മമ്പറത്തൂന്ന് തങ്ങൾ പച്ച മിനികൂപ്പറിൽ വന്നിറങ്ങുമ്പോൾ പറശ്ശിനിക്കടവിൽ നിന്ന് കാളവണ്ടിയിൽ ഇത്രദൂരം യാത്ര ചെയ്തതിൻ്റെ ക്ഷീണത്തോടെ മുത്തപ്പൻ ബോർഡാപ്പീസിൻ്റെ പടി കയറുകയായിരുന്നു. കാറിൻ്റെ ഇരമ്പൽ കേട്ട് മുത്തപ്പൻ തെല്ലാശ്ചര്യത്തോടെ തിരിഞ്ഞു നോക്കി. കാറിൽ നിന്നിറങ്ങിയ ആളെ കണ്ട് ഒരു നിമിഷം പടിക്കൽ തന്നെ നിന്നു.
തങ്ങൾ നേരേ മുത്തപ്പൻ്റെ അടുത്തേക്ക് വന്നു.
“ആരിത് . ആളെ കണ്ടിട്ട് മനസ്സിലാകുന്നില്ലല്ലോ ? ഒന്നു ചെറുപ്പമായിട്ടുണ്ട്”.
തങ്ങൾ മുത്തപ്പനെ വട്ടം കെട്ടിപ്പിടിച്ചു കൊണ്ട് പരിചയം പുതുക്കി.
“ഉം താനും ബഹുസുന്ദരനായിരിക്കണു. സുഖം തന്നെയല്ലേ ”
മുത്തപ്പൻ ഔപചാരികത ഒട്ടും ചോരാതെ കൗണ്ടറടിച്ചു,
” ഉവ്വ് വിശ്വാസികളുടെ കാരുണ്യത്താൽ കാര്യങ്ങളൊക്കെ ഒരു വിധം സുഖായിട്ട് നടന്നു പോകുന്നു”.
തങ്ങൾ ഉള്ളു തുറന്നു.
“അവിടെയും അങ്ങനെ തന്നെ ഭക്തർക്ക് ഒട്ടും കുറവില്ല. ഈയിടെയായി നല്ലതിരക്കാ. ഹരിവരാസനം പാടാൻ ആളില്ലാത്തതോണ്ട് പലപ്പോഴും ഉറക്കം പോലുമില്ല. ഇതിപ്പോ ബോർഡീന്ന് വിളിച്ചാ വരാണ്ടിരിക്കാൻ പറ്റോ. മുത്തപ്പൻ തങ്ങളുടെ കൈയ്യിലെ പിടിവിടാതെ പറഞ്ഞുകൊണ്ടിരുന്നു.
“എത്ര നാളായി കണ്ടിട്ട്.
വാ അകത്ത് കയറിയിരുന്ന് സംസാരിക്കാം. പുറത്ത് നല്ല ചൂടാ . ഇപ്പോ ഏസി ഇല്ലാതെ ഒരു നിമിഷം കഴിയാൻ പറ്റാത്ത അവസ്ഥയായി.”
തങ്ങൾ മുത്തപ്പൻ്റെ കൈയ്യെടുത്ത് കക്ഷത്ത് വെച്ച് ബോർഡാപ്പീസിലെ കോൺഫ്രൻസ് മുറിയുടെ കൂറ്റൻ വാതിൽ തുറന്നകത്തു കയറി.
കയറിയപ്പഴേ കണ്ടു. വട്ടമേശ എന്നോമനപ്പേരിട്ടിരിക്കുന്ന കോഴിമുട്ടയുടെ ആകൃതിയിലുള്ള മേശയുടെ അറ്റത്ത് രണ്ടു കസേരകളിലായ് അയ്യപ്പനും വാവരും ഗഹനമായ ഏതോ ചിന്തയിൽ മുഴുകിയിട്ടെന്നോണം പരസ്പരം മുഖത്തേക്ക് നോട്ടം വരാതിരിക്കാൻ മനഃപൂർവ്വം വിപരീതദിശകളിലേക്ക് തിരിഞ്ഞിരിക്കുന്നു. വന്നത് ഒരേ ജില്ലയിൽ നിന്നാണെങ്കിലും ആ ഇരിപ്പിൽ എന്തോ പന്തികേടുള്ളതായ് രണ്ടു പേർക്കും തോന്നി. രണ്ട് കസേരകൾക്ക് ശേഷമുള്ള കസേരയിൽ ഒരു കുന്തം ചാരി വെച്ചിട്ടുണ്ട്. ആരെങ്കിലും സീറ്റ് ബുക്ക് ചെയ്തിട്ട് പുറത്ത് പോയതായിരിക്കും. തൊട്ടടുത്ത സീറ്റിൽ നീളൻ വെള്ളക്കോട്ട് ധരിച്ച ഒരാളിരിക്കുന്നു. കൈയ്യിലുള്ള കട്ടികൂടിയ വട്ടതൊപ്പി പാതി മുഖം മറയും വിധത്തിൽ വെച്ചിരിക്കുന്നു. പുറത്ത് കാണുന്ന ബാക്കി മുഖഭാഗത്ത് സ്ഥായീഭാവം പുച്ഛമെന്നെഴുതി വെച്ചിരിക്കുന്ന പോലെ.
