Friday, September 13, 2024
Homeഅമേരിക്കറാന്തൽ വിളക്കിന്റെ വെളിച്ചം (ചെറുകഥ) ✍ഡോ. പ്രേംരാജ് കെ. കെ

റാന്തൽ വിളക്കിന്റെ വെളിച്ചം (ചെറുകഥ) ✍ഡോ. പ്രേംരാജ് കെ. കെ

ഡോ. പ്രേംരാജ് കെ. കെ

എന്നത്തെയുംപോലെ രാവിലെത്തന്നെ വീടിനുമുന്നിൽ പലതരം കാർഷികോല്പങ്ങളുമായി കർഷകർ വന്നുചേർന്നു. അവർ തിക്കുംതിരക്കും കൂട്ടി. മുനിയപ്പ ഓരോ സാധനങ്ങളും എടുത്ത് തൂക്കം നിശ്ചയിക്കുന്നു. ആളുകൾക്ക് അവർ കൊണ്ടുവന്ന സാധനങ്ങളുടെ തൂക്കം അറിയുന്നതിനെക്കാൾ ആകാംക്ഷ അതിന് എത്ര പണം കിട്ടും എന്നതാണ്. മുനിയപ്പ ഒരു സംഖ്യ പറയും, ചിലർ അത് കേട്ട് സമ്മതിച്ച് തിരിച്ചുപോകും. എന്നാൽ ചിലർ ബഹളം വെക്കും. അതുപോര , കുറച്ചുകൂടി തരൂ എന്നൊക്കെ പറയും. അപ്പോൾ മുനിയപ്പ വളരെ വിഷമമാണ് എന്ന് സൂചിപ്പിക്കുന്ന രീതിയിൽ മുഖം വികൃതമാക്കും.. അതിന്റെ പണം അപ്പോൾ കൊടുക്കില്ല, വൈകുന്നേരം മാത്രമേ ഇവരുടെ കണക്കുകൾ തീർക്കുകയുള്ളൂ. എന്നാൽ ചിലർ കൊടുത്ത സാധനങ്ങൾക്ക് പകരമായി വേറെ എന്തെങ്കിലും സാധനങ്ങൾ വാങ്ങികൊണ്ടുവരാൻ ആവശ്യപ്പെടും.
ശൂലഗിരി മാർക്കറ്റിൽ നിന്നും പത്തോളം കിലോമീറ്റർ ദൂരെയുള്ള ഈ കൊച്ചു ഗ്രാമത്തിൽ അമ്പതോളം കുടുംബങ്ങൾ താമസിക്കുന്നു. പ്രധാനമായും കന്നുകാലി വളർത്തലും പച്ചക്കറി ഉല്പാദനവുമാണ് തൊഴിൽ. ദൂരെനിന്നും കാണാം ഒരു വലിയ കുന്ന് , അതിന്റെ ചുവട്ടിൽ നിന്നും അധികം ദൂരെയല്ല ഈ മാർക്കറ്റ്. അവിടെനിന്നും സമീപ ഗ്രാമങ്ങളിലേക്കും പട്ടണത്തിലേക്കും പഴം പച്ചക്കറികൾ പോകാറുണ്ട്.
ഈ മാർക്കറ്റിൽ നിന്നും കിഴക്കോട്ട് ഒരു പാത കാണാം അതിലൂടെ വേണം ഈ ഗ്രാമത്തിലേക്ക് പോകാൻ. തുടക്കത്തിലെ രണ്ടുമൂന്നു കിലോമീറ്റര് ടാറിട്ട റോഡാണ്. എന്നാൽ തുടർന്നുള്ള പാത കുറച്ചു ദുർഘടം പിടിച്ചതാണ്. വേനൽ കാലത്ത് പൊടിമണ്ണ് നിറഞ്ഞതും മഴക്കാലത്ത് ചെളി നിറയുന്നതുമായ പാത.
ഈ പാതയുടെ ഇരുവശങ്ങളിലും പുളിമരങ്ങൾ കാണാം. ഇലകൾ മറഞ്ഞുപോകുന്നത്രയും പുളി കായ്ക്കും അതിലൊക്കെ. മാരിയമ്മൻ കോവിലിന്റെ മുന്നിലും രണ്ടുമൂന്ന് പുളിമരങ്ങൾ ഉണ്ട്. അതിനടുത്താണ് സർക്കാർവക വിദ്യാലയം. മരത്തിൽ പുളി കായ്ച്ചു തുടങ്ങിയാൽ അവിടെ പഠിക്കുന്ന കുട്ടികളുടെ വിലാസകേന്ദ്രമാണ് ആ പുളിമരത്തണൽ. കല്ലുകൾ പെറുക്കി എറിഞ്ഞും നീണ്ട വടികൾ കൊണ്ട് തല്ലിയും ഒക്കെ കുട്ടികൾ പുളി പറിച്ചു തിന്നും. പുളി കായ്ക്കാത്ത നാളുകളിൽ ആ മരങ്ങൾ എല്ലാവർക്കും സ്വച്ഛ ശീതളമായ തണൽ വിരിക്കുന്നു.
ഈ മാരന്ദപള്ളി ഗ്രാമത്തിലേക്ക് പോകുന്ന വഴിയിൽ ഒരു അമ്പലമുണ്ട്, മാരിയമ്മൻ കോവിൽ. അവിടം വരെ മാത്രമേ വൈദ്യുതീകരണം ഉള്ളൂ, അതുവരെ തെരുവിളക്കുകളും അങ്ങിങ്ങായി കാണാം.

