വിശുദ്ധ യൂദാശ്ലീഹ
==================
യേശുക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളാണ് യൂദാ ശ്ലീഹാ എന്ന യൂദാ തദേവൂസ്. യേശുവിന്റെ ബന്ധുവായിരുന്നു ഇദ്ദേഹം. യേശുവിന്റെ അമ്മയായ മറിയത്തിന്റെ സഹോദരി മേരിയുടെയും ക്ലെയോഫാസിന്റെയും മകനായിരുന്നു യൂദാ തദേവൂസ്. യേശുവിന്റെ മരണശേഷം കുരിശിന്റെ ചുവട്ടിൽ യൂദാസിന്റെ അമ്മയായ മറിയവുമുണ്ടായിരുന്നുവെന്ന് ബൈബിളിൽ പ്രതിപാദിക്കുന്നുണ്ട്. മറ്റൊരു അപ്പസ്തോലനായ ചെറിയ യാക്കോബിന്റെ സഹോദരനായിരുന്നു ഇദ്ദേഹം എന്നും നിഗമനങ്ങളുണ്ട്. ഇദ്ദേഹത്തിന് തദ്ദായി, ലാബി എന്നിങ്ങനെയുള്ള പേരുകളുമുണ്ടായിരുന്നു. അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായി ഇദ്ദേഹം അനുസ്മരിക്കപ്പെടുന്നു.
യേശുവിനെ ഒറ്റിക്കൊടുത്ത ഇസ്കരിയോത്ത യൂദായിൽ നിന്നും ഇദ്ദേഹത്തെ വേർതിരിച്ചറിയുന്നതിനായി ബൈബിളിൽ ഇദ്ദേഹത്തെ ഇസ്കരിയോത്താവല്ലാത്ത യൂദാ (യോഹന്നാൻ 14:22) എന്നും യാക്കോബിന്റെ സഹോദരനായ യൂദാ (ലൂക്കോസ് 6:16)] എന്നും യാക്കോബിന്റെ മകനായ യൂദാ (അപ്പോ.പ്രവൃത്തികൾ 1:13) എന്നും പരാമർശിച്ചിരിക്കുന്നു. മൂലഭാഷയിലെ “യാക്കോബിന്റെ യൂദാ” (Judas of James) എന്ന പ്രയോഗമാണ് ‘യാക്കോബിന്റെ സഹോദരനായ യൂദാ’ , ‘യാക്കോബിന്റെ മകനായ യൂദാ’ എന്നിങ്ങനെ ലൂക്കോസിന്റെ സുവിശേഷത്തിലും അപ്പോസ്തലന്മാരുടെ പ്രവൃത്തികളുടെ പുസ്തകത്തിലും വ്യത്യസ്ഥമായ രീതിയിൽ ഭാഷാന്തരം ചെയ്യപ്പെട്ടത്. എന്നാൽ ‘യാക്കോബിന്റെ മകനായ യൂദാ’ എന്നാണ് ഇതു ഭാഷാന്തരം ചെയ്യേണ്ടതെന്നാണ് ആധുനിക ബൈബിൾ പണ്ഡിതരുടെ അഭിപ്രായം. അതിനാൽ പുതിയ ബൈബിൾ പരിഭാഷകളിൽ ലൂക്കോസിന്റെ സുവിശേഷത്തിലും ‘യാക്കോബിന്റെ മകനായ യൂദാ’ എന്നു തന്നെയാണ് തർജ്ജമ ചെയ്തിരിക്കുന്നത്.
യൂദാ ശ്ലീഹായുടെ പ്രവർത്തനങ്ങളെ കുറിച്ച് ബൈബിളിൽ വിശദമായ വിവരണങ്ങളൊന്നുമില്ല. എന്നാൽ പാലസ്തീൻ, എഡേസ്സ, ലിബിയ, തുടങ്ങിയ ഇടങ്ങളിൽ സുവിശേഷം അറിയിച്ചുവെന്നു കരുതപ്പെടുന്നു. ഇദ്ദേഹത്തിന്റെ സുവിശേഷ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അനേകം പാരമ്പര്യവിശ്വാസങ്ങൾ ക്രൈസ്തവ സഭയുടെ ആദ്യകാലം മുതൽ സജീവമായി നിലനിൽക്കുന്നു.
പല പുരാതന രേഖകളിലും യൂദായുടെ അന്ത്യം വ്യത്യസ്ത സ്ഥലങ്ങളിലായാണ് പരാമർശിച്ചിട്ടുള്ളത്. അതുപോലെ പല പാരമ്പര്യങ്ങളിൽ വ്യത്യസ്ഥ രീതികളാണ് അദ്ദേഹത്തിന്റെ അന്ത്യത്തെ പറ്റി വിവരിച്ചിരിക്കുന്നത്. അബ്ദിയാസിന്റെ ശ്ലൈഹികചരിത്രം എന്ന ഗ്രന്ഥത്തിൽ ശിമയോൻ ശ്ലീഹായ്ക്കൊപ്പം യൂദാ രക്തസാക്ഷിത്വം വരിച്ചെന്നു വിവരിക്കുന്നു. അതിൽ വിവരിക്കും പ്രകാരം ശിമയോനും യൂദായും പേർഷ്യയിലേക്ക് സുവിശേഷപ്രസംഗത്തിനായി യാത്രയായി. പ്രാകൃത മതങ്ങളിൽ വിശ്വസിച്ചിരുന്ന ആ നാട്ടിലെ ജനങ്ങൾ ഇരുവരെയും പിടികൂടി അവരുടെ ക്ഷേത്രത്തിലേക്ക് കൊണ്ടു പോയി അവരുടെ ദേവന്മാർക്ക് യാഗം നടത്തുവാൻ അവരെ നിർബന്ധിച്ചു. ഇതിനു വഴങ്ങാതിരുന്ന ഇരുശിഷ്യന്മാരെയും അവർ വധിക്കുവാൻ തീരുമാനിച്ചു. അപ്പോൾ യൂദാ ശിമയോനോട് പറഞ്ഞു “യേശു നമ്മെ വിളിക്കുന്നതു ഞാൻ കാണുന്നു”. അപ്പോൾ ശിമയോൻ മറുപടി പറഞ്ഞു “ഞാനും മാലാഖമാരുടെ നടുവിൽ യേശുവിനെ കാണുന്നു. ഒരു മാലാഖ എന്നോട് പറയുന്നു, വേഗം ഇവിടെ നിന്ന് ഓടി രക്ഷപെടുക, ക്ഷേത്രം നിലം പതിച്ച് ജനങ്ങളെല്ലാം നശിക്കാൻ പോകുന്നു”. എന്നാൽ ജനങ്ങളെ നശിപ്പിച്ചിട്ട് തങ്ങൾ രക്ഷപെടുന്നില്ലെന്നു അവർ മാലാഖയെ അറിയിച്ചു. തുടർന്ന് അവർ രക്തസാക്ഷിത്വം വരിച്ചു. ശിമയോൻ വാളിനാലും യൂദാ കുരിശിൽ കെട്ടിയിട്ട ശേഷം അമ്പുകളേറ്റും മരിച്ചെന്നു വിശ്വസിക്കപ്പെടുന്നു.
ശിമയോൻ ശ്ലീഹായും യൂദാ ശ്ലീഹായും ഒരുമിച്ച് രക്തസാക്ഷിത്വം വരിച്ചു എന്നുള്ള ഈ വിശ്വാസത്തെ അടിസ്ഥാനമാക്കി ഒരേ ദിവസമാണ് ചിലസഭകൾ ഇവരുടെ തിരുനാൾ ആചരിക്കുന്നത്.
യൂദാസ് സ്കറിയോത്തയുടെ പേരുമായുള്ള സാദൃശ്യം മൂലം വളരെക്കാലം അവഗണിക്കപ്പെട്ട ഒരു വിശുദ്ധൻ കൂടിയാണ് യൂദാശ്ലീഹ. യേശു തന്നെ വിശുദ്ധ ബ്രിജിത്തയോട് ഒരിക്കൽ പ്രത്യക്ഷപ്പെട്ട് വിശുദ്ധ യൂദാശ്ലീഹ അവഗണിക്കപ്പെടുന്നതിലുള്ള ദുഃഖം അറിയിച്ചിരുന്നതായി പറയപ്പെടുന്നു. അതുകൊണ്ടാകാം വിശുദ്ധ യൂദാശ്ലീഹയുടെ മധ്യസ്ഥത്താൽ അസാധ്യ കാര്യങ്ങൾ പോലും സാധ്യമായി തീരാൻ ദൈവം അനുവദിക്കുന്നത്.
അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ യൂദാ തദേവൂസിനെ കുറിച്ചറിയിച്ചതിനു നന്ദി . ശത്രുക്കൾ തലയ്ക്കടിച്ചപ്പോൾ പ്രകാശം തലയിൽ നിന്ന് ചീറ്റി പുറത്തേയ്ക്കു വന്നെന്നു കേട്ടിട്ടുണ്ട്. അതുകൊണ്ടാണ് നെറുകയിൽ ഒരു ചിഹ്നം എന്നും പറയുന്നു.
❤️👍🙏
നല്ലറിവ് 🙏
🙏
❤️❤️
🙏❤️
നല്ല അറിവ് 🙏
മനോഹരം 🙏