ആളെ മുൻപെങ്ങും കണ്ടിട്ടില്ലാ. മറുവശത്തും അത്ര പരിചയം തോന്നിക്കാത്ത കുറേ പേർ ഇരിപ്പുണ്ട്. മുത്തപ്പൻ അയ്യപ്പൻ്റെ മുൻപിൽ ചെന്ന് നിന്ന് മുരടനക്കി തൻ്റെ സാന്നിദ്ധ്യമറിയിച്ചു. ഇരിക്കാൻ കൈകൊണ്ടാംഗ്യം കാണിച്ചു കൊണ്ട് അയ്യപ്പൻ തങ്ങളോടും കൈയുയർത്തി സലാം പറഞ്ഞു.
ഇരിപ്പിടങ്ങളിലേക്ക് നടക്കുന്നതിനിടക്ക് തങ്ങൾ കുന്തം ചാരി വെച്ചിരിക്കുന്ന കസേരയിലേക്ക് നോക്കി. മേശയുടെ മുകളിൽ വെച്ചിരിക്കുന്ന കുതിരയുടെ ജീനി കണ്ടപ്പോൾ തങ്ങൾക്കാളെ പിടികിട്ടി. തങ്ങൾ മുത്തപ്പൻ്റെ ചെവിയിൽ പറഞ്ഞു.
” ഇടപ്പള്ളിയിൽ നിന്ന് ജോർജ്ജ് എത്തിയിട്ടുണ്ടെന്ന് തോന്നുന്നു. പക്ഷേ ഈ ഇരിക്കുന്ന വെള്ള ജൂബ്ബാക്കാരനാരാ ഇയ്യാളെ ഇതിനു മുൻപ് ഇവിടെങ്ങാനും കണ്ടിട്ടില്ലല്ലോ !!! ” .
” ജുബ്ബയല്ല. കോട്ടാ.
അറിയില്ല പുതിയ വിശുദ്ധൻമാരാരെങ്കിലുമായിരിക്കും ജോർജ്ജ് വരട്ടെ . എന്നിട്ട് ചോദിക്കാം . അയാൾക്കീഭാഗത്തുള്ളവരെയൊക്കെ നന്നായറിയാമായിരിക്കും “.
മുത്തപ്പൻ കുന്തം ചാരിവെച്ചിരിക്കുന്ന കസേരയുടെ നേരേ മുൻപിൽ തങ്ങളുടെ അടുത്തായി തന്നെ കസേര വലിച്ചിട്ട് ഇരുന്നു കൊണ്ട് പറഞ്ഞു. ഗൗരവക്കാരനായ വെള്ളക്കുപ്പായക്കാരൻ ഇരുവരേയും ഒന്ന് നോക്കിയതല്ലാതെ പരിചയ ഭാവം നടിക്കുകയോ പുഞ്ചിരിക്കുകയോ ചെയ്തില്ല. തങ്ങൾക്കതൊരു ഇൻസൾട്ടായി തോന്നിച്ചെങ്കിലും മുത്തപ്പൻ അതത്ര കാര്യമാക്കിയില്ല.
മണി പതിനൊന്നായിരിക്കുന്നു. പത്തരക്കാണ് മീറ്റിംഗ് വിളിച്ചത്. ഇനിയും കുറേ പേർ വരാനുണ്ട്. അവർ വരട്ടെ. പക്ഷേ മീറ്റിംഗ് വിളിച്ച ബോർഡംഗങ്ങൾ ആരും ഇതുവരെ എത്താത്തത് കഷ്ടമാണ്. മറ്റുള്ളവരുടെ സമയത്തിന് ഒരു വിലയും കൽപ്പിക്കാതിരിക്കുന്നത് ഇന്ന് മനുഷ്യരുടെ ക്രൂരമായ പതിവായിരിക്കുന്നു. ഇടതു വശത്തെ വാതിൽ തുറന്ന് ജോർജ്ജ് ഹാളിലേക്ക് വന്നു. ആള് ഫുൾ യൂണിഫോമിൽ തന്നെ .തോലിൻ്റെ ചട്ടയും കാലുറയും അരപ്പട്ടയുമൊക്കെ കാണാൻ തന്നെ നല്ല ചേല്. കിരീടമൂരി കൈയ്യിൽ പിടിച്ചിരിക്കുന്നു. സ്ഥിരമായി കിരീടം വെക്കുന്നത് കൊണ്ടാവണം മുടി തലയുടെ പുറകുവശത്തുമാത്രമായി അവശേഷിക്കുന്നു. ഹാളിൽ പ്രവേശിച്ചയുടനെ മുൻപിലിരിക്കുന്ന തങ്ങളേയും, മുത്തപ്പനേയും നോക്കി ചിരിച്ചു കൊണ്ട് അഭിവാദ്യം ചെയ്തു. പ്രത്യഭിവാദ്യം ചെയ്യുന്നതിനിടയിൽ അടുത്തിരിക്കുന്നതാരെന്ന് തങ്ങൾ കണ്ണുകൊണ്ട് ചോദിച്ചതിന് ജോർജ്ജ്
തൻ്റെ രണ്ട് തോളും ഉയർത്തി കൈകൾ മലർത്തി കാണിച്ച് ശരീരഭാഷയിൽ തന്നെ അറിയില്ലായെന്ന് പറഞ്ഞു. മുത്തപ്പന് അത്ഭുതമായി സംസ്ഥാനത്തിൻ്റെ മദ്ധ്യ ജില്ലയിൽ കിടക്കുന്ന ജോർജ്ജിന് തെക്കും വടക്കുമുള്ള ഒരുവിധപ്പെട്ടവരെയൊക്കെ അറിയാവുന്നതാണ്. എന്നിട്ടും ഇങ്ങേരെ അറിയാതെ പോയതെങ്ങനെ?
കടമറ്റത്തച്ചൻ്റെ ഒരു രൂപസാദൃശ്യമൊക്കെയുണ്ടെങ്കിലും അങ്ങേർക്കിത്ര നിറമില്ല.
മാത്രമല്ല അങ്ങേരുടെ ഔദ്യോഗിക വസ്ത്രത്തിന് കാപ്പിപ്പൊടി നിറമാണ്. സന്തത സഹചാരിയായ വാക്കിംഗ് സ്റ്റിക്കും കാണേണ്ടതാണ്. ആള് എറണാകുളത്ത് നിന്ന് പുറപ്പെട്ടിട്ടുണ്ട് .കാൽ നടയായി വരുന്നത് കൊണ്ട് കുറച്ച് താമസിക്കുമെന്നറിയിച്ചിട്ടുമുണ്ട്.
മുത്തപ്പൻ്റെ മനസ്സ് വായിച്ചിട്ടെന്നോണം തങ്ങള് പറഞ്ഞു.
“നിങ്ങള് ഒന്നടങ്ങപ്പാ. മീറ്റിംഗ് തൊടങ്ങുമ്പോ ഹാജരെടുക്കുമേല്ലോ നമുക്കപ്പോ നോക്കാം “.
ഹാളിൻ്റെ വാതില് തുറന്നും അടഞ്ഞും കൊണ്ടിരുന്നു. ഓരോരുത്തരായി വന്നു കൊണ്ടിരിക്കുന്നു. ഇത്തവണയും ഉറൂസ് ഗംഭീരമാക്കിയതിൻ്റെ ഗർവ്വോടെ യാണ് ബീമാപള്ളീന്ന് ബീവിയും പരിവാരങ്ങളും വന്നിട്ടുള്ളത്. എന്നാൽ പരിവാരങ്ങളെ പുറത്ത് നിർത്തി ബീവിയെ മാത്രമാണ് സെക്യൂരിറ്റിക്കാർ അകത്തേക്ക് കയറ്റി വിട്ടത്. അല്ലെങ്കിലും തദ്ദേശ സ്വയം ഭരണ ദൈവ സമ്മേളനങ്ങൾക്ക് പ്രതിനിധികളെ മാത്രമേ അകത്ത് കയറ്റൂ. പത്രക്കാരെ വരെ പുറത്ത് നിർത്താറാണ് പതിവ്. കുമ്പസാര രഹസ്യത്തിൻ്റെ അതേ സ്വഭാവത്തിലും അച്ചടക്കത്തിലുമാണ് ഇതൊക്കെ നടക്കുന്നതെന്നാണ് വെയ്പ്. അതുകൊണ്ട് മൊബൈലും ലാപ്ടോപ്പുമൊന്നും ഇവിടെയും സമ്മേളനഹാളിൽ അനുവദനീയമല്ല. എന്നാലും ചില വിരുതൻമാർ തൊപ്പിക്കടിയിലും കിരീടത്തിൻ്റെ അടിയിലും ഒക്കെ ഒളിപ്പിച്ച് അകത്ത് കയറ്റും.
കണ്ടാൽ ആളെ തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ പുകയടിച്ച് ആകെ ഇരുണ്ട രൂപത്തിലാണ് ആറ്റുകാല് നിന്നും കാളിയമ്മ വെട്ടി വിയർത്ത് മീറ്റിംഗ് ഹാളിലേക്കെത്തിയത്. പൊങ്കാല കഴിഞ്ഞ് നേരേയുള്ള വരവായതിനാൽ ഒന്ന് ടച്ചപ്പ് ചെയ്യാനുള്ള സമയം കിട്ടിക്കാണില്ല എന്ന് തീർച്ച. വന്ന പാടേ ബീവി ഇരുന്നിരുന്ന കസേരയുടെ അടുത്ത് ചെന്ന് ചോദിച്ചു.
