“എന്താ സർ? എന്തു പറ്റി?” തന്റെ ഭാവമാറ്റം ശ്രദ്ധിച്ച യമുന പരിഭ്രമത്തോടെ അടുത്തിരുന്നു.
”തീരെ വയ്യടോ…”
യമുന തന്റെ കൈപ്പടം നെറ്റിയിൽ ചേർത്തുപിടിച്ചു . “നന്നായി പനിക്കുന്നുണ്ടല്ലോ! ഇന്നിനി നടക്കേണ്ട. കുറച്ചുകൂടി മുന്നോട്ട് പോയാൽ ഒരു ക്യാമ്പ് ഉണ്ട്. അവിടെ ഡോക്ടറുടെ സേവനവും ലഭിക്കും.”
അവൾ ഉടനെതന്നെ ഒരു കുതിരക്കാരനെ വിളിച്ചു വരുത്തി.
“ഇതിന്റെ മുകളിൽ ഞാൻ എങ്ങനെയാ കയറുക?” കുതിരയെ കണ്ടപ്പോൾ ഒന്ന് ശങ്കിച്ചു. അത് തിരിച്ചറിഞ്ഞ അവൾ പ്രോത്സാഹിപ്പിച്ചു: “ആ ബാഗ് ഇങ്ങു തരൂ, എന്നിട്ട് ശ്രദ്ധിച്ചു കയറൂ. ഞങ്ങൾ സഹായിക്കാം.”
ബാഗ് വാങ്ങി താഴെ വെച്ച ശേഷം കുതിരക്കാരന്റെയും യമുനയുടെയും സഹായത്തോടെ ഒരുവിധത്തിൽ പണിപ്പെട്ട് കുതിരപ്പുറത്ത് കയറി ഇരുന്നു. തന്റെ ഈ ‘അഭ്യാസം’ മറ്റു യാത്രികർ കൗതുകത്തോടെ നോക്കുന്നത് കണ്ടപ്പോൾ ചെറിയൊരു ജാള്യത തോന്നി. യമുന ബാഗെടുത്ത് മുന്നിൽ വെച്ചുതന്നു.
എന്നാൽ കുതിരപ്പുറത്ത് ഇരുന്നു കഴിഞ്ഞപ്പോഴാണ്, നടക്കുകയായിരുന്നു ഭേദം എന്ന് തോന്നിയത്. ഒരു വശത്ത് അഗാധമായ ഗർത്തം, മറുവശത്ത് മതിൽ പോലെ ഉയർന്നുനിൽക്കുന്ന മല. കുതിര ഉലഞ്ഞുലഞ്ഞാണ് കയറ്റം കയറുന്നത്. താഴേക്ക് ഒന്നു നോക്കിയതേയുള്ളൂ, ശരീരം വിറച്ചു; വീണുപോകുമെന്ന് തോന്നി. തല കറങ്ങുന്നതുപോലെ. വേഗം നോട്ടം പിൻവലിച്ചു.
“ഇതിലും ഭേദം നടക്കുകയായിരുന്നു…” അറിയാതെ പിറുപിറുത്തു പോയി.
“നടന്നാൽ ഇതിലും ക്ലേശകരമാകും സർ. സാരമില്ല, ദാ ഇപ്പൊ എത്തും.” ഒരു കുഞ്ഞിനെ സമാശ്വസിപ്പിക്കുന്ന അമ്മയെപ്പോലെ യമുന കുതിരയോടൊപ്പം നടന്നു.
അരമണിക്കൂറിനുള്ളിൽ ക്യാമ്പിലെത്തി. കുതിരപ്പുറത്ത് നിന്നിറങ്ങാനും അവൾ സഹായിച്ചു. എന്നിട്ടും നിലത്തിറങ്ങിയപ്പോൾ ബാലൻസ് കിട്ടാതെ വേച്ചുപോയി. അല്പനേരം കൂടി ആ കൈകൾ താങ്ങായി ചുറ്റിപ്പിടിച്ചു നിന്നു. ബാഗ് യമുന തന്നെ കയ്യിലെടുത്തു.
“അതിങ്ങു താടോ, ഞാനെടുത്തോളാം.” ബാഗിനായി കൈനീട്ടിയപ്പോൾ അവൾ അത് നിഷേധിച്ചു.
“വേണ്ട, ഞാനെടുത്തോളാം. സർ നടന്നോളൂ.” സ്വന്തം കളിപ്പാട്ടം ആരും തട്ടിപ്പറിക്കാതിരിക്കാൻ ചേർത്തുപിടിക്കുന്ന ഒരു കുട്ടിയെപ്പോലെ അവൾ ആ ബാഗ് നെഞ്ചോടു ചേർത്തുപിടിച്ചു. യമുനയെക്കൊണ്ട് ആ ഭാരം കൂടി ചുമപ്പിക്കുന്നതിൽ വലിയ കുണ്ഠിതം തോന്നിയെങ്കിലും, അവളുടെ മുഖത്ത് ആയാസത്തിന്റെ യാതൊരു ഭാവഭേദവും ഉണ്ടായിരുന്നില്ല.
അത്യാവശ്യം വലിയൊരു ക്യാമ്പ് ആയിരുന്നു അത്. “ഇതൊരു സ്ഥിരം താവളമാണ്. യാത്രയിൽ ക്ഷീണിക്കുന്നവർക്കും അസുഖം ബാധിക്കുന്നവർക്കും ചികിത്സ നൽകാൻ എല്ലാ സൗകര്യങ്ങളുമുള്ള ഒരു ചെറിയ ആശുപത്രി കൂടിയാണിത്,” യമുന വിശദീകരിച്ചു.
വിവരങ്ങൾ പറഞ്ഞപ്പോൾ ഒരു വോളന്റിയർ അവരെ അകത്തേക്ക് ക്ഷണിച്ചു. അയാളുടെ പിന്നാലെ താൽക്കാലികമായി നിർമ്മിച്ച ഒരു ചെറിയ മുറിയിലേക്ക് കയറി. അവിടെയുണ്ടായിരുന്ന കട്ടിലിൽ കിടക്കാൻ നിർദ്ദേശിച്ച് അയാൾ ഡോക്ടറെ വിളിക്കാൻ പോയി.
ഡോക്ടർ എത്തി പരിശോധന തുടങ്ങി. “ബോഡി പെയ്ൻ ഉണ്ടോ?”
“യെസ്.”
“വൊമിറ്റിംഗ് ടെൻഡൻസി തോന്നുന്നുണ്ടോ?”
“ഇടയ്ക്ക് തോന്നുന്നുണ്ട്.”
“തീർത്ഥാടകരിൽ സാധാരണയായി കണ്ടുവരുന്ന പനിയാണിത്. കാലാവസ്ഥാ മാറ്റം കാരണമാണ്. ചിലപ്പോൾ വയറിളക്കവും ഉണ്ടായേക്കാം. ഏതായാലും നല്ല വിശ്രമം എടുത്ത് പനി കുറഞ്ഞിട്ട് യാത്ര തുടർന്നാൽ മതി. തൽക്കാലം ഒരു ഇൻജക്ഷൻ നൽകാം, പനി വേഗം കുറഞ്ഞോളും.”
ഡോക്ടറുടെ നിർദ്ദേശങ്ങൾക്ക് “യെസ് ഡോക്ടർ” എന്ന് യമുന തലയാട്ടി സമ്മതം മൂളി.
ഇൻജക്ഷൻ എടുത്തു കഴിഞ്ഞപ്പോൾ ആ ഭാഗം നന്നായി തടവിത്തന്നു. യാതൊരു മടിയോ വൈക്ലബ്യമോ കൂടാതെ തന്റെ വസ്ത്രങ്ങൾ നേരെയാക്കി തന്നതും അവളായിരുന്നു. യാത്രയുടെ സൗകര്യത്തിനായി ധരിച്ചിരുന്ന കുർത്തയും പൈജാമയും, തണുപ്പിനെ പ്രതിരോധിക്കാനുള്ള പുറംകുപ്പായങ്ങളുമെല്ലാം യമുന ശ്രദ്ധയോടെ അടുക്കി ഒതുക്കിവെച്ചു.
“തനിക്ക് ബുദ്ധിമുട്ടായി അല്ലേ?” യമുനയെക്കൊണ്ട് ഇമ്മാതിരി പണികൾ ചെയ്യിക്കുന്നതിലുള്ള സങ്കോചമായിരുന്നു തനിക്ക്.
