ഞാൻ ഇവിടെ കുറിച്ചിടുന്ന എൻ്റെ പലതരം പെണ്ണുങ്ങളിലെ കഥാപാത്രങ്ങൾ ജിവിച്ചിരിക്കുന്നവരും മരിച്ചതിന് തുല്യമായി ജീവിക്കുന്നവരും ഉണ്ട്, ആരുമില്ലാത്ത അവസ്ഥയിൽ കഴിയുന്നവരും ചുറ്റിനും ആളുകൾ ഉണ്ടായട്ടും ഒരാൾ പോലും നിനക്ക് സുഖമാണോ എന്ന ഒരു ചോദ്യമെങ്കിലും കേൾക്കാൻ കാത്തിരിക്കുന്നവരും ഉണ്ട്.
ഒറ്റപ്പെടലിൻ്റെ തീവ്രത എന്തെന്ന് അറിയണമെങ്കിൽ നമ്മളത് അനുഭവിച്ചറിയണം. അതേ ഒരാളുപോലും തിരിഞ്ഞു നോക്കാനില്ലാതെ ഒരു വീടിൻ്റെ നാല് ചുമരുകൾക്കുള്ളിൽ വീർപ്പ്മുട്ടി കഴിയുക, ഒരു മനുഷ്യൻ്റെ നിഴലിനെ പോലും അത്യാഹ്ളാദത്തോടെ നോക്കി നിൽക്കുന്ന ഒരവസ്ഥ ജനാലയുടെ അഴികളിൽക്കൂടി കാണുന്നതാണ് ഈ ലോകമെന്നു കരുതുന്നവരും ഇവിടെ ജീവിക്കുന്നുണ്ട്.
വൈകുന്നേരത്തെ പോക്കുവെയിൽ കാണുമ്പോൾ മനസ്സിൽ എവിടെ നിന്നോ ഒരു തിര വന്നാഞ്ഞടിക്കും, വേലിയിറക്കത്തിൻ്റെ വ്യതിയാനങ്ങൾ മനസ്സിനെ ഒന്നു ഉലക്കും. സായം സന്ധ്യയുടെ ഭംഗിയിലല്ല കണ്ണു പതിയുന്നത് പകൽ വിട പറയുന്നതിൻ്റെ നോവിൽ കരൾ പിടഞ്ഞു തുലാവർഷം പോലെ കണ്ണീർ പെയ്തിറങ്ങും.
രാത്രിയിൽ ഇരുട്ടു നിറയുമ്പോൾ ചങ്കിടിപ്പോടെ മുറികളിൽ വെറുതെ കയറി ഇറങ്ങും തനിച്ചാക്കി പോയ അമ്മയോടും അച്ഛനോടും ഒരേ ഒരു കൂടപ്പിറപ്പിനോടും സങ്കടങ്ങളുടെ കെട്ടഴിക്കും ദേഷ്യപ്പെടും പിന്നെ കരയും, ഒരാശ്വാസം പോലെ ഉള്ളം തണുക്കും, ഏതെങ്കിലും ഒരു മുറിയിൽ ചുരുണ്ടങ്ങിനെയങ്ങ് ഉറങ്ങും. പിറ്റേന്ന് ഉണർന്നു ഏണിക്കുമ്പോൾ വീണ്ടും പഴയ കാഴ്ചകൾ വിരസമായ പകൽ. ഈ മടുപ്പിൽ നിന്നാണ് എവിടെ നിന്നോ ഒരാൾ മനസ്സിലേക്ക് ഇടിച്ചു കയറി വന്നത് ഇറങ്ങിപ്പോകാൻ പറയാൻ കഴിഞ്ഞില്ല ഒരത്ഭുതം പോലെ ഇന്നും തോന്നുന്ന മായാ പ്രതിഭാസം, വെറുതെ ഒരു കുശലം അതിൽ തുടങ്ങി എൻ്റെ ഹൃദയ തുടിപ്പുകൾവരെ അയാളുടെ നിയന്ത്രണത്തിലാക്കിയവൻ.. തെറ്റോ ശെരിയോ എന്ന് ചിന്തിക്കാൻ പോലും സമയം ഇല്ലാതായി എന്നു പറയുന്നതാണ് ശരി.
