നിറചിരിയുടെ രാജകുമാരന് കണ്ണീരോടെ യാത്രാമൊഴി.
————————————————————————
മലയാളികളുടെ ഹൃദയം കീഴടക്കിയ മഹത്തായ ഒരു ചിരിക്കാലത്തിന് വിട .സലിം കുമാർ.ഏത് തലമുറയും ഒരേ പോലെ ഹൃദയത്തിലേറ്റിയ ചിരിയുടെ രാജകുമാരൻ .
അസാമാന്യമായ നടനവൈഭവത്തിലുടെ അംഗീകാരങ്ങളേറെ നേടിയ തുല്യതകളില്ലാത്ത പ്രതിഭ. സ്വയം മറന്നു നാം ചിരിച്ച നമ്മെ ചിരിപ്പിച്ച എത്രയെത്ര കഥാപാത്രങ്ങൾ. മൂന്ന് പതിറ്റാണ്ടിലധികം നീണ്ടു നിന്ന അഭിനയ ജീവിതത്തിൽ മുന്നൂറിലധികം സിനിമകളിലായിപരന്നു കിടക്കുകയാണ് തീർത്തും വ്യത്യസ്തയാർന്ന ഭാവങ്ങളുടേയും പ്രയോഗങ്ങളുടേയും സമാനതകളില്ലാത്ത ആ ചിരിക്കാലം. ഹാസ്യത്തിനു പുതുരൂപം നൽകി മലയാളികളെ നന്നായി സ്വാധീനിച്ച ഈ നടൻ തീർത്തത് സ്വന്തമായൊരു ശൈലിയും അതുവഴി നേടിയത് സ്വന്തമായൊരു താര സിംഹാസനവും തന്നെയാണ്.
ചിരി മാത്രമല്ല തനിക്ക് വഴങ്ങുന്നതെന്നു തെളിയിച്ച കരുത്തുറ്റ വേഷങ്ങൾ വേറെയും. ആ വേഷങ്ങൾ ജനമനസ്സുകളിൽ മാത്രമല്ല ഇടം നേടി കൊടുത്തത്. ഈ രംഗത്ത് ഒരു നടന് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും വലിയ അംഗീകാരങ്ങൾ തേടിവന്നു. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ദേശീയ പുരസ്കാരം എല്ലാം ആ കൈകളിൽ എത്തി. മികച്ച ഹാസ്യനടൻ തുടങ്ങി ധാരാളം പുരസ്കാരങ്ങൾ വേറേയും .2010 ൽ ആയിരുന്നു ആദാമിൻ്റെ മകൻ അബുവിലൂടെ ദേശീയ പുരസ്കാരം എത്തിയത് .2005, 2010, 2013, 2016 വർഷങ്ങളിൽ സംസ്ഥാന പുരസ്കാരങ്ങളും .
മലയാളി ഒരേ മനസ്സോടെ ഇത്രയും ഇഷ്ടപ്പെട്ട ഒരു നടൻ വേറെയുണ്ടാകില്ല. കുട്ടികൾക്കും യുവാക്കൾക്കും മധ്യവയസ്കർക്കും പ്രായമായവർക്കും ഒരേ പോല പ്രിയനായ ഒരാൾ . എല്ലാ തലമുറയെയും ഒരേ പോലെ ചിരിപ്പിച്ച ഏതുതരം പ്രേക്ഷകരുടെയും മനസ്സിൽ ചിരിയുടെ അലകൾ സൃഷ്ടിച്ച താരം. സലിം കുമാറിലെ മികച്ച നടനെ അടയാളപ്പെടുത്താൻ ഒരുപാട് സിനിമകളുണ്ട് പെരുമഴക്കാലം, അച്ഛനുറങ്ങാത്ത വീട്, കേരള കഫേ, ആദാമിന്റെ മകൻ അബു അങ്ങനെ എത്ര സിനിമകൾ വേണമെങ്കിലും എടുത്തുകാണിക്കാം. ഒരു നോട്ടം കൊണ്ട്, ചലനത്തിലെ പ്രത്യേകത കൊണ്ട്, സംഭാഷണത്തിലെ ഏറ്റകുറച്ചിൽ കൊണ്ട് ഒട്ടും ഏറാതെയും അല്പം പോലും കുറയാതെയുമുള്ള സൂക്ഷ്മാഭിനയം കൊണ്ട്, നമ്മിലേക്ക് കടന്നു വന്ന് നമുക്കുള്ളിൽ സ്ഥിര സാന്നിധ്യമുറപ്പിച്ച കഥാപാത്രങ്ങൾ . അതെല്ലാം ആ മികച്ച അഭിനേതാവിനെ അടയാളപ്പെടുത്തി വെക്കാൻ പ്രാപ്തമായി നിൽക്കുമ്പോഴും അദ്ദേഹം സമ്മാനിച്ച ചിരിക്കാലത്തെ കുറിച്ച് ഓർക്കാതിരിക്കുന്നതെങ്ങനെ? പറയാനിരിക്കുന്നതെങ്ങനെ .
എത്രയെത്ര വേഷങ്ങളാണ് ഞാനാദ്യം എന്ന മട്ടിൽ തികഞ്ഞ മത്സരബുദ്ധിയോടെ നമ്മുടെ മനസ്സിലേക്ക് കടന്നു വരുന്നത്. കല്യാണരാമനിലെ പ്യാരി, ചട്ടമ്പിനാടിലെ മാക്രി ഗോപാലൻ, പട്ടാളത്തിലെ എസ്.ഐ ഗബ്ബാർ കേശവൻ, തൊമ്മനും മക്കളും എന്ന സിനിമയിലെ രാജാക്കണ്ണ്, പുലിവാൽ കല്യാണത്തിലെ മണവാളൻ, തിളക്കത്തിലെ അളിയൻ ഓമനക്കുട്ടൻ ,സിഐഡി മൂസയിലെ പേരില്ലാത്ത ഭ്രാന്തൻ, കിലുക്കം കിലുകിലുക്കത്തിലെ അപ്പച്ചൻ, കഥ പറയുമ്പോൾ എന്ന സിനിമയിലെ കവി ദാസ് വടക്കേമുറി, പച്ചക്കുതിരയിലെ ചന്ദ്രൻ , രാപ്പകലിലെ പാപ്പാൻ ഗോവിന്ദൻ , മായാവിയിലെ കണ്ണൻ സ്രാങ്ക്, ഗ്രാമഫോണിലെ തബല ഭാസ്കരൻ , നരനിലെ ഇടിമുട്ടി രാജപ്പൻ ,ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രം,കേരള ഹൗസ് ഉടൻ വില്പനയ്ക്ക് എന്ന സിനിമയിലെ ടെസ്റ്റർ കണ്ണപ്പൻ, കട്ടപ്പനയിലെ ഋത്വിക് റോഷനിലെ നക്സലൈറ്റ് അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ. പറയാൻ തുടങ്ങിയാൽ എത് കഥാപാത്രത്തെയാണ് നാം ഒഴിവാക്കുക .
അദ്ദേഹത്തിലൂടെ എത്രയെത്ര അതി ഗംഭീര പ്രയോഗങ്ങളാണ് നാടാകെ എറ്റു പറഞ്ഞത്
“അയാം ദി സോറി അളിയാ അയാം ദി സോറി, എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ, ഈശ്വരാ ഇതൊന്നു പറഞ്ഞു ചിരിക്കാൻ ഇവിടാരുമില്ലേ, നിൻ്റെ വിഷമം പറയെടാ ഞങ്ങളൊന്നു സന്തോഷിക്കട്ടെ, ഡോണ്ടൂ….ഡോണ്ടൂ ” അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങൾ പറഞ്ഞ ശ്രദ്ധേയമായ സംഭാഷണങ്ങൾ ഓർത്തോർത്തു ചിരിക്കാനുതകുന്ന രസകരമായ പ്രയോഗങ്ങൾ. അതിൽ ഏറെയും അദ്ദേഹത്തിൻ്റെ സ്വന്തം വക തന്നെയായിരുന്നത്രേ. സ്വന്തം പണം കണ്ട് സ്വന്തം കണ്ണ് തള്ളിയ അൽ കമലാസനൻ തുടങ്ങി ഈ നടന് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടു എന്ന് നാം വിശ്വസിക്കുന്ന അല്ലെങ്കിൽ നമ്മെ വിശ്വസിപ്പിച്ച എത്രയെത്ര വേഷങ്ങൾ.
1969 ഒക്ടോബർ 10ന് വടക്കൻ പറവൂരിൽ ഗംഗാധരൻ ,കൗസല്യ ദമ്പതികളുടെ മകനായാണ് സലിംകുമാറിന്റെ ജനനം മഹാരാജാസ് കോളേജിൽ ആയിരുന്നു ബിരുദ പഠനം .ആ സമയത്ത് തന്നെ കലാരംഗത്ത് സജീവമായി .മൂന്ന് തവണ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ മിമിക്രിക്ക് ഒന്നാം സ്ഥാനം നേടി. കൊച്ചിൻ കലാഭവനിലൂടെ മിമിക്രി രംഗത്ത് സജീവമായി പിന്നീട് കൊച്ചിൻ സാഗറിൽ എത്തി. “ഇഷ്ടമാണ് നൂറുവട്ടം” എന്ന സിനിമയിലുടെ വെള്ളിത്തിരയിൽ സാന്നിധ്യമറിയിച്ചു. വിജി തമ്പിയുടെ ” സത്യമേവ ജയതേ “യിലെ കള്ളൻ്റെ ചെറിയ വേഷം വൻ ശ്രദ്ധ നേടുകയും താമസിയാതെ എത്തിയ തെങ്കാശിപട്ടണം ആ സ്ഥാനം സ്ഥിരമായി ഉറപ്പിക്കുകയും ചെയ്തു. പിന്നെ കുതിച്ചു കയറ്റം തന്നെ. പ്രേക്ഷകർക്ക് ഏറ്റവും പ്രിയങ്കരനായി മാറി കൊണ്ടുള്ള ജൈത്രയാത്ര.
ഭാര്യ സുനിത .മക്കൾ ചന്തു , ആരോമൽ എന്നിവർ. നടൻ എന്നതിനോടൊപ്പം മികച്ച സംവിധായകനായും കഥാകൃത്തായും അടയാളപ്പെടുത്തപ്പെട്ടു. മൂന്ന് സിനിമകളാണ് സംവിധാനം ചെയ്തത് 2015-ൽ കമ്പാർട്ട്മെൻറ്, 2017ൽ കറുത്ത ജൂതൻ,2018 ൽ ദൈവമേ കൈതൊഴാം കെ.കുമാറാകണം. ജയറാം നായകനായഈ സിനിമയുടെ പേരിൽ പോലുമുണ്ടായിരുന്നു ഒരു സലിം കുമാർ ടച്ച്. ആത്മകഥയ്ക്ക് പേരിട്ടത് “ഈശ്വരാ വഴക്കില്ലല്ലോ ” എന്നാണ്.2017ൽ മികച്ച കഥയ്ക്കുള്ള പുരസ്കാരം “കറുത്ത ജൂതൻ ” നേടി എന്നത് ആ എഴുത്തിലെ കരുത്തിനു തെളിവായി.
അസുഖബാധിതനായപ്പോഴും നിറഞ്ഞ ചിരിയോടെ ജീവിതത്തെ നേരിട്ട് സ്വതസിദ്ധമായ വാക്കുകളിൽ ജീവിതത്തിൻ്റെ അർത്ഥത്തേയും നിരർത്ഥതകതേയും കുറിച്ച് വാചാലനായി. വേദനകൾ പോലും നർമ്മത്തിൽ ചാലിച്ചവതരിപ്പിച്ചു. അഭിമുഖങ്ങളിൽ ഉരുളയ്ക്കുപ്പേരി പോലെ ഉത്തരങ്ങൾ നൽകി. ചിരി പടർത്തുകയും അതോടൊപ്പം നന്നായി ചിരിക്കുകയും ചെയ്തു.ശാരീരിക അവശതകൾ പരിഗണിക്കാതെ പ്രിയപ്പെട്ടവർ വിളിച്ച വേദികളിലെല്ലാമെത്തി.
മലയാളത്തിന് നിറചിരി സമ്മാനിച്ച ഈ നടൻ 2026 ആറാം മാസം ആറാംതിയ്യതി തൻ്റെ അമ്പത്തിയാറാം വയസ്സിൽ അന്തരിച്ചു . ഒരു അഭിമുഖത്തിൽ സലിം കുമാർ പറഞ്ഞു കുട്ടിക്കാലത്ത് തൻ്റെ ഏറ്റവും വലിയ ആഗ്രഹം സിനിമാനടനാവുക എന്നതാണെന്ന് അമ്മയോട് പറഞ്ഞു എന്ന്.
“അതൊക്കെ നമ്മളെ പോലെയുള്ള സാധുക്കൾക്ക് പറഞ്ഞിട്ടില്ല എന്നും വലിയ വലിയ ആൾക്കാർക്കേ അത് സാധിക്കൂ” എന്നുമായിരുന്നത്രേ അമ്മയുടെ മറുപടി.എന്നാൽ ആ അമ്മയുടെ മകൻ സിനിമയിലെത്തുക മാത്രമല്ല ഒരു പാട് ഉയരങ്ങൾ കീഴടക്കുകയും ചെയ്തു.ആ പാവം അമ്മ സ്വപ്നത്തിൽ കാണാൻ പോലും ധൈര്യപ്പെടാത്ത അത്ര വലിയ ഉയരങ്ങൾ.
കൂടുതൽ ഒന്നും എഴുതുന്നില്ല എഴുതേണ്ടതുമില്ല.
പ്രേക്ഷക മനസ്സുകളിൽ ഈ ചിരിയുടെ രാജകുമാരനും ജീവൻ പകർന്ന കഥാപാത്രങ്ങളും എന്നും നിറശോഭ ചാർത്തി നിൽക്കും .അദ്ദേഹം എഴുതിയ കഥയും സംവിധാനം ചെയ്ത സിനിമകളും മികവിൻ്റെ അടയാളങ്ങളായി തന്നെ തുടരും.അദ്ദേഹം ജനമനസ്സിലുണ്ട്. എന്നുമുണ്ടാകും.ചിരിയായും ചിന്തയായും വേറിട്ട അഭിനയത്തിൻ്റെ പൂർണതയായും.
മലയാളത്തിൻ്റെ പ്രിയ നടൻ സലീംകുമാർ എന്ന നിത്യവിസ്മയത്തിന് കണ്ണീരോടെ വിട.
സുരേഷ് തെക്കീട്ടിൽ✍




🙏
ഗംഭീരമായ വിവരണം🙏 അഭിനന്ദനങ്ങൾ സാറേ💐🤝 അകാലത്തിൽ വിടവാങ്ങിയ അഭിനയപ്രതിഭ ആയിരുന്ന ശ്രീ. സലിം കുമാർ അവർകൾക്ക് ആദരം🙏🌹