“ഏയ്, എന്തു ബുദ്ധിമുട്ട്! എനിക്ക് സന്തോഷമേയുള്ളൂ സാർ.” അവളുടെ മുഖം പ്രകാശമാനമായിരുന്നു. ചുണ്ടുകളിൽ തെളിഞ്ഞ പുഞ്ചിരിക്ക് ഒട്ടും മങ്ങലേറ്റിരുന്നില്ല.
ഡോക്ടർ വളന്റിയറോട് പേഷ്യന്റിനെ തൊട്ടടുത്ത മുറിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. അയാളുടെ സഹായത്തോടെ പതുക്കെ എഴുന്നേറ്റ്, കർട്ടനുകൾ കൊണ്ട് വേർതിരിച്ച അടുത്ത മുറിയിലേക്ക് നീങ്ങി. അവിടെ ഒരു കട്ടിലും ചെറിയൊരു മേശയും മാത്രം. മരുന്നുകളും ബാഗുമായി യമുന പിന്നാലെ വന്നു.
“താൻ വേണമെങ്കിൽ പൊയ്ക്കോളൂ. ഇവിടെ സഹായിക്കാൻ വളന്റിയേഴ്‌സ് ഉണ്ടല്ലോ,” മനസ്സില്ലാമനസ്സോടെയാണ് അത് പറഞ്ഞത്. തന്റെ അവസ്ഥ കാരണം യമുനയെ ബുദ്ധിമുട്ടിക്കേണ്ടി വരുന്നത് ഉള്ളിൽ വലിയൊരു വ്യസനമായി പടർന്നു.
“വേണ്ട സാർ, സാറിനെ ഈ അവസ്ഥയിൽ ഇവിടെ വിട്ടിട്ട് ഞാൻ പോയാൽ മഹാദേവൻ എനിക്ക് ദർശനം തരില്ല. സാറിന്റെ അസുഖം കുറഞ്ഞിട്ട് നമുക്ക് ഒന്നിച്ചു പോകാം. എനിക്ക് ഒട്ടും ധൃതിയില്ല; എന്നെ കാത്തിരിക്കാൻ ആരുമില്ല. പിന്നെന്തിനാ ഞാൻ തിരക്ക് കൂട്ടുന്നത്?”
മഞ്ഞിന്റെ മൂടുപടം നീക്കി എത്തുന്ന സൂര്യകിരണങ്ങളെപ്പോലെ യമുന വീണ്ടും ചിരിച്ചു. ഉള്ളിന്റെ ഉള്ളിൽ താൻ ആഗ്രഹിച്ച മറുപടി ഇതായിരുന്നുവല്ലോ എന്നോർത്തപ്പോൾ തന്റെ കാപട്യത്തിൽ സ്വയം ലജ്ജ തോന്നി അയാൾ എതിർവശത്തേക്ക് തിരിഞ്ഞുകിടന്നു.
അപ്പോളാണ് ഫോൺ ശബ്ദിച്ചത്.
“സർ ഫോൺ, കാർത്തിക് വിളിക്കുന്നു.” യമുനയുടെ കയ്യിൽ നിന്നും ഫോൺ കൈ നീട്ടി വാങ്ങി കാതിൽ ചേർത്തു.
“അഛാ യാത്ര എങ്ങനെയുണ്ട്? കുഴപ്പമൊന്നുമില്ലല്ലോ?” ആകാംഷമുറ്റിയ സ്വരം.
“ഇല്ല, കുഴപ്പമൊന്നുമില്ല.”
“ഞാൻ ഇന്നലെ ട്രൈ ചെയ്തിരുന്നു. കിട്ടിയില്ല.” അവൻ പരിഭവിച്ചു.
“ഇവിടെ എല്ലായിടത്തും റേഞ്ച് ഇല്ല. നിനക്കും കുട്ടികൾക്കും ദേവികയ്ക്കും സുഖമല്ലേ?”
“അതേ. അച്ഛൻ്റെ ശബ്ദമെന്താ വല്ലാതിരിക്കുന്നു?”
“അത് നടപ്പിൻ്റെയാകും. മറ്റ് കുഴപ്പമൊന്നുമില്ല.”. അത് പറയുമ്പോൾ നോട്ടം യമുനയുടെ മുഖത്തേയ്ക്ക് ഒന്ന് പാളി. ആ മുഖത്ത് ചെറിയൊരു മന്ദഹാസം മിന്നിനിന്നിരുന്നു. താൻ പറയുന്ന പച്ചക്കള്ളം കേട്ടിട്ടാകും.
“ശരി വയ്ക്കട്ടെ.”. കൂടുതൽ സംസാരിക്കാനുള്ള ശേഷിയില്ലായിരുന്നു. യമുന ഫോൺ വാങ്ങി മേശയിൽ വെച്ചു.
“നന്നായി സർ, വെറുതെ കുട്ടികളെക്കൂടി ഭയപ്പെടുത്തേണ്ടല്ലോ.”
പിന്നീട്, എല്ലാ അധികാരത്തോടും കൂടി കൂടെയിരുന്നു ശുശ്രൂഷിക്കുകയായിരുന്നു. കൃത്യസമയത്ത് മരുന്നും നിർബന്ധിച്ച് ഭക്ഷണവും നൽകി. ഒരു പ്രാവശ്യം കഴിച്ച ഭക്ഷണം അപ്പാടെ ഛർദിച്ചപ്പോൾ, യാതൊരു അറപ്പോ മടിയോ ഇല്ലാതെ യമുന അത് തുടച്ചു വൃത്തിയാക്കി.
ഛർദിയുടെ അസ്കിതയിൽ ശ്വാസം മുട്ടിയപ്പോൾ ഓടിപ്പോയി വായ കഴുകാൻ വെള്ളമെടുത്തു കൊണ്ടുവന്നു നൽകി. നിറഞ്ഞൊഴുകിയ കണ്ണുകളും മുഖവും തോർത്ത് കൊണ്ട് ഒപ്പിയെടുക്കുമ്പോൾ പതുക്കെ ചോദിച്ചു:
“തനിക്ക് അറപ്പ് തോന്നുന്നില്ലേടോ?”
അതുകേട്ട് മറുപടിയൊന്നും നൽകാതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. ആ ചിരിയിൽ എല്ലാ ഉത്തരങ്ങളുമുണ്ടായിരുന്നു.
ഇൻജക്ഷന്റെ മയക്കം പതുക്കെ തലയ്ക്കു പിടിച്ചു തുടങ്ങി. ക്യാമ്പിന് പുറത്ത് കാറ്റ് വീശുന്ന ശബ്ദം കേൾക്കാം. തണുപ്പ് അരിച്ചുകയറുന്നുണ്ടായിരുന്നു. യമുന അടുത്തുതന്നെ ഇരിപ്പുണ്ട്. അവളുടെ സാമീപ്യം ഒരു വലിയ ആശ്വാസമായിരുന്നു.
”സർ, ഒന്ന് ഉറങ്ങിക്കോളൂ. ഞാൻ ഇവിടെത്തന്നെയുണ്ട്,” അവളുടെ ശബ്ദം ദൂരെയെവിടെ നിന്നോ കേൾക്കുന്നതുപോലെ തോന്നി.
രാത്രി പാതി പിന്നിട്ടപ്പോൾ പനി അല്പം കൂടി വർദ്ധിച്ചു. വിറയൽ എടുത്തപ്പോൾ പുതപ്പ് കൂടുതൽ വലിച്ചുപുതപ്പിച്ചു തന്നതും, നെറ്റിയിൽ നനഞ്ഞ തുണിയിട്ടു ചൂട് കുറയ്ക്കാൻ ശ്രമിച്ചതും പാതിമയക്കത്തിൽ അറിഞ്ഞു. ഇടയ്ക്കെപ്പോഴോ കണ്ണുതുറന്നപ്പോൾ കണ്ടത് കസേരയിൽ തല ചായ്ച്ചുറങ്ങുന്ന യമുനയെയാണ്. ആ ചെറിയ വിളക്കിന്റെ വെട്ടത്തിൽ അവളുടെ മുഖത്തെ ശാന്തത കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. പുലർച്ചെയായപ്പോഴേക്കും പനി കുറഞ്ഞു. ശരീരം വല്ലാതെ വിയർത്തിരുന്നു. ഉണർന്നപ്പോൾ ആദ്യം കണ്ടത് യമുനയുടെ ചിരിക്കുന്ന മുഖമാണ്.
”ഇപ്പോൾ എങ്ങനെയുണ്ട് സർ? പനി കുറഞ്ഞല്ലോ,” അവൾ നെറ്റിയിൽ കൈവെച്ച് പരിശോധിച്ചു.
”ഉം, ഭേദമുണ്ട്. താൻ ഉറങ്ങിയില്ലേ?”
”ഞാൻ കുറച്ചുനേരം ഉറങ്ങി സർ. ദാ, ചൂട് ചായ കുടിച്ചാൽ നല്ല ഉന്മേഷം തോന്നും.”
കരുതിവെച്ചിരുന്ന ഫ്ലാസ്കിൽ നിന്നും ആവിപറക്കുന്ന ചായ പകർന്നു തന്നു. ഓരോ സിപ്പിലും ശരീരത്തിന് പുതിയൊരു ഊർജ്ജം ലഭിക്കുന്നത് പോലെ അനുഭവപ്പെട്ടു. ഇടയ്ക്ക് അവൾ പുറത്തേക്കിറങ്ങിയപ്പോൾ ഡോക്ടർ പരിശോധനയ്ക്കായി വന്നു.
“വൈഫ് എവിടെ?” ആ ചോദ്യം ഒരു ഞെട്ടലുണ്ടാക്കിയെങ്കിലും ഒന്ന് മന്ദഹസിച്ചു കൊണ്ട് മറുപടി നൽകി.
“പുറത്തേക്ക് ഒന്നിറങ്ങിയതാണ്. വിളിക്കണോ?”
“വേണ്ട.. ഒരു ഡ്രിപ്പ് കൂടി ഇടാം. ക്ഷീണം മാറട്ടെ. വരുമ്പോൾ എന്നെ വന്ന് കാണാൻ പറയൂ.”. ഡോക്ടർ പോയിക്കഴിഞ്ഞാണ് യമുന മടങ്ങിവന്നത്. ഡോക്ടറുടെ ആ പരാമർശം മറച്ചുവെച്ചുകൊണ്ട് ഡോക്ടർ കാണാൻ പറഞ്ഞു എന്നറിയിച്ചു.
“ഓകെ” എന്ന് പറഞ്ഞു യമുന മുറിയിൽ നിന്നും പുറത്തേക്കിറങ്ങിപ്പോയി.
പത്തുപതിനഞ്ച് മിനിറ്റ് കഴിഞ്ഞാണ് യമുന മടങ്ങിവന്നത്. തൻ്റെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് എങ്ങനെയെന്നും യാത്ര തുടരാൻ സമയമായില്ല എന്നും പറയാനാണ് ഡോക്ടർ വിളിച്ചതെന്ന് പറഞ്ഞു.
യമുനയുടെ കരുതലും മരുന്നും ഫലം കണ്ടപ്പോൾ രണ്ടു ദിവസം കൊണ്ട് പനി പൂർണ്ണമായും മാറി. എഴുന്നേറ്റു നടക്കാനുള്ള ആരോഗ്യം വീണ്ടെടുത്തതോടെ യാത്ര തുടരാമെന്ന ആത്മവിശ്വാസം തോന്നി അനുവാദം ചോദിച്ചു:
“ഇനി നമുക്ക് യാത്ര തുടർന്നാലോ?”
“ഒരു ദിവസം കൂടി വിശ്രമിക്കാം സർ. ഇല്ലെങ്കിൽ ചിലപ്പോൾ ക്ഷീണം വീണ്ടും കൂടിയാലോ?” ആ നിർദ്ദേശത്തെ ഡോക്ടറും ശരിവെച്ചപ്പോൾ യോജിക്കാതിരിക്കാൻ കഴിഞ്ഞില്ല.
“ഇവിടുത്തെ കാര്യങ്ങളൊക്കെ കൃത്യമായി അറിയാവുന്ന ആളല്ലേ പറയുന്നത്. അതിനാൽ അത് അനുസരിച്ചേക്കാം.” പാതി കാര്യമായും പാതി തമാശയായും പറഞ്ഞപ്പോൾ യമുനയുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു.




👏👍