Sunday, October 4, 2026
Homeഅമേരിക്കഅറിവിൻ്റെ മുത്തുകൾ - (127) ക്ഷേത്രസങ്കല്പം (ഭാഗം-1) പ്രാണശക്തിയുടെ അഭിനിവേശം

അറിവിൻ്റെ മുത്തുകൾ – (127) ക്ഷേത്രസങ്കല്പം (ഭാഗം-1) പ്രാണശക്തിയുടെ അഭിനിവേശം

സ്ഥൂലം, സൂക്ഷ്മം, പരാ എന്ന രീതിയിൽ ഒരു മനുഷ്യൻ്റെ അഥവാ ബ്രഹ്മാണ്ഡമാകുന്ന ഈശ്വരശരീരത്തിൻ്റെ പ്രതീകത്തെ മന്ത്രശാസ്ത്ര വിധിയ്ക്കനുസരിച്ച് രചിച്ച ശില്പമാണ് ക്ഷേത്രമെന്ന് പറയുന്നത്. ഒരു പ്രതീകം ഉണ്ടാക്കിയതുകൊണ്ടു മാത്രം. അതു ചൈതന്യവത്തായിത്തീരുന്നില്ല. അതിൽ പ്രാണശക്തിയെ അഭിനിവേശിപ്പിക്കേണ്ടതായിട്ടുണ്ട്. കമ്പികൾകൊണ്ടു ചക്രങ്ങൾ കൊണ്ടും അങ്ങനെ മറ്റനേകം സാധനങ്ങൾ കൊണ്ടും നിർമ്മിതമായ ഒരു ഇലക്ട്രിക്ക് യന്ത്രത്തിൽ സ്വിച്ചിട്ട് വൈദ്യുത പ്രവാഹത്തെ അതിൽ ആവേശിപ്പിച്ചെങ്കിൽ മാത്രമല്ലേ ആ യന്ത്രം പ്രവർത്തനക്ഷമമാകുകയുള്ളൂ! ഏകദേശം ഈ പ്രക്രിയയോട് നമുക്കതിനെ താരതമ്യപ്പെടുത്താം. എങ്കിൽ മാത്രമേ ക്ഷേത്രം ജീവനുള്ള ഒരു പ്രതീകമായിത്തീരുകയുള്ളൂ. ആ ചൈതന്യത്തിൻ്റെ പോഷണസംരക്ഷണങ്ങൾക്കുവേണ്ടി പിന്നീട് ദൈനംദിന പൂജകളും കാലാകാലങ്ങളിൽ ഉത്സവാദികളും നടത്തേണ്ടതായിട്ടുണ്ട്. അതിൻ്റെ ക്രമങ്ങൾ വിസ്തരിച്ച് എൻ്റെ മുൻ ലേഖനങ്ങളിൽ വിവരിച്ചിട്ടുണ്ട്.( ref. ക്ഷേത്രവും സമാജവും). മന്ത്രോപാസന കൊണ്ടും മറ്റും ഋഷിതുല്യപ്രഭാവനായ ഒരു ഉത്തമ സാധകനായിരിക്കും പ്രതിഷ്ഠാകർത്താവായ ആചാര്യൻ. വളരെയധികം കർമ്മങ്ങൾകൊണ്ട് സ്വന്തം ദേഹത്തെ ഈശ്വരമയമാക്കിത്തീർത്തതിനുശേഷം മാത്രമാണ് ആചാര്യൻ പൂജാ- പ്രതിഷ്ഠാദി കർമ്മങ്ങൾ ആരംഭിക്കുന്നത്. ശീവോ ഭൂത്വാ ശിവം യജേൽ എന്ന തന്ത്രശാസ്ത്രവചനം ഇതിനു പ്രമാണമാണ്. അങ്ങനെ ഈശ്വരതുല്യത വന്ന തൻ്റെ ഉള്ളിൽ നിന്നും കുണ്ഡലിനീശക്തിയെ ഉയർത്തി, സ്വന്തം സഹസ്രാര പത്മത്തിൽ പ്രവേശിപ്പിച്ച്, ദേവൻ്റെ മൂലമന്ത്രം ജപിച്ച്, അതിൻ്റെ പ്രത്യേക മന്ത്രമൂർത്തിയായി സങ്കല്പിച്ച് പ്രാണായാമക്രിയയിലൂടെ ആ ചൈതനത്തെ സ്വന്തം കയ്യിൽ പിടിച്ചിരിക്കുന്ന ജലഗന്ധപുഷ്പാ ക്ഷതങ്ങളിൽ സംക്രമിപ്പിച്ച് ദേവവിഗ്രഹത്തലേയ്ക്ക് ആവേശിപ്പിക്കുയാണ് സാധാരണ പൂജകളിൽ ചെയ്യുന്ന ആവാഹന ക്രിയ. അതിൻ്റെതന്നെ വളരെയധികം സങ്കീർണ്ണരൂപമാണ് പ്രതിഷ്ഠാദിക്രിയകൾ അവിടെ ഇതിനും പുറമെ അനേകവിധത്തിൽ മന്ത്രചൈതന്യാംശങ്ങൾനിറഞ്ഞ കലശതീർത്തങ്ങളും അടേണ്ടതായിട്ടുണ്ട്. ഇത്തരം കർമ്മങ്ങളാൽ വാസ്തവത്തിൽ പ്രതിഷ്ഠാകർത്താവിൻ്റെ ആത്മചൈതന്യത്തെ അഥവാ കുണ്ഡലിനീ ശക്തിയെ ബിംബത്തിൽ സംക്രമിപ്പിയ്ക്കുമ്പോഴാണ് ബിംബവും ക്ഷേത്രവും ചൈതന്യവത്താകുന്നത്. ഒരു സാധകൻ സാധനാവേളയിൽ ധ്യാനനിഷ്ഠനായി മന്ത്രോച്ചാരണം ചെയ്തു കൊണ്ടിരിക്കുമ്പോൾ അവൻ്റെ ഉള്ളിൽ സ്ഫുരിക്കുകയും സ്പന്ദിക്കുകയും ചെയ്യുന്ന ചൈതന്യവിശേഷം അവൻ്റെ സ്ഥൂല – സൂക്ഷ്മ ശരീരങ്ങളിൽ മുഴുവനായി വ്യാപിക്കുന്നു. താദൃശമായ ഒരു അവസ്ഥാവിശേഷമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കുശേഷം ഉണ്ടാകുന്നത്. മറ്റൊരുതരത്തിൽ പറയുകയാണെങ്കിൽ ക്ഷേത്രമാകുന്ന ശരീരം സാധന ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഉത്തമസാധകൻ്റെ നേർപകർപ്പാണ്‌. നിത്യേന, സാധന ചെയ്തു കൊണ്ടിരിക്കുകയും ആ വ്രതത്തിനു ഒരു തരത്തിലും ഭംഗം വരാതിരിക്കുകയും ചെയ്യേണ്ട അവസ്ഥാവിശേഷമാണല്ലോ സാധകൻ്റേത്. അതിനു ലോപം വരുന്നത് സാധകനിൽതന്നെ ചൈതന്യക്ഷയത്തിനു കാരണമാകുമല്ലോ. അതേ കാരണം കൊണ്ടു തന്നെയാണ് ക്ഷേത്രത്തിലെ നിത്യപൂജ ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒരാവശ്യമായിത്തീർന്നതും. ഒരു സാധകൻ്റെ നൈമിത്തി കർമ്മങ്ങളോട് സാദൃശ്യം വഹിക്കുന്നവയാണ് ഉത്സവാദികൾ. വളരെയധികം തപസ്സു ചെയ്ത ഒരു സാധകൻ സമ്പാദിക്കുന്ന ആദ്ധ്യാത്മിക ബലം ഒരു ദുർബ്ബലനിമിഷത്തിൽ ചെയ്യരുതാത്തതും ചെയ്തതിൻ്റേയോ മറ്റോ ഫലമായി നഷ്ടപ്പെടുന്നതുപോലെ ക്ഷേത്ര ശരീരത്തിലും, അപാതകളും അശുദ്ധികളും ബാധിച്ചാൽ ചൈതന്യക്ഷയം സംഭവിക്കുന്നതാണ്. പിന്നീട് സാധകൻ ഉഗ്രമായ തപസ്സനുഷ്ഠിച്ച് ചൈതന്യത്തെ പുനരാവിഷ്കരിക്കണം. ചൈതന്യ ലോപംവരുന്ന അവസരങ്ങളിൽ നവീകരണം തുടങ്ങിയ സങ്കീർണ്ണ താന്ത്രികക്രിയകളും ചെയ്യേണ്ടതായിട്ടുണ്ട്.അങ്ങനെ വിധിപ്രകാരം നിർമ്മിച്ചതും പ്രതിഷ്ഠാദി കർമ്മങ്ങൾ ചെയ്യപ്പെട്ടതും നിത്യ നൈമിത്തികങ്ങളായ പൂജാദി ഉത്സവങ്ങൾ ശാസ്ത്രീയമായി നടത്തി വരുന്നതുമായ ക്ഷേത്രങ്ങൾ മന്ത്രചൈതന്യത്തിൻ്റെ സ്പന്ദനങ്ങൾക്കൊണ്ട് നിരന്തരം സാധന ചെയ്തു കൊണ്ടിരിക്കുന്ന സാധക ദേഹങ്ങളാണ്.

ഈ പ്രക്രിയ മനസ്സിലാക്കുന്നതിന് സാധാരണ ക്ഷേത്രങ്ങളിൽ നടക്കുന്ന പൂജാവിധിയുടെ കാതലായ വശം ഗ്രഹിക്കേണ്ടതായിട്ടുണ്ട്. സാധാരണരീതിയിൽ ഗുരു- ഗണപതിവന്ദനം കഴിഞ്ഞതിനു ശേഷം ദേഹശുദ്ധിയാണ് ആചരിക്കാറുള്ളത്. ഇത് ബാഹ്യമായ ദേഹശുദ്ധിയല്ല. കാരണം സ്നാനം കഴിഞ്ഞായിരിക്കുമല്ലോ പൂജകൻ ശ്രീകോവിലിനകത്തേക്കു കടക്കുന്നത്. പ്രാണായാമാദിക്രിയകളിലൂടെ മന്ത്രചൈതന്യത്തിൻ്റെ വിവിധ ഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന അക്ഷരസംഘാതങ്ങൾ ഉച്ചരിച്ചുണ്ടാക്കുന്ന ശബ്ദസ്പന്ദനങ്ങളെ അതതു സ്ഥൂല ദേഹാംശത്തിൽ വിന്യസിക്കുമ്പോൾ (ഇതിനെയാണ് ന്യാസമെന്ന് പറയുന്നത്.) ഉണ്ടാകുന്ന സുക്ഷ്മദ്ദേഹശുദ്ധിയാണിത്. ചുരുക്കത്തിൽ പറഞ്ഞാൽ ദേഹശുദ്ധി കഴിയുന്നതോടെ പൂജകൻ മന്ത്രചൈതന്യപൂർണ്ണവാനും ദേവതുല്യനും അയിത്തീരുന്നു. പിന്നീട് ശംഖപുരാണം എന്ന ക്രിയയായി. ദേവതാപൂജക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ തീർത്ഥങ്ങൾ ഇവയെ ശുദ്ധികരിക്കുകയും നിർമ്മിക്കുകയുമാണ് ഇതിൻ്റെ പ്രധാന അംശം . ശംഖുകാലും, ശംഖും ശംഖിൽ നിറക്കുന്ന ജലവും സാധകൻ്റെ സൂക്ഷ്മശരീരത്തിലെ അഗ്നി- സൂര്യ-സോമഖണ്ഡങ്ങൾ തന്നെയാണ്. മന്ത്രംകൊണ്ടും ഭാവനകൊണ്ടും ശംഖുപുരാണം നടത്തുമ്പോൾ അവിടെ സൃഷ്ടമാകുന്നതും സാധകദേഹത്തിൻ്റെ പ്രതീകം തന്നെയാണ്. ആ ശംഖുജലമാണല്ലോ ദേവന്നർപ്പിക്കേണ്ടതും. പിന്നീടാണ് ആത്മാരാധന. ഇവിടെ ശംഖ് തനിയ്ക്കഭിമുഖമായി തിരിച്ചുവയ്ക്കേണ്ടതുണ്ട്. അതായത് സ്വന്തം ശരീരത്തിൽ കുടികൊള്ളുന്ന ആത്മചൈതന്യമാകുന്ന മന്ത്രമൂർത്തിയെത്തന്നെ ആദ്യമായി പൂജിക്കണം. എന്നിട്ടു വേണം ശരിയ്ക്കും പൂജ ആരംഭിക്കുവാൻ. അതിനായി ബിംബ പ്രതിഷ്ഠയുടെ അടിയിലുള്ള ഷഡാധാര പ്രതിഷ്ഠകളേയും അവയുടെ വിശദാംശങ്ങളേയും ചൊല്ലി വിവരിക്കുന്ന മന്ത്രങ്ങളെക്കൊണ്ടുള്ള ആരാധന, പീഠപൂജ പൂർത്തിയായശേഷം ശരിയ്ക്കും ദേവചൈതന്യം പ്രതിഷ്ഠിത ബിംബ ഹൃദയത്തിലേയ്ക്കു ആവാഹനം ചെയ്യേണ്ടതുണ്ട്.

(തുടരും)

പി.എം.എൻ.നമ്പൂതിരി.

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