“ന്നാലും എൻ്റെ ബീവ്യേ പാളയത്ത് വെച്ച് എത്ര തവണ ഞാൻ നിന്നെ കൈ കാണിച്ച് വിളിച്ചു. ആ കാറില്എന്നേക്കൂടി കയറ്റിയിരുന്നെങ്കിലോ. പൊങ്കാല കഴിഞ്ഞതിൻ്റെ ഒടുക്കത്ത തെരക്കായിരുന്നു. വന്ദേഭാരതിൽ തൂങ്ങിപ്പിടിച്ചാ ഇത്രടം വരെ എത്തിയത്.
അമ്മയുടെ സ്വരത്തിലെ പരിഭവം തിരിച്ചറിഞ്ഞ ബീവി പറഞ്ഞു.
“എൻ്റേട്യേ നീയാർന്നാ പാളയത്തൂന്ന് വണ്ടിക്ക് കൈകാട്ടിയത്. മനസ്സിലായില്ലെ ടി അപ്പി . പൊങ്കാലക്ക് വന്ന ഏതോ പെണ്ണ് വണ്ടി കിട്ടാതെ ലിഫ്റ്റ് ചോദിച്ചതാണെന്നാ കരുതിയേ. സാരല്യ പോകുമ്പോ ഒരുമിച്ച് പോകാ “.
ഓക്കേന്ന് പറഞ്ഞെങ്കിലും കണ്ടിട്ട് മനസ്സിലായില്ലാന്ന് പറഞ്ഞത് തന്നെയൊന്ന് ആക്കിയതാണെന്ന് തിരിച്ചറിഞ്ഞ് കാളിയമ്മ ഏസി വിൻഡോയുടെ നേരേ താഴേ പോയിരുന്നു.
കാഞ്ഞിരമറ്റത്തൂന്ന് ഷേഖ് പരീത് വന്നത് നെട്ടൂർ തങ്ങളോടൊപ്പമാണ്. ഹാളിലേക്ക് ഇരുവരും കയറിയപാടേ ചന്ദനത്തിൻ്റെയും അത്തറിൻ്റേയും ഒക്കെ ചേർന്നുള്ള ഓക്കാനമുണ്ടാക്കുന്ന ഒരു മിശ്രഗന്ധം അവിടെ പരന്നു. യാത്രാ ക്ഷീണത്തിൽ മുറിയിലെ തണുപ്പിൽ ഉറക്കത്തിലേക്ക് പോയവർ വരെ മയക്കം വിട്ടെഴുന്നേറ്റു. അത്രക്ക് രൂക്ഷമായിരുന്നു ചന്ദനക്കുടം നാറ്റം.
മണി പതിനൊന്നര. ഹാളിൻ്റെ വാതിൽ തുറന്ന് പച്ച യൂണിഫോം ധാരികളായ രണ്ടു പേർ അകത്തേക്ക് വന്നു. ഒരാളുടെ കൈയ്യിൽ ചായ നിറച്ച ഫ്ലാസ്കും പ്ലാസ്റ്റിക് ഗ്ലാസ്സുകളുടെ കവറും. മറ്റൊരാളുടെ കൈയ്യിൽ എണ്ണ കിനിയുന്ന കാർഡ്ബോർഡ് പെട്ടിയിൽ അടുക്കി വെച്ച പഴംപൊരിയും. അവരത് ഹാളിൻ്റെ മൂലയിൽ ഇട്ടിരുന്ന മേശപ്പുറത്ത് വെച്ചു.
”മീറ്റിംഗ് ഇപ്പോ തുടങ്ങും എല്ലാവരും ചായ കുടിച്ചിരിക്ക് ”
ഒരാൾ എല്ലാവരോടുമായി പറഞ്ഞു.
“വിത്തൗട്ട് ഉണ്ടോ ” തസ്വഭദൈവങ്ങളിൽ നിന്നാരോ ഉറക്കെ വിളിച്ചു ചോദിച്ചു.
” ഉണ്ട് ഫ്ലാസ്കിൻ്റെ മുകൾ ഭാഗത്ത് വിതൗട്ടും അടിയിൽ വിത്തുമാണ് ”
വേണോങ്കി എടുത്ത് കുടിയെടോ എന്ന രീതിയിൽ ഒരു പരിഹാസച്ചിരിയോടെ പച്ച യൂണിഫോംകാര് ഹാളിൽ നിന്നു പോയി.
