“വാട്ട് ഈസ് എ വുമൺ?”
നോവലിസ്റ്റും കഥാകാരിയുമായ ലാലി രംഗനാഥിന്‍റെ ആദ്യ നോവലായ നീലിമയുടെ താളുകൾ മറിക്കുമ്പോൾ, എൻ്റെ മനസ്സിലൂടെ മിന്നൽപ്പിണർപോലെ പാഞ്ഞുകയറിയ ഒരു ചോദ്യമാണിത്. കാലങ്ങളായി മനുഷ്യചിന്തയെ പിന്തുടരുന്ന, ഇന്നും പുരുഷവായനകൾക്ക് പൂർണമായ ഉത്തരമൊന്നും കണ്ടെത്താനാകാത്ത ഒരു ഗഹനമായ ചോദ്യം.
സ്ത്രീയെ നിർവചിക്കാൻ ശ്രമിച്ച എല്ലാ വാക്കുകളെയും മറികടന്ന്, അവളുടെ അസ്തിത്വം എന്നും ഒരു വിസ്മയമായി തന്നെ നിലകൊള്ളുന്നു. സ്നേഹവും സഹനവും പ്രതിരോധവും സ്വപ്നങ്ങളും വേദനകളും ഒക്കെയായി അനന്ത പാളികളുള്ള ഒരു ആത്മസാന്നിധ്യമാണ് സ്ത്രീ.
ഫ്രഞ്ച് തത്ത്വചിന്തകയും എഴുത്തുകാരിയുമായ *സിമോൻ ദി ബുവ്വ (Simone de Beauvoir) തൻ്റെ വിഖ്യാത കൃതിയായ The Second Sex ആരംഭിക്കുന്നതും ഈ കഠിനചോദ്യത്തോടെയാണ് —സ്ത്രീയെ സമൂഹം എങ്ങനെ “മറ്റൊരാൾ” (The Other) ആയി നിർവചിച്ചുവെന്ന ചോദ്യത്തെ ആഴത്തിൽ പരിശോധിക്കുന്ന ഈ കൃതി, ആധുനിക സ്ത്രീവാദ ചിന്തയുടെ അടിസ്ഥാനശിലകളിലൊന്നായി കണക്കാക്കപ്പെടുന്നു.
“വാട്ട് ഈസ് എ വുമൺ?”
ഒരു വാചകമെന്നതിലുപരി, അത് സമൂഹത്തോടും സംസ്കാരത്തോടും മനുഷ്യബോധത്തോടും ഉയർത്തപ്പെട്ട ഒരു അന്വേഷണത്തിന്‍റെ തുടക്കമായിരുന്നു.
ഇന്നും പുരുഷവായനകൾക്ക് ഉത്തരം കിട്ടാത്ത ചോദ്യം എന്ന വരിയിൽ പുരുഷാധിപത്യ സമൂഹത്തിന്‍റെ പരിമിതമായ കാഴ്ചപ്പാടിനോടുള്ള വിമർശനവും കാണാം. സ്ത്രീയെ അവർ പലപ്പോഴും മനസ്സിലാക്കാൻ ശ്രമിച്ചത് പുറത്തുള്ള രൂപങ്ങളിലൂടെയോ സാമൂഹിക ചുമതലകളിലൂടെയോ ആയിരുന്നു; എന്നാൽ അവളുടെ ആത്മാവിന്‍റെ ആഴങ്ങളിലേക്കെത്താൻ ആ വായനകൾക്ക് സാധിച്ചിട്ടില്ലെന്ന് ഈ ചിന്ത സൂചിപ്പിക്കുന്നു.
എന്നാല്‍ ആ ചോദ്യത്തെ അഡ്രസ് ചെയ്യാൻ മറ്റാരും മുതിരാത്തതിനാൽ എഴുത്തുകാരി തന്നെ അതിൻ്റെ ഉത്തരം പറയുന്നുണ്ട്-
“woman is a womb.
‘ സ്ത്രീ അനേകം ഭാവങ്ങളുടെ സമാഹാരവും തടവറയു മാണെന്നതിന്‍റെ ആദ്യ ഫെമിനിസ്റ്റ് വായന ആയിരുന്നു അത്.
ഇത്തരത്തിലുള്ള ഒരു നിരീക്ഷണം നിലനിൽക്കുന്നതുകൊണ്ടു തന്നെ ലാലി രംഗനാഥിൻ്റെ നീലിമ എന്ന നോവലിലെ നീലിമയും ശാരിയും
രണ്ടു സ്ത്രീകൾ എന്നതിനേക്കാൾ ഒരേ സ്ത്രീയുടെ രണ്ടു ഭാവങ്ങളായി വായിക്കപ്പെടേണ്ടത്.
ഒരു സ്ത്രീയുടെ അബോധ മനസ്സിലെ അടിച്ചമർത്തപ്പെട്ട വൈകാരിക തലങ്ങളെ നിർവ്വചിക്കാനുള്ള ശ്രമമാണ് ലാലി രംഗനാഥിൻ്റെ നീലിമ എന്ന നോവൽ.

നീലിമ വായിക്കാനെടുക്കുമ്പോൾ സ്ത്രീ , പുരുഷൻ എന്ന രണ്ട് ഭാഷകൾ കൂടി ആഴത്തിൽ വായിക്കുക എന്ന കഠിനമായ കർമ്മം കൂടി ഈ നോവൽ അനുവാചകനെ ഏൽപ്പിക്കുന്നുണ്ട്. നീലിമ , ശാരി , സന്ദീപ് , സൂര്യ എന്നീ മുഖ്യ കഥാപാത്രങ്ങളിലൂടെ സ്ത്രീ – പുരുഷ ബന്ധങ്ങളിലെ സങ്കീർണ്ണമായ സംഘർഷങ്ങളാണ് ഈ നോവൽ ആവിഷ്ക്കരിക്കുന്നത്. നീലിമയുടെ സൂര്യയുമായുള്ള പൂർണ്ണതയിലെത്താതെ പോയ പ്രണയവും അവളുടെ ജീവിതത്തിലേക്ക് സന്ദീപിൻ്റെ കടന്നുവരവും അയാളെ ചേർത്തുപിടിക്കാനുള്ള നീലിമയുടെ വൈമുഖ്യവും മന:ശാസ്ത്രപരമായ ആംഗിളിലൂടെ വീക്ഷിക്കേണ്ടതാണ്. അങ്ങനെ വീക്ഷിക്കാനുള്ള ശ്രമമാണ് ഈ നോവൽ. സ്ത്രീ -പുരുഷ ബന്ധത്തിൻ്റെ ചാരുത കൂടിചേരലിലാണ് , വേർപിരിയലിലല്ല എന്ന തൻ്റെ ഉൾക്കാഴ്ചയെ ശക്തമായി അടയാളപ്പെടുത്തിക്കൊണ്ടാണ് നോവൽ സമാപിക്കുന്നത്. സന്ദീപിനെ ഹൃദയത്തോടു ചേർത്തുപിടിക്കാൻ നീലിമ പൂർണ്ണ മനസ്സോടെ തയ്യാറാകുന്നത് അതീവ ചാരുതയോടെ നോവലിസ്റ്റ് ചിത്രീകരിക്കുന്നു, ഒരു നല്ല ചങ്ങാതി എങ്ങനെയാവണം എന്നതിൻ്റെ ഉത്തരവുമാണ് നീലിമയുടെ സഖിയായ ശാരി.
സൗഹൃദങ്ങളുടെ ആഴവും, സത്യസന്ധത നിറഞ്ഞപ്രണയത്തിൻ്റെ തീവ്രതയും കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പവും തുടിക്കുന്ന ഈ നോവൽ സമകാലിക ജീവിതങ്ങളെ തികഞ്ഞ യാഥാർത്ഥ്യബോധത്തോടെ നോക്കി കാണുന്നതിലും നന്നായി വിജയിച്ചിരിക്കുന്നു. മനുഷ്യമനസ്സുകളുടെ നിർവചിക്കാൻ കഴിയാത്ത നിഗൂഢതകൾ ഭംഗിയായി അവതരിപ്പിക്കുന്നതിൽ ഈ എഴുത്തുകാരി വിജയിച്ചീട്ടുമുണ്ട് എന്ന് നിസ്സംശയം പറയാം




പുസ്തകം വായിക്കാൻ തോന്നുന്ന തരത്തിലുള്ള അവതരണം