മുനിയപ്പ തന്റെ കാളവണ്ടി ഓടിക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറെ ഏറെ ആയി. അയാൾ പറയാറുണ്ട് “തന്നെ പെറ്റിട്ടത് തന്നെ ഈ കാളവണ്ടിയിലാണ്” എന്ന് . അത് ശരിയാണ്. അയാളുടെ അമ്മ പ്രസവവേദനയുമായി കാളവണ്ടിയിൽ ഭർത്താവിന്റെ കൂടെ ആശുപത്രീയിലേക്ക് പോകുന്നവഴി മുനിയപ്പയെ പ്രസവിച്ചു. പിന്നെ ആശുപത്രിയിൽ പോകാതെ വീട്ടിലേക്ക് തിരിച്ചുപോയി. അതുകൊണ്ടുതന്നെ മുനിയപ്പയ്ക്ക് തന്റെ കാളവണ്ടിയോട് വേർപിരിയാൻ പറ്റാത്ത ബന്ധമാണ്. എന്നാൽ അപ്പോൾ ഉണ്ടായിരുന്ന കാളയല്ല ഇപ്പോൾ ഉള്ളത്. അതിനുശേഷം ഇത് മൂന്നാമത്തെ കാളയാണ്.
മുനിയപ്പ സ്കൂളിൽ പോയിട്ടുണ്ട്., നാലാം ക്ലാസ്സുവരെ. അതുതന്നെ വളരെ കൂടിപ്പോയി എന്നാണ് മുനിയപ്പയുടെ അപ്പ പറഞ്ഞിരുന്നത്. ആ അഭിപ്രായത്തോട് മുനിയപ്പയും അനുകൂലിക്കുന്നു എന്നതാണ് പരമാർത്ഥം. മുനിയപ്പ എണ്ണാൻ പഠിച്ചത് സ്കൂളിൽ നിന്നല്ല, ആടുമാടുകളുടെ എണ്ണം നോക്കിയാണ് എന്ന് അയാൾക്ക് നന്നായറിയാം . കുട്ടിയായിരുന്ന മുനിയപ്പയെ അയാളുടെ അച്ഛൻ കന്നുകാലി കച്ചവടത്തിന് കൊണ്ടുപോകുമായിരുന്നു.
ഒരുക്കൽ കൂട്ടത്തിൽ നിന്നും വിട്ടുപോയ ഒരു കാള ഓടി ശൂലഗിരി കുന്നിൻമുകളിൽ കയറി. അതിനെ പിടിക്കാൻ അപ്പയും. ചെങ്കുത്തായ ആ കുന്നിൻ മുകളിൽ നിന്നും കാലുതെറ്റി അയാൾ വീണു മരിച്ചു. അതിൽ പിന്നെ മുനിയപ്പ കച്ചവടത്തിനിറങ്ങി. എന്നാൽ തന്റെ അപ്പ മരിക്കാൻ കാരണമായ ആടുമാടു കച്ചവടം അയാൾ തുടർന്നില്ല. അങ്ങനെയാണ് തന്റെ ഗ്രാമത്തിലെ പഴം പച്ചക്കറികൾ എടുത്ത് മാർക്കറ്റിൽ എത്തിക്കുന്ന കച്ചവടം തുടങ്ങിയത്.
രാവിലെ സൂര്യനുദിക്കുമ്പോൾ പോയാൽ വൈകുന്നേരമാകും തിരികെ വരാൻ. മാർക്കറ്റിൽ എത്തിയാൽ അവിടെയുള്ള നൂറോളം കച്ചവടക്കാർ മുനിയപ്പയെ വിളിക്കും, സാധനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കൊണ്ടുപോകാൻ. ഉച്ചയോടെ മാർക്കറ്റിലെ കച്ചവടം അവസാനിക്കും, അതുകഴിഞ്ഞ് അടുത്തുള്ള ഇടങ്ങളിലേക്ക് സാധനങ്ങൾ കൊണ്ടെത്തിക്കേണ്ട ജോലിയും ഉണ്ടാകും.

ഒരു കർഷകൻ കുറെയേറെ ചക്കകൾ കൊണ്ടുവന്നിരുക്കുന്നു. അയാൾ പറഞ്ഞു “മുനിയപ്പാ, ഇതിന് കാശ് റൊക്കം വാങ്ങണം, റേഷൻ വാങ്ങാൻ കാശില്ല.”
മുനിയപ്പ അതിൽനിന്നും ഒരു ചക്കയെടുത്ത് ഭാര്യ ആഴിയമ്മയ്ക്ക് കൊടുത്തു “ഇത് ഇവിടെ വെച്ചോളൂ, നമുക്ക് തിന്നാം ”
അപ്പോൾ ആ കർഷകൻ പറഞ്ഞു “എന്നാൽ അതിന് കാശ് വേണ്ട, മോന് തിന്നാനുള്ളതല്ലേ ”
മുനിയപ്പ :”അതൊന്നും സാരമില്ല ഡോ.റേഷൻ വാങ്ങുന്നത് നാളത്തേക്ക് വെക്കണ്ട, ഇന്നുതന്നെ വാങ്ങിക്കോളൂ ” എന്നും പറഞ്ഞ് അയാൾ തന്റെ പണപ്പെട്ടി തുറന്ന് പൈസ എണ്ണുമ്പോൾ പറഞ്ഞു “ഇന്നലത്തെ വിലനിലവാരം അനുസരിച്ച് പണം തരാം, ഇന്ന് മാർക്കറ്റിൽ പോയി വിലക്കൂടുതൽ കിട്ടിയാൽ അത് വൈകുന്നേരം തരാം, എന്താ?
“അത് വല്യ ഉപകാരമാകും മുനിയപ്പ ”
അങ്ങനെ ചക്കയും മറ്റു പല പച്ചക്കറികളും നല്ല വണ്ണമുള്ള ആറ് നാടൻ കോഴികളും ഒക്കെ അയാൾ തന്റെ കാളവണ്ടിയിൽ നിറച്ചു. കീറിപ്പറിഞ്ഞ ടാർപോളിൻ ഷീറ്റ് കൊണ്ട് മൂടിക്കെട്ടി. ചക്കയോ വെള്ളരിക്കയോ മറ്റോ വഴിയിൽ ഉരുണ്ടു വീഴാതിരിക്കാൻ വേണ്ടിമാത്രമാണ് ഈ കെട്ട്. കാരണം പാത കുണ്ടുംകുഴികളും ഉള്ളതാണല്ലോ. ആഴിയമ്മ ഒരു റാന്തൽ വിളക്ക് കാളവണ്ടിയുടെ അടിഭാഗത്തുള്ള കൊളുത്തിൽ തൂക്കിയിട്ടു.
“മോൻ എഴുന്നേറ്റോ ?” മുനിയപ്പ ചോദിച്ചു.
ആഴിയമ്മ :”ഇല്ല.. ”
മുനിയപ്പ ഒന്ന് അമർത്തി മൂളികൊണ്ട് ഒറ്റ കാളയെ പൂട്ടിയ വണ്ടിയിൽ ചാടിക്കയറി കാളയോട് മുന്നോട്ട് നീങ്ങാനുള്ള ശബ്ദമുണ്ടാക്കി. ആ കാള തലകുലുക്കി സമ്മതിച്ചുകൊണ്ട് മുന്നോട് നീങ്ങി. .
ചന്തയിൽ പഴം പച്ചക്കറികൾ കൂനകൂട്ടിയിട്ടിരിക്കുന്നു. മുനിയപ്പ ഓരോ പച്ചക്കറികച്ചവടക്കാർക്കും അവരവർ വിൽക്കുന്ന സാധനങ്ങൾ തൂക്കം നോക്കി കൈമാറി. ചക്ക മാത്രം വിൽക്കുന്ന ഒരാളുണ്ട്, അയാൾക്ക് വണ്ടിയിലുരുന്ന ചക്കകളെല്ലാം കൊടുത്തു. ഉച്ചയോടെയാണ് എല്ലാവരും പൈസ കൊടുക്കുക.

മുനിയപ്പ കാളയെ വണ്ടിയിൽ നിന്നുമഴിച്ച് ഒരു പുളിമരത്തണലിൽ കെട്ടി വൈക്കോലും വെള്ളവും മുന്നിൽ വെച്ചുകൊടുത്തു. ഇനി കുറെ നേരത്തേക്ക് അതിന് വിശ്രമമാണ്. ഉച്ചയോടെ മാത്രമേ സാധനങ്ങൾ ഓരോരിടങ്ങളിൽ കൊണ്ടുചെന്നുകൊടുക്കാനുള്ളൂ.
അതിനിടയിൽ റേഷൻ കടയിൽ പോയി അരിയും മണ്ണെണ്ണയും മറ്റും വാങ്ങേണ്ടതുണ്ട്

കുറച്ചുനേരം കഴിഞ്ഞപ്പോൾ ചക്ക വാങ്ങിയ കച്ചവടക്കാരൻ മിനിയപ്പയെ വിളിച്ചു. അപ്പോൾ അവിടെ ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. “ഞാൻ നദീർ, ദാ… ഈ കാണുന്ന ചക്കയൊക്കെ എന്റെ അങ്ങാടിയിൽ എത്തിക്കണം. ചക്കപ്പഴങ്ങൾ ഉടയാതെ എത്തിക്കണം കേട്ടല്ലോ?”
മുനിയപ്പ കച്ചവടക്കാരനോട് ചോദിച്ചു. “ഇപ്പോൾ ത്തന്നെ പോകണോ? ”
നദീർ പറഞ്ഞു :”വേണ്ട, തന്റെ ഇവിടുത്തെ ജോലിയൊക്കെ കഴിഞ്ഞിട്ട് മതി. അപ്പൊഴേക്കേ ഞാൻ കടയിലേക്ക് എത്തുകയുള്ളൂ. എന്നാലും ഇതൊക്കെ വണ്ടിയിൽ നിറച്ചോളൂ.”
മുനിയപ്പ തലകുലുക്കി സമ്മതിച്ചു.
നദീർ തുടർന്നു :”അതിന് തനിക്ക് എന്റെ കട അറിയാമോ ?” അയാൾ കടക്കാരനെ ചൂണ്ടി പറഞ്ഞു “ഇയാൾ പറഞ്ഞുതരും ”
നദീർ സാഹിബ്ബ് നടന്നുനീങ്ങി. അയാൾ പോയതും കച്ചവടക്കാരൻ മുനിയപ്പയെ വിളിച്ചു “ഇന്ന് താൻ ഭാഗ്യവാനാണല്ലോ, നല്ല വിലയാണ് ചക്കയ്ക്ക് കിട്ടിയിരിക്കുന്നത് ” അയാൾ മുനിയപ്പയെ ചക്കയുടെ പൈസ ഏൽപ്പിച്ചു.

ഈ ചന്ത എല്ലാദിവസവും ഉണ്ടാകും. മൈതാനം പോലെയുള്ള തുറസ്സായ സ്ഥലത്ത് നൂറോളം കച്ചവടക്കാർ നിരന്നിരുപ്പുണ്ടാകും. പൂക്കൾ വിൽക്കുന്നവർ ഒരു ഭാഗത്ത്, പച്ചക്കറികൾ വേറെ, ആട്, കോഴി , പന്നി എന്നിവയൊക്കെ വേറെ, പാത്രങ്ങൾ, അടുക്കള ഉപകരണങ്ങൾ വേറെ, പഴം പച്ചക്കറി വേറെ. ഉച്ചയോടെ കച്ചവടം അവസാനിപ്പിച്ച് എല്ലാവരും പോകും. എന്നാൽ ചിലർ വൈകുന്നേരമേ പോകൂ, പാത്ര കച്ചവടക്കാരും മറ്റും.

ഉച്ചയായതോടെ മുനിയപ്പ താൻ കൊടുത്ത സാധനങ്ങളുടെ പണം പിരിച്ചെടുക്കുന്നതോടൊപ്പം തന്റെ വീട്ടിലേക്ക് വേണ്ടുന്ന സാധനങ്ങളും റേഷൻ കടയിൽനിന്ന് അരിയും മണ്ണെണ്ണയും മറ്റും വാങ്ങിവെച്ചു. കാളയെ വണ്ടിയിൽ കെട്ടി നദീർ സാഹിബ്ബിന് സാധനങ്ങൾ കൊടുക്കാനായി പുറപ്പെട്ടു.
ദേശീയപാത മുറിച്ച് കടന്ന് കുറച്ചുദൂരം ചെന്നപ്പോഴേക്കും ഒരു ഗ്രാമത്തിന്റെ പ്രവേശന കവാടത്തിന് അടുത്തുതന്നെ അയാളുടെ കട കണ്ടു. കടയുടെ മുന്നിൽ നദീർ സാഹിബ്ബ് നിൽക്കുന്നു. അതുകൊണ്ടുതന്നെ കൂടുതലൊന്നും അന്വേഷിക്കേണ്ടിവന്നില്ല. വണ്ടിയിൽ നിന്നും സാധനങ്ങളെല്ലാം ഇറക്കി യാത്ര പറയാനൊരുങ്ങുമ്പോൾ സാഹിബ്ബ് വിളിച്ചു.
“രണ്ടുദിവസം കഴിഞ്ഞ് മോളുടെ വിവാഹമാണ്. കുടുംബസമേതം വരണം ” അയാൾ മുനിയപ്പയ്ക്ക് ഏതാനും പൊതികൾ നൽകികൊണ്ടു് “കുറച്ചു വസ്ത്രങ്ങൾ ആണ് , കുടുംബത്തിലെ എല്ലാവർക്കും കൊടുക്കുക ”
അയാൾ കുറച്ച് വാഴപ്പഴങ്ങൾ ജോലിക്കാരനോട് പറഞ്ഞ് കാളവണ്ടിയിൽ വെപ്പിച്ചു. കൂടാതെ അയാൾ ഏതാനും കുറച്ചു പണവും ഏൽപ്പിച്ചു.
വിവാഹത്തിന് കാണാമെന്നും പറഞ്ഞ് മുനിയപ്പ യാത്രയായി.
നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു. മാരിയമ്മൻ കോവിൽ കഴിഞ്ഞ് കാളവണ്ടി നിർത്തി ഇറങ്ങി റാന്തൻവിളക്കിന് തീകൊടുത്തി അതെ തീകൊണ്ട് ഒരു ബീഡിയും കത്തിച്ചു. വണ്ടിയിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്ന നാടൻ വാറ്റ് ചാരായം ഒരു കവിൾ അകത്താക്കി. വീണ്ടും വണ്ടിയിൽ കയറി യാത്ര തുടർന്നു.
കുറച്ചുദൂരം ചെന്നപ്പോൾ വഴിയരികിലെ ഒരു പുളിമരച്ചോട്ടിൽ ഒരു രൂപം. ഒരാൾ ഇരിക്കുകയാണോ അല്ല അതൊരു കുട്ടിയാണോ! ഒരു കവിൾ കൂടി വാറ്റ് ചാരായം ഇറക്കി സൂക്ഷിച്ചുനോക്കി. മങ്ങിയ നിലാവെളിച്ചത്തിൽ ആരാണെന്ന് മനസ്സിലാകുന്നില്ല.

