എന്നാൽ ഇത് ഈ കൊലപാതകത്തിന്റെ പേരിലുള്ള അറസ്റ്റല്ലന്നും ചന്തയിൽ നടന്ന അടിപിടിയെക്കുറിച്ച് അന്വേഷിക്കാനാണെന്നുമുള്ള DYSP യുടെ ഉറപ്പിൻമേൽ അവരെയും കൊണ്ട് പോലിസുവണ്ടി നീങ്ങി……
തുടർന്ന് വായിക്കുക.
👇👇👇👇👇👇👇👇
അദ്ധ്യായം 13
പൂമ്പാറ്റകൾ വർണ്ണചിറകടിച്ച് മലമുകളിൽ കൂട്ടം തെറ്റിപ്പറന്നു. ആകാശത്ത് കറുത്ത മേഘങ്ങൾ വിലാപകാവ്യങ്ങളെഴുതി. മലയോരക്കാറ്റിന്റെ തരളിതമായതാളം മാറി. ഭ്രാന്തമായ തിരയിളക്കത്തിന്റെ ആവേശം പോലെ അടിപിടിയുടെ വാർത്തയും പേറി കാറ്റ് നാട്ടിൽ ചുറ്റിത്തിരിഞ്ഞു.
രമ്യയും, കാർത്തിയും ശ്രേയട്ടീച്ചറുടെ വീട്ടിലേക്ക് ഓടി. സമയം സന്ധ്യയായിട്ടുണ്ടായിരുന്നു. എന്നാൽ പ്രതീക്ഷിക്കാതെ ടീച്ചറുടെ വീടിന്റെ അകത്ത് കയറിയ കാർത്തിയും മകളും സന്ദർശക മുറിയിൽ ടി. വി കണ്ടു കൊണ്ടിരുന്ന ജയേഷിനെക്കണ്ടു ന്തെട്ടി.
എന്താ മോളേ… എന്തു പറ്റി. ജയേഷ് രമ്യയോട് തിരക്കി.
സാറേ ചന്തയിൽ എന്തോ ഭയങ്കര അടി നടന്നൂന്നോ.. ആരോ മരിച്ചൂന്നൊക്കെ കേൾക്കുന്നു.
ചേട്ടൻ ടൗണിൽ എന്തോ സാധനങ്ങൾ വിൽക്കാൻ പോയേക്കുകയായിരുന്നു. ആളുകള് പറയുന്നു ചേട്ടനേം പോലീസ് പിടിച്ചെന്ന്. അടിപിടിക്കൊക്കെ പോകാറുണ്ടെന്നത് നേരാ.. എന്നാൽ ഈയിടെയായി ആ ജയിംസച്ചായന്റെ കാര്യക്കാരനായതിനുശേഷം ഒന്നിനും പോകാറില്ല.
മൂടിക്കെട്ടിനിന്ന കാർമേഘം താളബോധമില്ലാതെ പെയ്തിറങ്ങി. മണ്ണും മനസ്സും കുളിർത്തു. കാർത്തിയുടെ കരച്ചിൽ കണ്ട് ജയേഷിൻ്റെ മനസ്സലിഞ്ഞു.
കരയാതിരിക്കു. അതിന് നിങ്ങൾ ഇങ്ങിനെ കരഞ്ഞിട്ടെന്താ . ഞാനൊന്ന് അന്വേഷിച്ചു നോക്കാം. അവനിങ്ങ് വരും. ഉടനെ അദ്ദേഹം അവിടുത്തെ സ്റ്റേഷനിൽ വിളിച്ച് കാര്യങ്ങൾ തിരക്കി.
നിങ്ങളുടെ ഭർത്താവിനെ സ്റ്റേഷനിലോട്ട് കൊണ്ടു പോയീന്ന് ശരിയാ. അറസ്റ്റൊന്നും ചെയ്തിട്ടില്ല. അവർ വിട്ടയക്കും. ഞാൻ നാളെ വിശദമായി അന്വേഷിക്കാം. അവൻ വന്നാൽ എന്നെ വന്നൊന്ന് കാണാൻ പറയണം. ഇപ്പോള്‍ നിങ്ങള്‍ സമധാനമായി പോയ്ക്കോളൂ.
