വിവാഹങ്ങൾ ഇന്ന് മുടിഞ്ഞ ധൂർത്തിന്റെ പൊന്നാപുരം കോട്ടയാണ്. ഒരു പെൺകുട്ടിയെ ഇന്ന് പുറത്തിറക്കണമെങ്കിൽ കോടികൾ വേണം. എത്രമാത്രം കൊടുക്കുന്നുവോ അത്രമാത്രം ആർത്തിയും മൂത്തുകൊണ്ടിരിക്കുന്നു. സ്ത്രീപീഡനങ്ങളും കൊലപാതകങ്ങളും നല്ലൊരു ശതമാനം നടക്കുന്നത് പെൺകുട്ടികളുടെ സ്വർണ്ണവും പണവും കൈക്കലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ്.
മുമ്പൊക്കെ ഹിന്ദുകല്യാണങ്ങൾക്ക് ചോറും പതിനെട്ടു തരം കറികളും കൂടിയാൽ മുന്നോ നാലോ തരം പായസവും മതിയായിരുന്നു. അതിനപ്പുറം മറ്റൊന്നില്ല. ക്രിസ്ത്യൻ കല്യാണ ങ്ങൾക്കാവട്ടെ പാച്ചോറും നാലു തരം ഇറച്ചിയും., മുസ്ലിം കല്യാണങ്ങൾക്ക് നെയ്ച്ചോറും ബിരിയാണിയും ഒക്കെ മതിയായിരുന്നു.
ആ കാലമെല്ലാം മാറിപ്പോയി. ഇന്ന് നൂറ്റൊന്ന് തരം വിഭവങ്ങൾ വേണം. പതിനാറുതരം ജ്യൂസ് വേണം. ഇത്രയൊക്കെ ഭക്ഷണം ആര് കഴിക്കും? പകുതിയോളം വേസ്റ്റ് ആയിപ്പോകാറാണ് പതിവ്.
കല്യാണപരിപാടികൾക്കിടയിൽ പുതിയ ഇനം പല പരിപാടികളും കൂട്ടിച്ചർത്തിട്ടുണ്ട്. ഇതൊക്ക ആർഭാടത്തിന്റെ മറ്റൊരു മുഖം. പണച്ചിലവ് ഏറെയുള്ളതാണ് ഇത്തരം കൂട്ടിച്ചേർക്കലുകൾ.
സ്വർണ്ണത്തിന് വില എത്രയായാലും ചുരുങ്ങിയത് അമ്പത് പവൻ എങ്കിലും വേണം പെണ്ണിന്. സ്ത്രീധനം കാറും ലക്ഷങ്ങളും വേറെയും വേണം. ഇതൊക്ക ആയാലും പിറ്റേ ദിവസം മുതൽ പെണ്ണിന് പീഡനങ്ങളുടെ പെരുമ്പറയാണ്. നിത്യവുമെന്ന പോലെ നാം ഇത് കണ്ടുകൊണ്ടിരിക്കുകയാണ്. ഈ കണ്ണില്ലാത്ത ക്രൂരതക്ക് ഒരറുതി വരുത്തിയേ തീരൂ. നമ്മുടെ പെൺകുഞ്ഞുങ്ങൾ ഇനിയും ബലിയടുകളാവരുത്. നിയമങ്ങളും ആചാരങ്ങളും പുതുക്കിയെഴുതേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു.



