Sunday, April 14, 2024
Homeസ്പെഷ്യൽചിരിക്കാം!😀 ചിരിപ്പിക്കാം!😀 (21)

ചിരിക്കാം!😀 ചിരിപ്പിക്കാം!😀 (21)

രചന: നിർമ്മല അമ്പാട്ട്, അവതരണം: മേരി ജോസി മലയിൽ

ചിരിക്കാം! ചിരിപ്പിക്കാം! എന്ന പംക്തിയിലേക്ക് ഏവർക്കും സ്വാഗതം..!
നർമ്മരസപ്രധാനമായ സംഭവങ്ങളെ കോർത്തിണക്കി ഇന്നത്തെ ചിരിവിരുന്നൊരുക്കുന്നത് വിവിധ ലേഖനങ്ങളിലൂടെയും കഥകളിലൂടെയും ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്ന ‘ഈ ഗാനം മറക്കുമോ ..’ എന്ന പംക്തിയിലൂടെയും മലയാളി മനസ്സ് വായനക്കാർക്ക് സുപരിചിതയായ പ്രിയ എഴുത്തുകാരി ..

നിർമ്മല അമ്പാട്ട്

ചിരിക്കാം!😀 ചിരിപ്പിക്കാം!😀 പിന്നെ ചിന്തിക്കാം!
ശ്രീമതി മേരി ജോസിയുടെ മനോഹരമായ ഈ പംക്തിയിലേക്ക് ഞാൻ ഇന്ന് തരുന്ന ഈ ലിഖിതം നിങ്ങളെ ചിരിപ്പിക്കും., പിന്നെ ചിന്തിപ്പിക്കും.

എന്റെ ബാല്യവും കൗമാരവും കഴിഞ്ഞുപോയത് അമ്മയുടെ വീട്ടിലാണ്. ഈ സംഭവം നടക്കുമ്പോൾ എനിക്ക് എട്ട് വയസ്സ്. ‘അമ്മ ജനിച്ചതും വളർന്നതും ഒരു വലിയ തറവാട്ടിലായിരുന്നു. എട്ട്കെട്ടുള്ള ഒരു മാളികവീട്. കൂടെ അവർക്ക് അനേകം ഭൂസ്വത്തുക്കളുമുണ്ടായിരുന്നു. അമ്മയുടെ അച്ഛൻ ഒരു മുടിയനായ പുത്രൻ. ഭൂസ്വത്തുകളൊക്കെവിറ്റ് ധൂർത്തടിച്ച് നശിപ്പിച്ചു. ഒടുവിൽ എട്ടുകെട്ടുംപൊളിച്ചുവിറ്റ് ഒരു ഇടത്തരം വീട് വെച്ചു.

കുടിയിരുപ്പ്പറമ്പിൽ തറ കെട്ടിയിരുത്തിയ ഒരു ബ്രഹ്മരക്ഷസുണ്ട്. കൂടാതെ തറവാട്ടിൽ ഭഗവതി ചാത്തൻ മറ്റ് കാളികൂളിദൈവങ്ങളും സർപ്പങ്ങളും. ഇതിൽ എല്ലാവരെയും തറവാട്ടമ്പലത്തിൽ ആവാഹിച്ചു കുടിയിരുത്തി. രക്ഷസ്സ് പറമ്പിൽനിന്നും പോവില്ലെന്ന് പറഞ്ഞു. ചാത്തനാവട്ടെ വീട്ടിനുള്ളിലെ ഒരു മുറിയിലുമാണ്. അത് ഇന്നും അങ്ങിനെതന്നെ തുടരുന്നു. രണ്ടുപേരെക്കൊണ്ടും ഒരു ശല്യവുമില്ലകേട്ടോ . പക്ഷെ ചാത്തൻ ഒരു മുറി കയ്യടക്കി എന്ന്മാത്രം.

കൊല്ലത്തിലൊരിക്കൽ രണ്ടുപേർക്കും കർമ്മം കൊടുക്കണം. അന്നേദിവസം തറവാട്ടിലെ എല്ലാവരും വീട്ടിൽ ഒത്തുകൂടും ചാത്തന് രാത്രിയാണ് കർമ്മം കൊടുക്കാറ്. ഇറച്ചിയും മീനും പിന്നെ കള്ളും ചാരായവും നിർബന്ധം. കൂട്ടത്തിൽ തറവാട്ടിലെ മൂത്ത കാരണവന്മാരും അല്പം സേവിക്കും. അന്ന് ബീവറേജോന്നുമില്ലല്ലോ. അതുകൊണ്ട് ആരെക്കൊണ്ടെങ്കിലും നല്ല ഒന്നാംതരം സാധനം വാറ്റിച്ചെടുക്കും. ചാത്തനെ മാത്രം പ്രീതിപ്പെടുത്തിയാൽ പോരാ. ചാത്തനെപ്പോലെ ജീവിച്ചിരിക്കുന്ന കാരണവന്മാരായ മറ്റ് ചാത്തന്മാരുണ്ട്. അവരും അന്ന് അല്പം പൂസാവും. അമ്മാമൻ ഒരുതുള്ളി തൊടില്ല. അതുപോലെ തന്നെ ചെറുപ്പക്കാർക്കും കൊടുക്കില്ല. അമ്മാമന്റെ മുന്നിലോ അറിവോടെയോ അവർ ഇത് തൊടാറുമില്ല.

നമുക്ക് വിഷയത്തിലേക്ക് വരാം.
അന്ന് ചാത്തന് കർമ്മം ചെയ്തുകഴിഞ്ഞു. അടുത്തത് ഒരുമിച്ച് ഭക്ഷണം കഴിക്കലാണ്. എല്ലാവരും ഉമ്മറത്ത് നിരന്നിരുന്നു. അമ്മമ്മയും അമ്മുട്ടിയമ്മായിയും മറ്റ് സ്ത്രീകളും വിളമ്പുന്നതിൽ സഹായിക്കുകയാണ്. അടുക്കളയിൽ ഇറച്ചിയും മീനും മറ്റു വിഭവങ്ങളും നിറഞ്ഞിരിക്കയാണ്. പൂച്ച കയറിവരുന്നത് നോക്കണം. എനിക്കതാണ് ചാർജ്. ഞാൻ അടുക്കളയിൽ ഒരു പലകയിട്ട് ഇരുന്ന് എന്റെ ഡ്യൂട്ടി ചെയ്യുകയാണ്.

പെട്ടെന്ന് എനിക്കൊരു സംശയം വന്നു. അടുത്ത് ഒന്ന് രണ്ട് കുപ്പികളിൽ ചാരായം ഇരിക്കുന്നുണ്ട്. അതിൽനിന്ന് കുറേശ്ശെ മാത്രം ആവശ്യക്കാർക്ക് അമ്മാമൻ കൊണ്ടുകൊടുക്കുന്നുണ്ട്. സംഗതി വളരെ രഹസ്യമായാണല്ലോ. എന്താണിത് ഇത്ര രസത്തോടെ ആ കാരണവന്മാരൊക്കെ കുടിക്കുന്നത്? ഇത്ര രസമുള്ള ഒരു സാധനമാണോ ഇത്? ഒന്നറിയണമല്ലോ..
ഞാൻ ആകുപ്പിയുടെ അടപ്പിൽ ഒരുതുള്ളിയെടുത്തു രുചിച്ചുനോക്കി.. വല്ലാത്ത ചവർപ്പ്..! ഒരു രുചിയുമില്ല. ഇതാണോ ഇവർ ആസ്വദിച്ചു കുടിക്കുന്നത്? ഹേയ്.. അങ്ങിനെയാവാൻ വഴിയില്ല. എനിക്ക് തെറ്റിയതാവാം. അടുക്കളയിലേക്ക് ആരും വരാത്ത നേരംനോക്കി ഞാൻ വീണ്ടും അടപ്പിൽ ഒരുതുള്ളി കൂടി രുചിച്ചു. ഒട്ടും രസമില്ല. വായ എരിയുന്നു. എനിക്കെന്തോ തകരാറ് പറ്റിയത് തന്നെ. ഒട്ടും രസമില്ലാതെ ഒരു ഗ്ലാസ് നിറയെ അവർ കുടിക്കുമോ? പതുക്കെപ്പതുക്കെ മൂന്നോ നാലോതവണ ഞാൻ ഇത് പരീക്ഷിച്ചു. വെള്ളമൊന്നും ചേർക്കാതെയാണേ…😜 അവർ കുടിക്കുന്നതിൽ വെള്ളം ചേർത്തിട്ടാണോ അല്ലയോ എന്നൊന്നും ഞാൻ നോക്കിയില്ലല്ലോ…

