയും കഴിഞ്ഞാൽ കളികൾ.. ഉത്രാടം പൂർത്തിയായി

തിരുവോണത്തിന്റെ നല്ല ഓർമകൾ അമ്മയുടെ വീട്ടിലാണ്. ഉത്രാടം രാത്രി ഊൺതളത്തിൽ എല്ലാവരും ചേർന്ന് മുത്തശ്ശിയുടെ നേതൃത്വത്തിൽ അടയുണ്ടാക്കലാണ്. അതിലുന്ന തേങ്ങയും ശർക്കരയും ചേർന്ന കൂട്ട് ആരും കാണാത ഇടക്ക് വായിലേക്കും പോകും

തിരുവോണം പുലർച്ചെ അമ്മാവൻ എഴുന്നേറ്റ് മാതേര് പൂജ- മഹാദേവനെ എഴുന്നള്ളിക്കൽ ചടങ്ങ് നടത്തും. “നടുമുറ്റത്തുള്ളോണത്തപ്പന്നടനേദിച്ചു മുത്തശ്ശി” എന്ന വരി എനിക്കാ സമയത്ത് ഓർമ വരും. “കറ്റകറ്റകയറിട്ടു “എന്നു തുടങ്ങുന്ന ഒരു പാട്ട് മുത്തശ്ശി അപ്പോൾ പാടാറുണ്ട്. പൂജ കഴിഞ്ഞാൽ പൂവിളിക്കണം പൂവേ പൊലി….. തുടങ്ങി അവസാനം കൂയ്….കൂയ്….കൂയ് കൂവു ന്നതിൽ ഞാനും എന്നാലാവും വിധം പങ്കെടുക്കും. പെൺകുട്ടിയായാലും ആരും വിലക്കിയിരുന്നില്ല. പരമാവധി ഉറക്കെ കൂവി അടുത്ത വീട്ടിലുള്ളവരുടെ മുന്നിലെത്താൻ ശ്രമിക്കുകയാണല്ലോ ഏവരും… തറവാട്ടിലെ നാലു വീടിന്റെ മുറ്റത്തുനിന്നും ഒപ്പത്തിനൊപ്പം പൂവിളികൾ ഉയരുകയായി..

ഓണക്കോടിയേക്കാൾ.. ഓണസദ്യയേക്കാൾ സ്നേഹത്തിന്റെ നൈർമല്യത്തിന്റെ ഓർമ ചിത്രങ്ങളാണ് മനസ്സിൽ തെളിമയോടെ നിൽക്കുന്നത്.. കാതോർക്കുന്നു… കേൾക്കുന്നുണ്ടോ പൂവേ പൊലി പൂവേ പൊലി പൂവേയ്….

ബിന്ദു ടി കെ, കാഞ്ഞിക്കുളം, പാലക്കാട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