ഇതിനിടെ ഹാളിന് പുറത്ത് ബഹളം കേട്ടു തുടങ്ങി. ബോർഡിൽ അംഗത്വമില്ലാത്ത ചില പ്രാദേശിക ചെറു പുതുതലമുറ ഷേഖുമാരും തങ്ങമ്മാരും ബീവിമാരും തുടങ്ങി സമാധി ദേവൻമാരും, അത്ഭുത രോഗശാന്തി ശുശ്രൂശക്കാരും വരെ അമ്മയുടെ ജനറൽ ബോഡി നടക്കുമ്പോൾ അകത്തേക്ക് പ്രവേശനം കിട്ടാത്ത ഗസ്റ്റാർട്ടിസ്റ്റുകളെ പോലെ പുറത്ത് വന്ന് നിന്ന് അകത്തേക്ക് കയറാനുള്ള ശ്രമം നടത്തുന്നതായിരുന്നു അത്. ബോർഡിൻ്റെ നിയമങ്ങൾ കർശനമായി പാലിക്കുന്ന ബൗൺസേഴ്സ് എന്നറിയപ്പെടുന്ന സെക്യൂരിറ്റിക്കാർ അവരെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു.
ഹാളിനുള്ളിലെ സൈറൺ യോഗം തുടങ്ങാറായി എന്നറിയിച്ചു കൊണ്ട് ഉച്ചത്തിൽ മൂന്ന് വട്ടം മുഴങ്ങി.
ബോർഡ് ചെയർമാനും അംഗങ്ങളുമടങ്ങുന്ന പരിവാരം പിന്നിലെ വാതിലിലൂടെ അകത്തേക്ക് പ്രവേശിച്ചു. ദീർഘവൃത്തരൂപത്തിലുള്ള മേശയുടെ ഒരറ്റത്ത് മദ്ധ്യത്തിലുള്ള കസേരയിലിരിക്കുന്നതിനു മുൻപ് ചെയർമാൻ എല്ലാവരോടുമായി പറഞ്ഞു.
“”സോറി……..കേന്ദ്രത്തിൽ നിന്ന് ഒരു മെയിൽ കിട്ടാനുണ്ടായിരുന്നു. ഇപ്പോഴാണ് വന്നത്. അതുകൊണ്ടാണ് മീറ്റിംഗ് ആരംഭിക്കാൻ വൈകിയത്. എല്ലാവരോടും ഈ വിനീതൻ ക്ഷമ ചോദിക്കുന്നു. എല്ലാവരും ഇരിപ്പിടങ്ങളിൽ ഇരിക്കുക. നമുക്ക്
ആരംഭിക്കാം “.
ഇയാൾക്കിത് പതിവാണല്ലോ. ആളുകളെ വിളിച്ചിരുത്തി തിരക്കഭിനയിച്ച് ഇയാൾടെ പൊങ്ങച്ചം കാണിക്കുകയെന്നത്. എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് തസ്വഭ ദൈവങ്ങൾ സീറ്റിലേക്കമർന്നിരുന്നു.
“നമുക്കൊക്കെ പരസ്പരമറിയാവുന്നതുകൊണ്ട് ഒരു പരിചയപ്പെടുത്തലിൻ്റെ ആവശ്യമില്ലല്ലോ?വളരെ പ്രധാനപ്പെട്ട ഒരു കാര്യം മാത്രമേ അജണ്ടയിലുള്ളു. നിങ്ങൾക്കൊക്കെ തിരക്കുള്ളതുകൊണ്ട് അത് അവതരിപ്പിച്ച് ചർച്ച ചെയ്ത് നമുക്ക് മീറ്റിംഗ് എളുപ്പം അവസാനിപ്പിക്കാം.
പഴയ പോലെ തന്നെ ചെയർമാൻ എന്തോ ഉഡായിപ്പ് ഒപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് എല്ലാവർക്കും മനസ്സിലായെങ്കിലും ആരും ഒന്നും മിണ്ടിയില്ല.
എന്നാൽ ഒരുകാര്യം ചോദിക്കാനുണ്ടെന്ന് പറഞ്ഞു കൊണ്ട് മമ്പറംതങ്ങൾ ചാടിയെണീറ്റു. സാധാരണയായി ചെയർമാൻ്റെ നിർദ്ദേശങ്ങളെ
ചെറുദൈവങ്ങളാരും ഖണ്ഡിക്കാറില്ലാത്തതാണ്.
ഇതിപ്പോ തങ്ങളായതു കൊണ്ട് ചെയർമാ൯ മനസ്സിലൂറിയ ദേഷ്യം അണപ്പല്ലിലടക്കി മുൻപല്ലുകളാൽ ചിരിച്ചു കാട്ടി ചോദിച്ചു.
