എഴുപതുകളിലെ മലയാള സിനിമകളിൽ നിന്ന് ഒരു ചിത്രം തിരഞ്ഞെടുക്കാൻ പറഞ്ഞാൽ മനസ്സിന്‍റെ വെള്ളിത്തിരയില്‍ അനേകം ചിത്രങ്ങള്‍ മിന്നിമറയും.
ഒടുവിൽ ഹൃദയം എത്തിനിൽക്കുന്നത് “അവളുടെ രാവുകൾ” എന്ന ചിത്രത്തിലായിരിക്കും. കാരണം രാജിയുടെ കവിള്‍ത്തടത്തിലൂടെ ഒഴുകിയ കണ്ണീര്‍ മലയാളിയുടെ മനസ്സില്‍ കുറിച്ച ശീര്‍ഷകമാണ് അവളുടെ രാവുകള്‍.
ആലപ്പി ഷെരീഫ് എഴുതിയ നോവലായിരുന്നു അവളുടെ രാവുകള്‍ പകലുകള്‍. സിനിമയാക്കിയപ്പോള്‍ പകലുകള്‍ കളയുകയും അവളുടെ രാവുകള്‍ എന്നാക്കി മാറ്റുകയും ചെയ്തു. ഈ ചെറിയ പേരുമാറ്റം പോലും കഥയുടെ ആത്മാവിനെ കൂടുതൽ തീവ്രമാക്കുന്നതായിരുന്നു. കാരണം, അവളുടെ ജീവിതത്തിൽ വെളിച്ചത്തേക്കാൾ ഇരുളിനായിരുന്നു കൂടുതൽ സാക്ഷ്യം പറയാനുണ്ടായിരുന്നത്.
സീമ അവതരിപ്പിച്ച രാജി എന്ന ലൈംഗിക തൊഴിലാളിയുടെ ജീവിതമായിരുന്നു സിനിമയുടെ പ്രമേയം.
വസ്തുവൽക്കരിക്കപ്പെട്ട സ്ത്രീശരീരത്തെ സ്വത്വബോധമുള്ള സ്ത്രീയാക്കി മാറ്റുന്നു എന്നതാണ്, അവളുടെ രാവുകൾ എന്ന സിനിമയ്ക്കുള്ള മേന്മ. ഒരുപക്ഷേ അന്നത് തിരിച്ചറിഞ്ഞില്ലെങ്കിലും ഇന്ന് സമൂഹത്തിനത് തിരിച്ചറിയാൻ കഴിയുന്നുണ്ട്.
നായകനും നായികയും എന്ന പരമ്പരാഗത മലയാള സിനിമ സങ്കൽപ്പങ്ങളെ ധീരവിചാരണ ചെയ്ത ചിത്രമായിരുന്നു അവളുടെ രാവുകൾ: . സാമൂഹിക വിലക്കുകളെ ഭയക്കാതെ മനുഷ്യജീവിതത്തിന്‍റെ പച്ചയായ സത്യങ്ങളെ അനാവരണം ചെയ്ത അവളുടെ രാവുകൾ: , യഥാർത്ഥത്തിൽ കാലത്തേക്കാൾ മുന്നേ നടന്ന ഒരു സൃഷ്ടിയായിരുന്നു.
നായക നായികാ പ്രതിച്ഛായകളെ വേരോടെ പിഴുതെറിഞ്ഞ ഒരു വിപ്ലവം തന്നെയായിരുന്നു അത്. കാലത്തിനു മുന്‍പേ പിറന്നതുകൊണ്ട് അതിനെ ‘ന്യൂ ജനറേഷൻ സിനിമ’ എന്നാരും വിളിച്ചില്ല.
ഈ ചിത്രത്തെ അനശ്വരമാക്കിയത് ശക്തമായ പ്രമേയത്തിനൊപ്പം അതിലെ അനുപമമായ ഗാനങ്ങളുമാണ്. “രാകേന്ദുകിരണങ്ങൾ…” എന്ന ഗാനത്തിന്‍റെ മധുരവും “ഉണ്ണി ആരാരീരോ…” എന്ന താരാട്ടിന്‍റെ നൊമ്പരവും ഇന്നും മലയാളികളുടെ മനസ്സിലും ചുണ്ടുകളിലും മായാതെയുണ്ട്. കാലം എത്ര മുന്നോട്ടുപോയാലും ചില ഗാനങ്ങളും ചില സിനിമകളും ഓർമ്മകളിൽ ജീവിച്ചുകൊണ്ടേയിരിക്കും; “അവളുടെ രാവുകൾ” അത്തരത്തിൽ മലയാള സിനിമയുടെ ചരിത്രത്തിൽ എന്നെന്നേക്കുമായി പ്രകാശിക്കുന്ന ഒരു അനശ്വര ക്ലാസിക്കാണ്.
സംഗീതലോകത്തോടു വിടപറഞ്ഞ മലയാളത്തിന്‍റെ ഗാനകോകിലമായ ജാനകിയമ്മയുടെ വിഷാദമധുരമായ ശബ്ദത്തില്‍ രാകേന്ദുകിരണങ്ങൾ ഒഴുകി വരുമ്പോള്‍ സീമ ജീവന്‍കൊടുത്ത രാജിയെയും അവളുടെ രാവുകളെയും ഓര്‍ക്കാതിരിക്കാന്‍ മലയാളികള്‍ക്കാവില്ല. രാകേന്ദുകിരണങ്ങളിലെ ഹൈലൈറ്റ് ജാനകിയമ്മയുടെ അതിമോഹനമായ ഹമ്മിംഗ് ആയിരുന്നു..
എ.ടി. ഉമ്മറിന്‍റെ ഈണവും ബിച്ചു തിരുമലയുടെ ഹൃദയസ്പർശിയായ വരികളും ചേർന്നപ്പോൾ ഈ ചിത്രത്തിലെ ഓരോ ഗാനവും മലയാളിയുടെ സംഗീതസ്മരണകളിൽ മായാത്ത മുദ്ര പതിപ്പിച്ചു. കാലം എത്ര പിന്നിട്ടാലും ആ ഗാനങ്ങൾ ഇന്നും ഓർമ്മകളുടെ വാതിലുകൾ പതിയെ തുറന്ന്, ഒരു മധുരാനുഭൂതികൾ ഹൃദയത്തിലേക്ക് വീണ്ടും ഒഴുക്കിവിടുന്നു.
കുട്ടിക്കാലത്തെന്നോ ആവണം “രാകേന്ദുകിരണങ്ങൾ…” ആദ്യമായി കേട്ടത്. പിന്നീട് യൂട്യൂബിലാണ് സിനിമയും പാട്ടും കണ്ടത്. ഏറ്റവും ആകര്‍ഷിച്ചത് ചിത്രത്തിന്‍റെ ടൈറ്റിലാണ്. യൗവ്വനത്തിന്‍റെ സിരകളിൽ പ്രലോഭനമായിപ്പടരുന്ന ടൈറ്റില്‍.
എന്നാൽ കഥയിലെ രാജിയുടെ നിദ്രാവിഹീനങ്ങളായ രാവുകള്‍ വേദനിപ്പിക്കുന്ന ഒരു മിഴിനീർ കാഴ്ചയായിരുന്നു. കൗമാരപ്രായത്തില്‍ ജീവിതം വഴിതെറ്റിപ്പോയ രാജി (സീമ) ഒരു തേങ്ങലായി കാഴ്ചയുടെ വഴിയോരങ്ങളില്‍ ഇന്നുമുണ്ട്. പേരുകള്‍ മാറുന്നുവെന്നേയുള്ളു.
1978 മാർച്ച് മൂന്നിനായിരുന്നു ‘അവളുടെ രാവുകളു’ടെ റിലീസ്. കോഴിക്കോട്ടെ അന്നത്തെ പ്രമുഖ നിർമാതാക്കളിൽ ഒരാളായ മുരളി മൂവീസിന്‍റെ സാരഥി എം.പി. രാമചന്ദ്രൻ ആയിരുന്നു നിർമ്മാതാവ്.

സിനിമയിലെ നഗ്നതയെക്കുറിച്ചുള്ള ചർച്ചകളേക്കാൾ അന്നത്തെ കേരളത്തെ കൂടുതൽ വിവാദത്തിലാഴ്ത്തിയത് നടി സീമയുടെ കാലുകൾ മാത്രം ദൃശ്യമായിരുന്ന പോസ്റ്ററായിരുന്നു.
ചിത്രത്തിൽ ഷർട്ട് മാത്രം ധരിച്ച സീമയുടെ പോസ്റ്ററുകൾ അക്കാലത്ത് കേരളമൊട്ടാകെ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും തിരികൊളുത്തി. ‘ചുമരുകൾ നാണിക്കുന്നു’ എന്ന തലക്കെട്ടില്‍ വിമര്‍ശനങ്ങള്‍ നിറഞ്ഞു.
എന്നാൽ ചുമരുകളിൽ പ്രതിഷേധം ഉയർന്നപ്പോൾ ജനങ്ങൾ ഒഴുകിയെത്തി. വിമർശനങ്ങളെയും പ്രതിഷേധങ്ങളെയും അതിജീവിച്ച് ചിത്രം വമ്പൻ ജനപ്രീതി നേടി. അങ്ങനെ, ഒരുകാലത്ത് ചുമരുകളെ നാണിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ട ആ സിനിമ, മലയാള സിനിമാചരിത്രത്തിൽ ഒരു സൂപ്പർഹിറ്റായി മാറി. സീമ അനശ്വരമാക്കിയ രാജി എന്ന കഥാപാത്രം യുവമനസ്സുകളെ ആഴത്തിൽ സ്പർശിച്ചു. സിനിമയെക്കുറിച്ചുള്ള സംവാദങ്ങൾ തീയേറ്ററുകൾക്കപ്പുറം കുടുംബങ്ങളിലേക്കും സാംസ്കാരിക വേദികളിലേക്കും വ്യാപിച്ചു.
ചില സിനിമകൾ വിജയത്തിന്‍റെ കണക്കുകൾ മാത്രമല്ല എഴുതുന്നത്; ഒരു മനുഷ്യന്‍റെ ജീവിതം തന്നെ പുതുതായി രചിക്കുകയാണ് ചെയ്യുന്നത്. നടി സീമയ്ക്ക് അത്തരമൊരു അനുഭവമായിരുന്നു ‘അവളുടെ രാവുകൾ’.
പല മുൻനിര നായികമാർക്കും ഒരു വേശ്യയുടെ കഥാപാത്രമാവാൻ ധൈര്യമില്ലായിരുന്നു. ഒടുവില്‍ നർത്തകിയായി ശ്രദ്ധ നേടിയ ശാന്തിയെ കാസ്റ്റ് ചെയ്തു.
ചിത്രത്തെക്കുറിച്ച് ഐ. വി. ശശി പറഞ്ഞത് – ‘’വലിയൊരു റിസ്ക് ആയിരുന്നു ‘ അവളുടെ രാവുകൾ ’. അന്നു വരെ പറയാത്ത രീതിയിലുള്ള ചിത്രം . അത്തരമൊരു ചിത്രമെടുക്കാൻ എനിക്കു ഭയമില്ലായിരുന്നു.
അന്നുവരെ നൃത്തവേദികളുടെ വെളിച്ചത്തിൽ മാത്രം ഒതുങ്ങിയിരുന്ന ശാന്തി എന്ന യുവനര്‍ത്തകിയെ സംവിധായകൻ ഐ.വി. ശശി സിനിമയിലേക്ക് കൈപിടിച്ചുയർത്തി. പുതിയൊരു പേരും പുതിയൊരു ജീവിതവും നൽകി അദ്ദേഹം ശാന്തിയെ സീമയാക്കി.
അവളുടെ രാവുകൾ എന്ന ചിത്രത്തിലെ രാജി എന്ന കഥാപാത്രത്തിനു ജീവന്‍ നല്‍കാന്‍ തെരഞ്ഞെടുത്ത ആ തീരുമാനം പിന്നീട് മലയാളസിനിമയുടെ ചരിത്രത്തിൽ വഴിത്തിരിവായി. ആ നിമിഷം മുതൽ ശാന്തി ഒരു നർത്തകി മാത്രമായിരുന്നില്ല; മലയാളികളുടെ ഹൃദയത്തിൽ മായാത്ത മുദ്ര പതിപ്പിച്ച അഭിനേത്രി സീമയായി അവർ പുനർജനിച്ചു.
ആ സിനിമയെക്കുറിച്ച് പറയുമ്പോഴെല്ലാം സീമയുടെ വാക്കുകളിൽ ഒരു ആർദ്രത നിറഞ്ഞിരുന്നു. കാരണം, അത് ഒരു കഥാപാത്രത്തിന്‍റെ ഓർമ്മ മാത്രമായിരുന്നില്ല; ജീവിതത്തിന്‍റെ ദിശ തന്നെ മാറ്റിമറിച്ച നിമിഷത്തിന്‍റെ സ്മരണയായിരുന്നു.
സ്വപ്നങ്ങൾക്കും പോരാട്ടങ്ങൾക്കും ഇടയിൽ ഒരു പുതിയ ജീവിതം സമ്മാനിച്ച ആ ചിത്രം, സീമയുടെ ഹൃദയത്തിൽ എന്നും മായാത്ത സ്ഥാനമാണ് നേടിയത്. കാലം എത്ര മുന്നോട്ടുപോയാലും, എത്ര കഥാപാത്രങ്ങൾ അഭിനയിച്ചാലും, ‘അവളുടെ രാവുകൾ’ സീമയ്ക്ക് വെറും സിനിമയായിരുന്നില്ല; ജീവിതത്തിന്‍റെ വഴിത്തിരിവായി മാറിയ, ഒരു അനശ്വര അധ്യായമായിരുന്നു.
ആദ്യകാലത്ത് സദാചാരത്തിന്‍റെ കണ്ണുകളിലൂടെ മാത്രം വിലയിരുത്തപ്പെട്ട അവളുടെ രാവുകൾ, കാലം കടന്നുപോകുമ്പോൾ പുതിയ വായനകൾക്ക് വഴിമാറി. സമൂഹത്തിന്‍റെ അതിരുകളിലേക്ക് തള്ളിക്കളയപ്പെട്ട ഒരു സ്ത്രീയുടെ വേദനയും ആത്മാഭിമാനവും അതിജീവനവും ഹൃദയസ്പർശിയായി ആവിഷ്കരിച്ച ശക്തമായ സ്ത്രീപക്ഷ സിനിമയായും, പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ പറയാതെ പോയ ജീവിതസത്യങ്ങൾ ധീരമായി തുറന്നുകാട്ടിയ വെളിപ്പെടുത്തലായും ആ ചിത്രം അംഗീകരിക്കപ്പെട്ടു.



