നാട്ടുക്കാരുടെ സാമൂഹ്യ സേവകൻ ‘തട്ടാരശ്ശേരി അബൂബക്കർ’
—————————-
ഇന്ന് ഞാൻ കുറിക്കുന്നത്, പുഴപണിക്കാരൻ തട്ടാരശ്ശേരി അഹമ്മദ് കുട്ടിയുടെ മകൻ, തട്ടാരശ്ശേരി അബൂബക്കർ എന്ന നമ്മുടെ പോക്കരാക്കാനെയാണ്. ചെറുപ്പംമുതൽ മുഴു പട്ടിണിയിലായ കുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത്.
1952 ൽ കല്ലായി സ്ക്കൂളിൽ ഇദ്ദേഹത്തെ ഉപ്പ ചേർത്തു. അന്ന് ആറും ഏഴും വയസ്സിലാണ് സ്ക്കൂളിൽ ചേർക്കുക. അന്നത്തെക്കാലത്ത് മാതാപിതാക്കൾ പഠിക്കാൻ വേണ്ടിയല്ല മക്കളെ ചേർക്കുന്നത്, ഉച്ചയ്ക്ക് മക്കൾക്ക് നല്ല കഞ്ഞി കിട്ടുമല്ലോ എന്ന് വിചാരിച്ചാണ് സ്ക്കൂളിൽ പറഞ്ഞയക്കുന്നത്, അന്ന് മിക്ക കുട്ടികളും സ്ക്കൂളിൽ പോകുന്നത്, കഞ്ഞി കുടിക്കാൻ വേണ്ടിയാണ്. കഞ്ഞിയുടെ കൂടെ ചമ്മന്തിയാണ് കുട്ടികൾ കൊണ്ടുവരിക,, വൈകീട്ട് സ്കൂളിൽ പാൽപ്പൊടി, ശർക്കര വെള്ളത്തിൽ കലക്കിയത് ഒരു ഗ്ളാസ് കിട്ടും. അന്നൊക്കെ, താളും തുവരയുമാണ് വീട്ടിലെ കഞ്ഞിയുടെ കൂടെ ഉണ്ടാവാറ്.
കുട്ടികൾപട്ടിണി കിടന്ന് കരഞ്ഞ കാലഘട്ടമായിരുന്നു അന്നത്തേത്. എപ്പോഴെങ്കിലും കുഞ്ഞൻമത്തിയുടെ കറിയും ചോറും ഉണ്ടാവും. വേനലിൽകപ്പ വാങ്ങി കഷ്ണം മുറിച്ച് ഉണക്കി കർക്കടകമാസത്തിലേക്ക് കഞ്ഞിയുടെ കൂടെ കൂട്ടാൻ എടുത്തു വെക്കുന്ന ഒരു സ്വഭാവമുണ്ടായിരുന്നു അന്നത്തെകാലത്ത്. കല്ലായി സ്ക്കൂളിൽ കൂടെ പഠിച്ചവർ Pvകുഞ്ഞിപ്പ, ചുണ്ടിയൻ മുച്ചി അഹമ്മദ് കുട്ടി, 1960, ൽ മാനവേദനിൽ പഠിക്കാൻ ചേർത്തിട്ട് വീട്ടിൽ രക്ഷിതാക്കൽ പട്ടിണി കിടക്കുന്നത് കണ്ടപ്പോൾ പോക്കരാക്ക പഠിത്തം ഉപേക്ഷിച്ചു തെരപ്പൻ പണിയിലും, മരപ്പണിയിലും മുഴുകി.
നെടുങ്കയം ആനയുള്ള കാട്ടിലൂടെ കിലോമീറ്റർ കാൽനടയായി നടന്ന് മരം ലോറിയിൽ കയറ്റി തിരിച്ചും നടന്ന് വന്ന് കിട്ടിയ കാശിന് തേങ്ങയുടെപൂളും, അരിയും, ശർക്കര പൊടിയും വാങ്ങി വീട്ടിലേക്ക് പോവും,. 1969 മുതൽ ഡോ: ഉസ്മാൻ സാഹിബിന്റെ കൂടെയായിരുന്നു. ഡോക്ടറുടെ കുടുംബമായിട്ട് വളരെ അടുത്ത ബന്ധമായിരുന്നു ഇദ്ദേഹത്തിന്. ഡോക്ടറുടെവീട്ടിൽ എന്തെങ്കിലും വിശേഷമുണ്ടെങ്കിൽ പോക്കരാക്ക’ നിർബന്ധമായും അവിടെ വേണം. ആ കുടുംബമായും അത്രയും നല്ല അടുപ്പത്തിലായിരുന്നു ഇദ്ദേഹം. ‘ഡോക്ട്ടറുടെയും മകന്റെയും മരണം വരെ പോക്കരാക്ക കൂടെ ഉണ്ടായിരുന്നു.