”എന്താണാവോ സാഹിബിനറിയേണ്ടത് ? ”
” ഇദ്ദേഹമാരാണ്. പുതിയതാണല്ലോ. അല്ല മുൻപെങ്ങും ഇവിടെ കണ്ടു പരിചയവുമില്ല”
തൻ്റെ മുൻപിലിരിക്കുന്ന തൊപ്പികൊണ്ട് പാതി മുഖം മറച്ച പുച്ഛഭാവക്കാരനെ ചൂണ്ടി തങ്ങൾ ചോദിച്ചു.
‘തങ്ങളിരിക്ക്. അദ്ദേഹമാണ് നമ്മുടെ അജണ്ടയിലെ പ്രധാന ഇനം. പുതിയ നിയമങ്ങളെക്കുറിച്ച് പറയാനും ഇദ്ദേഹത്തെ പരിചയപ്പെടുത്താനുമാണ് ഇന്നിങ്ങനെയൊരു അടിയന്തിര യോഗം വിളിച്ചത് ”
ചെയർമാൻ സംസാരിക്കാനാരംഭിച്ചു.
ഇത്രയും കാലം ബോർഡിൻ്റെ അധീനതയിലും നിയന്ത്രണത്തിലും ഉണ്ടായിരുന്നതും , സ്വതന്ത്രക്രയവിക്രയാവകാശമുണ്ടായിരുന്നതും , കാലാകാലങ്ങളായി നിങ്ങളിൽ പലരും കൈയ്യേറിയതും , അമ്പലം,പള്ളി, കുരിശുപുര, ശുശ്രൂഷാ , ധ്യാന കേന്ദ്രങ്ങൾ തുടങ്ങിയ ആരാധനാലയങ്ങൾ നിർമ്മിച്ചും കൈവശം വെച്ചനുഭവിച്ചു പോരുന്നതുമായ ഭൂമിയിൻമേൽ ബോർഡിൻ്റെ അവകാശാധികാരങ്ങൾ പരിമിതപ്പെടുത്തി സർക്കാർ ഉത്തരവായിരിക്കുന്നു.
വലിയൊരു പ്രതിഷേധസ്വരം പ്രതീക്ഷിച്ചിരുന്ന ചെയർമാൻ തന്നെ നോക്കി ഊറിച്ചിരിക്കുന്ന പ്രതിനിധികളെ കണ്ട് അമ്പരന്നു. താൻ പറഞ്ഞതിൻ്റെ ഭവിഷ്യത്ത് ഈ മണ്ടൻമാർക്ക് മനസ്സിലായില്ലേ എന്ന് ശങ്കിച്ച് ഭൂമി സംബന്ധിച്ച് സർക്കാർ ഇറക്കിയ പുതിയ ഉത്തരവിൻ്റെ വിശദാംശങ്ങളിലേക്ക് കടക്കാനാരംഭിച്ചു.
“ആരാധനാലയങ്ങൾക്കായി പറഞ്ഞ് വെച്ച ഭൂമിയിലല്ലാ നിലവിൽ നിങ്ങളിലാരെങ്കിലും കുടികൊള്ളുന്നതെങ്കിൽ സമീപത്തുള്ള റേഷൻ കടക്കാരൻ്റെ റിപ്പോർട്ടിൻ്റെയടിസ്ഥാനത്തിൽ പോലാണെങ്കിലും നിങ്ങൾ ആ സ്ഥലം സർക്കാറിലേക്ക് നൽകി സ്വയം കുടിയിറങ്ങിപ്പോകേണ്ടി വരും ”
ചെറിയ മുറുമുറുപ്പുകൾ തസ്വഭ ദൈവങ്ങളിൽ നിന്നും ഉയർന്നു തുടങ്ങിയപ്പോൾ ഇടംകണ്ണിട്ട് ആകെയൊന്ന് നോക്കി ചെയർമാൻ തുടർന്നു.
“ഓരോ വിഭാഗത്തിൽപ്പെട്ടവർക്കും ഇനി നിലവിലുള്ള രീതിയിൽ തത് സ്ഥാനത്ത് തുടരണമെങ്കിൽ നിങ്ങൾ കൈവശം വെച്ചിരിക്കുന്ന ഭൂമി നിങ്ങളുടെ വിശ്വാസമനുസരിച്ച് നൂറ് വർഷം ജീവിച്ച ഒരാൾ നിങ്ങൾക്ക് ആരാധനാലയം പണിയാൻ സമ്മതപത്രം തന്നതാണെന്ന് തെളിയിച്ചാൽ മതി.
എന്തോ പറയാൻ വാവര് എഴുന്നേറ്റെങ്കിലും അയ്യപ്പൻ കന്തൂറയിൽ പിടിച്ച് വലിച്ച് കസേരയിലിരുത്തി ചെവിയിൽ പറഞ്ഞു.
