ടോക്സിക്കായ ഒരു റിലേഷൻഷിപ്പിൽ നിന്ന് നിങ്ങൾ ഓടിയൊളിക്കാൻ ആഗ്രഹിക്കുമ്പോൾ അയാൾ അല്ലെങ്കിൽ അവൾ നിങ്ങളെ വീണ്ടും അതിലേക്ക് വലിച്ചിടാൻ വേണ്ടി പലതും ചെയ്യും എന്നറിയാമോ?
അത് സൗഹൃദമാകാം, പ്രണയമാകാം , ദാമ്പത്യം ആകാം ……..
അതുവരെ നിങ്ങളെ നിരന്തരം വിഷമിപ്പിച്ചിരുന്ന / മാനസികമായും ശാരീരികമായും വേദനിപ്പിച്ചിരുന്ന മോശം പ്രവൃത്തികളിൽ നിന്നും സ്വഭാവത്തിൽ നിന്നും താൻ മാറിക്കൊള്ളാം എന്ന വാഗ്ദാനം ആയിരിക്കും ഒരുപക്ഷേ അത് !
മുമ്പ് നിങ്ങളോട് ചെയ്ത തെറ്റുകൾക്കുള്ള മാപ്പുപറച്ചിൽ ആയിരിക്കാം അത് !
(നോക്കൂ , ഈ മാപ്പുപറച്ചിൽ രണ്ടുവിധത്തിൽ ആകാം.
” നിന്നെ വേദനിപ്പിച്ചതിൽ എനിക്ക് വിഷമമുണ്ട് ”
എന്നു പറയുന്നതും, ” നിനക്ക് വേദന തോന്നിയെങ്കിൽ എനിക്കതിൽ വിഷമമുണ്ട് ” എന്നു പറയുന്നതും രണ്ടാണ് !
രണ്ടാമത്തേതിൽ ഞാൻ നിന്നെ ശരിക്കും വേദനിപ്പിച്ചിട്ടില്ല , നിനക്കങ്ങനെ തോന്നിയതാണ് എന്ന ധ്വനിയാണ് !
അതായത് ഞാൻ ശരിയും നീ തെറ്റും !)
മറ്റു ചിലപ്പോൾ നിങ്ങളെ അമിതമായി പുകഴ്ത്തലും, സമ്മാനങ്ങൾ വാരിക്കോരി നിങ്ങൾക്ക് നൽകലും , ഭാവിയെക്കുറിച്ചുള്ള പ്ലാനിങ്ങിനെപ്പറ്റിയുള്ള വാതോരാത്ത സംസാരവും ആയിരിക്കാം.
ആ ടോക്സിക് ബന്ധത്തിൽ നിന്നും നിങ്ങൾ രക്ഷപ്പെടാതിരിക്കാൻ ചിലപ്പോൾ അവർ ആശ്രയിക്കുക നിങ്ങളുടെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ആയിരിക്കും.
അവർ വഴി നിങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കും!
“ദർശനാ “എന്ന പാട്ടു കേട്ടപ്പോൾ “ഞാൻ നിന്നെ ഓർത്തുപോയി.വല്ലാതെ മിസ്സ് ചെയ്യുന്നതായി മനസ്സിലായി” എന്നൊക്കെ പഞ്ചാര വാക്കുകള്‍ പറഞ്ഞു വരാം !
“യാഥാർത്ഥ്യം നീ മനസ്സിലാക്കിയതല്ല “, “നീ മനസ്സിലാക്കിയത് തെറ്റായിരുന്നു “, “അതങ്ങനെ ആയിരുന്നില്ല”, “ആ സമയത്ത് നീ അത് അർഹിച്ചതായിരുന്നു ” എന്ന രീതിയിൽ നിങ്ങൾ തെറ്റാണെന്ന് നിങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചേക്കാം.
അതും ഒരുതരം കൺഫ്യൂഷൻ സൃഷ്ടിച്ചുകൊണ്ട്!
നിങ്ങളെ കൺഫ്യൂഷനിലാക്കി , നിങ്ങളുടെ സഹതാപം പിടിച്ചു പറ്റാൻ , അവർ ചിലപ്പോൾ ഇല്ലാത്ത ‘പ്രതിസന്ധികൾ ‘സൃഷ്ടിക്കും!
അവർക്ക് ഒരു ഗുരുതരമായ രോഗം, അല്ലെങ്കിൽ ഏറ്റവും അടുത്ത ആളിന്റെ വിയോഗം, ആത്മഹത്യ ഭീഷണി ഇങ്ങനെ പലതും!
മേൽപ്പറഞ്ഞതൊന്നും നടക്കാത്ത സന്ദർഭങ്ങളിൽ അവർ ഭീഷണിയുമായി എത്തിയേക്കാം !
നോക്കൂ, ഈ പറഞ്ഞ രീതികൾക്ക് സൈക്കോളജി പൊതുവായി നൽകിയിരിക്കുന്ന പേരാണ് HOOVERING!!
ശരിക്കും ഇതൊരു ക്ലിനിക്കൽ പദമല്ല.
രോഗനിർണയവുമല്ല.
വല്ലാത്തൊരു പ്രതിഭാസം!
ചിലപ്പോൾ ഇതിനെ NARCISSISTIC HOOVERING എന്നും വിളിക്കും.
ഹൂവറിങ്ങിലൂടെ അയാൾ പിന്നെയും പിന്നെയും നിങ്ങളുടെമേൽ ആധിപത്യവും നിയന്ത്രണവും ചെലുത്താൻ ശ്രമിക്കുകയാണ് എന്ന് തിരിച്ചറിയുക!
NPD,BPD തുടങ്ങിയ പലതരം പേഴ്സണാലിറ്റി ഡിസോഡറുകൾ ഉള്ളവരാണ് പലപ്പോഴും അവരുമായി ബന്ധപ്പെട്ടിരിക്കുന്നവരെ ഹൂവർ ചെയ്യുക!
ഊഷ്മളമായി പെരുമാറുന്നവരും സഹാനുഭൂതിയുള്ള വരും ഇതിൽ വീണുപോകുന്നു!
മേൽപ്പറഞ്ഞ ലക്ഷണങ്ങൾക്ക് Gaslighting,Lovebombing തുടങ്ങിയ പല പദങ്ങളും സൈക്കോളജിയിൽ ഉണ്ട്.
ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് ബോധ്യപ്പെട്ടാൽ, എത്രയും പെട്ടെന്ന് അവരുമായി എല്ലാവിധത്തിലുള്ള ആശയവിനിമയവും വിച്ഛേദിക്കുക എന്നാണ് വിദഗ്ധർ പറയുന്നത്.
നിങ്ങളെ ഹൂവർ ചെയ്യുന്ന ആൾ ശ്രമിക്കുന്നത്, നിങ്ങളെ പ്രകോപിപ്പിക്കാനാണ് എന്നതിനാൽ അമിത സ്നേഹത്തിനായാലും, അമിത പ്രശംസ ആയാലും, വാഗ്വാദത്തിനായാലും ഒന്നിലും വൈകാരികമായി പ്രതികരിക്കാതെ ന്യൂട്രൽ ആയി പെരുമാറുക.
ഇത്തരം സന്ദർഭങ്ങളിൽ ഏറ്റവും വേണ്ടപ്പെട്ട ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നതാണ് ഏറ്റവും നല്ലത്.
ചിലപ്പോൾ അവർ വഴിയാകും അയാൾ നിങ്ങളെ ഹൂവർ ചെയ്യാൻ ശ്രമിക്കുക.
അവർക്ക് അയാളുടെ യഥാർത്ഥ സ്വഭാവം അറിയില്ലല്ലോ!
ഏറ്റവും നല്ലത് ഒരു വിദഗ്ധനായ കൗൺസലറെ കാണുക തന്നെയാണ്.
അവർക്കാവും ഏറ്റവും നല്ല മാർഗങ്ങൾ നിങ്ങൾക്ക് ഉപദേശിച്ചു തരാൻ കഴിയുക.
നിയമോപദേശം ആവശ്യമുള്ളിടത്ത് അതും തേടുക.
ഒരിക്കലും ഹൂവറിങ്ങിന് വഴങ്ങി , ടോക്സിക് ആയ , നിങ്ങളെ മുച്ചൂടും നശിപ്പിക്കുന്ന, റിലേഷനുകളിൽ തുടരാതിരിക്കുന്നതാണ് നല്ലത.
💙💙നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും💙💙
പ്രശാന്ത് വാസുദേവ്✍
(മുൻ ഡെപ്യൂട്ടി ഡയറക്ടർ, ടൂറിസം വകുപ്പ് &
ടൂറിസം കൺസൾട്ടൻ്റ്)




നല്ല അറിവ്