Saturday, April 27, 2024
Homeയാത്രഉത്തരാഖണ്ഡ് - (9) Lansdowne ✍തയ്യാറാക്കിയത്: റിറ്റ ഡൽഹി

ഉത്തരാഖണ്ഡ് – (9) Lansdowne ✍തയ്യാറാക്കിയത്: റിറ്റ ഡൽഹി

റിറ്റ ഡൽഹി✍

Tip in Top

സാധാരണയായി ടിഫിൻ ടോപ്പ് എന്നും അറിയപ്പെടുന്ന ഈ സ്ഥലം സമുദ്രനിരപ്പിൽ നിന്ന് 1700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഹിൽടോപ്പ് വ്യൂ പോയിന്റാണ്.  അവിടെ നിന്നുള്ള കാഴ്ചകളെ പ്രത്യേകിച്ച് വിവരിക്കേണ്ടതില്ലല്ലോ?

പ്രധാന നഗരത്തിൽ നിന്ന് ഏകദേശം ഒന്നര കിലോ മീറ്റർ അകലെയാണ് ഈ സ്ഥലം . അതുകൊണ്ടു തന്നെ നഗര തിരക്കുകളിൽ നിന്നു മാറി ശാന്തതയും സമാധാനവുമുള്ള ഒരു സ്ഥലമെന്ന് പറയാം.

മനോഹരമായ കാഴ്ചകൾ ആസ്വദിക്കാനും നല്ല ചിത്രങ്ങൾ ക്ലിക്ക് ചെയ്യാനും പറ്റിയ സ്ഥലം. മറ്റ് വിനോദങ്ങളൊന്നുമില്ല. ഓരോ വർഷവും ആയിരക്കണക്കിന് ആളുകൾ സന്ദർശിക്കാറുണ്ടത്രേ ! പ്രധാനമായും ഹണിമൂൺ യാത്രക്കാർക്കും നവദമ്പതികൾക്കും  ഇടയിലാണ് ഈ ലോക്കേഷൻ ജനപ്രിയം എന്ന്

 ഗൈഡ്. “ഞങ്ങളെ കണ്ടാൽ അതുപോലെയൊന്നും തോന്നുകയില്ലേ ? ” ചോദ്യത്തിന്, ഗൈഡിന് ആകെ നാണം!

Bhim Pakora

‘ ഗൂഗിൾ മാപ്പ് ചതിച്ചു കാർ  നേരെ പോയി ഒരു തോട്ടിൽ വീണു- അപകടം ‘, മറ്റൊരു ആകർഷണമായ ഈ സ്ഥലം കാണാനുള്ള യാത്രയിൽ മനസ്സിലേക്ക് ഓടി വന്ന വാർത്തയാണിത്. പ്രധാന മാർക്കറ്റ് റോഡ് കഴിഞ്ഞാൽ ഇടതൂർന്ന ഓക്ക്, പൈൻ വനങ്ങളിലൂടെയുള്ള വഴി. പലയിടങ്ങളിലും മലയിടിഞ്ഞു വീണിരിക്കുന്നു.  വഴിയിൽ ആരും ഇല്ല. ചിലയിടങ്ങളിൽ ചരലുകളും വലിയ കല്ലുകളുമൊക്കെയായി ബൈക്കിലെ  ആ യാത്ര , കാണാ ദൈവങ്ങളെ നേരിട്ടു കാണുന്ന അവസ്ഥ എന്നു പറയാം.

രണ്ടു വലിയ കല്ലുകൾ ഒന്നിനുപുറകെ ഒന്നായി നിലകൊള്ളുകയും വിരൽ കൊണ്ടു കല്ല് ചലിപ്പിക്കാൻ കഴിയുമെങ്കിലും അത് ഒരിക്കലും താഴേക്ക് വീഴാതിരിക്കുകയും ചെയ്യുന്നതാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത .

ഇവിടം നിരവധി പുരാണ കഥകളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ജനപ്രിയമാണ്. വനവാസ കാലത്ത് പാണ്ഡവർ ഇവിടെ തങ്ങി ഭക്ഷണം പാകം ചെയ്തിരുന്നതായി പറയപ്പെടുന്നു. ഭീമൻ ഒരു പാറയെ മറ്റൊന്നിനു മുകളിൽ ഒരിക്കലും വീഴ്ത്താൻ കഴിയാത്ത വിധം സ്ഥാപിച്ചു എന്നതും പ്രചാരത്തിലുള്ള ഒരു കഥയാണ്.

താമസിച്ച ഹോട്ടലിലെ ലഘുരേഖയിൽ കണ്ടതാണ്. വിശദീകരണത്തിന് അനുസരിച്ചുള്ള മനോഹരമായ പടവും കണ്ടപ്പോൾ കാണാൻ പുറപ്പെട്ടതാണ്. പറയുന്ന സവിശേഷതകളൊന്നും കണ്ടില്ലെങ്കിലും കുറച്ചുനേരം ആളുകളിൽ നിന്നു മാറി പ്രകൃതിയുമായി കുറച്ചു സമയം എന്നു പറയാം. എന്നാലും വിജനമായ സ്ഥലത്ത് കറങ്ങി നടക്കാനും ഭയം. എന്തായാലും ഒരു അബദ്ധമൊക്കെ ആർക്കും സംഭവിക്കാമെന്ന രീതിയിൽ കാണാ ദൈവങ്ങളെ കൂട്ടുപിടിച്ചുള്ള മടക്ക യാത്ര!

ആ ഹിൽസ്റ്റേഷനിൽ ‘ പെട്രോൾ  പമ്പ്’ ഇല്ലയെന്നതാണ് മറ്റൊരു അക്കിടിയായി തോന്നിയത്. ചില കടയിൽ പെട്രോൾ അവർ പെട്രോൾ പമ്പിൽ നിന്ന് വാങ്ങിച്ചു കൊണ്ടുവന്നിട്ട് ചെറിയ അളവിൽ വിൽക്കുന്നു. ഞങ്ങളുടെ കഷ്ടകാലത്ത് ആ കടകളെല്ലാം ഒന്നുകിൽ അവധി അല്ലെങ്കിൽ സ്‌റ്റോക്കില്ല. താഴ്‌വാരത്താണ് പെട്രോൾ പമ്പുള്ളത്. ബൈക്ക് – ന്യൂട്രലിട്ട് ഓടിച്ചാൽ താഴ്‌വാരത്ത് എത്തുമെന്നാണ് നാട്ടുകാർ. Cantt area ആയതുകൊണ്ട് പെട്രോൾ പമ്പ് വെയ്ക്കാനുള്ള  ‘ പെർമിഷൻ’ ഇല്ലത്രെ !  യാത്രയിൽ  പ്രതീക്ഷിക്കാത്ത ചില കാര്യങ്ങളാണിതൊക്കെ!

യാദൃച്ഛികതയുടെ ആകെ തുകയാണ് ജീവിതമെന്ന് പറയാറുണ്ട് ചിലപ്പോൾ യാത്രകളും അല്ലേ!

ഉത്തരാം ഖണ്ഡ് യാത്രാവിവരണം ഇവിടെ തീരുകയാണ്. കൂടെ കൂടിയ വായനക്കാർക്കും ഇതുപോലെ ഒരു അവസരം തന്ന മലയാളി മനസ്സിനും നന്ദി🙏.അടുത്താഴ്ച മുതൽ മൈസൂർ – കൂർഗ് – കേരളം വിശേഷങ്ങളുമായി കാണാം.

Thanks

റിറ്റ ഡൽഹി✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments