Thursday, May 21, 2026
Homeസിനിമമൂന്നാം വരവിലും ‘ദൃശ്യ’ വിരുന്ന്; ‘ദൃശ്യം 3’ റിവ്യൂ.

മൂന്നാം വരവിലും ‘ദൃശ്യ’ വിരുന്ന്; ‘ദൃശ്യം 3’ റിവ്യൂ.

എത്രയൊക്കെ സസ്പെൻസ് ത്രില്ലറുകൾവച്ചു തൂക്കിയാലും ‘ദൃശ്യ’ത്തിന്റെ തട്ട് താഴ്ന്നുതന്നെയിരിക്കുമെന്ന് നിസ്സംശയം പറയാം. ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും മൂന്നാംവരവിനാണ് മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്നത്. മോഹൻലാലെന്ന അതുല്യനടന്റെ വിസ്മയിപ്പിക്കുന്ന അഭിനയമുഹൂർത്തങ്ങൾ, കയ്യടക്കമുള്ള സംവിധാനത്തികവുമായി ജീത്തു ജോസഫ്, അങ്ങനെ ‘ജോർജുകുട്ടി’ തന്റെ മൂന്നാം വരവിൽ എത്തുമ്പോൾ മലയാളികൾക്ക് ലഭിച്ചത് മികച്ചൊരു ഇമോഷനൽ ത്രില്ലർ അനുഭവമാണ്. ദൃശ്യത്തിന്റെ മൂന്നാംഭാഗം മികച്ച ദൃശ്യാനുഭവമായി മാറിയെന്നത് ക്ലൈമാക്സിനു ശേഷം തിയറ്ററിലെ പ്രേക്ഷകരുടെ കയ്യടികൾ തെളിവാണ്.
വളരെ പതുക്കെ കഥ പറഞ്ഞുതുടങ്ങുന്ന രീതിയാണ് ആദ്യ രണ്ടുഭാഗങ്ങളിലെന്നതുപോലെ മൂന്നാംഭാഗത്തിലും ജീത്തുജോസഫ് സ്വീകരിച്ചിരിക്കുന്നത്. ജോർജുകുട്ടിയെയും റാണിയെയും അഞ്ജുവിനെയും അനുവിനെയും അറിയാത്ത ഒരു മലയാളിയുമില്ലല്ലോ. വരുൺപ്രഭാകറിനെയും അച്ഛനമ്മമാരായ ഐജി ഗീതാ പ്രഭാകറിനെയും പ്രഭാകറിനെയും കാണികൾക്ക് വ്യക്തമായി അറിയാം. വരുൺ പ്രഭാകറിന് എന്തു സംഭവിച്ചുവെന്നും ആ കേസ് തനിക്കെതിരെ തിരിയാതിരിക്കാൻ ജോർജുകുട്ടി എന്തു ചെയ്തുവെന്നും മലയാളികൾക്കറിയാം. ഇത്രയൊക്കെ വിവരങ്ങൾ അറിയാവുന്ന പ്രേക്ഷകർക്കുമുന്നിലേക്ക് സിനിമയുടെ മൂന്നാംഭാഗവുമായി വരാൻ ഒരു സംവിധായകനും ചില്ലറ മനക്കരുത്തൊന്നും പോര. പക്ഷേ എന്നിട്ടും, ഇതേ കഥാപാത്രങ്ങളെ വച്ച് പുതിയ ആകാംക്ഷകളും പുതിയ കഥാഗതിയുമാണ് ജീത്തു ജോസഫ് അവതരിപ്പിക്കുന്നത്. പക്ഷേ അവസാനത്തെ 40 മിനിറ്റ് പ്രേക്ഷകർക്ക് ‘എഡ്ജ് ഓഫ് ദ സീറ്റ്’ ത്രില്ലിങ്ങ് നിമിഷങ്ങൾ സമ്മാനിക്കുകയും മൂന്നോ നാലോ സീനുകളിൽ കാണികളെക്കൊണ്ട് കയ്യടിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ് ദൃശ്യമികവ്.
ഒടിടി റിലീസായെത്തിയ ദൃശ്യം രണ്ടിനേക്കാൾ കെട്ടുറപ്പുള്ള കഥ കൊണ്ട് ദൃശ്യം മൂന്ന് ഒരുപടി മുകളിലാണ്. 13 വർഷം മുൻപ് ‘ദൃശ്യം’ തിയറ്ററിലെത്തിയപ്പോൾ മലയാളികൾ ശ്വാസമടക്കിപ്പിടിച്ചാണ് സിനിമ കണ്ടുതീർത്തത്. നാലാംക്ലാസ് പാസാവാത്ത, സിനിമകളെ സ്നേഹിക്കുന്ന, കേബിൾ ടിവിക്കാരനായ സാധാരണക്കാരാൻ ജോർജുകുട്ടി തന്റെ എല്ലാ പരിമിതികളെയും മറികടന്ന് തന്റെ കുടുംബത്തെ സംരക്ഷിക്കുന്നതാണ് കണ്ടത്. രാജാക്കാട് പൊലീസ് സ്റ്റേഷനുകീഴിൽ വരുൺ പ്രഭാകറിന്റെ ശരീരം കുഴിച്ചിടുന്ന ബ്രില്യൻസ് ജോർജുകുട്ടിയിൽനിന്ന് ആരും പ്രതീക്ഷിച്ചില്ല. രണ്ടാംഭാഗത്തിൽ ജോർജുകുട്ടിയുടെ സിനിമാപ്രേമം തുടരുകയാണ്. നാട്ടിലെ തിയറ്റർ ഉടമയായി മാറി. മൂന്നാംഭാഗമെത്തുമ്പോഴും ജോർജുകുട്ടിയുടെ സിനിമാപ്രേമത്തിന് ഒരു തുടർച്ച ഇട്ടിട്ടുണ്ട്. രണ്ടാംഭാഗത്തിന്റെ ക്ലൈമാക്സിലെത്തിച്ച ആ നോവലിനും ഇത്തവണ ഒരു തുടർച്ച ഒരുക്കിയിട്ടുണ്ട്.

വരുൺ പ്രഭാകറിന്റെ തിരോധാനത്തിനു ശേഷം ആറോ ഏഴോ വർഷത്തിനുശേഷമാണ് ദൃശ്യം മൂന്നിന്റെ കാലഘട്ടം. ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതത്തിന് ഇത്രയും വർഷങ്ങളുടെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. പൊലീസിന് വരുൺ പ്രഭാകർ കേസിലുള്ള താൽപര്യം നശിച്ചിട്ടുണ്ട്. മക്കളുടെ വിവാഹവും ഉപരിപഠനവുമൊക്കെയായി തിരക്കിലാണെങ്കിലും എപ്പോഴെങ്കിലും വരുൺപ്രഭാകറെന്ന ഭൂതകാലം തന്നെ വേട്ടയാടുമെന്ന് ജോർജുകുട്ടിക്ക് ഉറപ്പുണ്ട്. അതുകൊണ്ടുതന്നെ അയാൾ ഓരോ ചുവടിലും ശ്രദ്ധാലുവാണ്. ജോർജുകുട്ടിയുടെ നോർമൽ ജീവിതം സുഗമമായി ഒഴുകുന്നതിനിടെയാണ് അപ്രതീക്ഷിതമായ ഒരു ഇന്റർവെൽ പഞ്ചുമായി ആദ്യപകുതി അവസാനിക്കുന്നത്.
ആദ്യപകുതിയിലെ പതിഞ്ഞ താളത്തിനുപകരം പിന്നീടങ്ങോട്ട് സിനിമ ഗിയർ മാറ്റി കുതിക്കുകയാണ്. സീറ്റ് ബെൽറ്റിട്ട് സീറ്റിന്റെ തുമ്പത്തിരിക്കുകയാണ് പ്രേക്ഷകർ. വെറുമൊരു നാലാംക്ലാസുകാരന്റെ ബുദ്ധിയും ഭാഗ്യവുമാണ് ജോർജുകുട്ടിയെ രക്ഷിക്കുന്നതെന്ന് നമ്മൾ ചിന്തിക്കുന്നിടത്ത് ജോർജുകുട്ടി അതിനെ ഇത്തവണയും മറികടക്കുകയാണ്. സസ്പെൻസ് ത്രില്ലർ സംവിധാനം ചെയ്യാൻ മലയാളത്തിൽ തന്നേക്കാൾ മികച്ചൊരു മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ഇല്ലെന്ന് ജീത്തു ജോസഫ് വീണ്ടും തെളിയിച്ചുവെന്ന് സിനിമ തീരുമ്പോൾ നമുക്ക് ഉറപ്പിക്കാം. ജീത്തുവിന്റെ തിരക്കഥ ഒന്നുകൂടി ചെത്തിമിനുക്കിയിരുന്നെങ്കിൽ സിനിമ കുറച്ചുകൂടി ശക്തമായേനെ.
159 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ജീത്തു, സാങ്കേതിക പ്രവർത്തകരെ മാറ്റിപ്പിടിക്കണമെന്ന വിമർശനം ഈയിടെയായി കേൾക്കാറുണ്ട്. എന്നാൽ സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും അനിൽ ജോൺസണിന്റെ പശ്ചാത്തല സംഗീതവും ഈ ചിത്രത്തിനൊപ്പം ഒട്ടുംമുഴച്ചുനിൽക്കാതെ സഞ്ചരിക്കുന്നുണ്ട്.

മോഹൻലാലിന്റെ കയ്യിൽ ജോർജുകുട്ടി ഭദ്രമാണ്. തന്റെ കുടുംബത്തിനുവേണ്ടി ഏതറ്റം വരെയും പോവുമെന്ന് ജോർജുകുട്ടി പണ്ടേപറഞ്ഞിട്ടുണ്ട്. ആ ജോർജുകുട്ടിയുടെ മനസ്സും ചിന്തകളും കണ്ണീരും വേദനയുമൊക്കെ അതിതീവ്രമായി മോഹൻലാൽ അവതരിപ്പിക്കുന്നു. കഥാപാത്രത്തിന് മോഹൻലാൽ നൽകുന്ന വൈകാരിക പൂർണതയാണ് ദൃശ്യം മൂന്നിന്റെ നട്ടെല്ല്. ജോർജുകുട്ടിയെ അത്രയ്ക്ക് ഉൾക്കൊണ്ടുള്ള ലാലിന്റെ പ്രകടനത്തിൽ ഒരുനിമിഷം പോലും ഇതു ജോർജുകുട്ടിയല്ലെന്നോ മോഹൻലാലാണെന്നോ കാണികൾക്കു തോന്നുന്നില്ല. എല്ലാ താരപരിവേഷങ്ങളെയും ലാലിന്റെ ഉള്ളിലെ നടൻ തന്റെ അഭിനയത്തികവുകൊണ്ട് മറികടക്കുന്നത് ഇവിടെയാണ്
മീനയും അൻസിബയും എസ്തറുമടങ്ങുന്ന ‘ടീം ജോർജുകുട്ടി’ പ്രതീക്ഷയ്ക്കൊത്ത് മികച്ച പ്രകടനം നടത്തുന്നു. പ്രഭാകറായി സിദ്ദിഖും ഗീത പ്രഭാകറായി ആശ ശരത്തും ഐജി തോമസ് ബാസ്റ്റിനായി മുരളി ഗോപിയും മികച്ച മൂന്നാംവരവ് നടത്തിയിട്ടുണ്ട്. എന്നാൽ ഇന്റർ വെല്ലിനു തൊട്ടുമുൻപുള്ള ആ അപ്രതീക്ഷിത കഥാപാത്രത്തിന്റെ വരവാണ് ചിത്രത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുന്നത്.
ഫാമിലി ഇമോഷനൽ ത്രില്ലറെന്നാണ് ജീത്തു ദൃശ്യം മൂന്നാംഭാഗത്തെ വിശേഷിപ്പിച്ചത്. സസ്പെൻസ് പുറത്തുപറയരുതെന്നും അദ്ദേഹം മുൻകൂട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. കാലം മാറിയിരിക്കുന്നു. ദൃശ്യം ഒന്നാംഭാഗം ഇറങ്ങിയ കാലത്ത് ജനിച്ച കുട്ടികൾ ഇന്ന് പത്താംക്ലാസിലേക്ക് പോവാൻ തയാറെടുക്കുകയായിരിക്കും. ഈ കാലത്തിനിടയ്ക്ക് മലയാളിക്ക് സിനിമാ ആസ്വാദനത്തിൽ സംഭവിച്ച മാറ്റത്തെ ജീത്തുജോസഫ് എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതാണ് ദൃശ്യം മൂന്നിനെ ആകർഷകമാക്കുന്ന കാര്യം.
നാലാംഭാഗത്തിലേക്ക് ശക്തമായ ഒരു തിരി കൊളുത്തിയിട്ടാണ് സിനിമ തീരുന്നത്. എല്ലാം അവസാനിച്ചുവെന്ന് ജോർജുകുട്ടി പറയുമ്പോഴും ഒന്നും തീർന്നിട്ടില്ലെന്നും നാലാംഭാഗവുമായി ജോർജുകുട്ടി വീണ്ടുംവരുമെന്നും പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com