ഭഗവാന്റെ വാക്കുകൾ കേട്ട് സത്യവ്രതൻ അത്ഭുതചിത്തനായി. ലോകലോകേശനായ നാരായണൻ ഒരു മനുഷ്യനോട് സഹായം അഭ്യർത്ഥിക്കുകയോ?.
സത്യവ്രതൻ ചോദിച്ചു. അദ്ദേഹം ഭഗവാൻ നാരായണനോട് പറയുകയാണ് “സത്യത്തിന്റെ സത്യമായുള്ളവനെ അവിടുത്തേയ്ക്ക് വേണ്ടി അടിയൻ എന്താണ് ചെയ്യേണ്ടതെന്ന് കല്പിച്ചാലും പ്രഭോ”. അപ്പോൾ ഭഗവാൻ അരുളിചെയ്തു “പ്രളയം സംഭവിക്കുമ്പോൾ സാധു ജനങ്ങളെയും ഋഷിമാരേയും സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്. പ്രളയ സമയത്ത് അങ്ങയുടെ മുൻപിൽ ഒരു തോണി പ്രത്യക്ഷപ്പെടും. അതിൽ കയറി സജ്ജനങ്ങളെ രക്ഷിച്ചു കൊള്ളുക.
ഭഗവാൻ ഇപ്രകാരം അരുളിചെയ്ത് മത്സ്യാകാരം പൂണ്ട് ആഴിയുടെ അടിഭാഗത്തേയ്ക്ക് പോയി. ഭഗവാൻ പറഞ്ഞതുപോലെ കുറച്ചു കാലം കഴിഞ്ഞപ്പോൾ അതി കഠിനമായ മഴയുടെ ആഘാതത്തിൽ ഭൂമി പ്രളയത്തിലാഴ്ന്നുപോയി. ഈ സമയത്ത് ഒരു നൗക(തോണി) ഒഴുകി വരുന്നത് കണ്ടിട്ട് സത്യവ്രതനും ഋഷിമാരും അതിൽ കയറി ഇരുന്നു. നൗക ഇളകി ആടുന്നത് കണ്ട് മത്സ്യാകാരം പൂണ്ട വിഷ്ണു ഭഗവാൻ തന്റെ കൊമ്പുകൾ കൊണ്ട് അതിനെ പിടിച്ചു നിറുത്തി.
ഭഗവാന്റെ അനുഗ്രഹത്താൽ സത്യവ്രതൻ ബ്രഹ്മാണ്ഡമാകെ തന്റെ അകക്കണ്ണിനാൽ കണ്ടുകൊണ്ടിരുന്നു. ഈ സമയത്ത് സമുദ്രത്തിന്റെ അടിഭാഗത്ത് ഹയഗ്രീവനും മത്സ്യാകാരം പൂണ്ട വിഷ്ണു ഭഗവാനും തമ്മിൽ ഘോരമായ യുദ്ധം നടക്കുകയായിരുന്നു.
മായാവിയായ ഹയഗ്രീവൻ പലരൂപ ഭാവങ്ങൾ സ്വീകരിച്ച് ഭഗവാനെ നേരിട്ടു. പക്ഷെ ത്രിലോക നാഥാനായ വാസുദേവൻ യുദ്ധത്തിന്റെ അവസാനത്തിൽ തന്റെ കൂർത്ത
കൊമ്പുകൾ അസുരന്റെ മാറിൽ കുത്തിയിറക്കി. ഇതോടെ അവന്റെ അന്ത്യവും സംഭവിച്ചു.
ഹയഗ്രീവന്റെ അന്ത്യത്തോടെ സ്വതന്ത്രമായ വേദങ്ങൾ വിഷ്ണു ഭഗവാൻ ബ്രഹ്മദേവന് തിരികെ നൽകി. ഭക്തോത്തമനായി തന്നെ പുകഴ്ത്തുന്ന സത്യവ്രതന് ഭഗവാൻ
വൈവസ്വതമനുവെന്ന സ്ഥാനം കല്പിച്ചു. അപ്പോഴേക്കും പ്രളയം അവസാനിച്ചിരുന്നു. തന്റെ അവതരോദ്ദ്യേശ്യം നിറവേറ്റിയ മത്സ്യമൂർത്തി തന്റെ മൂലരൂപത്തിൽ വിലയം പ്രാപിച്ചു.
അവസാനിച്ചു.




🙏
നന്നായിരിക്കുന്നു 👍