അനുഭവങ്ങൾ എല്ലായിപ്പോഴും ജ്ഞാനം പകരുന്ന പാഠങ്ങളാണ്. കാലം എന്ന അധ്യാപകൻ നൽകുന്ന വിശേഷാലുള്ള ജ്ഞാനം.
ദശാബ്ദങ്ങൾക്കു മുമ്പു നടന്നതും ഇന്നലെ ലഭിച്ചതുമെല്ലാം മനസിൽ പതിഞ്ഞു കിടക്കും. അതോർമിച്ചെഴുതുമ്പോൾ ആത്മസംതൃപ്തി കിട്ടുന്നു.
ഓരോ ജീവനും വിരൽത്തുമ്പിൽ പ്രതിരൂപങ്ങളായി മാറുക ,വ്യക്തികൾ ഞൊടിയിടെ അനശ്വരങ്ങളായ കഥാപാത്രങ്ങളാവുന്ന പ്രക്രിയ. രൂപാന്തരീകരണം കഴിഞ്ഞാലവർ നശിക്കാത്ത കലാരൂപമാകുന്നു . മാത്രമല്ല അനന്യരുമാണ്.
സംഭവങ്ങളുടെ ഗൗരവഭാവമല്ല പ്രധാനം ഓരോ അനുഭവക്കുറിപ്പുകളുടെ സത്യസന്ധതയാണ് വിലമതിക്കേണ്ടത്.
അതിൽ അതിശയിപ്പിക്കുന്ന ആശയങ്ങൾ ചിലപ്പോഴൊക്കെ ഇല്ലാതെയും വരാം.
എന്നാലും ഓരോ വ്യക്തിക്കും അവനവന്റേതായ അഭിമാനം , സ്വപ്നങ്ങൾ, ചിന്തകൾ, ദുഖങ്ങൾ ആനന്ദം എല്ലാമുണ്ട് . ഓരോന്നും സ്വകീയമായതും ഏറ്റവും വിലപ്പെട്ടതുമാണ്.
ഓരോ വ്യക്തിയുടെയും ജീവിതം അവസാനിക്കുന്നത് വലിയ ഒരു നോവലിനുള്ള കഥ തന്നു കൊണ്ടാണ്.
വായനക്കാരനത് ഇഷ്ടമായാലും ഇല്ലെങ്കിലും അത് അയാളുടെ വിലപ്പെട്ട ജന്മത്തെയാണ് ലിപികൾ ശാശ്വത ശിലകളാക്കുന്നത്.
അധ്യാപകവൃത്തി സ്വീകരിച്ചതിന്റെ ആദ്യനാളുകൾ കുട്ടികൾ എനിക്കും ഞാൻ അവർക്കും ഒരത്ഭുതമായിരുന്നുവോ എന്നു ചിലപ്പോഴൊക്കെ തോന്നാറുണ്ടായിരുന്നു.
ബി.എഡ് കഴിഞ്ഞയുടൻ ഗേൾസ് ഹൈസ്കൂളിൽ ജോലിയിൽ പ്രവേശിച്ച കാലം.
സ്കൂളോടു ചേർന്ന് വിമൻസ് കോളേജും അതിന്റെ ഹോസ്റ്റലുമുണ്ട്. ഇതിന്റെ മധ്യത്തിലായി കോൺ വെന്റും സ്ഥിതി ചെയ്യുന്നു.
കോളേജിനടുത്തു ഒരു ചെറുവീടുപോലുള്ള കെട്ടിടത്തിലാണ് ദൂരെ നിന്നു ജോലിക്കു വന്നിരിക്കുന്ന അവിവാഹിതരായ അധ്യാപികമാരുടെ താമസം.
കോളേജിലെയും സ്കൂളിലെയും അധ്യാപികമാർ അവിടെ ഒരുമിച്ചു കഴിയുന്നു.
സ്കൂളിലേയ്ക്ക് എന്റെ വീട്ടിൽ നിന്ന് മുപ്പത്തിയഞ്ചു കിലോമീറ്റർ ദൂരമുണ്ട്. പാലം വന്നിട്ടില്ലാത്ത കാലമായതിനാൽ ഫെറി കടന്നു വേണം എനിക്ക് സ്കൂളിലേയ്ക്കുള്ള ബസു കയറാൻ . സമയത്തിനു ക്ലാസിലെത്താൻ കഴിയാത്തതു കൊണ്ട് ഞാനും ഹോസ്റ്റലിലെ അന്തേവാസിയായി.
എന്നാലും എല്ലാ വെള്ളിയാഴ്ചകളിലും വീട്ടിലേയ്ക്കു പോയി തിങ്കളാഴ്ച മടങ്ങിവരുകയാണ് പതിവ്.
കോളേജു ജീവിതത്തിൽ നിന്നു പക്വതയാർന്ന അധ്യാപക വൃത്തിയിലേക്കുള്ള പരകായപ്രവേശം അസ്വസ്ഥത നൽകിയെങ്കിലും ആസ്വദിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
എല്ലാവരുടെയും ടീച്ചർ വിളിയോടുപൊരുത്തപ്പെടാൻ അൽപ്പനാളെടുത്തു.
ക്ലാസു സമയം കഴിഞ്ഞാൽ ടൈം ടേബിൾ പ്രകാരം പത്താംക്ലാസിനുള്ള ഈവിനിംഗ് ക്ലാസ് മാത്രമേ എനിക്ക് സാധാരണ ഡ്യൂട്ടിയിലുണ്ടായിരുന്നുള്ളു.
പക്ഷേ അന്ന് മറ്റൊരു ടീച്ചർ ലീവായതു കൊണ്ട് മോർണിംഗ് ക്ലാസ് എടുക്കാമെന്നേറ്റിരുന്നു.
തിങ്കളാഴ്ചയായതിനാൽ ബസിലും റോഡിലും നല്ലതിരക്ക്.
ഒരു കണക്കിന് എട്ടു മണിക്ക് തന്നെ ഓടിപ്പിടഞ്ഞ് സ്കൂളിലെത്തി.
ഇടവപ്പാതിയിലെ മഴ കുറച്ചു തോർന്നിട്ടുണ്ട്. തണുത്ത കാറ്റിനെ വാരിപ്പുതച്ച് ക്ലാസ്റൂമിലേയ്ക്ക് കയറിച്ചെന്നപ്പോൾ ഒരു കുട്ടി മാത്രം ബെഞ്ചിൽ മുഖം കമഴ്ത്തി കിടപ്പുണ്ട്.
എല്ലാ കുട്ടികളും എഴുന്നേറ്റിട്ടും അവിടെത്തന്നെയിരിപ്പു തുടർന്നു.
എന്തുപറ്റിയെന്ന എന്റെ ചോദ്യത്തിന് ചാടിപ്പിടഞ്ഞുണർന്ന് തലവേദനയെന്നു ഉത്തരം പറഞ്ഞതും എല്ലാവരും ചിരിച്ചു.
അതെന്താ ഇത്ര ചിരിക്കാൻ. എന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് കുട്ടികളൊന്നിച്ചായിരുന്നു
“അതു ടീച്ചറെ എന്നും ഇവളങ്ങിനെയാ കിടപ്പാണു ക്ലാസിൽ !
എന്നിട്ടുതലവേദനയെന്നുപറയും.”
അവൾ നിശബ്ദയായി നിന്നു. വയ്യെങ്കിൽ കിടന്നോളുയെന്നാശ്വസിപ്പിച്ചതിൽ അവൾ എന്നെ സാകൂതം നോക്കി.
ക്ലാസു കഴിഞ്ഞ് അസംബ്ലിക്കു മുമ്പ് പുറത്തേയ്ക്കു വിളിച്ചു കൊണ്ടു പോയി
ഞാൻ വെറുതെ കുശലാന്വേഷണം നടത്തി.
ക്ലാസു റൂമുകളുടെ മുൻപിലായി താമരകളും ആമ്പലുകളും തിങ്ങിനിറഞ്ഞ ഒരു നിർമ്മിത കുളമുണ്ട്.
അതിലേയ്ക്കു നോക്കിയവൾ മൗനമായി നിന്നു.