മനസ്സില്ലാ മനസ്സോടെ മലയിറങ്ങുന്ന കുടിയേറ്റക്കാരെപ്പോലെ കാർത്തി തിരിച്ചു പോകാൻ തീരുമാനിച്ചു. കാര്‍ത്തി സാരിത്തുമ്പുകൊണ്ട് കണ്ണുകള്‍ തുടച്ച് മകളെ വിളിച്ചു.
മോളേ രമ്യേ വാ പോകാം..
അമ്മേ ഒരഞ്ചു മിനിട്ട്, ഇതാ ഞാൻ ജീവൻ ചേട്ടനെ ഇപ്പം തോൽപ്പിച്ചിട്ടു വരാം.
അപ്പോഴേക്കും ജയേഷ് വീട്ടിലേക്ക് വരുമ്പോൾ പുതുതായി കൊണ്ടുക്കൊടുത്ത ഏണിയും പാമ്പും കളിതുടങ്ങിയിരുന്നു ജീവനും രമ്യയും.
ചവിട്ടുപടികൾ കയറിയും ഇറങ്ങിയും വിജയം കൈവരിക്കാൻ പാടുപ്പെടുന്ന പോരാളികളായി കളങ്ങൾ നിറഞ്ഞാടുന്ന മനസ്സുകളും കരുക്കളും ഏറ്റുമുട്ടുന്നു. അക്കങ്ങൾ മാറുന്നു. കരുക്കൾ നീങ്ങുന്നു. അവിടെ വിജയത്തിൻ്റെ ദൂരം മാത്രം ലക്ഷ്യം.
അകത്തോട്ട് കയറി നടുക്ക് എത്തുമ്പോഴൊക്കെ പാമ്പിന്റെ വായിൽ കുടുങ്ങുന്ന ജീവന്റെ കരുക്കൾക്ക് വിജയം ഉറപ്പിക്കാൻ കഴിയുന്നില്ല.
നാലുകരുക്കളിൽ അവസാനമായി ഒരു നാല് വീണാൽ നാല് കരുക്കളും സുരക്ഷിതയാക്കി ജയിക്കാൻ നിൽക്കുകയാണ് രമ്യ. അപ്പോഴാണ് അമ്മയുടെ വിളി.
മോളേ സമയം എത്രയായീന്നാ.. പോകാം. അച്ഛനങ്ങാറ്റം അവിടെ വന്നിട്ടുണ്ടെങ്കിൽ നല്ലവണ്ണം കിട്ടിയതു തന്നെ. അതും പറഞ്ഞ് ജീവന്റെ മുറിയിലേക്ക് കാർത്തി കടന്നതും .
ഹേയ്.. ഞാൻ ജയിച്ചേ. ഞാൻ ജയിച്ചേ.. രമ്യ തുള്ളിച്ചാടിയതും ഒന്നിച്ചായിരുന്നു.
എന്നാൽ തോറ്റതിൽ സങ്കടപ്പെട്ടിരിക്കുന്ന ജീവന്റെ മുഖം കണ്ട് അവൾക്ക് സങ്കടമായി. അമ്മയുടെ കൂടെ മുറ്റത്തേക്കിറങ്ങാൻ ശ്രമിക്കവേ രമ്യ വീണ്ടും ഓടി അകത്തു പോയി ജീവനോട് പറഞ്ഞു.. നമക്ക് നാളേം കളിക്കാം അതിൽ ചേട്ടൻ ജയിച്ചോ ട്ടോ.. ഞാൻ പോട്ടെ..? ജീവന്റെ മുഖം തെളിഞ്ഞു. അവൻ ചാടി എണീറ്റ് അവൾക്കൊപ്പം പൂമുഖത്തേക്ക് വന്നു. ആ കുഞ്ഞുമനസ്സുകളിൽ സ്നേഹത്തിന്റെ നിറനിലാവ് പൂത്തുലഞ്ഞു. കണ്ണുകളിൽ നിന്ന് കണ്ണുകൾ പറിച്ചെറിഞ്ഞു കൊണ്ട് ഇരുട്ടിന്റെ മറവിലേക്ക് അവൾ മറഞ്ഞു പോയി.
