‘വെള്ളത്തിൽ വെട്ടുമ്പോൾ സൂക്ഷിക്കണം’
കരയിലേത് പോലെയല്ല
വാക്കത്തി വെള്ളത്തിൽ പാളും,
അവനവന് തന്നെ മുറിവ് പറ്റും..
കാച്ചിയെടുത്ത, അതി മൂർച്ചയുള്ള വാക്കത്തിയാണ്, കൊണ്ടാൽ മുറിവത്ര നിസാരമായി അവസാനിക്കുകയുമില്ല.
വയനാട് ദാർശനക്കരയിലെ ബേബിച്ചേട്ടന്റെ ഉപദേശമാണ്.
ഞങ്ങൾ കുറുവയിൽ മീൻ പിടിക്കുകയായിരുന്നു,
‘ഞങ്ങൾ’ എന്ന് ഒരു മേനിക്ക് പറഞ്ഞതാണ്
മീൻ പിടിക്കുന്നവർ ധാരാളമുണ്ട് ,
ഞാൻ ബേബിച്ചേട്ടന്റെ കൂടെ കാഴ്ച്ചക്കാരനായി പോയതും.
പത്തു മുപ്പത് കൊല്ലം മുൻപത്തെ ഒരു മഴക്കാല രാത്രിയാണ്,
കുറുവയിൽ ബേബിച്ചേട്ടന്റേത് പോലെ വേറെയും പല സംഘങ്ങളുമുണ്ട്.
ബേബിച്ചേട്ടൻ ദാർശനക്കരയിലെ എന്റെ ഒരു കർഷകസുഹൃത്ഥയിരുന്നു
‘ദാർശനക്കര’ വയനാട്ടിൽ കുറുവയോട് തൊട്ട് കിടക്കുന്ന ഒരു വനഗ്രാമമാണ്,
അവിടെ പാവൽ കൃഷിയും പശുവളർത്തലുമായി സന്തോഷപൂർവ്വം കഴിഞ്ഞു കൂടുകയായിരുന്നു ബേബിച്ചേട്ടൻ.
ജോർജ്ജ് എന്നോ മറ്റോ ആണ് ശരിക്കും ബേബിച്ചേട്ടന്റെ പേര്
വയനാട്ടിൽ എപ്പോഴും അങ്ങനെയാണ്
മിക്കവർക്കും രണ്ട് പേരുണ്ടായിരിക്കും
ജന്മരേഖകളിൽ ‘തോട്ടത്തിൽ മാത്യു തോമസ്’ എന്നൊക്കെ പേരുള്ള ഒരാളുടെ നാട്ടിലറിയുന്ന പേര് ‘കുട്ടിച്ചൻ’ എന്നായിരിക്കും സർക്കാർ പദ്ധതികളിലേക്ക് ഗുണഭോകൃത ലിസ്റ്റ് ഒക്കെ തയ്യാറാക്കുമ്പോൾ വളരെ കുഴപ്പമുണ്ടാക്കുന്ന ഒരു സംഗതിയാണത് പനക്കലെ കുറ്റിച്ചന് ലൈഫിൽ ഒരു വീട് എന്നൊക്കെയാണ് ഗ്രാമ സഭ തീരുമാനിക്കുക പിന്നീട് ആധാർ നോക്കും നേരമാണ് ഗ്രാമസേവകൻ വലയുക.
ഒരു ദേശീയ അവാർഡ് പോലും ഒരേ പേരിന്റെ പേരിൽ ആള് മാറി സ്വീകരിക്കപ്പെട്ട ഒരു ചരിത്രം കൂടിയുണ്ട് വയനാട്ടിലെ തിരുനെല്ലിയിൽ,
അതവിടെ നിൽക്കട്ടെ നമുക്ക് കുറുവയിലേക്ക് തന്നെ മടങ്ങാം
മുപ്പത് കൊല്ലം മുൻപത്തെ കുറുവയാണ്, മനുഷ്യവാസമില്ലാത്ത ആയിരം ഏക്കറോളമുള്ള കന്യാവന പ്രദേശം ഇന്നത്തേ പോലെ ടൂറിസ്റ്റുകളുടെ ആക്രോശാരവങ്ങളില്ലാത്ത നിശബ്ദ പ്രദേശം.
പനമരം പുഴയും കബനിപുഴയും കൂടൽ കടവിൽ സന്ധിച്ചശേഷം പലതായി പിരിഞ്ഞ് ചെറിയ ദ്വീപുകളായി മാറുന്ന പ്രകൃതിയുടെ ഒരു അത്ഭുത നിർമ്മിതിയാണ് കുറുവാദ്വീപ്. മഴക്കാലത്ത് മനുഷ്യന് അപ്രാപ്യമാവുകയും, വേനലിൽ പുഴ മെലിയുമ്പോൾ ആളുകൾക്ക് ഉപജീവനത്തിനും മനസമാധാനത്തിനും ആശ്രയിക്കാൻ കഴിയുകയും ചെയ്യുന്ന ഒരു പുണ്യഭൂമി.
നാനാതരമായ തനത് നാടൻ മത്സ്യങളുടെ മഹാഭണ്ഡാരമായിരുന്നു പഴയ കബനി
‘ആഫ്രിക്കൻ മുഷി’ എന്ന ആ അന്തകമീനൊക്കെ വരുന്നതിനും മുൻപുള്ള കാലമാണ്,
ഇന്ത്യൻ പുഴമത്സ്യങ്ങളുടെ രാജാവ് എന്ന് പറയാവുന്ന ‘ചെമ്പല്ലി എന്ന മീനൊക്കെ ധാരാളമായുണ്ട് പുഴയിൽ അന്ന്. കൊളോണിയൽ കാലത്തെ സായിപ്പന്മാൂടെ സാഹസിക വിനോദമായിരുന്നു കബനിയിലെ (മഷീർ)ചെമ്പല്ലി വേട്ട.
മഴക്കാലമെന്നാൽ കബനീ തീരത്ത് മീൻ പിടുത്ത ഉത്സവമാണ്,
പ്രത്യേകിച്ചും മഴയുടെ ആരംഭ കാലം. കൊളാവള്ളി തീരത്തൊക്കെ വലക്കാരുടെ തൃശൂർ പൂരമായിരിക്കും.
വേരും കല്ലും നിറഞ്ഞ, താരതമ്യേന ആഴം കുറഞ്ഞ കുറുവയിൽ മീൻ വെട്ടിപ്പിടിക്കുകയാണ് ചെയ്യുക. ആർത്തൊഴുകുന്ന കബനിയിലെ ‘ടർബുലൻസിൽ’ നിന്ന് ഒഴുക്കില്ലാത്തതും ശാന്തവുമായ കുറുവയിലേക്ക് പ്രജനനത്തിന് വേണ്ടിയാണ് ചെമ്പല്ലിയടക്കമുള്ള വലിയ മീനുകൾ കയറിവരിക പുതുമഴയും പ്രത്യുദപാദന ഹോർമ്മോണുകളും നൽകുന്ന ഒരു തരം ഉന്മാദാവസ്ഥയിലായിരിക്കും അവ അപ്പോൾ.നല്ല ശക്തിയുള്ള ഒരു വെളിച്ചവും, വെള്ളത്തിൽ വഴുതാതെ വെട്ടാനുള്ള കഴിവുമുണ്ടെങ്കിൽ അത്രയേ വേണ്ടൂ.. സാനിയോയുടെ ഒരു പെട്ടി ടോർച്ചാണ് ആളുകളുടെ കൈയ്യിൽ ഉണ്ടാകുക പിന്നെ മിക്ക കർഷകഭവനങ്ങളിലും അന്ന് സ്ഥിരമായുണ്ടായിരുന്ന നെറ്റിയിൽ വെക്കുന്ന ടോർച്ചും.
വെട്ടുന്നതിന് മുൻപേ പറഞ്ഞതു പോലെ വൈദഗ്ദ്യം വേണം ,ശ്രദ്ധയും.
തിളക്കം കണ്ട് മുന്നേ പോകുന്നവന്റെ കാൽ മടമ്പുകൾ വെട്ടിക്കീറലൊക്കെ അപൂർവ്വമായല്ലാതെ തന്നെ സംഭവിക്കുന്ന അപകടങ്ങളായിരുന്നു അത്തരം സന്ദർഭങ്ങളിൽ അന്ന്.
ഇന്നിപ്പോൾ പഴയ മീൻപിടുത്തത്തെ ഓർമ്മവന്നത് വയനാടൻ ജലാശയങ്ങളിലെ നാടൻ മത്സ്യങ്ങളുടെ എണ്ണം കുറയുന്നു എന്ന വാർത്ത കണ്ടതുകൊണ്ടാ
കബനിയിലടക്കം പണ്ടു കണ്ടുവന്നിരുന്ന പല മീനുകളും ഇന്നില്ല
ജലമൊഴുകുന്ന ഏത് ചാലിലും മീനുണ്ടായിരുന്ന കാലത്ത് നിന്നുമാണ് ഈ മാറ്റം എന്നറിയണം.
പണ്ട് ഒരു ആചാരം പോലെ കൊണ്ട് നടന്നിരുന്ന ഒന്നാണെങ്കിലും പ്രജനന കാലത്തെ പുഴമത്സ്യബന്ധനം നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ് നമ്മുടെ നാട്ടിൽ..
പ്രജനന കാലം എന്നാൽ നാളേക്ക് നമുക്ക് തന്നെ തിന്നാനുള്ള വിത്ത് വിതക്കൽ കാലമാണ്, ആ വിത്ത് കുത്തിത്തിന്നലാണ് ഊത്ത പിടുത്തം അഥവാ ഏറ്റുമീൻ പിടുത്തം..
ആഹാര സമ്പാദനം എന്നതിനേക്കാൾ ഒരു തരം ആനന്ദ ഘോഷം എന്ന നിലയിലാണ് ആളുകൾ കൂട്ടം ചേർന്ന് നടപ്പിലാക്കുന്ന ഈ മീൻ വേട്ട മഹാമഹങ്ങൾ.
മനുഷ്യന്റെ മനസിൽ ഇപ്പോഴും ശേഷിക്കുന്ന ‘വേട്ട’ എന്ന ആദിമവികാരത്തിന്റെ സൗമ്യമായ പ്രകടനമാണ് എല്ലാ മീൻ പിടുത്തങ്ങളും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
നിങ്ങൾ യൂ ട്യൂബിൽ നോക്കൂ, മീൻ പിടുത്ത വീഡിയോകൾക്കുള്ള അത്രയും കാഴ്ചക്കാർ വേറെ എവിടെയുണ്ട്?
നിയോണ്ടർതാൽ മനുഷ്യന്റെ നാല് ശതമാനം ഡി എൻഏകൾ ഇപ്പോഴും അവശേഷിക്കുന്ന ആധുനികമനുഷ്യന് അവന്റെ ആദിമ ചേദനകളെ ലജ്ജയില്ലാതെ പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു ഇടമാകുന്നു അത്.
ഒരു പറ്റം ആടുകളെ കൂട്ടത്തോടെ കഴുത്തറുക്കുന്നത്, ഒരു ലക്ഷം കോഴിക്കുഞ്ഞുങ്ങളെ ഒരുമിക്ക് ശ്വാസം മുട്ടിച്ച് കൊന്നു കളയുന്നത്,
പത്തോ അൻപതോ പശുക്കളെ കശാപ്പുശാലയിൽ കാപ്റ്റീവ് ബോൾട്ട് വെച്ച് വെടി വെച്ചിടുന്നത്.. മാംസഭോജികളാണ് എങ്കിലും ആഹ്ലാദകരായ ഒരു കാഴ്ചയായി നമുക്കത് കണ്ട് നിൽക്കാൻ കഴിയും എന്ന് തോന്നുന്നുണ്ടോ?
പക്ഷേ മീനുകളുടെ കാര്യത്തിൽ നമുക്ക് എന്തൊരാനന്തമാണ്..
എത്ര കിലോക്കണക്കാണ് നാമതിനു നൽകുന്ന ലൈക്കുകൾ..!
മനുഷ്യർ പലപ്പോഴും വിചിത്രരായ ജീവികളാണ്, മീനുകൾക്ക് കരയാൻ കഴിയില്ല എന്ന പരിമിതിയാണ് മത്സ്യബന്ധനം എന്നത് ഒരു മനസാക്ഷിക്കുത്തുമില്ലാതെ ആഹ്ലാദത്തോടെ കണ്ട് നിൽക്കാൻ നമ്മളെ പ്രാപ്തരാക്കുന്നത്.
അവയനുഭവിക്കുന്ന മരണ വേദനക്കനുസരിച്ച് അവയ്ക്ക് കരയാൻ കഴിയുമായിരുന്നു എന്ന് ആലോചിച്ചു നോക്കുക, മഹാ ആർത്തനാദങ്ങളുടെ അലറും കടലാവില്ലേ കരയിലേക്ക് നമ്മൾ വലിച്ചു കയറ്റുന്ന ഓരോവലയും?
ചൂണ്ടക്കൊളുത്തിൽ പിടഞ്ഞാടുന്ന ഓരോ മീനും അതിന്റെ വേദനക്കൊത്ത് കരഞ്ഞിരുന്നെങ്കിൽ ഇത്ര സന്തോഷകരമാവുമോ നമ്മുടെ ‘ആങ്ങ്ലിംഗ്’ എന്ന വിനോദം?
നാം കഴിക്കുന്ന ഒരു പ്ലേറ്റ് ബീഫിൽ ഒരു ജന്തുജീവന്റെ ആയിരത്തിലൊരംശം ഉണ്ടാവില്ല എന്ന് നമുക്കറിയാം എന്നാലോ, നാം കഴിക്കുന്ന രണ്ട് സ്പൂൺ ഉണക്കച്ചെമ്മീൻ ചമ്മന്തിയിൽ അണഞ്ഞുപോയ എത്ര ജീവനുകളുണ്ടാവും..?
ഒന്നിനും വേണ്ടി എഴുതുന്നതല്ല കേട്ടോ..
ഒരു ഞായറാഴ്ചയുടെ അലസത കൊണ്ടു വന്ന ചിന്തകളുടെ കുത്സിതം..,
ചെകുത്താന്റെ പണിപ്പുരയാകാൻ പാകത്തിൽ ചിന്തകളെ വെറുതേയിരുത്തണ്ട എന്ന് കരുതി അതിന് കൊടുക്കുന്ന ഒരു പണി,
എന്നേപ്പോലെ പ്രാന്തുള്ളവർക്ക് വേണമെങ്കിൽ വായിക്കാവുന്ന ഒരു തോന്ന്യാസം.




നല്ല ചിന്തകൾ