ആവണി മാസപ്പുലരി പിറന്നല്ലോ,
അഗതമായി പൊന്നോണനാളും
തങ്കക്കതിരൊളി വീശിക്കതിരവൻ
പൊൻപ്രഭ തൂകിയണഞ്ഞുവല്ലോ.
ഉത്രാടരാവിനെ തറ്റുടുപ്പിക്കുവാൻ,
ചിങ്ങനിലാപ്പെണ്ണൊരുങ്ങി വന്നു.
ഒഴുകിയെത്തീടുന്ന കാറ്റിലും പൂക്കൾ
തൻ
മാദക ഗന്ധം നിറഞ്ഞു നിൽപ്പൂ.
ആരാമമാകെ സുഗന്ധം പരത്തിയ,
കുടമുല്ലമൊട്ടു മിഴി തുറന്നു
തേനുണ്ടുമത്തുപിടിച്ചുള്ള വണ്ടുകൾ
ഉന്മാദമോടെങ്ങും നൃത്തമാടി.
ഓർമ്മകളെത്തിരി വന്നു നിറയുന്നു
ബാല്യകൗമാരത്തിന്നുത്സവങ്ങൾ
മാബലി മന്നനു കാഴ്ചവയ്ക്കാനുള്ള
പൂക്കളം തീർക്കുവാൻ
മത്സരിപ്പൂ…
കാടുകൾ മേടുകൾ
വേലിപ്പടർപ്പുകൾ
താണ്ടിയെത്തുന്നു നാം പൂ പറിക്കാൻ
മുല്ലയും തെച്ചിയും
ചേമന്തിയൊക്കെയും
വർണ്ണജാലത്താൽ ക്ഷണിച്ചിടുന്നു.
പുത്തനുടുപ്പിട്ടൊരുങ്ങി വന്നാലുടൻ
അച്ഛനുമമ്മയും ചേർന്നൊരുക്കും
പച്ചടി കിച്ചടിയോണ വിഭവങ്ങൾ
തൂശനിലയിൽ വിളമ്പിത്തരും.
ആവണിക്കാറ്റിൻ്റെ
താലോലമേറ്റിട്ട്
ഊഞ്ഞാലിലാടി കളിച്ചിടുമ്പോൾ
ദൂരത്തു നിന്നൊരു ചെണ്ടമേളത്തുടി
കേട്ടു രസിച്ചെൻ്റെയുള്ളു തുള്ളും.
ചിന്തകൾക്കെല്ലാം
കടിഞ്ഞാണിടാമിനി
തമ്മിൽ പരസ്പരം പങ്കുവയ്ക്കാം.
പൂവേ പൊലി പൂവേ പൊലി
പാടിക്കളിച്ചിടാം
പൂക്കളെപ്പോലെ ചിരിതൂകിടാം.




സുന്ദരമായ ഓണക്കവിത🤝✍️ ഓണാശംസകൾ🏵️🌹❤️🥰
ഓണത്തിന്റെ വരവറിയിച്ച് പ്രകൃതി അണിഞ്ഞൊരുങ്ങിയത് മനോഹരമായി എഴുതി
Adipoli kavitha 👍