Wednesday, May 20, 2026
Homeഅമേരിക്കഹജ്ജ് – വിശ്വാസത്തിന്റെ മഹത്തായ തീർത്ഥാടനം ✍ആസിഫ അഫ്രോസ് ബാംഗ്ലൂർ.

ഹജ്ജ് – വിശ്വാസത്തിന്റെ മഹത്തായ തീർത്ഥാടനം ✍ആസിഫ അഫ്രോസ് ബാംഗ്ലൂർ.

മനുഷ്യചരിത്രത്തിലെ ഏറ്റവും പുരാതനമായ ആരാധനാപരമ്പരകളിലൊന്നാണ് ഹജ്ജ്.

പ്രവാചകനായ ഇബ്രാഹിം നബിയും മകൻ ഇസ്മായിൽ നബിയും ചേർന്ന് വിശുദ്ധ കഅ്ബ പുനർനിർമ്മിച്ചതോടെയാണ് ഹജ്ജിന്റെ ചരിത്രപരമായ തുടക്കം ബന്ധപ്പെട്ടിരിക്കുന്നത്.

അല്ലാഹുവിന്റെ കല്പനപ്രകാരം മനുഷ്യരെ തീർത്ഥാടനത്തിലേക്ക് ക്ഷണിച്ച ഇബ്രാഹിം നബിയുടെ ആഹ്വാനം ഇന്നും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള കോടിക്കണക്കിന് വിശ്വാസികളുടെ ഹൃദയങ്ങളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു.

ഇസ്‌ലാമിന്റെ അഞ്ചു അടിസ്ഥാനസ്തംഭങ്ങളിൽ ഒന്നാണ് ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും അനശ്വര സ്മരണയായ ഹജ്ജ്.

സാമ്പത്തികമായി കഴിവുള്ള, യാത്ര ചെയ്യാൻ ആരോഗ്യമുള്ള, സുരക്ഷിതമായ ജീവിത സാഹചര്യമുള്ള ഓരോ മുസ്ലിമിനും ജീവിതത്തിൽ ഒരിക്കലെങ്കിലും നിർവഹിക്കേണ്ട വിശുദ്ധ ആരാധനയാണിത്. കുടുംബത്തിന്റെ അടിസ്ഥാന ഉത്തരവാദിത്തങ്ങൾ നിറവേറ്റിയ ശേഷമായിരിക്കണം ഹജ്ജ് നിർവ്വഹിക്കേണ്ടതെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ മക്കയിൽ ഒന്നിച്ചുകൂടി അല്ലാഹുവിനോടുള്ള സമർപ്പണവും മനുഷ്യസമത്വവും പ്രകടിപ്പിക്കുന്ന മഹത്തായ ആത്മീയ സംഗമമാണിത്.

ഹജ്ജിന്റെ ചരിത്രം
പ്രവാചകനായ ഇബ്രാഹിം നബിയുടെയും ഭാര്യ ഹാജിറ ബീവിയുടെയും മകൻ ഇസ്മായിൽ നബിയുടെയും ത്യാഗസ്മരണകളുമായി ബന്ധപ്പെട്ടതാണ്.

ദാഹിച്ച് കരയുന്ന കുഞ്ഞിനുവേണ്ടി വെള്ളം തേടി ഓടിയ ഒരു മാതാവിന്റെ പ്രതീക്ഷയും അല്ലാഹുവിലുള്ള അചഞ്ചല വിശ്വാസവും ഇന്നും ഹജ്ജിന്റെ ഓരോ ചുവടുകളിലും ജീവിക്കുന്നു.

ഹജ്ജിന്റെ പ്രധാന ഘട്ടങ്ങൾ ഇഹ്‌റാം, ത്വവാഫ്, സഅ്‌യി, അറഫാ സംഗമം, മുസ്ദലിഫ, ജംറ, ഖുർബാനി ( മൃഗബലി ) എന്നിവയാണ്.

എന്നാൽ ഇത് വെറുമൊരു മൃഗബലി അല്ല. മനുഷ്യന്റെ ഉള്ളിലെ അഹങ്കാരം, സ്വാർത്ഥത, ദ്രോഹം, ദുഷ്ട ചിന്തകൾ, ലോകാസക്തി, അനുസരണക്കേട് എന്നീ തിന്മകളെ അല്ലാഹുവിനു വേണ്ടി ബലിയർപ്പിക്കാനുള്ള ആത്മീയ സന്ദേശമാണ് അതിലൂടെ നൽകുന്നത്.

ഹജ്ജ് കർമ്മത്തിൽ അറഫാ ദിനം ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു.

ഹജ്ജ് നിർവഹിക്കാത്തവർക്ക് ദുൽഹജ്ജ് ഒൻപതാം തീയതിയായ അറഫാ ദിനത്തിൽ നോമ്പ് അനുഷ്ഠിക്കുന്നത് അത്യന്തം പുണ്യമുള്ളതാണ്. തിർമിദി ഉൾപ്പെടെയുള്ള ഹദീസ് ഗ്രന്ഥങ്ങളിൽ, അറഫാ നോമ്പ് മുൻവർഷത്തെയും അടുത്ത വർഷത്തെയും ചെറിയ പാപങ്ങൾക്കുള്ള പ്രായശ്ചിത്തമാകുമെന്ന് പ്രവാചകൻ(സ) പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഹജ്ജിന്റെ യഥാർത്ഥ ലക്ഷ്യം വെറും ഒരു യാത്ര പൂർത്തിയാക്കലല്ല; ആത്മാവിനെ ശുദ്ധീകരിക്കുകയും മനുഷ്യനെ അല്ലാഹുവിനോട് കൂടുതൽ അടുപ്പിക്കുകയും ചെയ്യുക എന്നതാണ്.

ലോകീയ പദവികളും സമ്പത്തും വംശവും ഭാഷയും എല്ലാം മറന്ന് ഒരേ ഇഹ്‌റാം വസ്ത്രത്തിൽ നിൽക്കുന്ന മനുഷ്യർ, സൃഷ്ടാവിന്റെ മുമ്പിൽ എല്ലാവരും ഒരുപോലെയാണെന്ന മഹത്തായ സന്ദേശമാണ് ലോകത്തിന് നൽകുന്നത്.

വിനയം, ക്ഷമ, ആത്മനിയന്ത്രണം, സഹനം, ത്യാഗം, പരസ്പര സ്നേഹം എന്നിവ ജീവിതത്തിൽ വളർത്തുകയാണ് ഹജ്ജിന്റെ ആത്മീയ ഉദ്ദേശം.

രാജാവും സാധാരണക്കാരനും ഒരേ വസ്ത്രത്തിൽ അല്ലാഹുവിന് മുമ്പിൽ നിൽക്കുമ്പോൾ മനുഷ്യന്റെ യഥാർത്ഥ മഹത്വം ഭക്തിയിലാണെന്ന് ഹജ്ജ് ഓർമ്മപ്പെടുത്തുന്നു.

“ലബ്ബൈക്ക് അല്ലാഹുമ്മ ലബ്ബൈക്ക്” എന്ന തീർത്ഥാടകന്റെ വിളി, അല്ലാഹുവിനോടുള്ള പൂർണ്ണ സമർപ്പണത്തിന്റെ മഹത്തായ പ്രഖ്യാപനമാണ്.

അത് ഒരു വിശ്വാസിയുടെ ഹൃദയം മുഴുവൻ സൃഷ്ടാവിലേക്ക് സമർപ്പിക്കുന്ന ആത്മീയ പ്രതിജ്ഞയാണ്.

പാപങ്ങളിൽ നിന്ന് മോചനം തേടി, പുതുജീവിതത്തിന്റെ പ്രത്യാശയോടെ അല്ലാഹുവിന്റെ കരുണയിലേക്ക് മടങ്ങിച്ചെല്ലുന്ന വിശ്വാസിയുടെ ആത്മീയ നവജന്മമാണ് ഹജ്ജ്.

ഹജ്ജ് നിർവഹിച്ച് മടങ്ങിയെത്തുന്ന എല്ലാ ഹാജിമാർക്കും ഹൃദയം നിറഞ്ഞ പ്രാർത്ഥനകളും ആശംസകളും.

അല്ലാഹു അവരുടെ ഹജ്ജ് സ്വീകരിക്കട്ടെ, ജീവിതം സമാധാനത്താലും അനുഗ്രഹങ്ങളാലും നിറക്കട്ടെ.

അവർ നേടിയ ആത്മീയ പ്രകാശവും വിശ്വാസത്തിന്റെ സന്ദേശവും കുടുംബങ്ങൾക്കും സമൂഹത്തിനും അനുഗ്രഹമാകട്ടെ. “ഹജ്ജ് മബ്രൂർ” ലഭിച്ച ഭാഗ്യവാന്മാരിൽ അല്ലാഹു എല്ലാവരെയും ഉൾപ്പെടുത്തട്ടെ. (ആമീൻ)

ആസിഫ അഫ്രോസ്
ബാംഗ്ലൂർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com