കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന ചെമ്മൺ പാത. പൊടിക്കാറ്റ് വീശിയടിക്കുന്നുണ്ട്. വേനൽച്ചൂടിൽ വെന്തുരുകിയ മണ്ണിന്റെ ഗന്ധം ആ കാറ്റിലുണ്ട്. റോഡിന് ഇരുവശവും തണൽ വിരിച്ചു നിൽക്കുന്ന കശുമാവിൻ വൃക്ഷങ്ങൾ. അതിനിടയിൽ അവിടവിടെയായി തലയുയർത്തി നിൽക്കുന്ന കരിമ്പനകൾ. ആകാശത്തേക്ക് വിടർന്നു നിൽക്കുന്ന വലിയ കുട പോലെ തോന്നിപ്പിക്കുന്ന അവയുടെ വലിയ ഓലകൾ കാറ്റിൽ ആടുമ്പോൾ ഉണ്ടാകുന്ന കരകര ശബ്ദത്തിന് ഒരു പ്രത്യേക താളമുണ്ട്. കാറ്റടിക്കുമ്പോൾ കരിമ്പനയോലകൾ നൃത്തം വെയ്ക്കുന്നുണ്ടായിരുന്നു.
മണ്ണുറോഡിലൂടെ നടന്നപ്പോൾ ഓരോ ചുവടിലും പൊടിമണ്ണ് പുക പോലെ ഉയർന്നു. കുറച്ച് നടന്നപ്പോൾ സദാനന്ദൻ മാഷിന്റെ കാലിലെ വിയർപ്പും പൊടി മണ്ണും കലർന്ന് ലൂണാർ ചെരിപ്പ് ഒട്ടിപ്പിടിച്ചു. നടക്കാൻ നന്നേ പ്രയാസപ്പെട്ടു.
വഴിയിൽ എങ്ങും ആരെയും കാണാനില്ല. കുറെ ദൂരം നടന്നപ്പോൾ ഒരു വൃദ്ധൻ എതിരെ വരുന്നു…!
” ചേട്ടാ ഈ രാജപ്പൻ മാഷിന്റെ വീട് അറിയുമോ..?”
“ഓ….
ഇവിടുന്ന് നേരെ പൊയ്ക്കോളീൻ…
കള്ള് ഷാപ്പ് എത്തുന്നതിന് തൊട്ടുമുമ്പ് ഇടത്തോട്ട് ഒരു ഇടവഴിയുണ്ട്…
അതിലെ ശ്ശി ദൂരം പോയാ മതി..”
“വളരെ ഉപകാരം… ”
സദാനന്ദൻ മാഷ് കൈ കൂപ്പിക്കൊണ്ട് പറഞ്ഞു.
മണ്ണ് റോഡിൽ നിന്നും ഇടത്തോട്ടുള്ള ഇടവഴിയിലൂടെ അദ്ദേഹം പറഞ്ഞ വഴിയിലൂടെ സദാനന്ദൻ മാഷ് നടന്നു..
കുത്തനെയുള്ള ഇറക്കമായതുകൊണ്ട് ഓരോ ചുവടും സൂക്ഷിച്ചു മുന്നോട്ടുവച്ചു. ഇടവഴിയുടെ ഇരുവശങ്ങളിലും തെങ്ങുകളും, പ്ലാവുകളും ഉണ്ട്. തെങ്ങോലകളും പ്ലാവിൻകൊമ്പുകളും ഇടവഴിയുടെ മുകളിൽ പടർന്നു നിൽക്കുന്നതുകൊണ്ട് നല്ല തണുപ്പ് അനുഭവപ്പെട്ടു. പ്ലാവിന്റെ ചുവടുമുതൽ മുകളിലെ കൊമ്പുകൾ വരെ ഒന്നിനുപുറമെ ഒന്നായി ചക്കകൾ തൂങ്ങിക്കിടക്കുന്നു. ചിലത് മണ്ണിൽ മുട്ടി കിടക്കുന്നുമുണ്ട്.
ഏകദേശം 5 മിനിറ്റ് നടന്നപ്പോൾ ഓടിട്ട ഒരു ചെറിയ വീട് കണ്ടു. മുറ്റത്ത് പടർന്നു പന്തലിച്ചു നിൽക്കുന്ന മുത്തശ്ശിപ്ലാവ്….
തായ്ത്തടിയിൽ മുട്ടി കിടക്കുന്ന ഉണ്ടച്ചക്കകൾ..
ആരെയും വിസ്മയിപ്പിക്കുന്ന കാഴ്ച….!
“ആരാ….? ”
ഏകദേശം 45 വയസ്സുള്ള ഒരു സ്ത്രീ വാതിൽക്കൽ നിന്നുകൊണ്ട് ചോദിച്ചു.
“എന്റെ പേര് സദാനന്ദൻ…..”
“ഓ മനസ്സിലായി, മനസ്സിലായി…
ചേട്ടൻ പറഞ്ഞിരുന്നു.
മാഷ് കയറിയിരിക്കൂ…
ചേട്ടൻ കുളിക്കുകയാണ്…”
സദാനന്ദൻ മാഷ് അര പ്ലേസിൽ കിടന്നിരുന്ന പത്രം എടുത്ത് നിവർത്തി…
“ആ താൻ ഇത്ര നേരത്തെ വന്നോ…?”
നീല കൈലിമുണ്ട് ഉടുത്ത് ചുവന്ന തോർത്തുകൊണ്ട് തല തുടച്ചുകൊണ്ട് രാജപ്പൻ മാഷ് ഉമ്മറത്തേക്ക് വന്നു..
“വെയിലിന്റെ ചൂട് കൂടുന്നതിനുമുമ്പ് ടൗണിൽ പോയി വരാമല്ലോ..?”
“താനിരിക്കൂ ഞാൻ ഡ്രസ്സ് മാറി, ടിഫൻ കഴിച്ചിട്ട് വേഗം വരാം…
താൻ എന്തെങ്കിലുംകഴിച്ചോ..?”
“ഉവ്വ്…. ”
“വരൂ രണ്ട് ഇഡ്ഡലി കഴിക്കാം..”
“വേണ്ട ഞാൻ ദേവകിയമ്മയുടെ അടുത്ത് നിന്ന് കഴിച്ചു… ”
അപ്പോഴേക്കും രാജപ്പൻ മാഷിന്റെ ഭാര്യ ആവി പറക്കുന്ന ചായയുമായി വരാന്തയിലേക്ക് വന്നു…
“കഴിക്കാൻ എടുക്കട്ടെ മാഷേ..?”
“അയ്യോ വേണ്ട, ഞാൻ കഴിച്ചു….
“എങ്കിൽ ഈ ചായ കുടിക്കൂ…”
മാഷ് ആ ചായ ഗ്ലാസ് കയ്യിലെടുത്തു. വരാന്തയിലെ തടി കസേരയിലിരുന്ന് ചായ കുടിച്ചു.
“ശരി നമുക്ക് പോകാം…”
രാജപ്പൻ മാഷ് വെള്ളമുണ്ടും ചെറിയ കള്ളികളുള്ളഷർട്ടും ധരിച്ച് പുറത്തേക്ക് വന്നു..
രണ്ടുപേരും കൂടി ബസ് സ്റ്റോപ്പിലേക്ക് നടന്നു..
ഏതാണ്ട് അരമണിക്കൂർ റോഡിൽ നിന്നപ്പോഴാണ് ഒരു ബസ് വന്നത്..
‘രാമൻ രാമൻ..’.. ഇങ്ങനെ പേരുള്ള ഒരു ബസ് ആദ്യമായിട്ട് കാണുകയാണ്….!
ഈ ബസ്സുകൾക്കൊന്ന് പടികൾ താഴ്ത്തി നിർമ്മിച്ചൂടെ?
ഇതിൽ കയറുന്നത് ഒരു മല കയറുന്നതുപോലെയാണല്ലോ…”
ബസ്സിന്റെ കമ്പിയിൽ മുറുക്കിപ്പിടിച്ച്, ഒരു വിധത്തിൽ സദാനന്ദൻ മാഷ് ഉള്ളിലേക്ക് കയറി. പിന്നിൽ നിന്ന് ആളുകളുടെ തള്ളലും തിരക്കും. ബസ്സിനുള്ളിലാകട്ടെ നിൽക്കാൻ പോലും ഇടമില്ല. ഏതാണ്ട് ഇരുപതു മിനിറ്റ് സമയമെടുത്ത് ബസ് ടൗണിൽ എത്തി.
“നമുക്ക് ആദ്യം അടുക്കളയിലേക്കുള്ള പാത്രങ്ങൾ വാങ്ങാം . അതിനുശേഷം മതി പായും തലയണയും ഒക്കെ വാങ്ങാൻ…..”
രാജപ്പൻ മാഷ് പറഞ്ഞു..
“ഉം… ”
അവർ ബസ്റ്റാന്റിന്റെ പിന്നിലൂടെ നടന്ന് പത്തിരിപ്പാല റോഡിൽ എത്തി. ഒരു കടയിൽ കയറി.
അലുമിനിയം കലം, ചീനച്ചട്ടി, ചെരുവം, ചട്ടകം, പ്ലാസ്റ്റിക് കുടങ്ങൾ, തവി,സ്റ്റീൽ പാത്രങ്ങൾ, നൂതൻ സ്റ്റൗ എന്നിവ തെരഞ്ഞെടുത്ത കഴിഞ്ഞപ്പോഴേക്കും സമയം 12 മണി.
മറ്റൊരു കടയിൽ കയറി പായ, തലയണ, ബെഡ്ഷീറ്റ് എന്നിവയും വാങ്ങി..
സാധനങ്ങൾ കടയിൽ തന്നെ പാക്ക് ചെയ്തു വെച്ചതിനുശേഷം ഹോട്ടലിലേക്ക് നടന്നു.
“എടോ ചായ മാത്രം പോരെ…?
ചോറ് വീട്ടിൽ ചെന്നിട്ട് ഉണ്ണാം..”
“ഏയ് അത് ചേച്ചിക്ക് പ്രയാസമാവില്ലേ..?
ഞാൻ ഇവിടെ നിന്ന് കഴിച്ചോളാം ….”
സദാനന്ദൻ മാഷ് പറഞ്ഞു.
ആഹാരം കഴിച്ചതിനുശേഷം വാങ്ങിയ സാധനങ്ങൾ ഒരു വലിയ ചാക്കിൽ ആക്കി..
ചാക്ക് തലയിലേന്തി സദാനന്ദൻ മാഷ് മുന്നിൽ നടന്നു. പായും തലയണയും രാജപ്പൻ മാഷ് പിടിച്ചു.
ഭാഗ്യം! ആദ്യം വന്ന ബസ്സിൽ തിരക്ക് കുറവായിരുന്നു. ചാക്കുകെട്ട് ഏറ്റവും പിറകിലെ കമ്പിയുടെ അടുത്തായി ഒതുക്കി വെച്ചു.
ഇറങ്ങാൻ നേരം ബസ്സിൽ തിരക്ക് കൂടി. ഒരുതരത്തിൽ ബസ്സിൽ നിന്ന് ഇറങ്ങി..
ബസ്സിലെ കിളി ചാക്ക് കെട്ട് ഇറക്കി തന്നു.
“ഇത് ഏറ്റിക്കൊണ്ട് രണ്ട് കിലോമീറ്റർ ദൂരം എങ്ങനെ നടക്കും..?”
സദാനന്ദൻ മാഷ് ചോദിച്ചു..
” നമുക്ക് പതിയെ പോയാ മതി..”
രാജപ്പൻ മാഷ് പറഞ്ഞു.
റൂമിൽ എത്തിയപ്പോഴേക്കും സദാനന്ദൻ മാഷ് വിയർത്തു കുളിച്ചു.
“മാഷേ ഇവിടെ ഇരിക്കൂ. ഞാൻ അടുത്ത വീട്ടിൽ പോയി കുറച്ച് വെള്ളം എടുത്തു വരട്ടെ….
നന്നായി ദാഹിക്കുന്നു..”
“മാഷേ ഊണ് കഴിച്ചോ? ”
സദാനന്ദൻ മാഷ് ഗേറ്റ് കടന്ന് മുറ്റത്ത് എത്തിയതും ദേവകിയമ്മ ചോദിച്ചു..
“ഉവ്വ്, ഞാൻ കഴിച്ചു…”
“ഇല്ലെങ്കിൽ കൈ കഴുകൂ….
ഇത്തിരി ചോറുണ്ണാം… ”
“അയ്യോ ഞാൻ കഴിച്ചു. രാജപ്പൻ മാഷ് റൂമിൽ കാത്തിരിപ്പുണ്ട്.
എനിക്ക് ഒരു കുടം വെള്ളം വേണമല്ലോ….?”
മാഷ് ആ കിണറിന്റെ കരയിൽ ചെന്ന് ഒന്ന് കുനിഞ്ഞു നോക്കി. താഴേക്ക് നോക്കിയതും ഉള്ളൊന്ന് കിടുങ്ങി.
“എന്റെ ഈശ്വരാ, എന്തൊരു ആഴം!”
മാഷ് അറിയാതെ പറഞ്ഞുപോയി.
“അയ്യോ മാഷ് വെള്ളം കോരുകയൊന്നും വേണ്ട. കുടംതരൂ, ഞാൻ പൈപ്പിൽ നിന്നും വെള്ളം പിടിച്ചു തരാം…”
ദേവകിയമ്മ പറഞ്ഞു…
സദാനന്ദൻ മാഷ് ഒരു കുടം വെള്ളവുമായി റൂമിലേക്ക് നടന്നു…
(തുടരും….. )