പെട്ടെന്ന് എനിക്കെന്തോ പന്തികേട്. ഞാനും പലകയും കൂടി വട്ടം കറങ്ങുകയാനോ? കണ്ണുകൾ തിരുമ്മിയടച്ചുനോക്കി, തുറന്ന് നോക്കി. ഉമ്മറത്തേക്കുള്ള ഇടനാഴികയിലേക്ക് നോക്കി. അവിടെയതാ ഇടനാഴികയും കോണിയുംകൂടി കറങ്ങുന്നു..! എന്റെ പിരടി ഒരുവശത്തേക്ക് ഒടിഞ്ഞു.. നേരെപിടിക്കാൻ നോക്കി. നിൽക്കുന്നില്ല. ഛർദിക്കാൻ വരുന്നു. വല്ലാത്തൊരവസ്ഥ.

കൃഷ്ണാ! ഗുരുവായൂരപ്പാ! ഇനി എന്റെ ജന്മത്തിൽ ഞാൻ ഇങ്ങിനെ ചെയ്യില്ലേ..ഞാൻ ശപഥം ചെയ്തു. നൂറുവട്ടം. ശപഥം കൊണ്ടൊന്നും സംഗതി നിൽക്കുന്നില്ല. ഞാൻ കരയാൻ തുടങ്ങി. 😪 അടുക്കളയിലേക്ക് വന്ന അമ്മമ്മഇതുകണ്ട് കാര്യം അന്വേഷിച്ചു. കുഴഞ്ഞുമറിഞ്ഞു ഞാൻ കാര്യം പറഞ്ഞു. ന്റെ കുരുത്തംകെട്ടോളെ എന്ന് പറഞ്ഞ് അമ്മമ്മ നെഞ്ചത്തടിച്ചു.🙆

“അമ്മുട്ട്യേ ..ഒന്നിങ്ങട് വന്നേ..കൊച്ചുണ്ണി അറിഞ്ഞാൽ പെണ്ണിനെ കൊല്ലൂലോ..” അമ്മമ്മ രഹസ്യമായി ഉമ്മറത്ത് ഭക്ഷണം വിളമ്പുന്ന അമ്മുട്ട്യമ്മായിയെ വിളിച്ചു. കൊച്ചുണ്ണി അമ്മാമനാണ് കേട്ടോ.
വേഗം പുളി കലക്കിത്തന്നു എനിക്ക്. ഞാനാകെ തളർന്നിരുന്നു.
“മ്മക്കൊന്നു കുളിപ്പിക്കാം നാത്തൂനേ..’ അമ്മുട്ട്യമ്മായി പറഞ്ഞു. അവരെന്നെ കിണറിൻകരയിലേക്ക് താങ്ങിപ്പിടിച്ചുകൊണ്ടുപോയി.
“നാത്തൂനേ ..പെണ്ണിനെ പിടിച്ചോളേണെ കിണറ്റിലേക്ക് കെട്ടിമറിഞ്ഞ് വീഴെണ്ട ..ഞാൻ വെള്ളം കോരാം. ” ഇരുപത്തിരണ്ട് കോൽ ആഴമുള്ള കിണറ്റിൽ നിന്നും അമ്മുട്ട്യമ്മായി വെള്ളം കോരി എൻറെ തലയിലൂടെ ധാര. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അല്പം ആശ്വാസമായി. .
“ഇനി ന്നൊന്നും പെണ്ണിന് കൊടുക്കേണ്ട.. ഛർദ്ദിക്കും.”
ഞാൻ അകത്ത് പോയി തളർന്നുകിടന്നു. എന്ത് മണ്ടത്തരമാണ് കാട്ടിയത്. തുള്ളിതുള്ളിയായി പലതവണ രുചി നോക്കുമ്പോൾ ഇതിന്റെ ഗൗരവം ഓർത്തേയില്ല.
ബുദ്ധിയില്ലാത്ത കാലത്ത് ചെയ്ത അമളി.

