മുറ്റത്ത് മൂലയിലൊരു പഴയ സൈക്കിൾ ആരും ഓടിക്കാനില്ലാതെ പഞ്ചറായിക്കിടന്നു.
അതിനെ പതിവുപോലെ രാവിലെതുടച്ച് ഇടതുകൈ ഹാൻഡിലിൽ പിടിച്ച് സീറ്റിൽ വലതുകരം കൊണ്ട് രണ്ടടിയടിച്ച് അറിയാതെ വലതുകാൽ പെഡലിൽ ചവിട്ടാൻ ഉയർത്തും. ശ്ശോ!
പ്രായം കാലിനെ നിലത്തു നിന്നുയർത്തില്ല . സൈക്കിളിൻ്റെ സന്ധി ബന്ധങ്ങളും അയാളേ പോലെ മുറുക്കത്തിൽ.
“മൊത്താം തുരുമ്പാ…ചുമ്മാ പോയി പണി വാങ്ങണ്ടാ … അടങ്ങിയിരിക്കാൻ പറഞ്ഞാലും,” സഹായിയായി നിൽക്കുന്ന കൊച്ചൻ്റെ ശകാരം ഉയർന്നു.
പത്രം പറന്നു വീണ ഒച്ച കേട്ടാണ് അയാൾ ശരിക്കും ഞെട്ടിയത്.
“ഇവനൊക്കെ ഒന്ന് ബെല്ലടിച്ചാലെന്താ?”
വിദ്യാർത്ഥിയായിരുന്ന കാലം മുതൽ നീണ്ട സൈക്കിൾ മണിയോടെ വീടുകളിലേക്ക് പത്രമെറിയുന്നതിൻ്റെ ആയവും ഉന്നവും ഒരു സുഖത്തോടെ അയാൾ ഓർത്തു ! പത്രവിതരണക്കാരനായി ചേർന്ന മൂന്നാം ക്ലാസുകാരൻ കനക ടീച്ചറിൻ്റെ മോൻ്റെ പഴയ സൈക്കിൾ കടമെടുത്താണ് വീടുവീടാന്തരം മണിയടിച്ചെത്തിയത്. തൻ്റെ വരവും കാത്തിരുന്ന എത്ര പേരായിരുന്നു അക്കാലത്ത്!
“റഫീക്കേ നീ മിടുക്കനാ, ഈ പ്രായത്തിൽ നിനക്കെത്ര തലമുതിർന്ന പരിചയക്കാരാ…!”
പാതികളിയായും കാര്യമായും പറഞ്ഞ കനക ടീച്ചർ പിന്നെ ‘ആ സൈക്കിൾ നീ എടുത്തോ” എന്ന് പറഞ്ഞ വൈകുന്നേരം ഇന്നും നല്ല ഓർമ്മ !
അന്ന് ടീച്ചറിൻ്റെ മോനും തൻ്റെ സഹപാഠിയുമായ വിപിൻ്റെ ജന്മദിനമായിരുന്നു. വൈകിട്ട് സൈക്കിളെടുക്കാനുംപിറന്നാൾ സമ്മാനമായി വിപിന് പുതിയപൂമ്പാറ്റയുടെ പൊതിയുമായാണ് ടീച്ചറിന്റെ വീട്ടിലെത്തിയത്. ബർത്ത് ഡേ പായസവും ഊണും തന്ന ടീച്ചർ ഇറങ്ങാൻ നേരമാണ് പറഞ്ഞത്, “വിപിന് പിറന്നാൾ സമ്മാനമായി പുതിയ സൈക്കിൾ കിട്ടി. പഴയത് നീയെടുത്തോ. ഒന്നു രണ്ട് വർഷം കൂടി നിനക്കത് ഉപയോഗിക്കാൻ പറ്റും. സൂക്ഷിച്ചാൽ അതിൽ കൂടുതലും.” വിപിന് പിറന്നാൾ സമ്മാനമായി കിട്ടിയ പുതിയ സൈക്കിളിനേക്കാൾ നല്ല സമ്മാനമാണ് തനിക്കന്ന് കിട്ടിയത്. എത്ര വർഷം ജീവിതം കറങ്ങിയത് അതിലായിരുന്നു !
ചില വീട്ടുകാർക്ക് പത്രത്തോടൊപ്പം നൽകുന്ന ബാലമാസികകൾ ഓടിച്ച് മറിച്ചു നോക്കിയാണ് വായനയിലേക്ക് വന്നത്.
മുല്ലത്തറയിലെ മുത്തശ്ശന് പതിവായി അഞ്ചുമിനിറ്റ് പത്രം വായിച്ചു കേൾപ്പിച്ചത്. വായനശാലയിലേക്കുള്ള പത്രങ്ങൾ പ്രത്യേക കെട്ടാക്കി തന്ന നാണ്വേട്ടൻ ! വായനശാലയിലേക്കുള്ള വഴിയും തെളിച്ചു. സൈക്കിളിൻ്റെ കാരിയർ അയാൾക്ക് പത്രക്കെട്ടുകൾ നിറഞ്ഞുനിൽക്കുന്നതായി തോന്നി. നനയാതെ പ്ലാസ്റ്റിക് പൊതിഞ്ഞ് കറുത്ത റബറിട്ട് കെട്ടി വച്ചതുപോലെ ! മുപ്പതുവയസ്സിനുള്ളിൽ പല പത്രമാസികളുടെയും ഏജൻസി ആയപ്പോഴും സൈക്കിൾ ഉപേക്ഷിച്ചില്ല . ആശുപത്രിയിൽ പോയതും, വിവാഹത്തിൻറെ ആദ്യകാലങ്ങളിൽ ഭാര്യയുമായി സിനിമയ്ക്ക് പോയതുപോലും സൈക്കിളിലാണ്. ഓർത്തപ്പോൾ ചിരി വന്നു.
ഇടവിട്ട ദിവസങ്ങളിൽ സൈക്കിളിൽ വളഞ്ഞ വലിയകാലൻ കുടയുമായി പടിക്കൽ വന്നു സൈക്കിളിൽ നീണ്ട ബെല്ലടിക്കുന്ന പോസ്റ്റുമാൻ ! സൈക്കിൾ ബെല്ലിന്റെ പലതാളം സംസാരഭാഷയും അടയാളവാക്യവും ആയിരുന്ന ഒരു കാലം . സൈക്കിൾ പഠിച്ച് വീണതിന്റെ വലിയ പാട് മുട്ടിൽ തഴമ്പായി ഇപ്പോഴും കാണാം. ഗമയിൽ സൈക്കിളിൽ കയറിയോടിച്ചു പോകുന്ന പെൺകുട്ടികളുടെ ആത്മവിശ്വാസവും അവരോടുള്ള ആരാധനയും ഇപ്പോഴുമുണ്ട്! ഒരു ചിരി ചുണ്ടിലും അറിയാതൊരു ശൂളമടിയും.
” മൂപ്പിലാൻ ഇന്ന് നല്ല മൂഡിലാണല്ലോ?” അയാൾക്ക് കേൾവി കുറവാണെന്ന് കരുതിയാണ് . അവൻ പതുക്കെ അങ്ങനെ പറഞ്ഞ് അകത്തേക്ക് പോയത്.
പത്രഏജൻസി അനിയനെ ഏൽപ്പിച്ച പ്രവാസ ജീവിത കാലത്തും ഒരു സൈക്കിൾ കൂടെത്തന്നെയുണ്ടായിരുന്നു. ഭാര്യയായവൾ പറയുന്നത് നിങ്ങൾ സൈക്കിളിനെ പ്രണയിക്കുകയായിരുന്നെന്നാണ് . അല്ലങ്കിലാർക്കും ഇത്രയും അടുപ്പം സൈക്കിളിനോട് വരില്ലത്രേ.ശരിയായിരിക്കാം.അവൾ പോയിട്ട് വർഷം ഏഴായി. ഒടിഞ്ഞു തൂങ്ങി കാറ്റും പോയി. എന്നിട്ടും ഇപ്പോഴും പോകാതെ കൂടെ നിൽക്കുന്ന ഒരുവൾ ദാ, ഈ സൈക്കിൾ ! ഇവളിവിടെയുള്ളതാ ഓർമ്മകൾക്ക് മറയാതിരിക്കാനൊരു കൂട്ട്. കണ്ണടച്ച്, കസേരയിലേക്ക് ചായുമ്പോൾ നാട്ടിട വഴികളിലൂടെ സൈക്കിളിൽ പത്ര വിതരണത്തിൽ ആയിരുന്നു അയാൾ.
സൈക്കിൾ കഥ അസ്സലായിട്ടുണ്ട്
വായനയ്ക്കും അഭിപ്രായത്തിനും ഹൃദയപൂർവ്വം നന്ദി
പുതുമയുള്ള കഥ
സന്തോഷം
Nostalgia 👍
സന്തോഷം
നല്ല കഥ👍
സന്തോഷം
അസ്സൽ ഓർമ്മചെപ്പിന്റെ ഉള്ളിലെ മണിമുത്തുകൾ. എന്ത് രസാണ് വായിക്കാൻ. ❤️🌹😊
അഭിപ്രായത്തിനും വായനയ്ക്കും ഹൃദയപൂർവ്വം നന്ദി