അടുത്തെത്തിയപ്പോൾ മുനിയപ്പ കാളവണ്ടി നിർത്തി ഇറങ്ങി. കുനിഞ്ഞ് വണ്ടിയിൽ തൂക്കിയിട്ടിരുന്ന റാന്തൽ വിളക്കെടുത്തു. പതുക്കെ പുളിമരച്ചോട്ടിലേക്ക് നടന്നു. റാന്തൽ വിളക്ക് ആ രൂപത്തിന്റെ അടുത്തേക്ക് പിടിച്ചു. അതൊരു കുട്ടിയായിരുന്നു. പത്തോ പന്ത്രണ്ടോ വയസ്സുതോന്നിക്കുന്ന ആൺകുട്ടി. മുനിയപ്പയ്ക്ക് ചെറിയ ഒരു പരിഭ്രമം തോന്നിയെങ്കിലും ചോദിച്ചു “നീ ഏതാ? ”
അവൻ ഒന്നും പറയാതെ കാളവണ്ടിയിൽ ചാടിക്കയറി. മുനിയപ്പ അവന്റെ പിന്നാലെ ഓടി കാളവണ്ടിയുടെ പുറകുവശത്തെത്തി അവന്റെ മുഖത്തേക്ക് റാന്തൽ വിളക്ക് ചേർത്തു പിടിച്ചു.
നീ ഏതാടാ മോനെ? നിനക്കെന്തുവേണം ?”
അപ്പോഴും അവൻ ഒന്നും മിണ്ടിയില്ല.
അയാൾ റാന്തൽ വിളക്ക് വണ്ടിക്കകത്ത് വെച്ചു.
ഇവൻ ഇങ്ങനെ വണ്ടിയിൽ കയറിയിരുന്നാൽ എങ്ങനെ മുന്നോട്ട് പോകും? മുനിയപ്പ വണ്ടിയിൽനിന്നും വാറ്റ് ചാരായം എടുത്ത് രണ്ടുമൂന്നു കവിൾ ഇറക്കി. അയാൾ വീണ്ടും വീണ്ടും ചോദിച്ചു
” മോനെ നീ ആരാണ്? നിനക്ക് എവിടെയാണ് പോകേണ്ടത്?” ഇവന് ചെവി കേൾക്കുന്നില്ല എന്ന് കരുതി അയാൾ ആംഗ്യഭാഷയിൽ ചോദിക്കാൻ ശ്രമിച്ചു. അതിനും ഫലമുണ്ടായില്ല.
അതിന് മറുപടിയായി അവൻ അയാളോട് ആംഗ്യഭാഷയിൽ പറഞ്ഞു വണ്ടി മുന്നോട്ടെടുക്കാൻ.
മുനിയപ്പ ചുറ്റും നോക്കി ആരെങ്കിലും വരുന്നുണ്ടോ അല്ലെങ്കിൽ ആരോടെങ്കിലും ചോദിക്കാൻ സാധിക്കുമോ എന്ന ആഗ്രഹത്തോടെ.
വണ്ടിയിലുരുന്ന് ആ പയ്യൻ അതിലിരിക്കുന്ന പഴം ശ്രദ്ധിച്ചു. അതിൽനിന്നും ഒരെണ്ണമെടുത്ത് അവൻ തൊലിയുരിഞ്ഞ് തിന്നാൻ തുടങ്ങി. വീണ്ടും അവൻ അയാളോട് വണ്ടി മുന്നോട്ടെടുക്കാൻ പറഞ്ഞു.
മുനിയപ്പ അത് ഇഷ്ടപ്പെടാതെ അവനോടു കയർത്തു. “നീ ഏതാടാ ചെക്കാ. നിന്നെയും കൊണ്ട് ഞാൻ വീട്ടിലേക്ക് പോകുന്നതെങ്ങനെ. നിന്നെത്തേടി ആരെങ്കിലും വന്നാലോ ”
അത് കേൾക്കാത്ത ഭാവത്തിൽ പയ്യൻ പഴം തിന്നുകൊണ്ടേയിരുന്നു.
മുനിയപ്പ ഒഴിഞ്ഞ വാറ്റ് ചാരായതിന്റെ കുപ്പി വണ്ടിയിൽ വെച്ച് അടുത്ത കുപ്പി തുറന്ന് ഒരു കവിൾ കുടിച്ചുകൊണ്ട് പറഞ്ഞു “എടാ, ചെറുക്കാ, എനിക്ക് നേരം വൈകുന്നു, നീ വേഗം ഇറങ്ങിക്കോ”
അവൻ അപ്പോഴും വണ്ടി എടുക്കാൻ ആഗ്യംകാട്ടി.
വരുന്നത് വഴിയിൽ തങ്ങില്ലല്ലോ എന്ന് കരുതി മുനിയപ്പ വണ്ടിയിൽ കയറി കാളയോട് പോകാമെന്ന് പറഞ്ഞു.
“എടാ നീ ആ പഴം മുഴുവനായും തീർക്കരുത് , എന്റെ മോന് കൊടുക്കാനുള്ളതാ.”
അയാൾ ആ കുട്ടിയോട് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. അവനതൊക്കെ കേട്ടതായിപോലും ഭാവിച്ചില്ല. അപ്പോഴും വണ്ടിയുടെ താഴെ ആ റാന്തൽ വിളക്ക് എരിഞ്ഞുകൊണ്ടിരുന്നു .

അവർ വീട്ടിലെത്തിയപ്പോൾ ആഴിയമ്മയും മകൻ ഗണേശും മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ കാത്തിരിക്കുകയായിരുന്നു. മുനിയപ്പ വണ്ടിയിൽ നിന്നും ചാടിയിറങ്ങി. ആഴിയമ്മ വണ്ടിയിൽ നിന്നും സാധനങ്ങൾ ഇറക്കാനായി വണ്ടിയുടെ പുറകുവശത്തേക്ക് ചെന്നു. അവർ ഒരു ഞെട്ടലോടെ ചോദിച്ചു
“ഇതാരാ ഒരു കുട്ടി ?”
മുനിയപ്പ പെട്ടെന്ന് തന്നെ ഉത്തരം പറഞ്ഞു :”വഴിയിൽ നിന്നും കിട്ടിയതാ ”
ആഴിയമ്മ :”വഴിയിൽ നിന്നും കിട്ടാൻ ഇതെന്താ പട്ടിയോ പൂച്ചയോ മറ്റോ ആണോ? ”
മുനിയപ്പ താൻ പറഞ്ഞത് തിരുത്തി :”വഴിയിൽ നിന്നും കയറിയതാ”
ആഴിയമ്മ :”കയറാൻ നിങ്ങൾ വണ്ടി നിർത്തിയതുകൊണ്ടല്ലേ?”
മുനിയപ്പ : “ഈ കുട്ടി വഴിയിൽ നിൽക്കുന്നത് കണ്ടു, എന്താ കാര്യമെന്ന് ചോദിക്കാനായി നിർത്തി ”
അഴിയമ്മ അത് വിശ്വസിക്കാനാവാതെ ഒന്ന് മൂളി . “എന്നിട്ട് എന്തിന് ഇങ്ങോട് കൊണ്ടുവന്നു ? അവന്റെ വീട്ടിൽ ആക്കാമായിരുന്നില്ലേ ?”
മുനിയപ്പ :”അതിന് ഇവൻ വല്ലതും മിണ്ടിയിട്ട് വേണ്ടേ ആരാണെന്നും വീട് എവിടെയാണെന്നും ചോദിക്കാൻ”
ആഴിയമ്മ കുട്ടിയോട് ചോദിച്ചു :”മോനേ നീയേതാ? ” അവൻ ഒന്നും മിണ്ടാതെ ആഴിയമ്മയെ നോക്കി ചിരിച്ചു. “നിന്റെ പേരെന്താ ?” അപ്പോഴും അവൻ ആഴിയമ്മയെ നോക്കി വളരെ ഹൃദ്യവും സ്നേഹവും നിറഞ്ഞ ചിരി തന്നെ. അവൻ ഇരുകൈകളും നീട്ടി. ആഴിയമ്മ ആ കൈകൾ പിടിച്ചു.

ആഴിയമ്മ ഗണേശിനോട് പറഞ്ഞു “മോനെ നീ ഇവനെയും വീട്ടിലേക്ക് കൂട്ടിക്കോളൂ ”
ഗണേശ് വണ്ടിയുടെ പിറകെച്ചെന്ന് അവനെ ഇറങ്ങാൻ സഹായിച്ചു. രണ്ടുപേരും വീട്ടുപടിക്കൽ നിന്നു.
അഴിയമ്മ വണ്ടിയിൽ നിന്നും പഴക്കുലയും റേഷൻ സാധനങ്ങളും എടുത്ത് വീടിനകത്തേക്ക് കയറി.
അപ്പോൾ ആഴിയമ്മ പിറുപിറുക്കുന്നുണ്ടായിരിക്കുന്നു. “ഏതാണാവോ ഈ ചെക്കൻ. ഇയാളുടെ മകൻ ആണോ ഇത്. കണ്ടിട്ടും അങ്ങനെ തോന്നുന്നു. “
മുനിയപ്പ വണ്ടിയിൽ നിന്നും മിച്ചമിരുന്ന വാറ്റ് ചാരായക്കുപ്പി എടുത്ത് വീട്ടുപടിക്കൽ ഇരുന്നു.
ആഴിയമ്മ വീടിനകത്തുനിന്നും ചോദിച്ചു “ഈ ചെക്കന് കഴിക്കാൻ കൊടുക്കണോ”
മുനിയപ്പ പിറുപിറുത്തു :”അതെങ്ങനെ എനിക്കറിയാം, അവനോടുതന്നെ ചോദിച്ചുകൂടെ?”
“ഗണേശാ , നീ അവനെയും കൂട്ടി കഴിക്കാൻ വാ ”
ഗണേശ് ആ കുട്ടിയേയും കൂട്ടി കാലും മുഖവും കഴുകിക്കാനായി മുറ്റത്തെ കിണറ്റിനടുത്തേക്ക് ചെന്നു.
അത് കണ്ടുനിന്ന മുനിയപ്പ മനസ്സിൽ പറഞ്ഞു :”ഗണേശിനെക്കാൾ ഉയരം ഉണ്ട്, പ്രായവും കൂടുതൽ കാണും ”
മുനിയപ്പ കുപ്പിയിൽ ഇരുന്ന വാറ്റ് ചാരായം മുഴുവൻ കുടിച്ച് റാന്തലുമായി കിണറ്റിനടുത്തേക്ക് ചെന്നു. അയാൾ ആ റാന്തൽ വിളക്ക് കുട്ടിയുടെ മുഖത്തേക്ക് ചേർത്തു പിടിച്ചു. എന്നിട്ട് ഗണേശിനോട് ചോദിച്ചു
“എടാ മോനെ, നിനക്ക് ഇവനെ അറിയാമോ ?”
ഗണേശ് പെട്ടെന്ന് മറുപടി പറഞ്ഞു , അതിൽ അല്പം ദേഷ്യം ഉണ്ടായിരിന്നു.
“:എനിക്കറിഞ്ഞികൂടാ.. കണ്ടിട്ടുപോലുമില്ല ”
മുനിയപ്പ :” എന്നാൽ നീ അവനോട് വിവരങ്ങൾ ചോദിക്ക്. പേരും വീടും അച്ഛൻ ആരെന്നും ഒക്കെ ”
ഗണേശ് “അതിന് ഇവൻ മിണ്ടുന്നില്ലല്ലോ.”
മുനിയപ്പ :”നീ അവനൊരു പെൻസിലും കടലാസും കൊടുക്ക് , അവൻ എഴുതിത്തരും ”
ഗണേശ് “അതിനിവൻ എഴുതും എന്നെങ്ങനെയറിയാം ?”
മുനിയപ്പ :’വെറുതേ ഊഹിച്ചു ”
ഗണേശ് :’ശരി, കൊടുത്തു നോക്കാം ”
അവർ വീട്ടിനകത്തേക്ക് കയറി, ഗണേശ് തന്റെ നോട്ട് പുസ്തകത്തിൽ നിന്നും നാടുവിലത്തെ താൾ പറിച്ചെടുത്ത് അവന് കൊടുത്തു. അവനത് ട്രൗസറിന്റെ കീശയിൽ വെച്ചു.
അപ്പോഴേക്കും ആഴിയമ്മ കഞ്ഞി ഓരോ പാത്രങ്ങളിൽ നിർത്തിവെച്ചു.
കഞ്ഞി കുടിക്കുന്നതിനിടയിൽ മുനിയപ്പ പറഞ്ഞു “കഞ്ഞി കുടിച്ച ശേഷം അവൻ എഴുതട്ടെ. വിളക്ക് കെടുത്തേണ്ട.”
അവൻ ആർത്തിയോടെ കഞ്ഞി കുടിച്ചു. ആഴിയമ്മ കുറച്ചുകൂടി കഞ്ഞി അവന്റെ പാത്രത്തിലേക്ക് ഒഴിച്ചുകൊടുത്തു.
മുനിയപ്പ ചോദിച്ചു “അപ്പോൾ നിനക്ക് കുടിക്കാൻ കഞ്ഞി ഉണ്ടാകുമോ ?”
ആഴിയമ്മ :’അത് സാരമില്ല, പഴം ഉണ്ടല്ലോ.”
കഞ്ഞികുടി കഴിഞ്ഞ് വീട്ടുപടിക്കൽ അവനെയിരുത്തി മുനിയപ്പ മുറ്റത്തുകൂടി അങ്ങോട്ടുമിങ്ങോട്ടും നടന്നു.
അഴിയമ്മ എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരിന്നു. :”ഇവൻ ഇയാൾക്ക് ഉണ്ടായതുതന്നെയാണോ. കണ്ടിട്ട് ഒരേ മുഖച്ഛായ ഉണ്ടല്ലോ. ഇയാളുടെ ജാര സന്തതിയാണോ. ഏതവളായിരിക്കും ഇവന്റെ തള്ള! , തന്റെ ഭർത്താവിന് അങ്ങനെ ഒരു ഭാര്യ , രണ്ടാം ഭാര്യ ഉണ്ടാകുമോ ? ” എന്നൊക്കെ യായിരുന്നു അവർ പറഞ്ഞുകൊണ്ടിരുന്നത്.
അല്പം കഴിഞ്ഞപ്പോൾ മുനിയപ്പ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു “നാളെ രാവിലെ പഞ്ചായത്തുമുഖ്യന്റെ അടുത്ത് ഇവനെ എത്തിക്കാം , എനിക്ക് വയ്യ ഇനിയൊരു ഭാരം കൂടി ഏറ്റെടുക്കാൻ ”
ആഴിയമ്മ :”ഭാരമോ? ഇവൻ നിങ്ങൾക്കെങ്ങനെ ഭാരമാകും ?”
മുനിയപ്പ :’ഞാൻ തലയിൽ കേറ്റിയ ഭാരമല്ലേ, ഞാൻതന്നെ ഇറക്കിവെക്കാം ”
ആഴിയമ്മ :”നിങ്ങൾ എന്തെങ്കിലും ചെയ്യ്. അവസാനം ഇവൻ നിങ്ങളുടെ കുട്ടിയാണെന്ന് മാത്രം പറയരുത് ”
മുനിയപ്പ :’നീ എന്തൊക്കെയാണ് പറയുന്നത്! ഞാൻ അങ്ങനെയുള്ള ആളാണോ ?”
ആഴിയമ്മ :”ആർക്കറിയാം ?”
ആഴിയമ്മയും മുനിയപ്പയും ഉറങ്ങാൻ കിടന്നു. ഉമ്മറപ്പടിയിൽ ഒരു മണ്ണെണ്ണ വിളക്കിന് അതിനടുത്തിരുന്ന് അവൻ എഴുതാൻ തുടങ്ങിയിരുന്നു. ഗണേശ് അവന്റെ അടുത്ത് ചുമരിൽ ചാരിയിരുന്ന് ഉറക്കം തൂങ്ങുന്നു.
അവൻ ഗണേശിനോട് പോയി കിടന്നോളാൻ പറഞ്ഞപ്പോൾ ഗണേശ് അതനുസരിച്ചു. പോകുമ്പോൾ അവൻ പറഞ്ഞു “വിളക്ക് കെടുത്തേണ്ട, തിരി താഴ്ത്തിയാൽ മതി”