ദിവസങ്ങൾക്ക് ചിറകുമുളച്ചത് പോലെ എത്ര വേഗമാണ് ദിവസങ്ങൾ പറന്നു പോകുന്നത്. ജീവിതത്തിന് ഉത്സവമേളം, ഒരു വസന്തം എനിക്കായി പിറന്നത് പോലെ, വർഷങ്ങൾ മൂന്ന് നാല് കഴിഞ്ഞു ഞങ്ങൾ ഇതുവരെ കണ്ടിരുന്നില്ല ഒന്നു കാണണമെന്ന് ഞങ്ങൾക്ക് തോന്നി തുടങ്ങി.
ഒരു ദിവസം ഞങ്ങളങ്ങിനെ നേരിൽകണ്ടു, ഒരുപാട് ദൂരേനിന്നാണ് വന്നത് റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്ന സംഗമം ഞങ്ങൾ പരസ്പ്പരം കണ്ടു, അവൻ എൻ്റെ പേര് എടുത്തു വിളിച്ചപ്പോൾ ഒരു വിറയൽ എന്നെ വന്നു മൂടി ഒരടി പോലും നടക്കാൻ കഴിയാതെ ആയി, കാലുകൾക്ക് വല്ലാത്ത ഭാരം അവൻ എൻ്റെ കൈയിൽ പിടിച്ചു ഞങ്ങൾ മുന്നോട്ട് നടന്നു ഒഴിഞ്ഞ ബെഞ്ചിൽ അവൻ ഇരുന്നു എന്നെയും ഇരുത്തി എന്നോട് എന്ത് ഒക്കെയോ ചോദിക്കുന്നുണ്ടായിരുന്നു സത്യം പറഞ്ഞാൽ ഞാൻ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. ജീവിതത്തിൻ്റ പാതി ഭാഗം കടന്ന രണ്ടുപേർ നാണമാണോ അതോ പേടിയോ ? ജിവിതത്തിൽ ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുമെന്നു കരുതിയിരുന്നില്ല.
ചുറ്റം ആരെയും ഞാൻ കണ്ടിരുന്നില്ല ഈ ലോകത്ത് ഞങ്ങൾ മാത്രം ഭൂമിയും വാനവും എല്ലാം നിശബ്ദമായിരിക്കുന്നു. എവിടെയും ചുവന്നതും വെള്ളയും നിറത്തിലുള്ള പൂക്കൾ വാകപ്പൂവിൻ്റെ നറുമണം ഞങ്ങളെ പൊതിഞ്ഞതു പോലെ തോന്നി ഒരു മണിക്കൂർ ഞങ്ങൾ അങ്ങിനെ ഇരുന്നു പറയാതെയും പറഞ്ഞും കേൾക്കാതെയും കേട്ടത് പോലെയുമായി ഞങ്ങൾ ഒരു മണിക്കൂർ തള്ളി നീക്കി പിരിയാൻ നേരം അവൻ എന്നെ ഒന്നു നോക്കി ആ നോട്ടം ഇന്നും വാടാതെ കൊണ്ടു നടക്കുന്നു ഞാൻ.
വീട്ടിലെത്തിയിട്ടും ഞാൻ ജീവനില്ലാത്ത ഒരു പാവ കണക്കെ ഇരുന്നു സ്വപ്നങ്ങൾ പങ്ക് വെക്കുകയും തമാശകൾ പറഞ്ഞു പൊട്ടിച്ചിരിക്കുകയും അടികൂടുകയും ചെയുന്ന ഞങ്ങൾ അടുത്തു കണ്ടു തൊട്ടുതൊട്ട് ഇരുന്നു. ആലോച്ചിക്കുന്തോറും തരളിതയാകുന്ന പോലെ. ഈ പ്രായത്തിൽ ഇത് വേണമായിരുന്നോ എന്നു മനസ്സ് ചോദിച്ചിരുന്നോ?.. ഞാൻ തനിച്ചല്ല ഒരാൾ കൂടിയുണ്ട് എൻ്റെതെന്നു പറയാൻ എൻ്റെ സങ്കടങ്ങൾ കേൾക്കാൻ എൻ്റെ രാപ്പകലുകൾക്ക് നിറമേകാൻ ആരുമില്ലാത്തവൾക്ക് ഒരു കൂട്ട് കിട്ടിയതല്ലേ.