“നമുക്കൊന്നും പ്രശ്നം വരില്ല. താനവിടിരി. നമ്മുടേത് വനഭൂമിയല്ലേ ബോർഡിൻ്റെ ദാനം നൽകിയ ഭൂമിയല്ലല്ലോ?വല്ലതും വിളിച്ച് പറഞ്ഞ് ഒള്ള ഇരിപ്പിടം കളയാതെടേയ്.
“ഞാൻ മിണ്ടാണ്ടിരിക്കാം. തനിക്ക് പ്രശ്നമുണ്ടാകില്ല. കാടിൻ്റെയുള്ളിലല്ലേ !
ഞാനേ പൊന്നും വിലയുള്ള ടൗണിൻ്റെ നടുവിലാ ഇരിക്കുന്നത്. തൻ്റെ സർക്കാര് എന്നെപ്പിടിച്ച് എഴുന്നേല്പിച്ചാ ഞാൻ നേരേ അങ്ങട് വരും “.
എന്നും അയ്യപ്പൻ്റെ കെയറോഫിലാണ് താനറിയപ്പെടുന്നതെന്ന നൈരാശ്യ ബോധമുള്ള വാവര് പ്രതിഷേധമടക്കി കസേരയിലേക്ക് ചാഞ്ഞു.
കുന്തം തറയിലാഞ്ഞിടിക്കുന്ന ശബ്ദം കേട്ട് എല്ലാവരുമൊന്ന് ഞെട്ടി. ജോർജ്ജ് എഴുന്നേറ്റ് നിന്നു.
“അതേയ് ഈ ബോർഡിൻ്റെ പേരിലുള്ള ഭൂമിയിൽ കഴിയുന്നോർക്ക് മാത്രമല്ലേ ഈ ഉത്തരവും നിയമവുമൊക്കെ ബാധകം. ഞങ്ങളൊക്കെ പരമ്പരാഗതമായി ഈ നാട്ടിൽ സ്വന്തം ഭൂമിയിൽ തൊഴിൽ ചെയ്ത് ജീവിക്കുന്നവരാണ്. ഞങ്ങളെ ഇങ്ങോട്ട് വിളിച്ചു വരുത്തി ഇതൊക്കെ കേൾപ്പിക്കുന്നതെന്തിനാണ്?
“തോമാച്ചൻ വന്നപ്പോ ഭൂമീം കൊണ്ടാണോടോ വന്നത് ”
ജോർജ്ജിൻ്റെ നേരേ ആക്രോശഭാവത്തിലുള്ള മുനവെച്ച ചോദ്യം മുത്തപ്പൻ്റെതായിരുന്നെങ്കിലും കൈയ്യടിയും ചൂളംവിളികളും ഉയർന്നത് മറ്റു ചിലയിടങ്ങളിൽ നിന്നായിരുന്നു. ബഹളം കൂടിക്കൂടി വന്നു. പ്രതിനിധികൾ മൂന്നും നാലും ചേരികളായി പരസ്പരം അവകാശവാദങ്ങളും എതിർവാദങ്ങളുമായി അക്രമാസക്തരായി.
”സൈലൻസ് സൈലൻസ് “.
അതുവരെ എല്ലാം കേട്ട് നിശ്ശബ്ദനായിരുന്ന നീളൻകുപ്പായധാരിയായ ആൾ തൊപ്പി മുഖത്തു നിന്നെടുത്ത് കസേരയിൽ നിന്നും ചാടിയെഴുന്നേറ്റു.
സ്വിച്ചിട്ടപോലെ ബഹളം നിന്നു .ഹാളിൽ നിശ്ശബ്ദത നിറഞ്ഞു.
കോട്ടുധാരി എല്ലാവരേയും തൻ്റെ കട്ടി കൂടിയ പുരികത്തിനടിയിലെ ചുവന്ന കണ്ണുകളാൽ തറപ്പിച്ച് നോക്കി. പാറിപ്പറക്കുന്നു സ്പ്രിംഗ് പോലെ ചുരുണ്ട മുടി കൈകളാൽ മാടിയൊതുക്കി അയാൾ ചെയർമാൻ്റെ നേരേ വിരൽ ചൂണ്ടിപ്പറഞ്ഞു.
” ഇങ്ങനെയൊരു നിയമം ഉണ്ടാക്കാൻ കാരണം നിങ്ങളാണ്. ഒരു തർക്കമുണ്ടാകുമ്പോൾ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാതെ നിങ്ങൾ ഓരോ താല്പര്യങ്ങൾക്ക് പിറകേ പാഞ്ഞു. നിങ്ങളെ ഏൽപ്പിച്ച ഭൂമി പ്രാദേശികദൈവങ്ങൾക്ക് പാട്ടത്തിന് കൊടുത്ത് കച്ചവട സ്ഥാപനങ്ങൾ പണിത് ലാഭമുണ്ടാക്കാൻ കൂട്ടുനിൽക്കുകയും ലാഭവിഹിതം കൈപ്പറ്റുകയും ചെയ്തു. ഭൂമിയെ അതിൻ്റെ യഥാർത്ഥ അവകാശികൾക്ക് കൈമാറാതേയും ആവശ്യക്കാർക്ക് വീതം വെച്ച് നൽകാതേയും ദൈവങ്ങളുടേയും മതങ്ങളുടെയും പേരിൽ പങ്കിട്ട് നൽകി.
അയാളൊന്നു നിർത്തി.
തലകുമ്പിട്ടിരിക്കുന്ന തസ്വഭദൈവങ്ങളോടായി പറഞ്ഞു.
പരസ്പരം പോരടിക്കാതെ ഇപ്പോൾ ഇരിക്കുന്നിടത്ത് ഇരുന്നാൽ കുറച്ചുനാൾ കൂടി ഇങ്ങനെയൊക്കെ നിങ്ങൾക്ക് മുന്നോട്ട് പോകാം. ഇപ്പോതന്നെ ശാസ്ത്രവു൦ നാസ്തികതയൂ൦ വളരുമ്പോൾ നിങ്ങളെക്കൊണ്ടുള്ള ആവശ്യം ആളുകൾക്ക് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. നിങ്ങളുടെ കാര്യത്തിൽ
തർക്കങ്ങളുണ്ടായാൽ ഇടപെടാൻ ബോ൪ഡിൽ എന്നെ നിയമിച്ചിട്ടുണ്ട്.
തൊപ്പിയെടുത്ത് തലയിൽ വെച്ച് കൈകളാഞ്ഞ് വീശി വേഗത്തിൽ അയാൾ പുറത്തേക്ക് നടന്നു. കോൺഫ്രറൻസ് ഹാളിനു വെളിയിൽ അപ്പോൾ ആരുമുണ്ടായിരുന്നില്ല.
ദൈവങ്ങൾ ആകാംക്ഷയോടെ ചെയർമാൻ്റെ മുഖത്തേക്ക് നോക്കി…. എല്ലാ മുഖങ്ങളിലും ” ആരാണിയാൾ” എന്ന ചോദ്യം നിറഞ്ഞു നിന്നു. സ്തംഭനാവസ്ഥ നീങ്ങിയപ്പോൾ തങ്ങൾ തന്നെ എല്ലാവർക്കും വേണ്ടിയെന്ന പോലെ ആ ചോദ്യം വീണ്ടും ഉന്നയിച്ചു.
“ആരാണദ്ദേഹം? ചെയർമാൻ ഉണ്ടായിട്ടും അയാളാണല്ലോ ഇവിടെ കാരൃങ്ങൾ നിയന്ത്രിച്ചത്. അയാൾക്കിവിടെ ബോർഡ് മീറ്റിംഗിലെന്താണ് കാര്യം?
അദ്ദേഹത്തിൻ്റെ പേര് ‘സൂര്യചന്ദ്രൻ ‘. അറിയപ്പെടുന്ന നിരീശ്വരവാദി .
അദ്ദേഹമാണ് പുതിയ നിയമമനുസരിച്ച് ഇനി ബോർഡിൻ്റെ മുഖ്യ കൈക്കാരൻ. ‘ദൈവങ്ങളുടെയും, ആത്മീയ കാര്യങ്ങളുടേയും, ബോർഡ് വകഭൂമിയുടേയും നടത്തിപ്പിന് സർക്കാർ നിയമിച്ചയാൾ.
അപ്പോ ചെയർമാനോ ?
ചോദ്യം ഒരുമിച്ചായിരുന്നു.
എസിയുടെ തണുപ്പിലൂം വിയർത്തു കുളിച്ച ചെയർമാൻ കസേരയിൽ തളർന്ന് ഇരുന്നു .
ഹാളിൽ ഉയർന്നു കേട്ട കൂർക്കംവലികളിൽ തന്നെ വരാനിരിക്കുന്നൊരു ശുഭ കാലത്തിൻ്റെ പ്രതീക്ഷയുടെ താളമുണ്ടായിരുന്നു.
നന്നായിട്ടുണ്ട്
നല്ല ആക്ഷേപഹാസ്യം.
കഥ വളരെ നന്നായിട്ടുണ്ട്. നന്നായിട്ട് ആസ്വദിച്ചു വായിച്ചു. ഇന്നത്തെ കാലത്ത് ഇത്തരം ആക്ഷേപഹാസ്യകഥകൾ എഴുതുമ്പോൾ സൂക്ഷിക്കണം. പണ്ടത്തെപ്പോലെ ആളുകൾക്കു സഹിഷ്ണുത ഉണ്ടാകണമെന്നില്ല. കയ്യേറ്റം ചെയ്തുകളയും. ചിലപ്പോൾ ആളെ തട്ടിക്കളയാനും സാദ്ധ്യതയുണ്ട്. പുതിയ കഥയുമായി വരിക. കൂടുതൽ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു.