Wednesday, April 29, 2026
Homeഅമേരിക്ക“ഡ്രാക്കുള നമ്മുടെ ആളാ” -- കൃഷ്ണ പൂജപ്പുര (പുസ്തക ആസ്വാദനം): ✍മേരി ജോസി മലയിൽ

“ഡ്രാക്കുള നമ്മുടെ ആളാ” — കൃഷ്ണ പൂജപ്പുര (പുസ്തക ആസ്വാദനം): ✍മേരി ജോസി മലയിൽ

പ്രസാധകർ:പരിധി
ഫോൺ : 9446373473.

“ഡ്രാക്കുള വരും, എല്ലാം ശരിയാകും.” എന്ന തലക്കെട്ടോടെ പരിധി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൻറെ പോസ്റ്റർ ഫെയ്സ്ബുക്കിൽ കണ്ടപ്പോൾ തന്നെ തിരുവനന്തപുരത്ത് പ്രസ് ക്ലബ്ബിൽ വച്ച് ഹാബിറ്റാറ്റ് ശങ്കർ നടത്തുന്ന പുസ്തക പ്രകാശനത്തിന് പോവുക തന്നെ എന്ന് തീരുമാനിച്ചിരുന്നു.

കൃഷ്ണകുമാർ സാറിന്റെയും ഭാര്യ ശ്രീലതയുടെയും ക്ഷണം കൂടി കിട്ടിയപ്പോൾ ആനന്ദതുന്തിലയായി.

‘ലാഫ്റ്റർ ഈസ് ദി ബെസ്റ്റ് മെഡിസിൻ’എന്നാണ് ബർണാഡ്ഷാ പറഞ്ഞിട്ടുള്ളത്. ഡോക്ടറുടെ സഹായത്തോടെയോ അല്ലാതെയോ നമുക്ക് മരിക്കാം. സഹായമില്ലാതെ മരിക്കാനാണ് എനിക്ക് കൂടുതൽ ഇഷ്ടം.നർമബോധവും ധാരാളം ചിരിക്കുകയും ചെയ്യുന്നവർ ഒരിക്കലും ഹൃദ്രോഗികളാകില്ലയെന്ന് ഡോക്ടർമാർ പോലും സമ്മതിച്ചിട്ടുണ്ട്. അതുകൊണ്ട് സാറിൻറെ ബുക്ക് കയ്യോടെ വാങ്ങി ഒറ്റ വായനയങ്ങു തുടങ്ങി.

ആമുഖം തന്നെ ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തിയിട്ടുള്ളതാണ്. ഓൺ ദി സ്പോട്ടിൽ കൗണ്ടറടിക്കുന്ന ലേഖകന്റെ അച്ഛൻറെ തമാശകൾ വായിച്ചപ്പോൾ കൃഷ്ണകുമാർ സാർ ഒന്നുമല്ല എന്ന് തോന്നിപ്പോയി.

31 നർമ്മലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഓരോ കഥകൾക്കും കൂടുതൽ മിഴിവു നൽകാൻ ശ്രീ വാമനപുരം മണിയുടെ കാർട്ടൂണുകളുമുണ്ട്.

‘ഒരു അഡ്മിന്റെ രോദനം’ വായിച്ച് തലയറഞ്ഞു ചിരിച്ചു. എനിക്കുമുണ്ടായി ഇതുപോലൊരു അനുഭവം. ആലപ്പുഴയിലെ പ്രശസ്തമായ അ. പു. ക. കു(അതിപുരാതന കത്തോലിക്ക കുടുംബം) ലേക്ക് വിവാഹം ചെയ്തു വന്ന ഞാൻ ഒരു സ്മാർട്ട്ഫോൺ സ്വന്തമാക്കിയയുടനെ “മലയിൽ കസിൻസ്” എന്ന പേരിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി, സ്മാർട്ട്ഫോൺ സ്വന്തമാക്കിയ വരെയൊക്കെ ചേർത്തു. മലയിൽ കുടുംബത്തിലെ പതിമൂന്നാമത്തെ മകനായ എൻറെ ഫാദർ ഇൻ ലോ ആൻഡ് മദർ ഇൻലോ റോമിൽ പോയി ഫ്രാൻസിസ് മാർപാപ്പയുടെ അനുഗ്രഹം വാങ്ങുന്ന ഫോട്ടോ പ്രൊഫൈൽ പിക്ചർ ആയി ചേർത്തു. ഏതായാലും കാശു മുടക്കി അവിടെ വരെ പോയി എന്നാലത് നാലുപേരറിയട്ടെ എന്നൊരു ദുരുദ്ദേശം കൂടിയുണ്ടായിരുന്നു അതിനു പിന്നിൽ.എത്രയോ ഇടങ്ങളിൽ നിന്ന് പെൺകുട്ടികൾ ഇവിടെ മരുമക്കളായി എത്തി, പക്ഷേ ഇത് എനിക്ക് മാത്രമല്ലേ തോന്നിയുള്ളൂ മലയിൽ കുടുംബാംഗങ്ങൾ ഒക്കെ എന്നെ വാനോളം പുകഴ്ത്തി. ഇതൊക്കെ എന്ത്, എൻറെ കുടുംബസ്നേഹം നിങ്ങൾ ഇനി കാണാൻ പോകുന്നതേയുള്ളൂ എന്ന് പറഞ്ഞ് ഞാൻ കൂടുതൽ വിനയാന്വിതയായി. പ്രിയദർശൻ സിനിമപോലെ രണ്ടു മൂന്നു മാസം ചിരിയും കളിയും നർമ്മവും.. പ്രശ്നരഹിതമായി കടന്നുപോയി. പിന്നെയാണ് ഷാജി കൈലാസ് സിനിമ മോഡിലേക്ക് കാര്യങ്ങൾ മാറിയത്. ആരോ ഒരാൾ പള്ളിയിലെ അച്ചനെ കളിയാക്കിക്കൊണ്ട് ഒരു ഫോർവേഡ്മെസ്സേജ് ഇട്ടു.അതിനെ തുടർന്ന് നിരീശ്വരവാദികളും ഈശ്വരവിശ്വാസികളും ഗ്രൂപ്പ് തിരിഞ്ഞ് അടിയായി.ആരോ ഇട്ട മെസ്സേജിന് ഞാൻ ഉത്തരം പറയേണ്ട അവസ്ഥ. ‘മേലെ പറമ്പിൽ ആൺവീട്’ ഇൽ ജഗതി പറഞ്ഞതുപോലെ ‘എൻറെ ഗർഭം ഇങ്ങനല്ല’ എന്നൊന്നും പറഞ്ഞിട്ട് തലമൂത്ത ചേച്ചിമാർ സമ്മതിക്കുന്നില്ല. വിചാരണ തുടങ്ങി കാര്യങ്ങൾ കൈ വിട്ടു പോകുന്നുവെന്ന് മനസ്സിലായപ്പോൾ ഇനി ന്യായീകരിക്കാൻ ശ്രമിച്ചിട്ടും കാര്യമില്ലയെന്ന് ബോധ്യപെട്ട് വേഗം തന്നെ
എന്റെ പിഴ!
എൻറെ പിഴ!
എൻറെ വലിയ പിഴ!
എന്ന് എല്ലാവരോടും നിരുപാധികം മാപ്പു പറഞ്ഞ് ഞാൻ ആ വാട്സ്ആപ്പ് ഗ്രൂപ്പ് പിരിച്ചുവിട്ടു.

എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റി ക്ലാസ്സിൽ ഗംഗാധരൻ സാറിൻറെ നിർദ്ദേശമനുസരിച്ച് ‘ഗംഗാ യമുനാ സംഗമ സമതല ഭൂമി…..’പാടാൻ പുറപെട്ട ലേഖകന്റെ ആ തന്റേടമുണ്ടല്ലോ അതാണ് ഇന്നത്തെ തലമുറയിലെ തൊട്ടാവാടി പിള്ളേർ കണ്ടു പഠിക്കേണ്ടത്.
മാർക്ക് കുറഞ്ഞാൽ….. ആരെങ്കിലുമൊന്ന് കണ്ണുരുട്ടിയാൽ.. ടീച്ചർ വഴക്കു പറഞ്ഞാൽ….. കൂട്ടുകാരൊന്നു കളിയാക്കി ചിരിച്ചാൽ….. മൊബൈൽ ഗെയിം കളിക്കേണ്ട എന്ന് പറഞ്ഞാൽ….. ടിവി റിമോട്ട് പിടിച്ചുവാങ്ങി ചാനലൊന്ന് മാറ്റിയാൽ….. ഒക്കെയുടനെ അടുത്ത നിമിഷം ആത്മഹത്യ. അങ്ങനെ ആത്മഹത്യ ചെയ്യാൻ തുടങ്ങിയിരുന്നെങ്കിൽ ഞങ്ങൾ ഉൾപ്പെട്ട തലമുറ തന്നെ ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ലല്ലോ? എന്തും അഭിമുഖീകരിക്കാൻ തയ്യാറുള്ള ഒരു തലമുറ അതായിരുന്നു ഞങ്ങളെന്ന് പറയാം. വേണമെങ്കിൽ എൻറെ പാട്ട് കേട്ട് സഹിക്കാൻ മേലെങ്കിൽ നീ പോയി ചാക് എന്ന് പറയാനുള്ള ആ കരളുറപ്പ്!

ഇനിയാണ് നമ്മൾ പുസ്തകത്തിൻറെ ടൈറ്റിൽ ലേഖനത്തിലേക്ക് കടക്കുന്നത് ജോലി തേടി വിദേശത്തേക്ക് ചേക്കേറുന്ന മലയാളി കുട്ടികൾക്ക് ഇവിടെത്തന്നെ ഒരു ഒന്നാന്തരം തൊഴിലവസരം സൃഷ്ടിച്ചു കൊടുക്കുന്ന ഡ്രാക്കുള മലയാളിയാണെന്ന് കണ്ടുപിടിക്കുന്ന രചയിതാവിന്റെ ആ നിരീക്ഷണമുണ്ടല്ലോ?ഗംഭീരം! അളിയാ, എനിക്ക് കൂടി ഒരു ജോലി ഇവിടെ തരാമോ എന്ന് ചോദിച്ച് ലേഖകനും അവിടെ കൂടുന്നതോടെ ഡ്രാക്കുള കോട്ടയെ കുറിച്ചുള്ള കെട്ടുകഥകളും ദുരൂഹതകളും കിംവദന്തികളും തുടർക്കഥയായി തന്നെ അവശേഷിക്കുന്നു. 😀

‘വീടിന് എത്ര മുറി വേണം’? ഇതു വായിച്ചപ്പോൾ കഴുതയെ ചുമക്കുന്ന ആളെയാണ് ഓർമ്മ വന്നത്. ആൾക്കൂട്ടത്തിന്റെ വിധിയെഴുത്തുകൾ വിശ്വസിച്ചു തുടങ്ങിയാലുള്ള അപകടങ്ങൾ ലേഖകൻ സുന്ദരമായി ഈ ലേഖനത്തിലൂടെ വരച്ചുകാട്ടി.

‘സ്നേഹപൂർവ്വം കൃത്രിമി’ വായിച്ച് ചിരിച്ചു മരിച്ചു. 😀😀 ഒരാളെ ഒരപകടത്തിലേക്ക് തള്ളിവിടുമ്പോഴുള്ള ഒരു മനസ്സുഖം. 😜 അതൊന്നു വേറെ തന്നെ. ഒരു ടോണിക്ക് കഴിച്ചാൽ പോലും ഇത്രയും ശക്തി കൈവരില്ല.
ഞങ്ങളുടെ നാട്ടിൽ ഇതിനു പിരി കയറ്റി കൊടുക്കുക എന്ന് പറയും. പക്ഷേ നോക്കിയും കണ്ടും പിരി കയറ്റിയില്ലെങ്കിൽ ബൂമറാങ്ങ് പോലെ അത് നമ്മുടെ നേരെ തിരിച്ചടിക്കും.
ഞാനതിൻറെ ഒരു അനുഭവസ്ഥയാണ്.
ഒരിക്കൽ തിരുവനന്തപുരം ശ്രീകുമാർ തീയറ്ററിൽ സെക്കൻഡ് ഷോ സിനിമ കാണുകയാണ് കുടുംബസമേതം. കടുത്ത ലാലേട്ടൻ ആരാധികയായ എനിക്ക് ലാലേട്ടൻ സ്ക്രീനിൽ എത്തിയാൽ പിന്നെ കാണികളിലാരും ചെറിയൊരു ശബ്ദം പോലും ഉണ്ടാക്കുന്നത് ഇഷ്ടമല്ല. അപ്പോഴാണ് ഒരുത്തന്റെ കുത്ത് ഫോൺ മൊബൈൽ അടിക്കുന്നു. എഴുന്നേറ്റു റേഞ്ച് കിട്ടാൻ അയാൾ ഓടിനടന്ന് വർത്തമാനം പറയുന്നു. കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിക്കാനാണ് മനസ്സിൽ തോന്നിയതെങ്കിലും ഡീസൻസി കൈവിടരുതല്ലോ? ഇത് ഞാൻ ഭർത്താവിന്റെ ശ്രദ്ധയിൽപെടുത്തിയപ്പോൾ ഉറങ്ങിക്കൊണ്ടിരുന്ന അദ്ദേഹം എഴുന്നേറ്റു പറയുകയാണ്. “നന്നായി പോയി. എന്തോന്നാണ് ഇത്ര കേൾക്കാൻ ഇരിക്കുന്നത്? മനുഷ്യനെ ഒന്ന് സ്വസ്ഥമായി ഉറങ്ങാനും സമ്മതിക്കില്ലേയെന്ന്? “ ഉറക്കത്തിനു ഭംഗം വന്ന ഭർത്താവും ഫോൺവിളി അവസാനിപ്പിച്ച്സീറ്റിൽ വന്നിരുന്ന അയാളും കൂടി ഈ അടുത്തകാലത്ത് ഇറങ്ങുന്ന ഇയാളുടെ പടങ്ങളൊന്നും ഒരു ഗുണവും ഇല്ല എന്ന് പറഞ്ഞ് ലാലേട്ടൻറെ ആ സമയത്ത് പൊട്ടിപ്പോയ സിനിമകളെകുറിച്ചുള്ള ഒരു അവലോകനം തന്നെയങ്ങ് തുടങ്ങി. പുള്ളി ദുബായിൽ ഹോട്ടൽ ബിസിനസ് തുടങ്ങാൻ പോകുന്നുയെന്ന് കേട്ടു പുള്ളിക്കിനി അതാ നല്ലത്. നമ്മുടെ സുകുമാരന്റെ മകൻ അഭിനയിക്കാൻ വന്നിട്ടുണ്ട്. ആ പയ്യൻ കൊള്ളാമെന്നു തോന്നുന്നു. അങ്ങനെ നീണ്ടു നീണ്ടു പോകുന്ന ചർച്ചകൾ…..

‘ഹെന്റെ ശ്രീ പപ്പനാവ’!
അയാൾ കുറച്ചു നേരം ഫോണിൽ സംസാരിച്ചു മിണ്ടാതിരുന്നു സിനിമ കണ്ടേനെ. ഞാൻ തലയിൽ കൈ വെച്ചു പോയി. 🙆🙆

പരീക്ഷ കാലത്തെ ഒരുക്കങ്ങളും ഇഷ്ടമായി. ഞാനുമതേ, ഉത്തരക്കടലാസ് കിട്ടിയാൽ ഉടനെ ഒരു കുരിശ് അതിൽ വരച്ചു ചേർക്കും. പിന്നെ J. M. J (ജീസസ്. മേരി.ജോസഫ്. എന്നതിൻറെ ചുരുക്കെഴുത്ത്) എന്നെഴുതും. മൂന്നുപേരും കൂടി ഒരുമിച്ച് നമ്മളെ കൈവിടില്ലല്ലോ? മൂന്നുപേർക്കും ഉള്ള പ്രത്യേകം നൊവേനകൾ പരീക്ഷ ടൈംടേബിൾ കിട്ടുമ്പോൾ മുതൽ മുടങ്ങാതെ ചൊല്ലുന്നതല്ലേ? കണക്ക്, സയൻസ് വിഷയങ്ങൾക്ക് അത്ഭുതങ്ങളുടെ മധ്യസ്ഥൻ യൂദാതേദാവൂസ്നെ കൂടി ഇറക്കും.പരീക്ഷാക്കാലത്ത് മാതാ പിതാ ഗുരു മുതിർന്നവർ.. അങ്ങനെയാരുടേയും ശാപം വാങ്ങി വെക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്.
അനുഗ്രഹം തരാൻ ദൈവം തയ്യാറായി വരുമ്പോൾ അതിന് തടസ്സങ്ങൾ ഉണ്ടാകരുതല്ലോ?

പേനയ്ക്ക് വീടിനുപുറത്ത് ഒരു പ്രാർത്ഥനാ മുറി തന്നെ സ്ഥാപിച്ച് അതൊരു വലിയ ആരാധനാലയം ആയി മാറി അവസാനം രക്ഷപ്പെടാൻ വേണ്ടി ഐഡിയ പറഞ്ഞ ആൾ തന്നെ പേന ദൈവത്തിൻറെ മുമ്പിൽ മുട്ടുകുത്തി പ്രാർഥിക്കുന്ന അവസ്ഥ വന്നു എന്ന് എഴുതി കണ്ടതിൽ വലിയ അത്ഭുതമൊന്നും തോന്നിയില്ല.കാരണം ഇതല്ല ഇതിനപ്പുറം അന്ധവിശ്വാസം ചെലവാകുന്ന നാടായി ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന സമ്പൂർണ സാക്ഷര കേരളത്തിന്റെ കാഴ്ചകൾ നമ്മൾ ദിവസവും പത്രവാർത്തകളിൽ കാണുന്നതല്ലേ?

‘അതിഥി ദേവോ ഭവ’ എന്നൊരു പഴഞ്ചൊല്ലുള്ളത് ഭാഗ്യം അല്ലെങ്കിൽ രചയിതാവിന്റെയും സംഘത്തിന്റെയും ഡൽഹിയാത്ര എന്താകുമായിരുന്നു എന്ന് ആലോചിച്ചാൽ ഒരു എത്തും പിടിയും കിട്ടുന്നില്ല. ഡൽഹി എല്ലാം കണ്ടു കഴിഞ്ഞു “ഇതാണോ ഈ കുത്തബ്മിനാർ? നമ്മുടെ വിഴിഞ്ഞത്തെ ലൈറ്റ് ഹൗസ് ഇതിലും വലുതല്ലേ,താജ്മഹൽ രണ്ടായി പാർട്ടീഷൻ ചെയ്ത് ഒരു സ്റ്റെയർകെയ്സ് ഇട്ടിരുന്നെങ്കിൽ മുകളിലത്തെ നില വാടകയ്ക്ക് കൊടുത്തുകൂടായിരുന്നോ? ആ പൂന്തോട്ടത്തിൽ 10 തെങ്ങ് വച്ചിരുന്നെങ്കിൽ എന്ത് നന്നായിരുന്നേനെ എന്നൊക്കെയുള്ള കമൻറുകളുണ്ടല്ലോ….. ചിരിച്ചു മണ്ണ് കപ്പി!😀😀

ഗ്യാസ് സിലിണ്ടർ ഇല്ലാതെ ഹോട്ടലുകൾ അടച്ചുപൂട്ടുന്ന ഈ അവസരത്തിൽ ഭാര്യയുടെയടുത്ത് പ്രാങ്ക് ഷോ നടത്തേണ്ട എന്ന് തീരുമാനിച്ച ലേഖകന്റെ ആ ബുദ്ധിയുണ്ടല്ലോ! അതേതായാലും നന്നായി. 😀

പാലക്കാടിനെ വെച്ചുനോക്കുമ്പോൾ നമ്മുടെ തിരുവനന്തപുരത്ത് ചൂട് കുറവാണെങ്കിലും സാധിക്കുന്നവരൊക്കെ ഹീറ്റ്സ്ട്രെസ് ഒഴിവാക്കാൻ ലോക്ക്ഡൗൺ മാനസികാവസ്ഥയോടെ വീട്ടിൽ തന്നെ തുടരണമെന്ന ബഹുമാനപ്പെട്ട മന്ത്രി കെ രാജന്റെ നിർദ്ദേശം പാലിക്കുന്നതോടൊപ്പം ഈ ചിരിമരുന്ന് പുസ്തകം കൂടി വായിച്ചാൽ നന്നായിരിക്കുമെന്നൊരു അഭിപ്രായം കൂടിയുണ്ടെനിക്ക്.

ഇനിയും ഈ അനുഗ്രഹീത തൂലികയിൽ നിന്ന് അനേകം ലേഖനങ്ങൾ നമുക്ക് സമ്മാനിക്കട്ടെ എന്ന പതിവ് വാചകം ഞാൻ ഇവിടെ ആവർത്തിക്കുന്നില്ല. കാരണമെന്തെന്നോ എനിക്ക് കുറെ കാലത്തേക്കിനി കുടലു മറിഞ്ഞു ചിരിക്കാൻ വയ്യയെന്നതുകൊണ്ട്തന്നെ.കുറേ ചിരിച്ചാൽ അത്രയും തന്നെ കരയേണ്ടി വരും എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. ഏതായാലും കൂടുതൽ എഴുതി ഞാൻ വായനക്കാരെ ബോറടിപ്പിക്കുന്നില്ല.
‘കണ്ടത് മനോഹരം കാണാത്തത് അതിമനോഹരം’ എന്നല്ലേ ഒരു ബനാന ടോക്ക്.

എല്ലാവരും പുസ്തകം വാങ്ങി വായിച്ചു ചിരിച്ചുല്ലസിക്കുക. ഞാൻ ആസ്വാദനം എഴുതിയ ലേഖനങ്ങളെക്കാൾ മനോഹരമാണ് എഴുതാത്ത കഥകളെന്നു നിസ്സംശയം പറയാം.

ആശംസകൾ! അഭിനന്ദനങ്ങൾ!

മേരി ജോസി മലയിൽ✍

RELATED ARTICLES

2 COMMENTS

  1. ആസ്വാദനക്കുറിപ്പ് വായിച്ചപ്പോൾ ഈ ചിരി മരുന്ന് പുസ്തകം വായിക്കുവാൻ തോന്നുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com