എന്തു ഭംഗിയാണല്ലേ ആ പൂക്കൾ കാണാൻ . ജലപുഷ്പങ്ങളുടെ മനോഹാരിതയിലലിഞ്ഞ് ഞാനറിയാതെ പറഞ്ഞു.
ഇലകൾക്കും തണ്ടിനുമൊക്കെയടിയിലായി ചെളിയിലൊളിഞ്ഞു നിൽക്കുന്ന അഭംഗിയുള്ള വേരുകളെ ആരു കാണാൻ. ?
മനുഷ്യരെപ്പോലയാണവയും. പുറമെ സുന്ദരഭാവം. ഉള്ളിലെന്തെക്കെയോ വിഷമങ്ങൾ ആരും കാണാതെ ഒളിച്ചു വെച്ചിരിക്കുന്നു.
പുഞ്ചിരിയെന്ന ഇലകൾ വിരിച്ചിട്ട് പുഷ്പങ്ങളെപ്പോലെ വിടർന്നു , ദർശന സുഖമേകി നിൽക്കുന്നവരെത്രയുണ്ടീ ലോകത്ത്.
ചിന്ത മതിയാക്കി ഞാൻ പറഞ്ഞു എന്റെ വീട്ടിൽ കുളങ്ങളൊക്കെയുണ്ട്. പക്ഷേ താമരയും ആമ്പലുമൊന്നുമില്ല.എനിക്കു ജലപുഷ്പങ്ങളോടു വല്ലാത്ത ഭ്രമമാണ്. മിനിക്ക് ഇഷ്ടമാണോ ഈ പൂക്കൾ?
അവളെന്തെങ്കിലും മറുപടി പറയുമെന്നു കരുതി ഞാൻ മുഖത്തേയ്ക്കു നോക്കി. നിർവികാരത മാത്രം.
ഇവയ്ക്ക് മൃണാളിനി എന്നൊരു പേരുണ്ട് അറിയാമോ ഞാൻ ചോദിച്ചു.
‘ഇല്ല’.
അവൾ ശിരസു കുനിച്ചു.
എന്താണ് മിനി ആരോടും കൂട്ടുകൂടാതെ എപ്പോഴും ഇങ്ങനെ തല
പുകഞ്ഞാലോചിച്ചിരിക്കുന്നത്. പലപ്പോഴും ഞാൻ ശ്രദ്ധിക്കാറുണ്ട്.
ഒരു പീരിയഡു കഴിഞ്ഞ് അടുത്ത ക്ലാസിലേയ്ക്കുള്ള ഓട്ടപ്പാച്ചിലിനിടയിൽ ചോദിച്ചറിയാൻ പറ്റിയില്ല. എന്താണു മോളുടെ പ്രശ്നം. ?
നമ്ര ശിരസുയർത്തിയവൾ എന്നെ നോക്കി തുളുമ്പിയ മിഴികൾ പളുങ്കു പോലെ മിന്നി.
“എനിക്ക് കുട്ടികളുടെ പരിഹാസവും നാട്ടുകാരുടെ നോട്ടവും സഹിക്കാൻ വയ്യ ടീച്ചർ. തൊണ്ടയിടറിയല്പം നിർത്തിയവൾ തുടർന്നു.
ആരും എന്റെ വിഷമമെന്തെന്നു ചോദിച്ചട്ടില്ല. പഠിക്കാൻ പുസ്തകം തുറക്കാൻ പോലും പറ്റുന്നില്ല. ക്ലാസിൽ ശ്രദ്ധിക്കാനും തോന്നുന്നില്ല.
അതെന്താ മോളെ
ഞാനവളോടു ചേർന്നു നിന്നു.
“എല്ലാവരും പറയുന്നു എന്റെ അമ്മ ഞങ്ങളെ വളർത്തുന്നത് പിഴച്ച ജോലി ചെയ്താണെന്ന് . ചെറുപ്പം മുതലേ ഞാനതുകേൾക്കുന്നുണ്ട്. വലുതായപ്പോഴാണതിന്റെയർത്ഥം മനസിലായത്. എനിക്കെന്റെ അമ്മയെ അറിയാം ടീച്ചർ പാവമാ ഒരു പാടു കഷ്ടപ്പെടുന്നുണ്ട്.”
അവൾ പെട്ടെന്ന് പൊട്ടിക്കരഞ്ഞു.
ഗോവണിപ്പടിയുള്ള ഭാഗത്തേയ്ക്ക് മറ്റു കുട്ടികൾ കാണാതിരിക്കാൻ ഞാനവളെ കൂട്ടിക്കൊണ്ടു പോയി ആശ്വസിപ്പിച്ചു.
അസംബ്ലിക്കുള്ള ബെല്ലടിച്ചതു കൊണ്ട് എല്ലാവരും വന്നു തുടങ്ങിയിരുന്നു. മുഖം കഴുകി ക്ലാസ് റൂമിൽ പോയിരിക്കാൻ പറഞ്ഞയച്ചു.
എന്തു പറഞ്ഞാണന്നവളെ ആശ്വസിപ്പിച്ചതെന്നി പ്പോളെനിക്കോർമ്മയില്ല.
കറക്ഷൻ കഴിഞ്ഞ രചന ബുക്കുകൾ എടുത്തു കൊണ്ടുപോകാൻ ക്ലാസ് ലീഡർ രേഖ സ്റ്റാഫുറൂമിൽ വന്നപ്പോൾ അവളോടൊപ്പം നടന്നുകൊണ്ടു ഞാൻ മിനിയെക്കുറിച്ചു അന്വേഷിച്ചു
“അതുപിന്നെ ടീച്ചർ അവളോടു കൂട്ടു കൂടരുതെന്ന് മാതാപിതാക്കൾ ഞങ്ങൾക്കു നിർദ്ദേശം തന്നിട്ടുണ്ട്. അതിനാൽ ബസ് സ്റ്റോപ്പിലേയ്ക്കു പോലും ആരും അവളു
ടെയൊപ്പം നടക്കാറില്ല. ”
എന്താണവൾ ചെയ്ത ഇത്ര വലിയ തെറ്റ്? ഞാൻ ചോദിച്ചു.
“അവളുടെ അച്ഛൻ കിടപ്പിലാണ് . എന്താണസുഖമെന്നറിയില്ല. അമ്മ അടുത്തുള്ള ഒരു പണക്കാരന്റെ വീട്ടിൽ ജോലിക്കു പോകുന്നുണ്ട്.
പക്ഷേ ആളുകൾ പലതും പറയുന്നു എനിക്ക് കൂടുതലറിയില്ല ”
പോകാൻ ധൃതി ഭാവിച്ച് രേഖ നിറുത്തി.
പിറ്റേന്നു ക്ലാസ്റൂമിൽ ചെന്നപ്പോൾ മിനിയെനോക്കി .അവൾ നിവർന്നിരിപ്പുണ്ട്.
എന്നെ നോക്കി മന്ദഹസിച്ചു.
ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികൾ ഒരിമിച്ചിരിക്കുന്ന ബഞ്ചിലേയ്ക്ക് ഞാനവളെ മാറ്റിയിരുത്തി.
പഠിക്കാൻ ബുദ്ധിമുട്ടുള്ള ഓരോ വിഷയങ്ങളും ഓരോ കുട്ടികളെ ഏൽപ്പിച്ച് അവളുടെ കാര്യം സമയം കിട്ടുമ്പോൾ ശ്രദ്ധിക്കാൻ പറഞ്ഞു.
മിനിക്ക് നല്ല മാർക്കു കിട്ടിയാൽ നിങ്ങൾക്ക് എന്റെ വിഷയത്തിൽ ടോട്ടൽ മാർക്കിന്റെ കൂടെ രണ്ടു മാർക്കു കൂട്ടിത്തരുമെന്ന് കൂലിയും നിശ്ചയിച്ചു.
പക്ഷേ ആരുടെയും മുഖത്ത് തെളിച്ചമില്ല. അവൾ അവിടെ വന്നിരുന്നതു പോലുമിഷ്ടമാകാതെ അവർ മിണ്ടാതെ തല കുനിച്ചിരിക്കയാണ്.
ക്ലാസു കഴിഞ്ഞ് എന്റെ പിറകെ മിനി ഓടി വന്നു.
“ടീച്ചർ വേണ്ട അവരോടൊപ്പമിരുന്നിട്ട് എനിക്ക് ശ്വാസം മുട്ടുന്ന പോലെ .ഉച്ചയ്ക്ക് ഉണ്ണാനിരിക്കുന്നതു പോലും ഞാനൊറ്റയ്ക്കാണ്.”
എന്താണു യഥാർത്ഥ കാരണം ? അറിഞ്ഞേ പറ്റു.
വെള്ളിയാഴ്ച വീട്ടിൽ തിരിച്ചെത്തിയിട്ട് ലാൻഡ് ഫോണിൽ ഞാൻ മിനിയുടെ വീടിനടുത്തുള്ള മറ്റൊരു കുട്ടിയുടെ അമ്മയെ വിളിച്ചു.
“ഭർത്താവിനു മരുന്നു വാങ്ങണം. മക്കളെ രണ്ടാളെയും പഠിപ്പിക്കണം. വീടു നന്നാക്കണം ഇതെല്ലാം ഭംഗിയായി നടത്തുന്നുണ്ട് ടീച്ചറെ. എന്റെ മക്കൾക്കു പോലുമില്ലാത്ത ഭംഗിയുള്ള വസ്ത്രങ്ങൾ മിനിക്കും ഇളയ സഹോദരനുമുണ്ട്. ഇതൊക്കെ എവിടെ നിന്നാണ്? നല്ല ആർഭാട ജീവിതമാണ്. വീട്ടുപണിക്കു കിട്ടുന്ന തുച്ഛമായ തുകയ്ക്ക് ഇതെങ്ങനെ സാധിക്കും? അവിടെ ആളുകൾ വന്നു പോക്കുണ്ടെന്നാണു കേൾവി. ഒരു മകൾ വലുതായി വരുന്നതല്ലേ അവർക്ക് വല്ല ബോധവുമുണ്ടോ? ”
അവർ നിറുത്തുന്ന മട്ടില്ല.
ഇടയ്ക്കു കയറി ഞാൻ ചോദിച്ചു എന്തു തെളിവു വെച്ചാണ് ആൾക്കാർ ഇങ്ങനെ സംസാരിക്കുന്നത് ? മക്കളും കിടപ്പിലായ ഭർത്താവുമുള്ള നാട്ടുമ്പുറത്തെവീട്ടിൽ അവർക്കെങ്ങനെ മോശമായി ജീവിക്കാൻ പറ്റും ? ഞാനിത് വിശ്വസിക്കുന്നില്ല.
അവർ വെറുതെ ചിരിച്ച് വാചാലതയവസാനിപ്പിച്ച് പെട്ടെന്ന് ശരിയെന്നു പറഞ്ഞ് ഫോൺ വെച്ചപ്പോൾ വല്ലാത്ത തളർച്ച തോന്നിയെനിക്ക്.
ക്ലാസിൽ ഞാൻ മിനിയുമായി ചങ്ങാത്തം കൂടാൻ തുടങ്ങി.
പദ്യപാരായണം ചെയ്യാൻ മേശയ്ക്കരികിലേയ്ക്കു വിളിച്ചു നിറുത്തി.
അതിമനോഹരമായി അവൾ പാടുന്നതു കേട്ട് കുട്ടികൾ വിസ്മയിച്ചു പോയി. ക്ലാസെടുത്തു കഴിഞ്ഞ ഒഴിവു സമയങ്ങളിൽ “മിനി
പാടു “എന്നു കുട്ടികൾ ആവശ്യപ്പെടാൻ തുടങ്ങി.
സാഹിത്യസമാജത്തിന്റെ ക്ലാസ് റൂം സെക്രട്ടറി കൂടിയാക്കിയപ്പോൾ സുന്ദരമായ ആ ചെറുമുഖം ആത്മവിശ്വാസത്താൽ ആമ്പൽ പോലെ വിടർന്നു നിന്നു .
ഒരു ദിനം അവളുടെ അമ്മ പതിവില്ലാതെ സ്കൂളിലെത്തി. ഓഫീസ് സംബന്ധമായ എന്തോ കാര്യത്തിന് ക്ലാസ് സമയം കഴിഞ്ഞാണു വന്നത്.
ഞാൻ ഹോസ്റ്റലിലേയ്ക്ക് പോകാനൊരുങ്ങുകയായിരുന്നു.
“ടീച്ചറെക്കൂടി കാണാനാണു ഞാൻ തന്നെ വന്നത്. എന്റെ മോൾ എല്ലാം പറഞ്ഞു. ആളുകൾ പറയുന്ന പോലെ ഒരു തെറ്റും ചെയ്തല്ല ഞാൻ ജീവിക്കുന്നത് ടീച്ചർ. എന്നെ സഹായിക്കുന്നത് ഞാൻ പണിക്കു പോകുന്ന വീട്ടുകാർ തന്നെയാണ്. അവർ ഇത്രയുമൊക്കെ എന്നെ കരുതുന്നതറിഞ്ഞാൽ പാവം അവിടത്തെ സാറിനെ വരെ കൂട്ടി എന്നെ നാട്ടുകാർ പറയും. അതുകൊണ്ട് ഞാൻ മിണ്ടാതെ സഹിക്കുകയാണ് എല്ലാം .”
ഞാൻ നിശബ്ദയായി നിന്നു .
“കുട്ടിയുടെ മനപ്രയാസമാണ് എനിക്ക് സഹിക്കാനാവാത്തത്. അതിപ്പോൾ മാറി. നന്നായി പഠിക്കുന്നുണ്ടവൾ.”
അവരുടെ കണ്ണു നിറഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞ് മഴയില്ലാത്ത ഒരു ദിനം വൈകി ക്ലാസിൽ വന്ന മിനിയെ കണ്ടു ഞാൻ ഞെട്ടി. കാലിൽ മുഴുവൻ ചെളി, പാവാട മുഴുവൻ നനഞ്ഞൊട്ടിയിരിക്കുന്നു.
കൈയിൽ സ്കൂൾ ബാഗിനൊപ്പം ചെറിയ ചാക്കു സഞ്ചിയും പിടിച്ച് നിറപുഞ്ചിരിയോടെ സഞ്ചി എന്റെ നേരെ നീട്ടി.
വെള്ളം ഒലിച്ചിറങ്ങുന്ന സഞ്ചിക്കകത്ത് താമരയുടെയും ആമ്പലിന്റെയും കിഴങ്ങുകൾ ചെളിയിൽ മുങ്ങിയിരിക്കുന്നു.
“പോരുന്ന വഴി കുളത്തിലിറങ്ങി പറിച്ചെടുത്തതാ. ഇന്നു ടീച്ചർ വീട്ടിൽ പോകുന്ന ദിവസമല്ലേ ? കുളത്തിലെ മണ്ണിൽ കുഴിച്ചിടണം ധാരാളം പൂക്കളുണ്ടാകും. ടീച്ചറിനിഷ്ടമല്ലേയിതിന്റെപൂക്കൾ.”
അവളുടെ മുഖം പാടല നിറമാർന്ന താമരപ്പൂപോലെ എനിക്കു തോന്നി.
മുഖത്തെ സ്വേദ കണങ്ങൾ പൂവിലെ ജലകണങ്ങൾ പോലെ മിനുങ്ങി.
എന്തിനാണിത്? ഞാൻ ദേഷ്യത്തിൽ ചോദിച്ചു എന്തുകൊണ്ടാണിത്ര നനഞ്ഞത് ?
ബസിൽ എങ്ങനെ കയറി വന്നു ഈ വേഷത്തിൽ ?
“ഞാൻ ഉൾ വഴിയിലൂടെവേഗത്തിൽ നടന്നും ഓടിയും വന്നു. “പാതി പറഞ്ഞവൾ നിറുത്തി.
“അതു പിന്നെ കാലൊന്നു വഴുതി. വെള്ളത്തിലേയ്ക്കൊന്നിരുന്നുപോയി ”
അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു.
സ്തബ്ധയായ ഞാൻ ചോദിച്ചു ആഴമുള്ള കുളമാണോ?
“അതെ .വലിയ അമ്പലക്കുളമാണ് ആരും അവിടെയുണ്ടായിരുന്നില്ല ഭാഗ്യം .അതുകൊണ്ടാരും കണ്ടില്ല, ഞാൻ വീണത്.”
അവൾ നിഷ്കളങ്കമായി വീണ്ടും ചിരിച്ചു.
ഞാൻ പതർച്ചയോടെ പറഞ്ഞു സ്നേഹം ഇങ്ങനെ കാണിച്ച് എന്നെ കൊല്ലരുത്.
ആ വീഴ്ചയിൽ എന്തെങ്കിലും സംഭവിച്ചെങ്കിൽ എന്തു ചെയ്യുമായിരുന്നു ?
അവൾ മിണ്ടിയില്ല.
ഈയിടയായി അവളുടെ കൂടെ നടന്നിരുന്ന കുട്ടി പറഞ്ഞു. “ഇവൾ സ്റ്റോപ്പിൽ വെച്ച് എന്റെ കൂടെയുണ്ടായതാ ഇപ്പോൾ വരാമെന്നു പറഞ്ഞു പോയതാ ബസു വന്നു .ഞാനിങ്ങു പോന്നു.
വലിയകുളമാണു ടീച്ചർ പലരും ചെളിയിൽ പൂണ്ടു മരിച്ചിട്ടുണ്ട് കുളത്തിൽ.”
ആ കുട്ടിഅത്ഭുത
ത്തോടെ മിനിയെ നോക്കി.
കസേരയിൽ പോയി തലയ്ക്ക് കൈ കൊടുത്തു ഞാനിരുന്നു.
“ഇനി പോകില്ലടീച്ചർ ക്ഷമിക്ക് അവൾ കൊഞ്ചിപ്പറഞ്ഞു ”
പോയിരിക്ക് അവിടെ എന്നോടു മിണ്ടേണ്ട . ഞാൻ പരിഭവം ഭാവിച്ചു അവളെ നോക്കാതെ പറഞ്ഞു.
അവൾ തുറന്ന സഞ്ചി എന്റെ അരികിൽ വെച്ച് അവിടെത്തന്നെ നിന്നു.
ഉണങ്ങിയ തറയിൽ സഞ്ചിയിലെ വെള്ളമിറങ്ങി നനവു പറ്റുന്നതു നോക്കിയിരുന്ന എന്റെ ഹൃദയം പെട്ടെന്ന് ആർദ്രമായി.
ക്ലാസാകെ നിശബ്ദമായിരിക്കുകയാണ്. പഠിപ്പിക്കൽ നിറുത്തി ദേഷ്യപ്പെട്ട് ഞാൻ കസേരയിൽപ്പോയിരുന്നതിൽ എന്തോ ഗൗരവകരമായതുണ്ടെന്നു എല്ലാവർക്കും തോന്നിക്കാണണം.
മിനിയുടെ മ്ലാനമായ മുഖത്തു നോക്കി ഞാൻ പറഞ്ഞു .
നാളത്തെ പത്രവാർത്ത ഇങ്ങനെയായിരുന്നേനേ
ടീച്ചർക്ക് താമരക്കിഴങ്ങു പറിക്കാൻ പോയ കുട്ടി വെള്ളത്തിൽ വീണു. നാട്ടുകാർ രക്ഷിച്ചു.
മിനി വീർപ്പടക്കി അനങ്ങാതെ നിന്നു .
അടുത്ത വരി കൂടി പറയാം. ടീച്ചറെ കാണാനില്ല നാടു മുഴുവൻ അന്വേഷണത്തിൽ.
കുട്ടികളുടെ കൂട്ടച്ചിരികൾക്കിടയിൽ മിനി ആശ്വാസഭാവത്തോടെ പതിയെ നടന്ന് സീറ്റിലിരുന്നു പുഞ്ചിരിച്ചു.
അനുഭവങ്ങൾ ഓർ മ്മകളാകുന്നു. അവ അക്ഷരങ്ങളാകുമ്പോൾ പെട്ടെന്നവളുടെ മുഖമോർത്തു മിഴിയറിയാതെ നീർ പൊടിയുന്നു .
സ്നേഹം കൊടുത്താൽ ഇരട്ടി തിരിച്ചു തരുമെന്ന് കാണിച്ചു തന്നവൾ.
മൂന്നു ദശാബ്ദങ്ങൾക്കപ്പുറമുള്ള ജീവിത വേദികയിൽ നിന്ന് കമലദളങ്ങളുതിർത്തി
ഇടയ്ക്കിടെ ചുവടു വെച്ചെന്നരികിൽ അവളെത്താറുണ്ട്.
അതുകൊണ്ട് തന്നെയാണ് അക്ഷരങ്ങളാൽ മൃണാളിനിയായി മാറിയ മിനിയുടെ നിഷ്കപട സ്നേഹം ഞാൻ വരച്ചു തീർത്തത്.
ചെറിയ ഒരു സംഭവമായി എന്നാർക്കു തോന്നിയാലും ഉള്ളിലെ ഇഷ്ടം മുഴുവൻ നനഞ്ഞൊലിച്ച ശരീരത്തിലും ചെളി പുരണ്ട ചാക്കു സഞ്ചിയിലുമൊളിപ്പിച്ചു വന്ന താമരപ്പൂവിനെ ഞാനെങ്ങനെ ഓർമിക്കാതിരിക്കും.. വിയർപ്പു പൊടിഞ്ഞ മുഖത്തോടെ അവളേകിയ ആരാധനയാർന്ന നോട്ടം എങ്ങിനെ മറക്കും?
ഇപ്പോൾ എവിടെയെന്നെനിക്കറിയില്ല. എത്രയെത്രപേരെ അവിചാരിതമായി നാം കണ്ടുമുട്ടുന്നു. അതുപോലെ ആൾക്കൂട്ടത്തിലെങ്കിലും,എവിടെ വെച്ചെങ്കിലും ടീച്ചറേയെന്നു വിളിച്ചവളോടി വരുമെന്ന് വെറുതെയൊരാശ .
നല്ലതുമാത്രം വന്ന് സുഖമായിരിക്കട്ടെ യെന്നു മാത്രമാണ് പ്രാർത്ഥന.




ടീച്ചർക്ക് മിനിക്കുട്ടിയെന്ന താമരപ്പൂവിനെ കാണാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.അമ്മമനസ്സോടെ മക്കളെ മാത്രമല്ല അവരുടെ ജീവിത സാഹചര്യങ്ങളുമറിഞ്ഞ് ചേർത്ത് നിർത്തിയ ടീച്ചർ ഒരു മാതൃകയാണ്.സ്തന്യാമൃതത്തിന്റെ അറിവക്ഷരങ്ങളേകിയ എഴുത്തുകാരിയ്ക്ക് ആദരവ്…
Excellent read.👏
അധ്യാപന കാലഘട്ടത്തിലെ അനുഭവക്കുറിപ്പുകൾ ഭംഗിയായി എഴുതി അവതരിപ്പിച്ചു. കുട്ടികളുടെ മാനസികമായ പ്രയാസങ്ങൾ മനസ്സിലാക്കി അവരുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുവാൻ സാധിക്കുന്നത് വളരെ നല്ല കാര്യമാണ്. മിനിയെന്ന മൃണാളിനിയുടെ കഥ ഹൃദയസ്പർശിയായി….. അഭിനന്ദനങ്ങൾ റോമി ബെന്നിക്ക് ❤️❤️❤️❤️
കുട്ടിയെ അറിയുക എന്നതാണ് ഒരു അധ്യാപികയുടെ പ്രാഥമിക ചുമതല..
അപ്പോഴാണ് കുട്ടിയുടെ യഥാർത്ഥ കഴിവുകൾ പുറത്തുവരു…
ഒരുപാട് മിനിമാർ നമ്മുടെ വിദ്യാലയങ്ങളിൽ ഉണ്ട്….
നല്ല എഴുത്ത്