2004 മുതൽ നിലമ്പൂർമുസ്ലീ ലീഗ് ഓഫീസിൽ സഹായിയായി പോക്കരാക്കയുണ്ട്. 1969ൽ കോഴിക്കോട് മുസ്ലീ ലീഗ് സമ്മേളനം നടക്കുമ്പോൾ വളഡിയർ ക്യാപ്റ്റൻ ഇദ്ദേഹമായിരുന്നു. അന്ന് മുസ്ലീ ലീഗ് കമ്മറ്റി Pvഅലവിക്കുട്ടി കാക്ക, എരഞ്ഞിക്കൽ അലി, പുളക്കൽ ആലിക്കുട്ടി, വാളഡിയർമാർ, പുണക്കാടൻ അബ്ദുള്ള കുട്ടി, Mk മുഹമ്മദാലി കുഴിക്കണ്ടൻ കുഞ്ഞുട്ടി, അരിക്കാടൻ ആലിക്കുട്ടി, ചുള്ളിക്കോടൻ ആലി, കോട്ടപ്പുറത്ത് നാരായണൻ, എന്നിവർ കൂടെ ഉണ്ടായിരുന്നു.
ജാതി മത വിത്യാസമില്ലാതെ ആര് മരിച്ചാലും ആദ്യം വിളിക്കുന്നത് പോക്കരാക്കാനെയാണ്. മരണവീട്ടിൽ എല്ലാം ക്രിയകൾക്കും മുന്നിൽ നിൽക്കുകയും മയ്യത്ത് കുളിപ്പിച്ച്, മയ്യത്ത് പള്ളിയിൽ അടക്കം ചെയ്യുന്നത് വരെ കൂടെയുണ്ടാവുന്ന ഒരാളാണ് ഇദ്ദേഹം. ഏത് പോസ്റ്റ്മോർട്ടം ചെയ്ത ശരീരമായാലും കുളിപ്പിക്കാൻ പോക്കരാക്ക തയ്യാറാണ്. കോഴിക്കോട് മെഡി..കോളേജ്, നിലമ്പൂർ ജില്ലാ ആശുപത്രി, നാട്ടിലും നാട്ടിനു പുറത്തും, 150 ൽ പരം മയ്യത്തുകൾ ഇദ്ദേഹം വൃത്തിയാക്കിട്ടുണ്ട്. മറ്റു മതത്തിൽപ്പെട്ട ആളുകളുടേതായാലും പോക്കരാക്ക കുളിപ്പിക്കുന്ന രീതി അവർക്ക് പറഞ്ഞ് കൊടുക്കും. കുളിപ്പിച്ച് ചടങ്ങുകൾ കഴിഞ്ഞാൽ പരിചയമില്ലാത്തവർ കാശുമായി പോക്കരാക്കാനെ കാണും. അവരെ നല്ലവണ്ണം വഴക്ക് പറഞ്ഞ് ആട്ടി ഓടിക്കും. മരണം നടന്ന വീടുകളിൽ പോയി അവരെ സമാധാന വാക്കുകൾ പറഞ്ഞ് ആശ്വാസിപ്പിക്കും’. കല്ല്യാണവീട്ടിൽ പോക്കരക്കയുണ്ടോ ഒന്നിനും ഒരു കുറവുകൾ ഇല്ലാതെ കല്യാണം ഭംഗിയാക്കി നടത്തി കൊടുക്കുന്ന ഒരാളാണ് ഇദ്ദേഹം.
2013 ൽ അമരംമ്പലം വ്യാപാരി വ്യവസായി യൂനിറ്റ് ഏറ്റവും നല്ല സാമൂഹ്യ സേവന പുരസ്ക്കാരം പോക്കരാക്കാക്ക് നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. മന്ത്രി മഞ്ഞളാംകുഴി അലിയിൽ നിന്നാണ് പോക്കര് കാക്ക അവാർഡ് ഏറ്റുവാങ്ങിയത്. ഇത് പോലെ നല്ല സാമൂഹ്യ സേവനം ചെയ്യുന്ന, ഒരു പ്രതിഫലവും വാങ്ങാത്തവർ നമ്മുടെ നിലമ്പൂരിൽ ഉണ്ട്. അവരെ നാം, ഒരിക്കലും കാണാതെ പോവരുത്. വീട്ടിലെ പട്ടിണി മറന്ന്, പൊതുസേവന രംഗത്ത് നിൽക്കുന്ന പോക്കരാക്കാനെ പോലെയുള്ളവരാണ് നിലമ്പൂരിന്റെ താരങ്ങളായി ഞാൻ നിങ്ങൾക്ക്പരിചയപ്പെടുത്തുന്നത് ..
ഇഷ്ടം