Saturday, June 20, 2026
Homeഅമേരിക്ക'സ സ സ ക്ലാസിക് വാരഫലം': (Part 3) കേരളത്തിന്റെ സമകാലിക വികസന രേഖകൾ...

‘സ സ സ ക്ലാസിക് വാരഫലം’: (Part 3) കേരളത്തിന്റെ സമകാലിക വികസന രേഖകൾ ✍ അഷ്റഫ് കാളത്തോട്

സുപ്രസിദ്ധ ഫ്രഞ്ച് എഴുത്തുകാരൻ ആൽബേർ കാമ്യു (Albert Camus) ഒരിടത്ത് എഴുതുന്നുണ്ട്: “ഭരണാധികാരികൾ ജനങ്ങൾക്ക് സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്നത് അവരെ ഭൂമിയിൽ അടിമകളാക്കി നിർത്താൻ വേണ്ടിയാണ്.” കേരളത്തിന്റെ സമകാലിക വികസന രേഖകൾ പരിശോധിക്കുമ്പോൾ കാമ്യുവിന്റെ ഈ വരികൾ എത്രമാത്രം അന്വർത്ഥമാണെന്ന് നമുക്ക് ബോധ്യമാകും.

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് എന്നോട് ചോദിച്ചു: “കാളത്തോട്, യു.ഡി.എഫ് സർക്കാരിന്റെ ‘പ്രിയദർശിനി’ എന്ന സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതി നാളെ ആരംഭിക്കുകയാണല്ലോ. ഇതിനെപ്പറ്റി എന്താണ് അഭിപ്രായം?”

ഞാൻ ചിരിച്ചു. വികസനത്തിന്റെ ഈ പരസ്യപ്പലകകൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന ഭീകരമായ ഒരു വൈരുദ്ധ്യമുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീ ജനസംഖ്യയുള്ള ജില്ല ഏതാണ്? മലപ്പുറം. അതേ യു.ഡി.എഫിന് ഏറ്റവും കൂടുതൽ എം.എൽ.എമാരെ സംഭാവന ചെയ്ത് അധികാരത്തിലേറ്റിയ ജില്ല ഏതാണ്? അതും മലപ്പുറം! എന്നാൽ ഏറ്റവും കുറവ് കെ.എസ്.ആർ.ടി.സി ബസുകളോടുന്ന ജില്ലയോ? കഷ്ടം എന്നല്ലാതെ എന്തു പറയാൻ, അതും ഇതേ മലപ്പുറം തന്നെ!

തങ്ങളെ അധികാരത്തിലേറ്റിയ ഒരു ജനതയ്ക്ക്, അവരുടെ ജനസംഖ്യാ ആനുപാതികമായി ഒരു പദ്ധതിയുടെ ആനുകൂല്യം പോലും എത്തിക്കാൻ കഴിയാത്ത ഈ അവസ്ഥയെയാണ് ഞാൻ ‘ഐഡിയോളജിക്കൽ സിൻഡിക്കേറ്റ്’ എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നത്. ഈ രാഷ്ട്രീയ ശ്മശാനങ്ങളിൽ കിടന്ന് ജനങ്ങൾ വീർപ്പുമുട്ടുമ്പോൾ, ഭരണാധികാരികൾ വികസനത്തിന്റെ മാർബിൾ സ്മാരകങ്ങൾ പണിത് അതിൽ സ്വന്തം പേര് കൊത്തിവെക്കുകയാണ്.

മറ്റൊരു വിചിത്രമായ കഥ പറയാം. വിഖ്യാത റഷ്യൻ നോവലിസ്റ്റ് ലിയോ ടോൾസ്റ്റോയിയുടെ കഥകളിലെ നിസ്സഹായരായ കർഷകരെപ്പോലെയാണ് നമ്മുടെ മലബാറിലെ ജനങ്ങൾ. വടക്കേ മലബാറിലെ പയ്യന്നൂർ താലൂക്ക് രൂപീകരിക്കപ്പെട്ടത് 2018-ലാണ്. അതിനുമുമ്പ് അത് അവിഭക്ത തളിപ്പറമ്പ് താലൂക്കിന്റെ ഭാഗമായിരുന്നു. ആലപ്പുഴ ജില്ലയുടെ അത്രയും വലിപ്പമുണ്ടായിരുന്ന ഒരു താലൂക്ക് വിഭജിക്കാൻ വേണ്ടി ആ നാട്ടിലെ ജനങ്ങൾ 1960-കൾ മുതൽ പ്രമേയങ്ങൾ പാസാക്കി കാത്തിരിക്കുകയായിരുന്നു! ഏതാണ്ട് അൻപതിലധികം വർഷങ്ങൾ!

ഈ കാലയളവിനിടയിൽ കണ്ണൂരിൽ നിന്നും മലബാറിൽ നിന്നും എത്രയെത്ര പ്രഗത്ഭരായ നേതാക്കൾ മുഖ്യമന്ത്രി കസേരയിലിരുന്നു പോയി! ഇ.കെ. നായനാരും കെ. കരുണാകരനും മുതൽ ഇന്നത്തെ പിണറായി വിജയൻ വരെ മലബാറിന്റെ മക്കളായിരുന്നു. പിണറായി വിജയൻ 1996-ൽ പയ്യന്നൂരിൽ നിന്ന് മത്സരിച്ചു ജയിച്ച് മന്ത്രിയായതുമാണ്. എന്നിട്ടും താലൂക്ക് യാഥാർത്ഥ്യമാകാൻ 2018 വരെ കാത്തിരിക്കേണ്ടി വന്നു!

അതായത് രമണാ, ഇതാണ് നമ്മുടെ വിപരീത ലക്ഷണം കാണിക്കുന്ന ‘കേരള വികസന മോഡൽ’. ഇതിന്റെ നടത്തിപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ഭരണത്തിൽ മലബാറുകാർക്ക് പ്രാതിനിധ്യം ഇല്ലാത്തതുകൊണ്ടല്ല ഇത് സംഭവിക്കുന്നത്; മറിച്ച് അത് മനോഭാവത്തിന്റെ, നിലപാടിന്റെ പ്രശ്നമാണ്. ലണ്ടനിലെ ആഡംബര കഫേയിലിരുന്ന് ഐപാഡിൽ ബ്രിട്ടീഷ് പൗണ്ടിന്റെ അക്കൗണ്ട് ബാലൻസ് നോക്കുന്ന ആധുനിക പ്രൊഫസർമാരെപ്പോലെയാണ് നമ്മുടെ രാഷ്ട്രീയ യജമാനന്മാർ. അവർക്ക് ചുറ്റും പാർട്ടി അണികളാകുന്ന ‘പാവം കൂറകൾ’ അച്ചടക്കത്തോടെ വരിവരിയായി മാർച്ച് ചെയ്യുന്നുണ്ടാകാം. പക്ഷേ, സാധാരണക്കാരന്റെ യാത്രാക്ലേശം കാണാൻ അവരുടെ കണ്ണടകൾക്ക് പ്രകാശമില്ല.

യാത്രാക്ലേശം മാത്രമല്ല, ജീവന്റെ വിലയുള്ള ആരോഗ്യപ്രതിസന്ധികൾ വരുമ്പോൾ പോലും നമ്മുടെ ഈ വികസന മോഡലുകൾ എത്രമാത്രം ജീർണ്ണിച്ചതാണെന്ന് തെളിയുകയാണ്. കോഴിക്കോട് വീണ്ടും നിപ വൈറസിന്റെ ഭീതിയിലമരുമ്പോൾ തിരുവനന്തപുരത്തെ ഔദ്യോഗിക കസേരകളിലിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കാമെന്ന് കരുതുന്ന പുതിയ ഭരണാധികാരികളുടെ നിസ്സംഗത നമ്മൾ കാണുന്നുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ കൺട്രോൾ റൂമിന് മുന്നിൽ ബേപ്പൂർ എം.എൽ.എ പി.എ. മുഹമ്മദ് റിയാസിന് പ്രതിഷേധവുമായി നിൽക്കേണ്ടി വരുന്ന അവസ്ഥയാണ് ഇവിടെയുള്ളത്.

ജനപ്രതിനിധികളെപ്പോലും ഏകോപന സമിതികളിൽ നിന്ന് മാറ്റിനിർത്താൻ ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ ഓഫീസ് നിർദ്ദേശം നൽകിയെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്. മുൻപ് നിപ വന്നപ്പോൾ അന്നത്തെ ആരോഗ്യ മന്ത്രിമാരും ജനപ്രതിനിധികളും പ്രദേശത്ത് ക്യാമ്പ് ചെയ്ത് ജനങ്ങൾക്കൊപ്പം നിന്ന് പ്രതിരോധം തീർത്ത ഒരു മാതൃക നമുക്ക് മുന്നിലുണ്ട്. എന്നാൽ ഇന്ന്, രോഗവ്യാപനം തടയാൻ കണ്ടെയ്ൻമെന്റ് സോണുകൾ തിരിക്കുന്നതിലും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ഭരണകൂടത്തിന് സംഭവിച്ച ജാഗ്രതക്കുറവും മെല്ലെപ്പോക്കും തുറന്നുകാട്ടപ്പെടുമ്പോൾ, അതിനെ കേവലം രാഷ്ട്രീയ ആരോപണങ്ങളായി തള്ളിക്കളയാനാണ് മന്ത്രി കെ. മുരളീധരൻ ശ്രമിക്കുന്നത്. ജനങ്ങളുടെ ജീവൻ വെച്ചുള്ള ഈ രാഷ്ട്രീയ ചതുരംഗം വിപരീത വികസന മോഡലിന്റെ മറ്റൊരു ദുരന്ത മുഖമല്ലാതെ മറ്റെന്താണ്?

ഇനി വരാൻ പോകുന്ന പൂരം എനിക്ക് ഊഹിക്കാം. ‘പ്രിയദർശിനി’ പദ്ധതി വരുമ്പോൾ മലപ്പുറത്ത് ബസുകളില്ലെന്ന് പറഞ്ഞ് വലിയ കോലാഹലങ്ങൾ ഉണ്ടാകും. ചാനൽ ചർച്ചകളിൽ വിഴുപ്പലക്കലുകൾ നടക്കും. പക്ഷേ, എന്റെ കൗതുകം അതൊന്നുമല്ല.

മലപ്പുറത്ത് ബസുകൾ ഇല്ല എന്നത് ഒരു വലിയ രാഷ്ട്രീയ ചർച്ചയാകുമ്പോൾ, “അതിനെന്താ, ബസുകൾ ഞങ്ങൾ പിരിവു നടത്തി വാങ്ങിത്തരാം” എന്ന വാഗ്ദാനവുമായി മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയും കെ.എം.സി.സി (KMCC) പ്രവാസി കൂട്ടായ്മകളും രംഗത്ത് വരുമോ എന്നതാണ്!

വിഷാദമധുരമായ ഒരു യാഥാർത്ഥ്യമാണത്. സർക്കാർ ചെയ്യേണ്ട സ്കൂൾ കെട്ടിടവും, ആശുപത്രിയും, ഡയാലിസിസ് സെന്ററുമെല്ലാം പ്രവാസിയുടെയും നാട്ടുകാരുടെയും പോക്കറ്റിലെ കാശുകൊണ്ട് പിരിവിട്ട് നടത്തി ശീലിച്ച ഒരു ജനതയ്ക്ക്, കെ.എസ്.ആർ.ടി.സിക്ക് നാല് ബസ് വാങ്ങി നൽകുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ലായിരിക്കാം. സ്വന്തം വിയർപ്പൊഴുക്കി വികസനം വിലയ്ക്കു വാങ്ങേണ്ടി വരുന്ന പ്രവാസിയുടെ ദുരന്ത നാടകമാണിത്. തോമസ് മന്നിന്റെ (Thomas Mann) നോവലുകളിലെ ദുരൂഹമായ അന്തരീക്ഷം പോലെ, പുറമേ തിളങ്ങുന്നതും ഉള്ളിൽ ജീർണ്ണിച്ചതുമായ ഈ ‘കേരള മോഡൽ’ നമ്മെ എങ്ങോട്ടാണ് നയിക്കുന്നത്? പ്രിയ വായനക്കാരാ, നീ തന്നെ ചിന്തിക്കുക.

അഷ്റഫ് കാളത്തോട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com