ടിപ്പുവിൻ്റെ പടയോട്ടം
വെള്ളക്കാർ വരുന്നതിന്നു മുമ്പെ സുൽത്താന്മാരുടെ പടക്കുതിരകളാണ് പേരൂരിലും സമീപപ്രദേശങ്ങളിലും അഴിഞ്ഞാടിയത്. ടിപ്പുവിൻ്റെ കുതിരക്കുളമ്പടികൾ പതിഞ്ഞ മണ്ണിൽ ഭയന്നുവിറച്ചാണ് ജനങ്ങൾ കഴിഞ്ഞിരുന്നത് . പേരൂർ പട്ടീശ്വരക്ഷേത്രം കൊള്ളയടിച്ച് പൊന്നും പണവും കൊണ്ട് ടിപ്പു ഓരോ ഗ്രാമത്തേയും വിറപ്പിച്ചു കൊണ്ട് മുന്നേറി .
“തിപ്പുവോടെ ആളങ്ക് വരാങ്കെ. കൊഴന്തൈകളെ വെളിയെ വിടാതീങ്കെ. പൊമ്പിളെെകളെ എങ്കെയാവത് ഒളിപ്പാട്ട്ങ്കെ. കാശ് പണം നകൈയെല്ലാം കെട്ടി കെണത്തിൽ പോട്ങ്കെ……”
ജന്മിമാരുടെ കല്പനപ്രകാരം ആരൊക്കെയോ അങ്ങനെയൊക്കെ വിളിച്ചുപറഞ്ഞും സ്വകാര്യം പറഞ്ഞും വഴികളിലൂടെ ഓടിക്കൊണ്ടേയിരുന്നു. സാന്തന്നൂരിലെ ഓരോ വീട്ടിലും ഈ വിവരം എത്തി. വിവരം കിട്ടിയവർ മറ്റുള്ളവർക്കും അത് പങ്കിട്ടു.
സാന്തന്നൂരിൽ തമിഴ് സംസാരിക്കുന്നവർ മാത്രമല്ല തെലുങ്കും മലയാളവും ഉർദുവും സംസാരിക്കുന്നവരും ഉണ്ടായിരുന്നു. ടിപ്പുവിന്റെ വരവിനെക്കുറിച്ചും അക്രമങ്ങളെക്കുറിച്ച് തമിഴന്മാർ പറയുന്നത് തെലുങ്കന്മാരും മലയാളത്തന്മാരും
റാവുത്തർമാരും തുലുക്കന്മാരും ആവർത്തിച്ചു.
മാസങ്ങളോളം നീണ്ടുനിന്ന ഭീതിയാർന്ന ജീവിതത്തിന് ബ്രിട്ടീഷുകാർ തന്നെയാണ് സമാധാനം ഉണ്ടാക്കിയത്. ടിപ്പുവിന്റെ പട പരാജയപ്പെട്ടപ്പോൾ ബ്രിട്ടീഷ് പട്ടാളം ആർത്തുല്ലസിച്ചു. ഹിന്തുക്കളായ ജന്മികൾ പോലും അവർക്കു സദ്യകൊടുത്തു. ക്ഷേത്രങ്ങളിൽ പ്രത്യേകം വഴിപാടുകൾ നടന്നു. പള്ളികളിൽ പ്രത്യേകം പ്രാർത്ഥനകളും മെഴുകുതിരിനേർച്ചകളും ഉണ്ടായി.
അങ്ങനെ വെള്ളക്കാർ കൂടുതൽ പ്രബലരായി . സാന്തന്നൂരിലെ ജനങ്ങളെല്ലാം വെള്ളക്കാരെ അഭിനന്ദിച്ചു .അവരുടെ പട്ടാളമാണ് തങ്ങളെ രക്ഷിച്ചത് എന്ന് വിശ്വസിച്ചു. നടന്നത് മൈസൂർ യുദ്ധം ആണെന്നും മൈസൂർ യുദ്ധം ബ്രിട്ടീഷുകാർക്കെതിരെയായിരുന്നുവെന്നും അതിൽ ടിപ്പു പരാജയപ്പെട്ടു എന്നും പിന്നീടാണ് സാധാരണക്കാർ അറിഞ്ഞത്. ടിപ്പുവിൻ്റെ പരാജയത്തെത്തുടർന്ന് കോയമ്പത്തൂരും പരിസരവും ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായി.
പിന്നീട് കോയമ്പത്തൂരിന്നോട് ചേർന്ന പത്ത് ഊരുകളിലും വെള്ളക്കാരുടെ ആധിപത്യം ആയിരുന്നു. അവരുടെ കെട്ടിടങ്ങളും ബംഗ്ലാവുകളും പൂന്തോട്ടങ്ങളും ഉയർന്നുവന്നു. അവരുടെ പള്ളികളും പള്ളിക്കൂടങ്ങളും ആരംഭിച്ചു. അപ്പോഴേക്കും സാന്തനൂരിൽ ധാരാളം വലിയ നടപ്പാതകളും കടകളും ഉണ്ടായി . നടപ്പാതകൾക്ക് വീതി കൂടിയപ്പോൾ അതിലൂടെ സായിപ്പന്മാരുടെ കുതിരകളും കുതിരവണ്ടികളും ഓടാൻ തുടങ്ങി. ഭൂവുടമകളായ ചെടിയന്മാർക്കും കൗണ്ടർമാർക്കും കുതിരവണ്ടികൾ ഉണ്ടായി. വെള്ളക്കാരുടെ കിലുങ്ങുന്ന കുതിരവണ്ടികൾക്കു പിറകെ അവരുടെ നാടൻ കുതിരവണ്ടികളും ശബ്ദമില്ലാതെ ഓടിത്തുടങ്ങി.

സാന്തന്നൂരിൽ ആഴ്ചയിൽ ഒരു ദിവസം ചന്ത ഉണ്ടായിരുന്നു. ഗ്രാമത്തിന്റെ പല ഭാഗങ്ങളിൽനിന്നും പച്ചക്കറികളും ധാന്യങ്ങളും ചന്തകളിൽ വിൽപ്പനയ്ക്ക് കൊണ്ടുവന്നു. അത് വെള്ളക്കാർക്ക് ഒരു പുതിയ കാഴ്ചയായിരുന്നു. അവർ ചന്തയെ ഷാൻ്റി എന്ന് വിളിച്ചു. ചന്തകൾ നടന്നിരുന്നത് മിക്കവാറും ഞായറാഴ്ചകളിലായിരുന്നു. ഞായറാഴ്ചയ്ക്ക് അവർ സൺഡേ എന്നാണ് പറഞ്ഞിരുന്നത് അങ്ങനെയാവാം സൺഡേ നടക്കുന്നത് സാൻഡി ആയി , പിന്നെ അത് ഷാൻ്റി ആയി പരിണമിച്ചു.
ഹൈദരും ടിപ്പുവും പടയോട്ടം നടത്തുന്നതിന് മുമ്പേ കോയമ്പത്തൂർ ഭാഗത്ത് മുസ്ലീങ്ങൾ താമസിച്ചിരുന്നു . അവരെ റാവുത്തർമാരെന്നും തുലിക്കന്മാരെന്നും ആണ് മറ്റുള്ളവർ വിളിച്ചിരുന്നത് . അവർ പത്താം നൂറ്റാണ്ടിൽത്തന്നെ നാദിർഷയുടെ സ്വാധീനത്തിൽ മതം മാറ്റപ്പെട്ടു എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ തുലുക്കന്മാർ തുർക്കിയിൽനിന്നും മറ്റ് അറബ് രാജ്യങ്ങളിൽ നിന്നും വന്നവരാണ് എന്നാണ് കണക്കാക്കപ്പെടുന്നത്.റാവുത്തർമാരും തുലക്കന്മാരും കോയമ്പത്തൂർ ഭാഗങ്ങളിൽ വളരെ അധികം വ്യാപിച്ചിരുന്നു അവർക്ക് അവരുടേതായ ആരാധനാലയങ്ങളും ജീവിതരീതിയും ഉണ്ടായിരുന്നു. എന്നാലും ഹിന്ദുക്കളോട് സഹകരിച്ചു പോകുന്നവർ ആയിരുന്നു മിക്കവരും. ടിപ്പുവിന്റെ പരാജയം കോയമ്പത്തൂരിലെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും എന്നപോലെ മുസ്ലിംവിഭാഗത്തെയും സന്തോഷിപ്പിച്ചു. അങ്ങനെയാണ് അവർ വെള്ളക്കാരുമായി കൂടുതൽ അടുക്കുകയും അവരെ പ്രീതിപ്പെടുത്താൻ കൂടുതൽ ഉത്സാഹിക്കുകയും ചെയ്തത്.
പേരൂർ കുനിയമുത്തൂർ സാന്തന്നൂർ പോത്തന്നൂർ വെള്ളല്ലൂർ സുലൂർ സിങ്കാനല്ലൂർ കാട്ടൂർ പുത്തൂർ തുടങ്ങി പത്തു ഊരുകൾ ഉൾപ്പെട്ട കോയമ്പത്തൂർ എന്ന വലിയപ്രദേശം പിന്നീടാണ് താലൂക്കും ജില്ലയും ആയത്.
ഹിന്ദുക്കളിൽ ഭൂരിപക്ഷം കൗണ്ടർ, ചെട്ടിയാർ , പിള്ളകൾ, മുതലിയാർ നാടാർ എന്നീ വിഭാഗത്തിലുള്ളവർ ആയിരുന്നു. ഉയർന്ന ജാതിക്കാരായ അയ്യരും അയ്യങ്കാരും കോവിലുകൾക്കുചുറ്റുംമാത്രമായിരുന്നു. പേരൂരിൽ ധാരാളം അഗ്രഹാരങ്ങൾ ഉണ്ടായിരുന്നു. ഉയർന്ന ജാതിക്കാരുടെ ആശ്രിതരായിട്ടായിരുന്നു ബാക്കിയുള്ള സമൂഹത്തിലെ രണ്ടും മൂന്നും തട്ടിലുള്ളവർ. അവരുടെ മുഖ്യതൊഴിൽ ജന്മിമാരുടെ തോട്ടങ്ങളിലെയും വയലുകളിലെയും വീടുകളിലേയും പണിയായിരുന്നു. അവർ കോനാർ , വണ്ണാർ , നായ്ക്കർ , സോനാർ , വഡുഗർ ,മുതലിയാർ , ചെട്ടി, തച്ചൻ ,മേസ്ത്രി എന്നിവർ ആയിരുന്നു. അവർക്കും താഴെത്തട്ടിൽ ദളിതർ എന്ന് ഇന്ന് വിളിക്കുന്ന പറയരും ചക്ലിയരും ആയിരുന്നു. പൊതുവേ മരണവീട്ടിൽ പറയടിക്കുന്നവരാണ് പറയർ. അതുപോലെ മറ്റുള്ളവർക്ക് ചെരുപ്പ് കുത്തികൊടുക്കുന്നവരാണ് ചക്ലിയർ. ഉയർന്ന ജാതിക്കാരുടെ മരണവാർത്തകൾ അറിയിച്ചിരുന്നത് പറയന്മാരും മൃതദേഹം ദഹിപ്പിച്ചിരുന്നത് ചൊക്ലിയന്മാരും ആയിരുന്നു.
മറ്റുള്ള ഗ്രാമങ്ങളിലേതുപോലെ സാന്തന്നൂരിലും ഓരോജാതിക്കാർക്കും പ്രവേശിക്കാവുന്ന സ്ഥലത്തിൻ്റെ അതിരുകൾ പ്രഖ്യാപിക്കുന്ന അതിർത്തികല്ലുകൾ സ്ഥാപിച്ചിരുന്നു. കോവിലുകൾക്കും അഗ്രഹാരങ്ങൾക്കും ഉയർന്ന ജാതിക്കാരുടെ വസതികൾക്കു ചുറ്റും അങ്ങനെയുള്ള കല്ലുകൾ നൂറ്റാണ്ടുകളോളം നിലനിന്നിരുന്നു.




👍👍