കുറേനേരം അവൻ എന്തൊക്കെയോ എഴുതി. പിന്നീട് എഴുത്ത് മതിയാക്കി ആ കടലാസ് ഷർട്ടിന്റെ കീശയിൽ തിരുകി. അവൻ കുറെ നേരം ആ വിളക്കും നോക്കി ഇരുന്നു. അപ്പോൾ ആഴിയമ്മ പറഞ്ഞു ” എഴുതി കഴിഞ്ഞെങ്കിൽ കിടന്നൂടെ ?’
വീടും മുറ്റത്തെ തെങ്ങുമായി ബന്ധിച്ചിരുക്കുന്ന ഒരു ചരടിൽ അവൻ ഷർട്ട് ഊരി തൂക്കിയിട്ടു. വിളക്കിന്റെ തിരി താഴ്ത്തി അടുത്തിട്ടിരുന്ന പായയിൽ കിടന്നു.
ആഴിയമ്മയ്ക്ക് ഉറക്കം വന്നില്ല. അവർ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒന്നും മിണ്ടാൻ കഴിഞ്ഞില്ല, മുനിയപ്പ അടുത്തുതന്നെ കിടപ്പുണ്ടല്ലോ.
അവരുടെ മനസ്സ് വല്ലാതെ കലങ്ങി. എന്തുചെയ്യണം? നാളെ ഇവൻ തന്റെ ഭർത്താവിന്റെ കുഞ്ഞാണെന്ന് പറഞ്ഞാൽ എന്ത് ചെയ്യും.
അവർ എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി. എല്ലാവരും ഉറക്കമാണ്. മുനിയപ്പ കൊണ്ടുവന്ന റേഷൻ മണ്ണെണ്ണ അവർ വീടിന് അവിടെയും ഇവിടെയും ഒക്കെയായി ഒഴിച്ചു.
പെട്ടെന്നാണ് അവരത് ചെയ്തത്.
കാലുകൊണ്ട് റാന്തൽ വിളക്കിന് ഒരു തൊഴി വെച്ചുകൊടുത്തു. തീ ആളി പടർന്നു. വീടും തെങ്ങുമായി കെട്ടിയ വള്ളി പൊട്ടി , അവന്റെ ഷർട്ട് ആഴിയമ്മയുടെ മുകളിൽ വീണു. അവർ അതിൽ കണ്ട കടലാസ്സ് എടുത്തു തുറന്നു. വലിയ തീ ജ്വാലയിൽ അവർ അത് വായിച്ചു.
“ഞാൻ , ആദിത്യ, അച്ഛൻ എന്നെ മാരിയമ്മൻ കോവിലിനടുത്ത് കൊണ്ടുവിട്ടു. എനിക്ക് അമ്മയില്ല, അച്ഛന്റെ രണ്ടാം ഭാര്യയ്ക്ക് എന്നെ ഇഷ്ടമല്ല. വല്ലാതെ ഉപദ്രവിക്കും, കുറേ നാളുകൾക്ക് മുമ്പ് രണ്ടാനമ്മ എന്റെ കഴുത്ത് പിടിച്ച് ഞെരിച്ചു. അതോടെ എനിക്ക് മിണ്ടാനാവാതെയായി. അതേത്തുടർന്ന് അച്ഛൻ എന്നോട് എവിടെയെങ്കിലും പോയി ജീവിക്കാൻ പറഞ്ഞു. അച്ഛൻ തന്നെയാണ് അവിടെ, ആ അമ്പലത്തിനടുത്ത് കൊണ്ടുവിട്ടത്. ഇനി നിങ്ങളാണ് എന്റെ അമ്മയും അച്ഛനും സഹോദരനും”
ആഴിയമ്മ ആ കത്തുന്ന വീടിനുള്ളിലേക്ക് കയറിപ്പോയി.

ഡോ. പ്രേംരാജ് കെ. കെ

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments