Friday, May 29, 2026
Homeഅമേരിക്കയമുനാതീരേ.. (നോവൽ - അധ്യായം 8) ✍ ഡോളി തോമസ് ചെമ്പേരി

യമുനാതീരേ.. (നോവൽ – അധ്യായം 8) ✍ ഡോളി തോമസ് ചെമ്പേരി

സഹനത്തിൻ്റെ നെല്ലിപ്പലക കണ്ട ദിവസങ്ങൾ. ഒരിക്കൽ ഗതികെട്ട് അമ്മായിയോട് പരാതി പറഞ്ഞു: “അമ്മായീ, എനിക്ക് വയ്യ ഈ ഉപദ്രവം സഹിക്കാൻ.”

​“നീ കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചറല്ലേ? അവനെ നേരെയാക്കുമെന്ന് ഞങ്ങൾ കരുതി.” അമ്മായിയുടെ മറുപടി ഇതായിരുന്നു.

​“അതുകൊള്ളാം! അമ്മായിയും അമ്മാവനും നോക്കിയിട്ട് നടക്കാത്ത കാര്യം ഞാൻ എങ്ങനെ ചെയ്യാനാണ്? കുട്ടികളെ പഠിപ്പിക്കുന്നത് പോലെയാണോ താന്തോന്നിയായി നടക്കുന്നയാളെ നന്നാക്കൽ?”

​“അതിനും വേണം ഒരു കഴിവ്. അച്ഛനും അമ്മയ്ക്കും കഴിയാത്തത് ഒരു ഭാര്യയ്ക്ക് സാധിക്കണം.”

“പിന്നേ ഭാര്യയെന്താ ദുർഗ്ഗുണപരിഹാരപാഠശാലയോ? ഇങ്ങനെയെങ്കിൽ ഈ ബന്ധം അധികം മുന്നോട്ട് പോകില്ല. നിങ്ങളുടെ മകന് പൈസയുണ്ടാക്കിക്കൊടുക്കുന്ന യന്ത്രമല്ല ഞാൻ.”. തീർത്തുപറഞ്ഞു.

​അവിടെയും രക്ഷയില്ലെന്ന് കണ്ട് മടങ്ങി. വീണ്ടും ഉപദ്രവം സഹിക്കവയ്യാതെ ശരീരത്തിലെ മുറിവുകൾ അമ്മായിയെ കാണിച്ചു കൊടുത്തു.

​“അമ്മായി ഇതുകണ്ടോ?”

​“നീ അങ്ങു സഹകരിച്ചു കൊടുക്ക്. എതിർത്തു നിന്നാൽ മുറിവും ചതവുമൊക്കെ പറ്റും. അതൊക്കെ സ്വാഭാവികമാണ്.” – അമ്മായി നിസ്സാരമായി കൈയൊഴിഞ്ഞു.

അമ്മായിയുടെ വാക്കുകൾ കേട്ട് മരവിച്ചു നിൽക്കാനേ കഴിഞ്ഞുള്ളൂ. താൻ അനുഭവിക്കുന്ന നരകം ഒരു “സ്വാഭാവിക” കാര്യമായി കാണുന്നവരോട് ഇനി എന്ത് പറയാൻ? ആ വീട്ടിൽ താൻ വെറുമൊരു പെണ്ണല്ല, ശ്യാമിന്റെ വൈകൃതങ്ങൾക്കും ദേഷ്യത്തിനും ഇരയാകാൻ കൊണ്ടുവന്ന ഒരു ജീവനുള്ള പാവ മാത്രമാണെന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.

അമ്മായിയുടെ ആ പ്രതികരണം കേട്ടപ്പോൾ ഒന്നും പറയേണ്ടിയിരുന്നില്ല എന്നു തോന്നി. ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയുടെ ബുദ്ധിമുട്ടും വിഷമവും മനസ്സിലാകുമെന്ന് കരുതി.
അപ്പോൾ മകന്റെ മുറിയിൽ നടക്കുന്നതൊക്കെ അമ്മായി അറിയുന്നുണ്ടെന്നു സ്പഷ്ടമായി. മുറിവിന്റെ നീറ്റലും വേദനയും ആരുമറിയാതെ സഹിച്ചു. അയാൾ വീട്ടിലില്ലാത്ത സമയങ്ങളിൽ വല്ലാത്ത ആശ്വാസവും സമാധാനവുമാണ് തോന്നിയിട്ടുള്ളത്.

പിന്നീടുള്ള ദിവസങ്ങളിൽ ശ്യാം കൂടുതൽ അക്രമാസക്തനായി. മദ്യപാനം മൂത്ത് അയാൾക്ക് വിവേകം തീരെയില്ലാതായി. അനുജത്തിമാരോട് പോലും ഫോണിൽ സംസാരിക്കുന്നത് കണ്ടാൽ അതിന്റെ പേരിൽ യുദ്ധമാണ്.

​“നീ ആരുടെ കൂടെയാണ് ചിരിച്ചു സംസാരിക്കുന്നത്? നിനക്ക് എന്നെക്കാൾ വലുത് അവന്മാരാണോ?” എന്ന ചോദ്യങ്ങൾ പതിവായി. അതൊന്നും കേട്ടഭാവം നടിച്ചില്ല.

​ഒരിക്കൽ രാത്രിയിൽ അയാൾ വീണ്ടും പഴയ കാര്യങ്ങൾ വിളിച്ചുപറയാൻ തുടങ്ങി.

“എന്റെ കൂടെ കിടന്ന പെണ്ണുങ്ങളൊന്നും നിന്നെപ്പോലെ ആയിരുന്നില്ല. നീ വെറുമൊരു കല്ല്‌ പോലെയാണ്.”

ആദ്യമൊക്കെ വേദനിച്ചിരുന്ന എനിക്ക് അന്ന് ചിരിയാണ് വന്നത്. “ശ്യാം, നിങ്ങളുടെ ആ പഴയ വീരഗാഥകൾ കേട്ട് എനിക്ക് മടുത്തു. നിങ്ങൾ പറയുന്ന ആ പെണ്ണുങ്ങളൊക്കെ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നെങ്കിൽ പിന്നെന്തിനാണ് എന്നെ കെട്ടി കൊണ്ടുവന്നത്? നിങ്ങളുടെ ഈ പരാജയം മറയ്ക്കാൻ എന്നെ പഴിചാരിയിട്ട് കാര്യമില്ല.”

എന്റെ വാക്കുകൾ അയാളുടെ നെഞ്ചിൽ തറച്ചു. അത്രയും കാലം ഭയന്നു വിറച്ചു നിന്നവൾ പെട്ടെന്ന് പ്രതികരിച്ചപ്പോൾ അയാൾക്ക് അത് സഹിക്കാനായില്ല. അയാൾ കൈ ഓങ്ങിയെങ്കിലും അത് തടഞ്ഞു. അയാളുടെ കൈകളിൽ മുറുകെപ്പിടിച്ചു. ആരും സഹായത്തിനില്ല എന്ന് മനസ്സിലാകുന്നിടത്ത് ധൈര്യം താനെ വരുമല്ലോ.

​“ഇനി എന്നെ അടിക്കരുത്. അടികൊള്ളാൻ ഞാനിനി തയ്യാറല്ല.” ശബ്ദത്തിലെ ദൃഢത കണ്ട് അയാൾ ഒന്ന് പതറി.

അന്ന് രാത്രി തന്നെ തീരുമാനമെടുത്തു. ഈ നരകത്തിൽ സഹിച്ചു കഴിയുന്നത് ക്ഷമയല്ല, മറിച്ച് ആത്മഹത്യയാണെന്ന് എനിക്ക് തോന്നി. പിറ്റേന്ന് പുലർച്ചെ ശ്യാം മദ്യലഹരിയിൽ ഉറങ്ങിക്കിടക്കുമ്പോൾ ബാഗ് എടുത്തു. ആ വീട്ടിൽ നിന്നും എനിക്ക് കിട്ടിയത് മുറിവുകളും അപമാനവും മാത്രമായിരുന്നു. അത് സഹിക്കാൻ ഇനി കഴിയില്ല.

​വാതിൽക്കൽ വെച്ച് അമ്മായി തടഞ്ഞു. “നീ എങ്ങോട്ടാ ഈ പോകുന്നത്? കുടുംബത്തിന്റെ മാനം കളയരുത്.”

“കുടുംബത്തിന്റെ മാനം കാക്കാൻ എന്നെ ബലികൊടുക്കാൻ എനിക്ക് സൗകര്യമില്ല അമ്മായീ. മുറിവും ചതവും സഹിക്കാൻ പറഞ്ഞ അമ്മായിക്ക് ഇനി ആ പണി ഏറ്റെടുക്കാം.”

​തിരിഞ്ഞു നോക്കാതെ ആ പടിയിറങ്ങി. എനിക്ക് മുന്നിൽ വലിയൊരു ലോകമുണ്ടായിരുന്നു. അവിടെ എനിക്ക് എന്നെത്തന്നെ കണ്ടെത്തണമായിരുന്നു. സ്വന്തം അന്തസ്സും സമാധാനവും പണയപ്പെടുത്തി ജീവിക്കുന്നതിനേക്കാൾ നല്ലത് ഒറ്റയ്ക്ക് തലയുയർത്തി ജീവിക്കുന്നതാണെന്ന് ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു.

പക്ഷേ ആ രക്ഷപ്പെടൽ വെറുതെയായിരുന്നു. ശ്യാം വഴിയിൽ വെച്ച് പിടികൂടി തിരിയെ കൊണ്ടുവന്നു. അമ്മായി മകനെ പറഞ്ഞുവിട്ടതായിരുന്നു. പരിചയമുള്ള പലരും ശ്രദ്ധിക്കുന്നുണ്ട്. താനൊരു അധ്യാപികയാണ്. വഴിയിൽ മറ്റുള്ളവർക്ക് കാഴ്ചവസ്തു ആകേണ്ടല്ലോ എന്ന് കരുതി അതീവ നിസ്സഹായയായി കൂടെപ്പോന്നു.

ഒരുദിവസം തനിച്ചായിരുന്ന നേരത്താണ് ശേഖർ സർ അരികിൽ വന്നത്.

“എന്താടോ ഒരു വല്ലായ്മ? സുഖമില്ലേ?” അദ്ദേഹത്തിന്റെ ചോദ്യം ആർദ്രമായിരുന്നു.

​“ഉണ്ടായിരുന്ന സുഖം കൂടി പോയിക്കിട്ടി സർ,” വിങ്ങലോടെ ഞാൻ മറുപടി നൽകി.

​“അതെന്തേ?”

​“സർ, ഞാൻ അന്നേ പറഞ്ഞതല്ലേ ഇത് ശരിയാവില്ലെന്ന്. ശാപം കിട്ടിയ ജന്മമാണ് എന്റേത്. ഒന്നൊഴിയുമ്പോൾ മറ്റൊന്ന് എന്നപോലെ ദുരിതങ്ങൾ വേട്ടയാടാനാണ് എന്റെ വിധി!” കണ്ണുകളിൽ ഉരുണ്ടുകൂടിയ കണ്ണീർ പുറത്തേക്ക് ഒഴുകും മുൻപേ സാരിത്തുമ്പുകൊണ്ട് ഞാനത് ഒപ്പി മാറ്റി.

​“കൂൾ ഡൗൺ യമുനാ… കണ്ണു തുടയ്ക്കൂ. ആരോ വരുന്നുണ്ട്.” വരാന്തയിലൂടെ നടന്നുവരുന്ന കാൽപ്പെരുമാറ്റം കേട്ട് സർ വേഗത്തിൽ അവിടെനിന്നും മാറി.

ബഹളം സഹിക്കവയ്യാതെ അമ്മാമ വീട്ടിൽനിന്നും ഇറക്കിവിട്ടതിനെത്തുടർന്ന് ശേഖർ സാറിന്റെ തറവാട്ടുവീട്ടിൽ താമസം തുടങ്ങിയ കാലമായിരുന്നു അത്. ശ്യാം ഒരു പോക്കുപോയാൽ രണ്ടുമൂന്നോ ആഴ്ചകൾക്കശേഷമാകും തിരിയെ വരുന്നത്. അത് വലിയൊരു ആശ്വാസമായിരുന്നു. എവിടെ പോകുന്നെന്നോ എപ്പോൾ വരുമെന്നോ അന്വേഷിക്കാൻ മെനക്കെടാറുമില്ല. ചില നേരങ്ങളിൽ, ഉള്ളിൽ ചുറ്റിത്തിരിയുന്ന ചൂട് കാറ്റിൽ ചാരം പറന്നുപോകുമ്പോൾ മൂടിക്കിടക്കുന്ന കനൽ പുറത്തുവരും. വെന്തുരുകുന്ന ആ ചൂടിൽ അക്ഷരങ്ങൾ ഉറവയെടുക്കും. അവ തടസ്സമില്ലാതെ ഒഴുകിക്കൊണ്ടിരിക്കും. അങ്ങനെയുണ്ടായ ചില രചനകൾക്ക് വലിയ അംഗീകാരങ്ങളുടെ തിളക്കവും ലഭിച്ചു. സ്വന്തമെന്ന് പറയാൻ ആരുമില്ലെങ്കിലും ശേഖർ സാറിന്റെ സാന്നിധ്യം എപ്പോഴും ഒരു വലിയ പ്രചോദനമായിരുന്നു; അതിരുകടക്കാത്ത സ്നേഹപ്രവാഹമായിരുന്നു. ആ സ്നേഹം ഒരിക്കലും പരിധി ലംഘിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. സരസ്വതി ടീച്ചർ ഒരു കൂടെപ്പിറപ്പിനെപ്പോലെ ചേർത്തുപിടിച്ചു. കുട്ടികൾക്ക് പ്രിയപ്പെട്ട ‘യമുനാന്റി’യായി. ആ വീട്ടിലെ എല്ലാ വിശേഷങ്ങളിലും അവിഭാജ്യ ഘടകമായി മാറി.

​“സ്നേഹം തന്നിൽ നിന്നുതന്നെ മറ്റൊന്നും നൽകുന്നില്ല, അതിൽ നിന്ന് തന്നെ മറ്റൊന്നും എടുക്കുന്നില്ല. സ്നേഹം കൈവശമാക്കുന്നില്ല, കൈവശപ്പെടുത്തുകയുമില്ല; സ്നേഹത്തിന് സ്നേഹം മതി.”

ഖലീൽ ജിബ്രാന്റെ ഈ വരികൾ എപ്പോഴും എന്റെ ഉള്ളിൽ നിറഞ്ഞുനിന്നു.

​ട്രെയിനിലെ മുകളിലെ ബെർത്തിൽ കിടക്കുന്നയാളുടെ കൂർക്കംവലി ഉച്ചത്തിൽ കേൾക്കാം. ആട്ടുതൊട്ടിലിലെന്നപോലെ ആടിയുലയുന്ന ആ കിടപ്പിൽ ഉറക്കം വഴുതിമാറിക്കൊണ്ടിരുന്നു. അപ്പോൾ പഴയ ചില ശബ്ദങ്ങൾ കാതിൽ വന്നലച്ചു:

​“എഴീ യമുനേ… ഇത്രയും കാലമായിട്ടും നീ ആരുടെയും കൂടെ കിടന്നിട്ടില്ലേടീ? നല്ല ചോരത്തിളപ്പുള്ള എത്ര സാറന്മാരുണ്ട് ആ കോളേജിൽ. ആരും നിന്നെയൊന്നു തൊട്ടുപോലും നോക്കിയിട്ടില്ലേ?” അറപ്പുളവാക്കുന്ന ആ വാക്കുകൾ ഇപ്പോഴും വേട്ടയാടുന്നു.

​മുഷിഞ്ഞ ജുബ്ബയും പാറിപ്പറന്ന മുടിയും അലങ്കോലമായ താടിയും ചീർത്ത കവിളുകളും… ഉപ്പന്റേതുപോലെ ചുവന്നുകടുത്ത കണ്ണുകളും വീർത്ത കൺപോളകളും. അതീവ ദയനീയമായിരുന്നു അയാളുടെ രൂപം. ചെറുപ്പത്തിൽ എത്ര സുന്ദരനായിരുന്നു അയാൾ! ആ രൂപത്തിന് പുറമെ ഇത്തരം സംസാരങ്ങൾ കൂടി കേട്ടപ്പോൾ അറപ്പും വെറുപ്പുമാണ് തോന്നിയത്.

​“പിന്നെ, നിങ്ങളെപ്പോലെ കാണുന്നവർക്കൊക്കെ പായ വിരിച്ചുകൊടുക്കലല്ല എന്റെ പണി,” ഞാൻ ആക്രോശിച്ചു.

​“അതിനും വേണമെടീ ഒരു യോഗം. നീയിങ്ങനെ വരണ്ടുണങ്ങി പോകുകയേ ഉള്ളൂ. നീ ഒരു കാര്യം ചെയ്യ്, എന്റെ സ്റ്റുഡിയോയിലേക്ക് വാ. എന്നിട്ട് എന്റെ മോഡലാവൂ. ഏതായാലും ഈ ശരീരം കൊണ്ട് ആർക്കും ഒരു ഗുണവുമില്ല. നാട്ടുകാരെങ്കിലും ഈ പ്രായത്തിലും ഉടയാത്ത നിന്റെ സൗന്ദര്യം കണ്ടാസ്വദിക്കട്ടെ.”

ആ മുഖത്തേക്ക് കാർക്കിച്ചു തുപ്പാനാണ് തോന്നിയത്. പക്ഷേ, കഷ്ടപ്പെട്ട് ആ ദേഷ്യം അടക്കി. അങ്ങനെയെന്തെങ്കിലും ചെയ്താൽ അയാളുടെ വാശി കൂടും, പിന്നെ എന്താണ് സംഭവിക്കുക എന്ന് പറയാനാകില്ല. അത് ഒഴിവാക്കാൻ മുറിയിൽക്കയറി വാതിലടച്ചു. പക്ഷേ അതുകൊണ്ടൊന്നും അയാൾ അടങ്ങിയില്ല. പിറ്റേന്നും അത് ആവർത്തിച്ചു. ഒരുദിവസം അയാൾ ബലമായി പിടിച്ച് സ്റ്റുഡിയോയിലേക്ക് വലിച്ചിഴച്ചു. ആ പിടിവലിക്കിടയിൽ അവിടെയിരുന്ന ചായങ്ങൾ തട്ടിമറിഞ്ഞു.

​“എടീ, ഈ വടിവൊത്ത ശരീരം വരച്ചുവിറ്റാൽ എനിക്ക് നല്ല കാശ് കിട്ടും. പിന്നെ നീയെനിക്ക് പണമൊന്നും തരേണ്ടി വരില്ല.”

​“ത്ഫൂ…!” അയാളുടെ മുഖത്തേക്ക് തന്നെ തുപ്പി. എന്നിട്ട് സർവ്വശക്തിയുമെടുത്ത് ഒരൊറ്റത്തള്ളു കൊടുത്തു. കൂട്ടിയിട്ടിരുന്ന വേസ്റ്റ് പേപ്പറുകൾക്കിടയിലേക്ക് അയാൾ മറിഞ്ഞുവീഴുന്നത് കണ്ടുകൊണ്ട് പുറത്തേക്കോടി. അയാൾ പിന്നാലെ വരുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

​സരസ്വതി ടീച്ചറായിരുന്നു പിന്നീട് അഭയം. അതൊരു വലിയ ആശ്വാസവും സുരക്ഷിതത്വവുമായിരുന്നു. ഓടിപ്പോകാൻ വേറെ വീടോ വീട്ടുകാരോ ഉണ്ടായിരുന്നില്ലല്ലോ. അമ്മയെ രോഗം തട്ടിയെടുത്തു. അനുജത്തിമാർ അവരുടെ കുടുംബങ്ങളുമായി തിരക്കിലായി. വരുമാനം നിലച്ചതോടെ വിഷ്ണുവേട്ടനും അന്വേഷിക്കാതെയായി.

അന്നത്തെ ആ സംഭവത്തിന് ശേഷം ശ്യാമിന്റെ സാന്നിധ്യത്തിൽ ഒരിക്കലും സാറിൻ്റെ വീട്ടിലേക്ക് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. വെറുതെയെന്തിന് ആ മനുഷ്യനെക്കൊണ്ട് പുലഭ്യം പറയിക്കണം?

​ചിന്തിക്കുമ്പോൾ തോന്നിയിട്ടുണ്ട്, താൻ ഇത്രയും കഴിവുകെട്ടവളായിപ്പോയല്ലോ എന്ന്. ജോലിയുണ്ട്, സ്വന്തമായി വരുമാനമുണ്ട്. എന്നിട്ടും ബന്ധങ്ങളെ ചേർത്തുപിടിക്കണമെന്ന വാശികൊണ്ടും സ്നേഹിച്ചവരെ കൈവിടാൻ മനസ്സില്ലാത്തതുകൊണ്ടും മാത്രം ഒന്നിനും കൊള്ളാത്തവളായി മുദ്രകുത്തപ്പെട്ടു. സ്നേഹം ഒരു ഭാരമായി മാറുന്നുവെന്നറിഞ്ഞിട്ടും, ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കിയെന്ന സംതൃപ്തി മാത്രമായിരുന്നു ഏക സമ്പാദ്യം. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എങ്ങനെയോ, അതുപോലെ തന്നെ കുടുംബത്തിനും സഹോദരങ്ങൾക്കും വേണ്ടി ഉറച്ചുനിന്നു. പക്ഷേ, ഒടുവിൽ താനൊരു ബാധ്യതയാകുമോ എന്ന ഭയം വന്നപ്പോൾ ആ ഭാരവും ഒഴിഞ്ഞു കൊടുത്തു. ആർക്കുവേണ്ടി? എന്തിനുവേണ്ടി ജീവിക്കണം? എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് അവസാനിപ്പിച്ചാലോ എന്ന് പോലും ഞാൻ ആലോചിച്ചുപോയി.

​“ബലമില്ലാതാകുന്നു സർ… താങ്ങിനിൽക്കാൻ ഒരത്താണി പോലുമില്ല. ഞാനെന്തെങ്കിലും കടുംകൈ ചെയ്തുപോകും,” ഉള്ളിലെ നീറ്റൽ സഹിക്കാനാവാതെ ഒരു ദിവസം സാറിനോട് പറഞ്ഞുപോയി.

​“ഛേ, എന്തൊക്കെയാടോ ഈ പറയുന്നത്? അത്രയ്ക്ക് വയ്യെങ്കിൽ വിട്ടുപോകാമല്ലോ,” അദ്ദേഹം തിരുത്തി.

​“പറ്റില്ല സർ. ഈ ജോലി ഉപേക്ഷിക്കേണ്ടി വരും. പിന്നെ ഞാൻ എങ്ങനെ ജീവിക്കും?”

​“യമുനാ, അനാവശ്യ ചിന്തകൾ അരുത്. പരിഹാരമില്ലാത്ത പ്രശ്നങ്ങളുണ്ടോ? ഞങ്ങളുണ്ട് കൂടെ.” ആ വാക്കുകൾക്കൊപ്പം അദ്ദേഹം കരം കവർന്നപ്പോൾ അറിയാതെ ഒരു തേങ്ങൽ എന്നിൽ നിന്നുയർന്നു. ആ ഉറച്ച വാക്കുകൾ നൽകിയ ധൈര്യവും പ്രചോദനവും ചെറുതല്ല. ഏത് പ്രതിസന്ധിയിലും തളരാതെ മുന്നേറാൻ അത് കരുത്തായി.

​പക്ഷേ, നരകയാതനയുടെ ആധിക്യത്തിൽ പതുക്കെ ഉറക്കം നഷ്ടപ്പെട്ടു. തുടർച്ചയായ തലവേദനകളെ പെയിൻ കില്ലറുകൾ കൊണ്ട് മെരുക്കാൻ ശ്രമിച്ചു. എന്നാൽ ഒരു രാത്രിയിൽ, ഉറക്കത്തിലേക്ക് ഭീകരരൂപികളായ കുട്ടിച്ചാത്തന്മാർ അതിക്രമിച്ചു കയറി. അവരുടെ അട്ടഹാസങ്ങൾ എന്റെ ബാക്കിനിന്ന നിദ്രയെയും കെടുത്തിക്കളഞ്ഞു. തടിക്കഷണങ്ങൾ പരസ്പരം കൂട്ടിയടിച്ച് അവർ ഉണ്ടാക്കിയ ശബ്ദം അസഹനീയമായിരുന്നു. ഞാൻ ചെവി പൊത്തിപ്പിടിച്ചു. അവർ എനിക്ക് ചുറ്റും തുള്ളിച്ചാടി. അതോടെ സ്ഥലകാല ബോധം നഷ്ടമായി. മനസ്സൊരു മായാലോകത്തേക്ക് വഴിമാറി. അവിടെ വെളിച്ചമില്ല, പകലില്ല, ആശ്വാസത്തിന്റെ മറുശബ്ദങ്ങളില്ല; കുട്ടിച്ചാത്തന്മാരുടെ ആക്രോശങ്ങളും ഇരുട്ടും മാത്രം.

തുടരും..

ഡോളി തോമസ് ചെമ്പേരി✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com