Sunday, May 10, 2026
Homeഅമേരിക്കമഞ്ഞാഗ്‌നി (കവിത) ✍ റോമി ബെന്നി

മഞ്ഞാഗ്‌നി (കവിത) ✍ റോമി ബെന്നി

കണ്ണീരോർമ്മയിലൊരു
കണിക്കൊന്നക്കാലം.

കർണ്ണികാരച്ചോട്ടിൻ ഛായയിൽ
ഞാൻ നട്ട
പത്തുമണിപ്പൂക്കൾ
പതിവായന്നും മിഴിതുറക്കവേ

കരാംഗുല ദലമിളക്കിയെന്തോ
ചൊല്ലാനുണ്ടെന്നപോൽ
കണിക്കൊന്നയാകെ
തരളിതമായെന്നെ നോക്കി

കാറ്റുമായി മാത്രമെന്തിനീ
സൗഹൃദമെന്നോടു മിണ്ടുമോയെന്ന
മട്ടിൽ ചാരെ ഞാനൊന്നു
തൊട്ടു തലോടി നിന്ന പാടെ

മഞ്ഞപ്പാവാടയണിഞ്ഞൊരുബാലിക
നഖചിത്രമെഴുതുമ്പോലാ
പീതവർണ്ണാങ്കിതമാ
യൊരു പൂങ്കൊമ്പാൽ
കാറ്റർദ്ധവൃത്തമെന്തോ
വരച്ചിടുന്നോ

കണിക്കൊന്നപൂത്തെന്നു
കൂകിവിളിച്ചൊരെൻ
കണ്ഠമിടറിയതാരു
കേൾപ്പൂ

ആഹ്ലാദഹരിദ്രാഭ
പൂശി ഞങ്ങളിരുവരും
പുഞ്ചിരിപ്പൂക്കളെറിഞ്ഞു നിന്നു.

പവനരച്ചു ചേർത്ത പൈമ്പാലേകിയോ
വരമഞ്ഞൾപ്പൊടി
പൂശിയൊരുക്കിയോ
കൊന്നപ്പെണ്ണിനേ പോറ്റിയതീഭൂമിയമ്മ

കൗമാരം കൈവിട്ട നിറയൗവ്വനപ്പൂമേനി
കണ്ടാലൊരുനോട്ട
മെറിഞ്ഞിടാതെയാരു
മിതുവഴികടന്നുപോയ
തില്ല

കനകവർണ്ണത്തിൻ നിറകാന്തി
കായത്തിൽ കത്തിപ്പടർന്നനാൾ
ഉദ്യാനപുഷ്പങ്ങളാ മഞ്ഞാഗ്‌നി
ജ്വാലയേറ്ററിയാതൊതുങ്ങിനിന്നു

പലവേരുകൾ ഒരു ഭൂമിയിൽ നിന്നൂറ്റുന്ന
ദുഗ്ധമെങ്ങനെ
ബഹുവർണ്ണമേകും നിരവദ്യ
മലരുകളായി പകിട്ടേകി വാടിയിൽ
വിരിഞ്ഞു നിൽപ്പു.

ദിനകരനേകിയ മഞ്ഞ പട്ടാംബരം
മേലാകെ മൂടിയകാന്തിയാലിവിടം
ഉത്സവച്ചന്തമേകി

മേടച്ചൂടിനൊപ്പമീ
പീതകംബളം താനെയടർന്നു
പൊയ്പ്പോകുമോ
യെന്നെന്റെസന്ദേഹത്തിനുത്തരമേകു
മ്പോലെ

ഋതുമാറിയാലുമൊരു
പൂങ്കുലയെപ്പോഴും ചിരി തൂകിയെന്നും
വിരിഞ്ഞതല്ലേ

ശുഭദിനമേകുമീ
സ്വർണ്ണയിതളുകൾ തേടിയെൻമിഴിക
ളാജാലകക്കാഴ്ചയിലതിശയിച്ചു

വിഷുക്കണി പൂവിനായാളുകൾ
ചാരെവന്നണഞ്ഞവളുടെ
തനുവെനന്നായുലച്ചിടുമ്പോൾ

വാതിലിനപ്പുറം വീർപ്പടക്കി
ആധിയോടെ ഞാൻ മെല്ലെചൊല്ലി

ചില്ലക്കൈയെങ്ങാനു
മൊടിഞ്ഞുപോമോ അരുമയോടി
വർക്കടർത്തിക്കൂടെ

സഖിയായി,സ്നേഹമായി
വാണൊരു നാളതിൽ
ഞങ്ങളൊരുമിച്ചൊരു
ചിത്രമെടുപ്പാനൊരു
ങ്ങുന്ന വേളയിലാ യന്ത്രത്തിൽ
നിന്നൊരു മണികിലുക്കം

എന്തോരപായമുള്ളിൽത്തോന്നിയാ
ക്ഷണം മറുമൊഴി വന്നിതാ
ഗൗരവഭാവമോടെ

“ദേശീയപാതയ്ക്ക് വീതിവേണം
ഇനിയും സ്ഥലമേറ്റെടുത്തീടുന്നു
നിങ്ങളുടെ” അശരീരി ഉൾഭീതി
തന്നകന്നു.

അളവിന്നവസാന ചങ്ങല വീണപ്പോൾ
വീടുപോയില്ലല്ലോ
യെന്നാശ്വാസവൈഖരിയാരോ
മൊഴിഞ്ഞതു കേട്ടു ഞാൻ മൗനമായി .

തോഴിയായിരുന്നവൾ
നിശ്വാസമോടെന്നെ
ചെറുതണലിലേയ്ക്ക ന്നണച്ചുനിർത്തി.

ഒരിതൾ പൂവെന്റെ നെറുകയിൽ
വീണതു കണ്ണീരോ സാന്ത്വന
സ്പർശനമോ

ഗൃഹമോടുചേർന്ന
കണിക്കൊന്നയൊരു
നാൾ ബുൾഡോസറിൻ
കൊമ്പിലുടക്കിനിന്നു

തിരിഞ്ഞെന്നെ നോക്കാതെ
പോയകന്ന കാഴ്ചയിൽ
തേങ്ങിയോരെൻ മുഖഭാവമന്നു
പരിഹാസച്ചിത്രമായി

മനുജനുപോലും
വിലയില്ലാക്കാലത്തിലോ മരത്തിനാ
യിവെറുതെയികള്ളക്കണ്ണീരെന്നൊരു
പഴിയുംകേട്ടുനിന്നു.

ആടിമാസക്കാറ്റാഞ്ഞടിക്കുന്ന
കാലവും ഇക്കൊല്ലമടിമുടി
പൂത്തതെന്തേ?കണ്ണീർപൂവായി
പെയ്തിറങ്ങുവാനോ സ്മൃതിയിലൊരു
ബാഷ്പമായി തങ്ങുവാനോ !

മണ്ണൊപ്പമാ ഹരിത
മൗനവുമൊടുവിൽ പൊതുവഴിയായി
രൂപമാർന്നു.

മരതകപ്പച്ച പത്രങ്ങൾ
ക്കിടയിലെവിടെയേതോ കോണിലായി
ഹേമത്തുണ്ടുപോൽ നിൻ പൂ
പിറന്നോയെന്നു
വ്യർഥമെൻ മിഴിയിണകൾ പരതി
ധൂളിമറച്ച നടപ്പാതകളിലിന്നീ
വിഷുക്കാല സന്ധ്യയൊന്നിൽ

വികസനവീഥിയൊരു
ങ്ങിടുന്നു കോൺക്രീറ്റു
തരുത്തോപ്പുയരുന്നിതേ
മൃതഹരിതബാഷ്പത്തിനു മുകളിലായി.

റോളറുകൾക്കിടയിലമർന്നിടുന്നു
സസ്യസമൃദ്ധ
മൺതരികൾക്കൊപ്പമി
ഹരിതാഭമായൊരെൻ
ഓർമകളും.

റോമി ബെന്നി✍

RELATED ARTICLES

20 COMMENTS

  1. കർണികാരം കനകമഴപെയ്ത കാലത്തിൻ്റെ നല്ലോർമ്മ.പുരോഗതിയ്ക്കൊപ്പം പ്രകൃതിയ്ക്ക് മേൽ ഏൽക്കുന്ന താഢനങ്ങളുടെ വ്യക്തമായ വരച്ചു കാട്ടൽ.ഇനിയൊരു തലമുറയ്ക്ക് പകർന്നു നൽകാൻ സംസ്കൃതിയുടെ ബാക്കിപത്രങ്ങൾ ഇവിടെ അവശേഷിയ്ക്കപ്പെടുമോ…

  2. വിഷു ഒരു ഓർമ്മയാണ്…
    പഴയതും പുതിയതുമായ ഓർമ്മകളെ
    കോർത്തിണക്കിയ കാവ്യാഞ്ജലി ഒത്തിരി ഇഷ്ടം…

    • Thank you സജി മാഷ്. പ്രോത്സാഹനത്തിന് ഒത്തിരി നന്ദി

  3. വിഷു ദിനത്തിൽ
    കണിക്കൊന്ന കാലത്തെ കുറിച്ചുള്ള ഹൃദയസ്പർശിയായ കവിത വായിക്കുവാൻ സാധിച്ചു…. വളരെ മനോഹരമായി എഴുതി….. അഭിനന്ദനങ്ങൾ റോമി ബെന്നിക്ക്.. ഇനിയും നല്ല നല്ല കവിതകൾ എഴുതു…. വായനക്കായി കാത്തിരിക്കുന്നു ❤️

  4. റോമിയുടെ വിഷുക്കൈനീട്ടമായി കാണട്ടെ ഈ കവിത.
    തൊടുന്ന മേഖലയിലെല്ലാം പൊന്നാളി വിടർത്തി ഭാവനയുണരട്ടെ.❤️❤️❤️

    • Thank You Sajeev .
      വിഷുക്കൈനീട്ടമായി സ്വീകരിച്ചതിൽ ഒത്തിരി നന്ദി. പ്രോത്സാഹനം വളരെ സന്തോഷം നൽകുന്നു.

  5. ഹൃദയസ്പർശിയായ ഒരു കവിത ഇനിയും ഇതുപോലെയുള്ള മനോഹരമായ വരികൾക്കായി കാത്തിരിക്കുന്നു❣❣❣

  6. അഭിനന്ദനങ്ങൾ റോമി….
    വളരെ നന്നായിട്ടുണ്ട്
    ഹൃദയസ്പർശിയായ വരികൾ..
    കണ്ണുകളെ സജലങ്ങളാക്കി..

    ഇനിയുമിനിയും എഴുതണേ

    • Thank you Johnson
      കവിതയിലെ ആത്മാംശം ഉൾക്കൊണ്ടുള്ള വായനയ്ക്കും അഭിപ്രായത്തിനും

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com