തിരുവനന്തപുരം: കേരള നിയമസഭാ സ്പീക്കർ സ്ഥാനത്തേക്ക് ഇതാദ്യമായി ബിജെപി. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ചാത്തന്നൂർ എം.എല്‍.എ.
ആയ ബി.ബി. ഗോപകുമാറാണ് സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. കേരള രാഷ്‌ട്രീയ ചരിത്രത്തില്‍ ആദ്യമായാണ് ബി.ജെ.പി. സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ചേർന്ന പാർട്ടി യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. അഴിമതിരഹിതമായ ഭരണവും വികസനവും മുൻനിർത്തി സഭയില്‍ ജനങ്ങളുടെ ശബ്ദമായി പ്രവർത്തിക്കാനാണ് ബി.ജെ.പിയുടെ പദ്ധതിയെന്ന് നേതാക്കള്‍ അറിയിച്ചു. സ്പീക്കർ സ്ഥാനത്തേക്ക് ബിജെപി മത്സരിക്കുമെന്നും ബി ബി ഗോപകുമാർ സ്ഥാനാർത്ഥിയാവുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിയുടെ പ്രവർത്തനത്തിന്റെയും അധ്വാനത്തിന്റെ ഫലമാണിതെന്നും. 30 ലക്ഷം ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാർച്ചന നടത്തിയ ശേഷം നേതാക്കള്‍ക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായാണ് നിയമസഭയിലേക്ക് എത്തിയത്.
മുൻ സംസ്ഥാന അധ്യക്ഷൻമാരായ കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, കെ സുരേന്ദ്രൻ, മറ്റു സംസ്ഥാന നേതാക്കള്‍, എൻ ഡി എ നേതാക്കളായ ബി ഗോപകുമാർ ( ട്വന്റി ട്വന്റി ), പദ്മകുമാർ (ബി ഡി ജെ എസ് ) എന്നിവർ പ്രകടനത്തിന് നേതൃത്വം നല്‍കി.