രമ്യയും കാർത്തിയും വീട്ടിലെത്തി ഒരഞ്ചു മിനിട്ട് കഴിഞ്ഞു കാണും രാമഭദ്രനും വന്നു ചേർന്നു. കുളി കഴിഞ്ഞ് ചന്തയിലെ കാര്യങ്ങൾ വിശദീകരിക്കുന്നതിനു മുൻപേ അവനോട് ജയേഷിനെ കാണാൻ പറഞ്ഞ കാര്യം കാർത്തി അവതരിപ്പിച്ചു.
ഓഹോ.. സാറ് വന്നിട്ടുണ്ടോ അവിടെ. നീ അവിടെ പോയിരുന്നു അല്ലേ….?
പിന്നെ. എത്രാന്ന് വച്ചാ മനുഷ്യൻ തീ തിന്നുക.
നിങ്ങളോട് എത്രയായി പറയുന്നു ഈ അടിപിടിയൊന്നു നിർത്താൻ. വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ പോയി തലയിടും. ഞാനും മോളും ഇവിടുന്ന് ഉരുകി ഉരുകി….!
ങ്ഹാ.. എന്നിട്ട് ആരാ മരിച്ചത്..? ആർക്കൊക്കെയാ പരിക്ക്..? ആരാ.. അടിയുണ്ടാക്കിയത്..?
ഒക്കെപ്പറയാം. സാറ് ഉറങ്ങിപ്പോകും. ഞാനൊന്ന് പോയി കണ്ടിട്ടു വരാം. അവൻ ഇറങ്ങി നടന്നു.
മേഘങ്ങളുടെ വിസ്ഫോടനങ്ങളില്ല. മഴയുടെ ആരവങ്ങളില്ല. എന്നാൽ കനലെരിഞ്ഞ ആഴിയുടെ ചൂട് ശമിക്കാതങ്ങിനെ പുകയുന്നു.
ങ്ഹാ.. രാമഭദ്രനോ.. വാ ഇരിക്ക്.
എന്താ ചന്തയിലെ പ്രശ്നം. ആരൊക്കെയോ അടിപിടി ഉണ്ടാക്കിയെന്നോ.. മരിച്ചൂന്നോ… നിന്നെ പോലീസുകൊണ്ടു പോയീന്നോ… ഒക്കെ കേട്ടല്ലോ..?
അത് പിന്നെ സാറേ.. ഞാനവിടെ ഉണ്ടായിരുന്നില്ല. ആ വിഗ്നേശ്വരൻ മുതലാളിയുടെ മകനും ഗുണ്ടകളുമാണ് അടിയുണ്ടാക്കിയത്.
അവർ വെറുതേ വന്ന് അടിയുണ്ടാക്കിയതാണോ..?
അവര് യഥാർത്ഥത്തിൽ എന്നെത്തിരക്കി വന്നതാണ്.
അതെന്തിനാ നിന്നെത്തിരക്കി വന്നത് ?
മാസങ്ങൾക്ക് മുൻപ് മുതലാളിയുടെ മകനും മരുമകനും ചന്തേല് വന്ന് മാർക്കോസു ചേട്ടന്റെ കടയിൽ നിന്ന് വെള്ളമടിക്കാൻ ശ്രമിച്ചു. ചേട്ടൻ തടഞ്ഞു. അതിന് അവർ ചേട്ടനെ വല്ലാതെ തല്ലി. ആള് വന്ന് വിവരം പറഞ്ഞതനുസരിച്ചാണ് ഞാൻ ചെല്ലണത്.
ചെന്നപ്പോ അടികൊണ്ടു കിടക്കുന്ന മാർക്കോസു ചേട്ടന്റെ കിടപ്പുകണ്ടപ്പോ സഹിച്ചില്ല സാറേ.. ഞാൻ അവരെ ശരിക്കും പൊട്ടിച്ചു. അതിനാ അവൻമാര് വന്നത്.
ഓ… അപ്പോൾ നീ ഇവിടുത്തെ മെയിൻ ഗുണ്ടയാണ് അല്ലേ…?
രാമഭദ്രൻ കാശ് വാങ്ങിയിട്ടും അല്ലാതെയും തല്ലിയിട്ടുണ്ട്. പക്ഷേ അതൊക്കെ ന്യായത്തിന്റെ ഭാഗത്തു നിന്നു കൊണ്ടായിരുന്നു. അനാവശ്യമായി ആരുടെ നേർക്കും എനിക്ക് ഇന്നേവരെ കൈ പൊക്കേണ്ടി വന്നിട്ടില്ല.
എന്നിട്ട് ചിരിച്ചു കൊണ്ട് ശബ്ദം താഴ്ത്തി… എന്റെ പെണ്ണിന്റെ ദേഹത്തല്ലാതെ.
പക്ഷേ ഇന്നത്തെ സംഭവം ഞാൻ മനസ്സുകൊണ്ടു പോലും അറിഞ്ഞതല്ല. പോലീസു വരുമ്പോൾ ഞാനവിടെ എത്തിയതേ ഉണ്ടായിരുന്നുള്ളു. ആ SI സാറിന് എന്നോടെന്തോ വൈരഗ്യമുള്ളതുകൊണ്ടാണ് എന്നെക്കൊണ്ടുപോയത്.
എന്നിട്ട് ആരാ മരിച്ചത്…?
ഞങ്ങളുടെയെല്ലാം കണ്ണിലുണ്ണിയായ മാർക്കോസുചേട്ടൻ. മണവാളൻകുന്ന് ചന്തയുടെ വിളക്കാസാറേ അണഞ്ഞത്. വാക്കു കൊണ്ടുപോലും ഒരാളെ നോവിക്കാത്ത വ്യക്തിയാണ് അദ്ദേഹം.
എന്നിട്ട് രാമഭദ്രാ.. ചെയ്ത ആളിനെക്കുറിച്ച് വല്ല വിവരവും..?
ആ മുതലാളിയുടെ മകനോ.. അല്ലങ്കിൽ അവരോടൊപ്പം വന്ന ഏതെങ്കിലും ഒരുത്തനോ ആവാനേ തരമുള്ളൂ.
ശവം നാളെയല്ലേ കിട്ടൂ… നാളെ ഹാർത്താലാണെന്ന് കേട്ടു.
ഉം… ശരിയാ സാറേ.. ആ പാവത്തിന്റെ വേർപാടിൽ ദു:ഖ സൂചകമായി ഒരു ദിവസമെങ്കിലും ഈ നാടൊന്ന് അനുശോചിച്ചില്ലങ്കിൽ അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി കിട്ടില്ല സാറേ..
എന്നിട്ടിപ്പം തന്നോട് സ്റ്റേഷനിൽ നിന്നെന്താ പറഞ്ഞത് …?
അവര് വിളിപ്പിക്കുമ്പോൾ ചെല്ലണം എന്നു പറഞ്ഞു.
ഉം… ശരി . നീ പോയിക്കിടന്നോ.. ഞാൻ നാളെ ഒന്ന് അന്വേഷിക്കട്ടെ.
ഉടനെ പോയി വേറെ ഏടാകൂടത്തിലൊന്നും ചാടണ്ട.
വളരെ സമാധാനപരമായി കണ്ണീരിൽ കുതിർന്ന തേങ്ങലുകളോടെ മണവാളൻകുന്ന് മാര്‍ക്കോസുചേട്ടന് വിടനല്കി.
മാസങ്ങൾ കടന്നു പോകുന്നു പോലീസിന്റെ അന്വേഷണം എങ്ങും എത്തിയില്ല. DYSP ജയേഷിന്റെ ഇടപെടലിൽ രാമഭദ്രന് നേരെ പോലീസിന്റെ ക്രൂരമായ വിളയാട്ടം ഉണ്ടാകുന്നില്ല എന്നു മാത്രം.
തുടരും ……




നന്നായിട്ടുണ്ട്
Thanks💖🤝