ബംഗാളി സാഹിത്യത്തിലെ അതിപ്രശസ്ത സാഹിത്യകാരൻ ബിഭൂതിഭൂഷൺ ബന്ദ്യോപാധ്യായ യുടെ കൃതിയാണ് അശനി സങ്കേത് “.ബംഗാളിൽ നിന്നും നിരവധി കൃതികൾ മലയാളത്തിലെത്തിച്ച ലീല സർക്കാറിന്റെ മറ്റൊരു പരിഭാഷയാണ് “അശനി സങ്കേത് “.
രണ്ടാം ലോകമഹായുദ്ധം മൂലം ഭക്ഷ്യവസ്തുക്കളുടെ അഭാവം സാധാരണ ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നാണ് ഈ നോവലിൽ പ്രതിപാദിക്കുന്നത്.
ബംഗാളിലെ ബ്രാഹ്മണനായ ഗംഗാചരണും ഭാര്യ അനംഗയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. ബ്രാഹ്മണൻ എന്ന ജാതീയ വ്യവസ്ഥയെ മുതലെടുത്ത് അരിയും മറ്റ് നിത്യോപയോഗസാധനങ്ങളും കൃഷിക്കാരിൽ നിന്നും ദാനമായി സ്വീകരിച്ച് സുഖമായി കഴിഞ്ഞു വരവേ യുദ്ധം കാരണം ഇവയെല്ലാം ലഭ്യമാകാതെ പട്ടിണി ആവുകയാണ് ഗംഗാചരണും കുടുംബവും അതുപോലെ ആ ഗ്രാമവാസികളും. കരിഞ്ചന്തക്കാരും പൂഴ്ത്തിവെപ്പുകാരും കൊള്ളലാഭമുണ്ടാക്കിയെടുക്കാനായി ശ്രമിച്ചത് കാരണമാണ് ഇത്രയും പട്ടിണി ആ പ്രദേശത്ത് ഉണ്ടാവാനുള്ള കാരണം.യുദ്ധം കാരണം ഭക്ഷ്യവസ്തുക്കൾ ലഭിക്കാതെ പട്ടിണി ആവുമ്പോൾ അതുവരെ കാത്തുസൂക്ഷിച്ച നീതിബോധങ്ങൾ കാറ്റിൽ പറത്തിയാണ് ഒരു നേരത്തെ വിശപ്പടക്കുന്നത്.
പല സ്വഭാവക്കാരായ മനുഷ്യരും വിശപ്പ് ഒരു മനുഷ്യന്റെ സ്വഭാവത്തെ എങ്ങനെ മാറ്റും എന്ന് ഇതിൽ വിവരിക്കുന്നു. വിശപ്പ് ആണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം. ഗംഗാചരൺ സൂത്രശാലി ആണെങ്കിലും കുടുംബസ്നേഹിയാണ്. ഭാര്യയും മക്കളും സുഖമായി ജീവിക്കാൻ വേണ്ടിയാണ് അദ്ദേഹം ഇതൊക്കെ ചെയ്യുന്നത്. ഭാര്യ അനംഗ തനിക്കുള്ള ഭക്ഷണം പോലും ദാനം ചെയ്തു പട്ടിണിയാവുന്ന പാവം സ്ത്രീ.അരി എങ്ങും കിട്ടാതെയാവുമ്പോൾ പുഴ വക്കിലും മറ്റുമുള്ള ചേമ്പിലയും ചീരയും ഭക്ഷ്യയോഗ്യമാക്കുന്ന ജനത. ആ സാഹചര്യത്തിലും കിട്ടുന്ന ഭക്ഷണം വീതിച്ച് അയല്പക്കത്തെ വീട്ടുകാർക്കും കൂടി കൊടുക്കുന്ന അനംഗ, ചതുട്ക്കി, മതി, ഇവരൊക്കെ വായനക്കാരുടെ മനസ്സിൽ ഇടം പിടിക്കും തീർച്ചയായും.അതുവരെ കാത്തുസൂക്ഷിച്ച ആചാരമര്യാദകളും ജാതി ചിന്തകളും ന്യായ അന്യായങ്ങളും എല്ലാം വിശപ്പിന്റെ മുൻപിൽ അടിയറവ് പറയുകയാണ്.
ഓരോ വരികളിൽ കൂടിയും വായനക്കാരൻ സഞ്ചരിക്കുമ്പോൾ അനുഭവമാക്കുന്ന എഴുത്ത്. ഒരു ചിത്രം കണ്ട പ്രതീതി.
നല്ല അവതരണം 🌹
അതേ, വിശപ്പ് തന്നെയാണ് ഏറ്റവും വലിയ പ്രശ്നം. ഏത് മഹാരാജാവും വിശന്നാൽ പിച്ചക്കാരൻ ആകും. 👍