വീണ്ടും ദിവസങ്ങളും മാസങ്ങളും വർഷങ്ങളും എൻ്റെ മുന്നിലൂടെ കടന്നു പോയി. പക്ഷേ ജീവിതം വീണ്ടും മരുഭൂമിയായി മാറി ഞങ്ങൾക്ക് ഒരിക്കലും ഒന്നാകാൻ കഴിയില്ലെന്ന് ആദ്യമെ അറിയാമായിരുന്നു, ഏകാന്തത വീണ്ടും എന്നെ പൊതിഞ്ഞു അവൻ്റെ തിരക്കുകൾ, കുടുംബം അവിടെ ഞാൻ ആരുമല്ലാതായത് പോലെ അവരുടെ ജീവിതം സന്തോഷം അവിടെ ഞാൻ ഒറ്റപ്പെടുകയായിരുന്നു എനിക്ക് അവനെ കാണാൻ കഴിഞ്ഞില്ല പിന്നിട് മടുപ്പിൻ്റെ മഞ്ഞുമല എന്നെ പൊതിഞ്ഞു എൻ്റെ മനസ്സ് ഒന്ന് ഉലഞ്ഞു ദേഷ്യമോ സങ്കടമോ ഏത് വികാരമാണോ എന്നെ തളർത്തിയത്.
എനിക്ക് ആരുമില്ല ഞാൻ ഒറ്റക്കായിപ്പോയി എൻ്റെതെന്നു പറയാൻ ആരുമില്ല. അടിക്കടി വരുന്ന തലവേദന ക്ഷീണം ഉറക്കമില്ലായ്മ. ഹോസ്പിറ്റലിൽ കൂട്ടിന് വരാൻ ചില നേരങ്ങളിൽ ആരും കാണില്ല എല്ലാർക്കും എല്ലാരുമുണ്ട് കൂട്ടിന് വരാൻ എവിടെയും ഞാൻ ഒറ്റക്ക്. ആ ഒറ്റപ്പെടൽ ഡ്രിപ്രഷനിൽ എന്നെ കൊണ്ടു എത്തിച്ചു, എഴുത്തുകൾ നിന്നു ഞാൻ ഞാനല്ലാതായി മനസ്സ് കൈവിട്ട നേരത്താണ് കൂടെ കൂട്ടാൻ ഒരാൾ മുന്നോട്ട് വന്നത് ഞാൻ കുറേ എതിർത്തു സ്വന്തം എന്നു പറയാൻ ഒരാൾ നിനക്ക് വേണ്ടേ എന്ന് എൻ്റെ മനസ്സ് എന്നോട് ചോദിച്ചു കൊണ്ടേയിരുന്നു. നിനക്ക് ഞാൻ ഇല്ലേ എന്നു പറഞ്ഞു എന്നെ മാറോട് അടക്കിപ്പിടിക്കുന്ന ഒരാൾ..
എൻ്റെ പേരിനൊപ്പം ചേർക്കാൻ മറ്റ് ഒരു പേര് അങ്ങിനെ ഞാൻ അയാളുടെ താലിക്കായി കഴുത്തു നീട്ടി അയാൾക്കായി വലത് കരം നീട്ടി കൊടുത്തു ആ കരങ്ങൾ ഇന്നും എൻ്റെ വിരലിലെ പിടി വിട്ടിട്ടില്ല, ഇപ്പോഴാണ് ജീവിതത്തിൻ്റെ വില അറിയുന്നത്, ഭാര്യ എന്ന രണ്ട് അക്ഷരത്തിൻ്റെ മാഹാത്മ്യം ഞാൻ വീണ്ടും അറിഞ്ഞു. ഞാൻ ഇന്ന് ഒറ്റക്കല്ല എൻ്റെ ചിന്തകൾ, എൻ്റെ സ്വപ്നങ്ങൾ എല്ലാം ഞങ്ങൾ രണ്ടു പേരുടെയും കൂടെയാണ്.. അതേ ഞാൻ ഇന്ന് ഒരു ഭാര്യയാണ് എൻ്റെതെന്നു പറയാൻ ചൂണ്ടിക്കാണിക്കാൻ ഒരാൾ ഉണ്ടാവുക അത് ഒരു മഹാഭാഗ്യമല്ലേ..
തുടരും..
മികച്ച വായനാനുഭവം 👍
നല്ല വയനാ അനുഭവം