ഹായ് കുട്ടീസ്!!
ഈ ആഴ്ച നമുക്ക് A) തീപ്പെട്ടി ചിത്രം കണ്ടൊരു വിശദീകരണം, B) പദ ലളിതം (വാക്കുകളെ കുറിച്ചൊരു വിശദീകരണം), C) സ്ഥലനാമ കഥകൾ പിന്നെ കുറച്ചു D) കടംകഥകളും, കൂടാതെ ഈ ആഴ്ചയും എളുപ്പത്തിൽ (E) സ്റ്റെപ് ബൈ സ്റ്റെപ് ആയി വരയ്ക്കുന്ന ഒരു ചിത്രം കൂടി കാണാം ട്ടോ 😍 കുട്ടീസ് ഒഴിവു സമയങ്ങളിൽ അവ വരച്ചു നോക്കുണ്ടല്ലോ… അല്ലെ .😍
എന്ന് സ്വന്തം
ശങ്കരിയാന്റി.
👫A) തീപ്പെട്ടി ചിത്രം (24)
മൊബൈൽ ഫോൺ
മെബൈലിന്റെ ചിത്രമുള്ള തീപ്പെട്ടികൾ ചേർക്കുന്നു.
നമുക്ക് കൈകളിൽ കൊണ്ടുനടക്കാൻ പറ്റുന്ന ദൂര ഭാഷിണിയെ (ടെലിഫോൺ) ആണ് മൊബൈൽ ഫോൺ എന്നു പറയുന്നത്. സെല്ലുലാർ ഫോൺ എന്നതിന്റെ ചുരുക്കപ്പേരായി ഇവയെ സെൽ ഫോൺ എന്നും വിളിക്കാറുണ്ട്. ഒരു സെല്ലുലാർ നെറ്റ്‌വർക്ക് ഉപയോഗിച്ച് രണ്ടു വഴി റേഡിയോ ടെലികമ്യൂണിക്കേഷൻ സാദ്ധ്യമാക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഇവ. കോഡ് ലെസ്സ് ഫോണുകളിൽ നിന്നും വ്യത്യസ്തമായ പ്രവർത്തന രീതിയാണ് മൊബൈൽ ഫോണുകളുടേത്. ലാൻഡ് ലൈനുമായി ബന്ധിപ്പിച്ചിട്ടുള്ള ബേസ് സ്റ്റേഷനിൽ നിന്നു ഒരു നിശ്ചിത ദൂര പരിധിയിൽ നിന്നു കൊണ്ടു മാത്രമേ കോഡ്‌ലെസ് ഫോണുകൾ പ്രവർത്തിക്കാനാകൂ. പബ്ലിക് ടെലഫോൺ നെറ്റ്‌വർക് ഉപയോഗിച്ച് ലോകത്തെമ്പാടുമുള്ള മറ്റു മൊബൈൽ ഫോണുകളിൽ നിന്നും ലാന്റ് ഫോണുകളിൽ നിന്നും ടെലിഫോൺ വിളികൾ സ്വീകരിക്കുന്നതിനും അവയിലേയ്ക്ക് വിളിക്കുന്നതിനുമാണ് പ്രാഥമികമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്.
ഒരു മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്ററുടെ കീഴിലുള്ള സെല്ലുലാർ നെറ്റ്‌വർക്കുമായി ബന്ധിച്ചാണ് ഇതു സാദ്ധ്യമാകുന്നത്. ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത ഉപയോക്താക്കൾ സഞ്ചരിക്കുകയാണെങ്കിൽ പോലും ഇടമുറിയാതെയുള്ള ഫോൺ കോളൂകൾ ചെയ്യുന്നതിനു സാദ്ധ്യമാകുന്നു എന്നതാണ്. ഹാന്റ്ഓഫ് അല്ലെങ്കിൽ ഫാന്റോവർ എന്നൊരു സാങ്കേതിക വിദ്യയിലൂടെയാണിത് സാദ്ധ്യമാകുന്നത്. കൂടാതെ മറ്റ് മൊബൈൽ ഫോണുകളിലേയ്ക്ക് എഴുതിയ സന്ദേശം ( Text message, എസ്.എം.എസ്.) അയയ്ക്കുന്നതിനും മൊബൈൽ ഫോണുകൾ കൊണ്ട് സാധിക്കും. ഫോൺ വിളിക്കുക എന്നതിനപ്പുറം ഇന്നത്തെ മൊബൈൽ ഫോണുകൾ മറ്റനവധി സേവനങ്ങളും കൂടി ഉപയോക്താവിനു നൽകുന്നുണ്ട്. ഇമെയിൽ, ഇന്റർനെറ്റ്,കളികൾ, ബ്ലൂടൂത്ത്, ഇൻഫ്രാറെഡ്. ക്യാമറ, എം.എം.എസ്., എം.പി3, ജി.പി.എസ്. എന്നിവ അവയിൽ പെടുന്നു. വളരെ പരിമിതമായ സൗകര്യങ്ങളോടു കൂടി മൊബൈൽ ഫോണുകൾ ഫീച്ചർ ഫോണുകളെന്നും കൂടുതൽ സേവനങ്ങളും സൗകര്യങ്ങളും ഉള്ള മൊബൈൽ ഫോണുകൾ സ്മാർട്ട് ഫോണുകളെന്നും അറിയപ്പെടുന്നു. ആധുനിക മൊബൈൽ ഫോണുകളിൽ ഉള്ള ചില സവിശേഷതകൾ കമ്പ്യൂട്ടറുകൾക്ക് സമാനമായവയാണ്.
📗📗
👫B) പദ ലളിതം
ഗവേഷണം
ഏതെങ്കിലും ഒരു വിഷയത്തിൽ ഒരു പ്രത്യേക വിഭാഗത്തെക്കുറിച്ച് ഗഹനമായി പഠിച്ച് തന്റെ കാഴ്ച്ചപാട് അവതരിപ്പിക്കുന്നതാണ് ഇന്ന് ഗവേഷണം. എന്നാൽ ഈ പദത്തിന് അങ്ങനെ ഒരർത്ഥം പിൽക്കാലത്ത് വന്നുചേർന്നതാണ്. ഗോ വിനെ അന്വേ ഷിക്കലാണ് ഗവേഷണം. ഗോവ് പശുവാണല്ലോ. ചില സമയങ്ങളിലെങ്കിലും ഗോവിനെ കണ്ടെത്തൽ വിഷമം നിറഞ്ഞ സംഗതിയായിരുന്നു. ഒരു വിഷയത്തെ കുറിച്ച് ആധികാരികമായി പഠിച്ച് സ്വന്തം നിഗമനം അവതരിപ്പിക്കുകയെന്നത് വിഷമമേറിയത് കൊണ്ടാവാം ഗവേഷണമെന്ന പേര് അതിന് സ്വീകരിച്ചത്.
📗📗
👫C) സ്ഥലനാമ കഥകൾ
കുട്ടീസ് 😍
ഈ ആഴ്ചയിലും ചില സ്ഥലങ്ങൾക്ക് എങ്ങനെ ആ പേര് വന്നു എന്ന് കൗതുകത്തോടെ വായിച്ചറിഞ്ഞോളൂ 😍
പന്തളം
പത്തനംതിട്ട ജില്ലയിൽ ഉൾപ്പെട്ട സ്ഥലം. ഓടനാട് രാജാവിന്റെ ഭരണത്തിന് കിഴിലായിരുന്ന പ്രദേശമായിരുന്നു പന്തളം. പിന്നീട് പാണ്ട്യ രാജാവായിരുന്ന രാജശേഖര പാണ്ട്യന് കരം ഒഴിവായി ഈ പ്രദേശം കൊടുത്തു. പാണ്ട്യന്റെ അളം പാണ്ട്യയളം പന്തളമായതാവാം. അല്ലെങ്കിൽ പൊന്തക്കാടുകൾ നിറഞ്ഞ പ്രദേശം. പൊന്തളവും പിന്നീട് പന്തളമായതാവാം.
പൊൻതളം പന്തളമായിയെന്നൊരു അഭിപ്രായമുണ്ട്. കൊടുമൺ സ്വർണ്ണഭൂമിയാണല്ലോ. അവിടെ നിന്ന് ലഭിച്ചിരുന്ന സ്വർണ്ണം രാജാക്കന്മാർ ശേഖരിച്ചിരുന്ന സ്ഥലം.
📗📗
👫D) കടങ്കഥകൾ (35)
- അപ്പം പോലെ ഒരു ഉണ്ട, അല്പം മാത്രം തല.
ആമ
2) അമ്പലത്തിലുള്ള ചെമ്പകത്തിനു കൊമ്പില്ല.
കൊടിമരം
3) അമ്പാട്ടെ പട്ടിക്കു മുമ്പോട്ടു വാല്.
ചിരവ
4) അരയുണ്ട്, കാലുണ്ട്, കാലിനു പാദമില്ല.
പാന്റ്
5) അരയ്ക്ക് കെട്ടുള്ളവൻ നിലമടിച്ചു.
ചൂല്
6) അവിടെ കണ്ടു, ഇവിടെ കണ്ടു, പിന്നെ കണ്ടില്ല.
മിന്നൽ അഥവാ കൊള്ളിയാൻ.
7) അകത്ത് തിരിതെറുത്തു, പുറത്ത് മുട്ടയിട്ടു.
കുരുമുളക്.
8) അകം എല്ലും തോലും പുറം പൊന്ത പൊന്തം.
വൈക്കോൽത്തുറു
9) അക്കരെ നിൽക്കും തുഞ്ചാണി, ഇക്കരെ നിൽക്കും തുഞ്ചാണി, കൂട്ടി മുട്ടും തുഞ്ചാണി.
കൺപീലി
10) അങ്ങോട്ടോടും ഇങ്ങോട്ടോടും, മേലേനിന്ന് സത്യം പറയും.
തുലാസ്
📗📗
👫E) എളുപ്പത്തിൽ ഒരു ചിത്രം വരയ്ക്കാം (63)
തീപ്പെട്ടി ചരിത്രം അടിപൊളി
Very interesting Article 🤩
👍
Super 🌹