വലിയവരെ അനുകരിക്കുക എന്നത് ഒരു എയ്ജിൽ കുട്ടികളുടെ സ്വഭാവമാണ്. എന്റെ സ്ഥാനത്ത് ഒരു ആൺകുട്ടിയാണെന്നെങ്കിൽ ഒന്നോ രണ്ടോ അടപ്പിലൊന്നും ഒതുങ്ങുമായിരുന്നില്ല.
” ഭൂമി കറങ്ങുന്നുണ്ടോടാ… അപ്പൊ സാറ് പറഞ്ഞത് നേരാണേ…”
എന്ന് പാടിക്കളിച്ചേനേ…
കുട്ടികളുടെ മുന്നിൽ കാരണവന്മാർ ഇത്തരം ചെയ്തികൾ ചെയ്യുമ്പോൾ അല്പം കരുതൽ വേണേ…

ചൈൽഡ് സൈക്കോളജിയിൽ anxiety എന്നൊരു കാലഘട്ടമുണ്ട്. കുട്ടികൾക്ക് ഈ കാലഘട്ടത്തിൽ പ്രത്യേക കരുതലും കാവലും ആവശ്യമാണ്.

എന്റെ അമളി അല്പമെങ്കിലും നിങ്ങൾക്ക് ഇഷ്ടമായിക്കാണുമല്ലോ.😜

നിർമല അമ്പാട്ട്.✍️

**************************************************************

നിത്യജീവിതത്തിൽ അമളി പറ്റാത്തവരായി ആരെങ്കിലുമുണ്ടോ? ഉണ്ടാവില്ല അല്ലെ..!! നിങ്ങളുടെ ജീവിതത്തിലും ഇത്തരം രസകരമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ നിങ്ങൾക്കിതാ ഒരു സുവർണ്ണാവസരം..!

താല്പര്യമുള്ളവർ നിങ്ങളുടെ ഫോട്ടോയും അഡ്രസ്സും അടക്കം mmcopyeditor@gmail.com എന്ന ഇമെയിലിൽ വിലാസത്തിലോ, 8547475361 എന്ന വാട്ട്സാപ്പിലോ അയച്ചുതരിക. തെരഞ്ഞെടുക്കുന്നവ മലയാളി മനസ്സ് പ്രസിദ്ധീകരിക്കുന്നതാണ്.

മേരി ജോസി മലയിൽ

കോപ്പി എഡിറ്റർ
മലയാളി മനസ്സ് (U. S. A.)

RELATED ARTICLES

1 COMMENT

  1. പരീക്ഷണം പട്ടച്ചാരായത്തിൽ. അതും വെള്ളം ചേർക്കാതെ – കറങ്ങും കിറുങ്ങും.
    വെള്ളം ചേർത്തും കൂടെ വല്ലതും വയറ്റിലേക്കു കൊടുത്തും പരീക്ഷണം തുടർന്നില്ല. അതുകൊണ്ട് ഉർവ്വശീശാപം ഫലിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments