“And ever has it been
known that love knows
nots its own depth until
the hour of separation.”
Khalil Gibran
വേർപാടിൻ്റെ നിശ്ശബ്ദ നിലവിളികൾ
വേർപാട് എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ ആരിലും വേദനയുടെ ഒരു നേരിയ പിടച്ചിലെങ്കിലും അനുഭവപ്പെടും. വേർപാടിൻ്റെ നോവ് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ… അത് എത്രത്തോളം വ്യാപ്ത മാണെന്ന്.ശ്വാസം മുട്ടലാണെന്ന്.
നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരുടെ വേർപാട് (അത് മരണമായാലും, ഉപേക്ഷിച്ച് പോകലായാലും, വേണ്ടെന്ന് വയ്ക്കലായാലും, പിണങ്ങി പിരിയലായാലും! ഒക്കെ…) നൽകുന്ന ശൂന്യതയും വേദനയും നമ്മളിൽ അവർ ആരായിരുന്നു എന്ന് മനസ്സിലാക്കി തരുന്നു.. ഏറ്റവും സത്യസന്ധമായി തന്നെ. അതിൻ്റെ എല്ലാ അർത്ഥ തലങ്ങളോടും കൂടി.
സ്ഥാനമാനങ്ങൾ കൊണ്ടല്ല! ബന്ധങ്ങളുടെ ഏറ്റവും വലിയതും ചെറിയതുമായ തലക്കെട്ട് കൾ കൊണ്ടുമല്ല! ആത്മബന്ധം ഒന്നുകൊണ്ട് മാത്രമാണ് ഓരോ വേർപാടുകളും അതിൻ്റെ അത്യുന്നതികളെയും, സമതലങ്ങളെയും താഴ്‌വാരങ്ങളെയും കെട്ടിപ്പുണർന്നു വിതുമ്പുന്നത്. അന്തർലീനമായി പരക്കുന്നത്.
തങ്ങളിലുണ്ടായിരുന്ന ബന്ധത്തെ ഒരു വേർപാട് സ്വാധീനം ചെലുത്തുന്നത് എങ്ങനെയാണെന്ന്, എത്രത്തോളമാണെന്ന് നോക്കാം. അത് ഭാര്യ ഭർതൃബന്ധമായിക്കൊള്ളട്ടെ, സൗഹൃദബന്ധമായിക്കൊള്ളട്ടെ, പ്രണയബന്ധ മായിക്കൊള്ളട്ടെ, മറ്റു ചില ആത്മബന്ധങ്ങൾ ആയിക്കൊള്ളട്ടെ… ഏതിനും ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോടുള്ള ഇഴയടുപ്പത്തിന്റെ തീവ്രതയും ആഴവും അളക്കുന്നത് അവർ തങ്ങളിലുള്ള സാമീപ്യത്തിൻ്റെ, ഇടപെടലുകളുടെ, തുറന്ന പെരുമാറ്റത്തിൻ്റെ, എല്ലാത്തിലും ഉപരിയായി പരസ്പരമുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും, ആത്മബന്ധത്തിന്റെയും തോത് അനുസരിച്ച് ഇരിക്കും.
മണ്ണിൽ ആഴത്തിൽ വേരോടിയ വൃക്ഷവേരുകളെ പൂർണ്ണമായും പിഴുതുമാറ്റാൻ അത്ര എളുപ്പത്തിൽ കഴിയില്ല.
ഒരു പാട് മണ്ണിളക്കി മാറ്റി വേരോടിയ ഭാഗങ്ങൾ തിരഞ്ഞുപിടിച്ച്, കുഴിച്ച് കുഴിച്ച് അവയെ കുറെശ്ശെയായി അറുത്തു മുറിച്ച് കളയേണ്ടിവരും. അവിടെ സംഭവിക്കുന്ന മണ്ണിൻ്റെ മുറിവുകൾ ആഴത്തിലുള്ളതാണ്. അത് പെട്ടെന്ന് കൂടിയുറച്ച് പഴയതുപോലെ ആകില്ല. അതുപോലെതന്നെയാണ് മനുഷ്യഹൃദയവും.
വേർപാടുകളെ നമുക്ക് തുടച്ചു നീക്കാൻ കഴിയില്ല.പക്ഷേ… ആ കനൽ കട്ടകളിൽ എരിഞ്ഞു തീരാതെ വിവേകപൂർവ്വം അതിനെ സമീപിക്കാൻ മനുഷ്യർക്ക് കഴിയും.
സ്വയം വെന്തെരിയാതെ യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടാനും, മനപ്പൂർവ്വം ചിന്തകളെ വഴി തിരിക്കാനും, ദൈനംദിന ദിനചര്യകളിലേക്ക് മടങ്ങി വരാനും പതുക്കെ പതുക്കെ നമുക്ക് കഴിയും.
അഥവാ യാന്ത്രികമാണെങ്കിൽ പോലും! പ്രവൃത്തികളിൽ സദാ വ്യാപൃതരായിരി
ക്കുമ്പോൾ നാമറിയാതെ തന്നെ അതിൻ്റെ പ്രസരിപ്പിലേക്ക് നമ്മൾ വഴി മാറ്റപ്പെടുന്നു.
ഇവിടെ ഏറ്റവും പ്രിയപ്പെട്ട ആളിൻ്റെ മരണം ആയാൽ പോലും! അയാൾക്ക് ഇന്ന് സംഭവിച്ച ഈ മരണം നാളെ എനിക്കും സംഭവിക്കും. അയാൾ തൊട്ടു മുന്നേ പോയി എന്നേയുള്ളൂ എന്ന് ആശ്വസിക്കുക. ആശ്വസിക്കാൻശ്രമിക്കുക.
നമ്മെ വിട്ടുപിരിഞ്ഞവർ നമുക്ക് ആയിത്തന്ന നല്ല നിമിഷങ്ങളെ താലോലി
ക്കുക. ഓർമ്മകളിൽ അവരെ കരുതി വയ്ക്കുക.
നിങ്ങൾക്ക് മിച്ചമുള്ള ബാക്കി സമയം മറ്റുള്ളവരുടെ ഓർമ്മകളിൽ നിങ്ങൾക്കും ഇങ്ങനെ ഇടം നേടണമെങ്കിൽ അവർക്കുവേണ്ടി ചിലവഴിക്കുക.ബന്ധങ്ങളും സൗഹൃദങ്ങളും വളർത്തിയെടുക്കുക.
വേർപാടിന്റെ നിശ്ശബ്ദ നിലവിളികൾ നിങ്ങളെ തളച്ചിടുകയേഉള്ളൂ. മനസ്സ് തുറന്ന് നിങ്ങളുടെ വിഷമങ്ങൾ ഏറ്റവും അടുപ്പമുള്ളവരോട് പങ്കുവയ്ക്കുക. കരയാൻ തോന്നുമ്പോഴൊക്കെ തുറന്നു തന്നെ കരയുക. മനസ്സിൽകെട്ടിക്കിടക്കുന്ന ദുഃഖങ്ങളെ ഒഴുക്കികളയുക. കൺമുന്നിൽ നീണ്ടു കിടക്കുന്ന ശൂന്യമായ ഇടങ്ങളെ സ്വന്തം ഇഷ്ടങ്ങൾ കൊണ്ട് സമ്പന്നമാക്കുക.
ആര് എന്ത് കരുതും? എന്ന് കരുതി ഒരു മുറിയിൽ ഒരിക്കലും അടച്ചിരുന്ന് വേർപാടിനെ നിങ്ങൾ അർത്ഥവത്താക്കരുത്. അത് കണ്ട് മറ്റുള്ളവർ നിങ്ങളെ വാഴ്ത്തുന്നുണ്ടാകാം. പക്ഷേ.. നിങ്ങൾ കുറേശ്ശെയായി മരണത്തിന് കീഴ്പ്പെട്ടു കൊണ്ടിരിക്കയാണ്.
മരിച്ചുപോയവരോടോ, പിരിഞ്ഞു പോയവരോടോ നമ്മൾ ജീവിച്ചു കാണിക്കുമ്പോഴാണ്, അല്ലെങ്കിൽ നമ്മുടെ ബാക്കി ജീവിതം കൊണ്ട് മറ്റുള്ളവർക്കോ, നാടിനോ വീടിനോ, സമൂഹത്തിനോ, രാജ്യത്തിനോ ഒക്കെ എന്തെങ്കിലും ഗുണങ്ങളോ, അഭിവൃദ്ധിയോ ഒക്കെ ഉണ്ടാകുമ്പോഴാണ് അവരും നമ്മളിലൂടെ ജീവിച്ചിരിക്കുന്നത് എന്ന് മാത്രം! ഓർത്താൽ മതി.
ആ കരുതൽ ആണ് വേർപാടുകൾക്ക് കൊടുക്കാൻ നമുക്ക് കഴിയുന്ന ഏറ്റവും വലിയ നനവ്.എന്നാലും …ഒന്നു ചോദിച്ചോട്ടെ? ആർക്കെങ്കിലും നൊന്തുവോ? ഞാൻ ഒരു സത്യം തുറന്നു പറയാം… എനിക്ക് നന്നായി വേദനിച്ചു?
ഓർക്കുക! “കാലം ഉണക്കാത്ത മുറിവുകൾ ഇല്ല” എങ്കിലും ഈ വേർപാടിൻ്റെ വരികൾ തന്ന വേദനയുടെ കരുത്തുമായി…
വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം.നന്ദി, സ്നേഹം.



