മൂന്നാം നൂറ്റാണ്ടിൽ റോമിലെ രാജാവായിരുന്ന ക്ലോഡിയസ് രാജ്യത്ത് പട്ടാളക്കാർ വിവാഹം കഴിക്കുന്നത് വിലക്കിയിരുന്നു. രാജാവിൻറെ ഉത്തരവ് മറികടന്ന് വാലൻറ്റൈൻ എന്ന ഒരു പുരോഹിതൻ കമിതാക്കളെ രഹസ്യമായി വിവാഹം കഴിക്കാൻ സഹായിച്ചു. വിവരമറിഞ്ഞ് കുപിതനായ രാജാവ് പുരോഹിതന് വധശിക്ഷ വിധിച്ചു.
തടവറയിൽ കഴിയുന്ന കാലത്ത് വാലെന്റിൻ ജയിലറുടെ മകളെ ചികിത്സിച്ചു എന്നും വധിക്കപ്പെടുന്നതിനുമുമ്പ് “എന്ന് നിൻറെ വാലൻടൈൻ” എന്ന് അവസാനിപ്പിക്കുന്ന ഒരു കത്ത് അവൾക്കായി എഴുതിയതായി പറയപ്പെടുന്നു. അതിൻറെ ഓർമ പുതുക്കാനാണ് വാലൻറ്റൈൻസ് ദിനത്തിൽ കമിതാക്കൾ കത്ത് കൈമാറാൻ തുടങ്ങിയതത്രേ!ഇന്ത്യയിൽ സെയിന്റ് വാലെന്റന് ഒരു ദേവാലയം ഉണ്ട്. പ്രണയ പാലക പുണ്യാളന്റെ ഗോവൻ കപ്പേള എന്നറിയപ്പെടുന്നു ഇത്. ഗോവയിലെ കലങ്കൂട്ടിൽ ഉള്ള saint valentine ദേവാലയം കാമുകീകാമുകന്മാരുടെ ഒക്കെ പ്രിയപ്പെട്ട ഒരു ഇടമാണ്. ഇത് ചരിത്രം.
♥️♥️ഇനി ഒരു ഓർമ്മക്കുറിപ്പ്…
ഒരു നാടൻ വാലെൻടൈൻ….
1970-കളുടെ അവസാനം ഒരു ഹിപ്പി സംസ്കാരം കേരളത്തിലും എത്തിനോക്കാൻ തുടങ്ങിയിരുന്നു. തലമുടി നീട്ടിവളർത്തി, കുളിക്കാതെ, നനയ്ക്കാതെ, ജീൻസും ടീ ഷർട്ടും ധരിച്ച് ഒരു ഗിറ്റാറും തോളിലിട്ട് പെൺകുട്ടികൾ പഠിക്കുന്ന കോളേജിനു മുമ്പിൽ ഇതു പോലുള്ള ഒന്നുരണ്ട് അകൃതങ്ങളെ അക്കാലഘട്ടത്തിൽ കാണാമായിരുന്നു. അവരിൽ പ്രധാനിയായിരുന്നു മുക്കാപ്പി എന്ന വിളിപ്പേരുള്ള ഒരു ചെറുപ്പക്കാരൻ.
റോബർട്ട് മുഖാബി എന്നായിരുന്നല്ലോ സിംബാബ്‌വെയുടെ പ്രധാനമന്ത്രിയുടെ പേര്.അത് ലോപിച്ച് ഉണ്ടായതാണത്രേ ഈ മുക്കാപ്പി. സാക്ഷര കേരളം ആണല്ലോ നമ്മുടേത്. കറുത്തിരുണ്ട് ചുരുണ്ട മുടിയുള്ള തടിയൻ ആയിരുന്നു ഈ ഹിപ്പി മുക്കാപ്പി.
‘മീശ മാധവനിലെ’ മാധവനെ പോലെ അവൻ ആരെയെങ്കിലും നോക്കി മീശ പിരിച്ചാൽ ആ വീട്ടിൽ അന്ന് മോഷണത്തിന് കയറും എന്ന് ഉറപ്പാണ് എന്ന് പറയുന്നതുപോലെ ആയിരുന്നു മുക്കാപ്പിയുടെ കാര്യം .അവൻ ഏതെങ്കിലും പെൺകുട്ടികളെ നോട്ടം ഇട്ടാൽ അവളെ ഒരാഴ്ച കൊണ്ട് വളച്ചൊടിച്ച് ഒരു ടൂറിന് പോയിട്ട് വരുമത്രേ! അതുകൊണ്ടുതന്നെ പ്രായമായ പെൺമക്കളുള്ള അമ്മമാരുടെ നെഞ്ചിനുള്ളിൽ തീ ആയിരുന്നു. അത് വിചാരിച്ച് പെൺകുട്ടികളുടെ പഠിപ്പു നിർത്തി വീട്ടിൽ ഇരുത്താനും പറ്റില്ലല്ലോ? ആരെയെങ്കിലും മുക്കാപ്പി നോട്ടമിട്ടു എന്നറിഞ്ഞാൽ പഠിപ്പ് ഒക്കെ ഇനി കല്യാണം കഴിഞ്ഞും ആകാം എന്നും പറഞ്ഞ് ആ പെൺകുട്ടിയുടെ വീട്ടുകാർ പെട്ടെന്ന് കല്യാണം നടത്തും. ഇതായിരുന്നു ആ കാലഘട്ടത്തിലെ നാട്ടുനടപ്പ്.
ഇന്നത്തെ പോലെ ‘മസാല ദോശ വാങ്ങി കൊടുക്കാമെന്നു’ പറഞ്ഞു പീഡിപ്പിച്ചു…… വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു…. എന്ന് പറഞ്ഞു മുഖ്യമന്ത്രിയ്ക്ക് പരാതി പറയാനൊന്നും പറ്റില്ല. ഇല വന്നു മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും കേട് ഇലയ്ക്കാണ് എന്ന് പറഞ്ഞു മോങ്ങുകയെ നിവർത്തിയുള്ളു!
കോളേജ് വിട്ട് ഇറങ്ങി വരുന്ന പെണ്ണുങ്ങളോട് മുക്കാപ്പി പ്രണയാഭ്യർത്ഥന നടത്തും. ചിലപ്പോൾ ഒരാഴ്ച ഒക്കെ പെൺകുട്ടികളുടെ ആങ്ങളമാരുടെ കയ്യിൽ നിന്നും നല്ല തല്ല് കൊണ്ട് ആശുപത്രിയിലും ആകും. പിന്നെ ഉടനെ കേൾക്കാം ആ പെണ്ണിൻറെ കല്യാണം ആയെന്ന്!
പ്രീഡിഗ്രി കടമ്പ എങ്ങനെയെങ്കിലും ചാടിക്കടന്ന് ഡിഗ്രിക്ക് ചേരുന്ന മണ്ടി പെൺപിള്ളേർക്ക് ഡിഗ്രി മൂന്ന് വർഷം തീരുന്നതിനു മുൻപേ കല്യാണം നടക്കേണമേയെന്നാണ് പ്രാർത്ഥന.കാരണം ബി.എ.യ്ക്ക് പഠിക്കുമ്പോൾ ആയിരുന്നു കല്യാണം എന്ന് പറയാമല്ലോ? കല്യാണം കഴിഞ്ഞതുകൊണ്ട് പിന്നെ പഠിക്കാൻ ഒത്തില്ല, അല്ലെങ്കിൽ പുഷ്പംപോലെ ഞാൻ ഐ. എ. എസ്.എഴുതിയെടുത്തേനെ എന്ന് പറയുകയും ചെയ്യാം. അങ്ങനെ ആ നാട്ടിലെ ഒരുപാട് പെൺകുട്ടികളുടെ കല്യാണം മുക്കാപ്പി കാരണം നടന്നിട്ടുണ്ടെന്ന അരമന രഹസ്യം അങ്ങാടിപ്പാട്ട് ആണ്.
ഈ മുക്കാപ്പിയും ഒരമ്മ പെറ്റ മകൻ ആണല്ലോ? മുക്കാപ്പിയുടെ അമ്മ കണ്ണീരും കയ്യും പ്രാർത്ഥനയുമായി പള്ളിയിൽ കയറി ഇറങ്ങി, “ദൈവമേ എൻറെ മോൻറെ മനസ്സ് മാറ്റണേ, നാട്ടുകാരെക്കൊണ്ട് മുഴുവൻ പറയിപ്പിക്കാതെ അവനെ കുറിച്ച് നല്ലത് കേൾക്കാൻ എനിക്ക് ഇട വരുത്തണേ” എന്നൊക്കെ കരഞ്ഞ് പ്രാർത്ഥിക്കുന്ന സമയം.
ഒരു ദിവസം മുക്കാപ്പിയെ തിരക്കി കൊള്ളാവുന്ന ഒരു വീട്ടിലെ പെൺകുട്ടി എത്തി. കറുത്തിരുണ്ട് തടിച്ചു പൊക്കം കുറഞ്ഞു കാണാൻ വലിയ സൗന്ദര്യം ഒന്നുമില്ലാത്ത ഇടത്തരം കുടുംബത്തിലെ ഒരു അംഗം ആയിരുന്നു സൂസമ്മ. അത്ഭുതപരതന്ത്രയായ മുക്കാപ്പി യുടെ അമ്മ സൂസമ്മയെ സ്വീകരിച്ച് വീട്ടിലിരുത്തി ആഗമനോദ്ദേശം എന്തെന്ന് അന്വേഷിച്ചു. കാരണം ഇന്നുവരെ അവനെ അന്വേഷിച്ചു നല്ലവരാരും വന്നിട്ടില്ല. ചില കഞ്ചാവ് സുഹൃത്തുക്കളെ അമ്മ വീട്ടിൽ പോലും കയറ്റാറില്ല.
സൂസമ്മ കാര്യം അവതരിപ്പിച്ചു. ”ഞാൻ ബിരുദവും ബിരുദാനന്തരബിരുദവും ഒക്കെ എടുത്തു കഴിഞ്ഞു. പലവഴിക്കും ഒരു ജോലിയിൽ കയറാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ ഒന്നും ശരിയായിട്ടില്ല. കൂടെ പഠിച്ചിരുന്ന കുട്ടികൾക്കൊക്കെ കല്യാണവും കഴിഞ്ഞു ഒന്ന് രണ്ട് മക്കളായി. അപ്പൻ മരിക്കുന്നതിന് മുമ്പ് എന്നെ കല്യാണം കഴിച്ച് അയക്കാനുള്ള പണം എന്നും പറഞ്ഞ് നല്ലൊരു തുക എൻറെ പേരിൽ ബാങ്കിൽ ഇട്ടിരുന്നു.പക്ഷേ പഠിക്കാൻ വലിയ ബുദ്ധിയില്ലാത്ത രണ്ട് ആങ്ങളമാരും ചേർന്ന് ഓരോ ബിസിനസ് ചെയ്യാൻ ആണെന്നും പറഞ്ഞ് ആ കാശ് മുഴുവൻ എടുത്ത് അറിയാത്ത പലതരം ബിസിനസ്സുകൾ ചെയ്ത് ഇപ്പോൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.അമ്മ എന്നെ സഹായിക്കണം” എന്ന് പറഞ്ഞു കൈകൂപ്പി.
സൂസമ്മയുടെ കഥ കേട്ട് മുക്കാപ്പിയുടെ അമ്മ ചോദിച്ചു. “ഇതിൽ ഞാൻ എന്ത് ചെയ്യാനാണ്?”
“വഴിയുണ്ട്. മുക്കാപ്പി എന്നെ പ്രേമിക്കുന്നു എന്ന് എൻറെ വീട്ടുകാരോടും നാട്ടുകാരോടും അമ്മ ഒന്ന് പറഞ്ഞാൽ മതി. ആ ന്യൂസ് നാട്ടിൽ പരന്നാൽ ഇടവകക്കാരും വേണ്ടപ്പെട്ട ബന്ധുക്കളും അപ്പോൾ തന്നെ പേടിച്ച് ഇല്ലാത്ത കാശ് കടം വാങ്ങി അവർ എന്നെ ആരെക്കൊണ്ടെങ്കിലും കെട്ടിക്കും. “ എന്ന്. 😜
ഒരു പെൺകുട്ടിക്ക് താലി ഭാഗ്യം ഉണ്ടാകാൻ എങ്കിലും മുക്കാപ്പി ഒരു കാരണം ആകുമല്ലോ എന്ന് കരുതി അമ്മ അതിനു സമ്മതിച്ചു. നാടിനും വീടിനും പ്രയോജനം ഇല്ലാത്ത അവനെ കൊണ്ട് ഇങ്ങനെ എങ്കിലും ഒരു ഉപകാരം ഉണ്ടാകട്ടെ എന്ന് ആത്മഗതം പറഞ്ഞു അവർ സൂസമ്മയെ യാത്രയാക്കി.
“നിന്‍റെ മോനെ മര്യാദക്ക് വളർത്തിയില്ലെങ്കിൽ അടിച്ചു കാലൊടിക്കും, പല്ല് കൊഴിക്കും” എന്നൊക്കെ പറഞ്ഞു കൊണ്ടുള്ള ഗോഗോവിളിയുമായിട്ടാണ് സാധാരണ ആ വീട്ടിലേക്ക് ആൾക്കാർ കടന്നു വരിക. ആദ്യമായിട്ടാണ് ഒരാൾ അപേക്ഷയുമായി വരുന്നത്. അതിന്റെ ചെറിയ ഒരു സന്തോഷം അമ്മക്കുണ്ടായിരുന്നു.
അങ്ങനെ വിവാഹം നടക്കാത്തവരുടെയും പ്രണയ ദാഹികളുടെയും മധ്യസ്ഥനായി നമ്മുടെ മുക്കാപ്പി.ചുരുക്കിപ്പറഞ്ഞാൽ മുക്കാപ്പി നമ്മുടെ മറ്റൊരു നാടൻ വാലെന്റിൻ അല്ലേ?♥️♥️
🙏
നല്ല രസത്തിൽ മുക്കാപ്പി കഥ വായിച്ചു വരികയായിരുന്നു പെട്ടെന്ന് നിർത്തി കളഞ്ഞല്ലോ ബാക്കി ഭാവനയിൽ കാണാൻ ആണോ….?
രസകരമായ എഴുത്ത് 😊❤️🌹
Interesting 😄
രസകരം. 👏👍😍7