മഴയിന്നും നിർത്താതെ
പെയ്യുകയാണല്ലോ?
ഓർമ്മകൾ മണ്ണിന്റെ
പാളിക്കൾക്കടിയിൽ
ഒരു മണ്ണുമാന്തിയിൽ
മരിച്ചുകിടക്കുകയാണ്.
നക്ഷത്രങ്ങളെ വാരി കണ്ണിലണിഞ്ഞ്
അച്ഛൻ്റെ
ഹൃദയം മൊഴിഞ്ഞു..
എൻ്റെയാകാശത്ത് നിന്ന്
കാർമേഘങ്ങൾ പൊഴിയുന്നു
ജട പിടിച്ച ഇരുളിന്റെ
മുടിയിഴകൾ
നനഞ്ഞു കുതിരുന്നു
മെല്ലെ മെല്ലെ നിലാവെന്നെ
മൂടുന്നു
ഞാൻ ഒരു തുണ്ടു വെളിച്ചത്തിലിപ്പോൾ
കാഴ്ചക്കാരനാണ്.
എന്റെ അപ്പുവും ബാലയും
അച്ഛനെ പിടിച്ചുവലിച്ച്
ശാഠ്യം കൂടുന്നുണ്ട് ..
മാനത്ത് മഴവില്ലിന്ന്
വിരിഞ്ഞില്ലെന്ന്!
പാടത്ത് കൊക്കുകളും കിളികളും
നീലക്കോഴികളും വിരുന്നു
വന്നില്ലെന്ന്.
മായപൊന്മാനെ
കാട്ടിത്തരാം ന്നു പറഞ്ഞച്ഛനെന്നും
ന്തിനാ
പറ്റിക്കണേന്ന്.
എൻ്റമ്മിണീടെ നിഴല്
വീണകണ്ണുകളിലപ്പൊ
കത്തിക്കേറണ തിരിവെട്ടത്തിൽ
ഞാൻ നിന്ന് എരിയണുണ്ട്,
ചോര മാഞ്ഞു തുടങ്ങിയ ചുണ്ടുകളില്
മധുരിക്കണ
കൽക്കണ്ടം നുകരണുണ്ട്.
വായില് വെള്ളം വറ്റി
കണ്ണും തള്ളി ചായം മാഞ്ഞ്, ചന്തം
മങ്ങി
അന്തിയപ്പോൾ
യാത്ര പറയാൻ
തിടുക്കം കാട്ടണ നേരം…
അന്ന്
അത്താഴത്തിന് കൂടുമ്പോഴും
കൂരേല് കിനാക്കള് നെറഞ്ഞ്
പൂത്തിരുന്നു
ൻ്റെ തോളില് കൈകള്
ചുറ്റി വരിഞ്ഞ് കുട്ടികള്
അമ്മിണിയോട് വഴക്കടിച്ച്
അച്ഛനോടുള്ളിഷ്ടക്കൂടു
തൽ പകുത്തമ്മയെ
പിണക്കിരസിച്ചിരുന്നു..
ഉറങ്ങാൻ കിടക്കുമ്പോഴും
ഇല്ലായ്മയുടെ പ്രണയങ്ങളിൽ തമ്മിൽ
തമ്മിൽ സ്നേഹിച്ചു
തോർന്നിടാതങ്ങനെ…
പിന്നെയെപ്പോഴാണച്ഛൻ
മാത്രമൊറ്റയ്ക്കായത് ?
അമ്മിണീടെ പരിഭവങ്ങളും
കുട്ടികളുടെ
പുത്തൻ കളിക്കോപ്പുകളും
ചേർത്തുപിടിച്ചങ്ങകലെ…
കണ്ണെത്താ ദൂരത്ത്.
ഞാനിപ്പോഴും വിളിച്ചു കൂവണുണ്ട്
“അച്ഛനിവിടെയുണ്ട്”
നല്ല വരികൾ
നന്നായിട്ടുണ്ട്👍