കേരളത്തിൽ മാത്രമായി നടന്നു വരുന്ന ഒരു ക്ഷേത്രവാദ്യാഘോ ശാഖയാണ് പാണി. തികച്ചും മന്ത്രാനുഷ്ഠാനപരമായ ഈ വാദ്യാഘോഷം, ഉത്സവബലി, ശ്രീഭൂതബലി തുടങ്ങിയ ഉയർത്ത താന്ത്രിക ക്രിയകളുടെ അനുപേക്ഷണിയമായ ഒരു ഭാഗമാണ്. “ത, ത്തോം ” എന്നാണ് ഈ പണിയുടെ ഉള്ളടക്കത്തിൻ്റെ പൊരുൾ. ഇതിൻ്റെ ഇടയിൽ വിവിധ നാദപ്രപഞ്ചങ്ങൾ മന്ത്രശാസ്ത്രാനുസരേണസൃഷ്ടിക്കുന്ന ഈ പാണികേട്ടാൽ ഒരു കാലരൂപമാണെന്ന് തോന്നുകയില്ല. ബലിദേവതകള ആഹ്വാനം ചെയ്യാനാണ് ഇത് സാധാരണ കൊട്ടുക. ഭൗമദിവ്യാന്തരീക്ഷങ്ങളിൽ ഉള്ള ഈ ദേവതകൾ വാസ്തവത്തിൽ ഭൗതികശരീരം ധരിച്ചവരല്ല. ശബ്ദ സ്പന്ദനങ്ങളുടെ ദേഹം മാത്രമുള്ളവരാണെന്ന് ഓർക്കുമ്പോൾ പാഞ്ഞിയുടെ തത്ത്വം വ്യക്തമാകും. തത്തോം എന്ന് തിമലയിലും മറ്റും ഉണ്ടാക്കുന്ന ഈ സ്വരങ്ങളുടെ യഥാർത്ഥ രൂപം തത്ത്വം എന്നാണെന്നും അത് തത്ത്വമസി വാക്യത്തിലെ തത്ത്വം തന്നെയാണെന്നും പറയുന്നുണ്ട്. അതു മാത്രമല്ല അതിലും ആഴത്തിൽ നാം തത്ത്വത്തെ കാണേണ്ടിയിരിക്കുന്നു. തൽ +ത്വം + അസി എന്നാണല്ലോ അതിൻ്റെ സാമാന്യാർത്ഥം. പരമാത്മാവും അതിൻ്റെ പ്രതിഭാസമായ ജീവാത്മാവും തമ്മിലുള്ള ബന്ധവാക്യമാണ് അസി എന്ന പദം. അതായത് പരമാത്മാവിൽ നിന്ന് ജീവാത്മാവിലേയ്ക്കും തിരിച്ച് പരമാത്മാവിലേയ്ക്കും അതായത് വൃഷ്ടിയിൽ നിന്ന് സമഷ്ടിയിലേയ്ക്കും തിരികെ വൃഷ്ടിയിലേയ്ക്കും ഉള്ള ഈ താളലയത്തോടെയുള്ള ഈ നൃത്തം തന്നെയാണ് നടരാജനൃത്തം. സോ/ഹം എന്ന പരമമായ വാക്യമാണിതിലൂടെ ഉന്മീലമാകുന്നത്. സ: എന്നാൽ അവൻ അതായത് അത് ത്വം എന്നാൽ നീ എന്നതിൻ്റെ സ്ഥാനത്ത് ജീവാത്മാ എന്ന അഹം പദത്തെ ചേർത്താൽ തത്ത്വം എന്നത് സോ/ഹം പദമായി മാറുന്നു. ത്വം എന്നത് ഗുരു പറയുമ്പോഴും അഹമെന്നത് ആ ഗുരുവാക്യത്തെ അവനവൻ മനനം ചെയ്യുമ്പോഴും ഉള്ള പ്രയോഗമാണ്. രണ്ടും കുറിയ്ക്കുന്നത് നമ്മുടെ പരിമിതപ്പെടുത്തിയ പ്രപഞ്ചബോധത്തെതന്നെയാണ്. അതാണ് ഇവിടെ വൃഷ്ടിയായി പരിണമിയ്ക്കുന്നത്. ഹംസ എന്നും സോഹം എന്നുമുള്ള ഈ മഹാ മന്ത്രം ഓങ്കാരമെന്ന പ്രണവത്തിൽ നിന്നും ഉദ്ഭൂതമാണെന്ന് നാം കണ്ടുവല്ലോ. സോ/ഹം എന്ന പദത്തിൽ നിന്ന് വ്യഞ്ജനങ്ങളെ എടുത്തു മാറ്റിയാൽ ഓം അവശേഷിക്കും. അതാണ് പരബ്രഹ്മ വാചകം. അതിൽനിന്നുണ്ടാകുന്ന ആദി സ്പന്ദനങ്ങൾ പ്രപഞ്ചത്തിൻ്റെ ശ്വാസോച്ഛാസകർമ്മമാണ്. അത് യുഗങ്ങളെല്ലാം പ്രളയകാലമായും ദക്ഷിണോത്തരായണങ്ങളായും ശുക്ലകൃഷ്ണ പക്ഷങ്ങളായും ദിനരാത്രങ്ങളായും എല്ലാ ജീവികളുടേയും ഉച്ഛശ്വാസനിശ്വാസങ്ങളായും പ്രകടീകൃതമാകുന്നു. ഇതാണ് താളത്തിൻ്റെ സ്വരൂപം. ഈ ആദിമസ്പന്ദനങ്ങളിൽ നിന്നാകുന്നു ആ കാരാദി അമ്പത്തൊന്നക്ഷരാളിയും അക്ഷരമാലയും അവയുടെ വിവിധ സങ്കല്പങ്ങളാകുന്ന മന്ത്രങ്ങളും ബീജാക്ഷരങ്ങളും ഉദ്ഭവിച്ചത്. പാണിക്കൊട്ടുന്നതിൻ്റെ ആദ്യം ഓംകാര നാദം ശംഖിൽ നിന്ന് പുറപ്പെടുവിക്കുന്നു. അതിനെതുടർന്ന് തത്തോം എന്ന രണ്ടു നാദങ്ങൾ വീക്കൻ ചെണ്ടയിലോ തിമലയിലോ പുറപ്പെടുവിയ്ക്കുന്നു.ഇത് പ്രണവത്തിൽ നിന്നുമുത്ഭവിച്ച ഹംസമെന്ന് ആദിസ്പന്ദനമായ അജപാ മന്ത്രമാണ്. ഈ അജപാ മന്ത്രത്തെ എല്ലാ ജീവികളും ജപിച്ചുകൊണ്ടേയിരിയ്ക്കുന്നു. പക്ഷെ, ഈ ജപത്തെപ്പറ്റി നാം ബോധവാന്മാരല്ല. ബോധവാന്മാരാകുമ്പോൾ നാം നമ്മിൽ ആത്മീയമായ സ്ഫുരണമുണ്ടാകുമെന്നത് ആദ്ധ്യാത്മിക തത്ത്വമത്രേ! ഇടവിട്ടുള്ള ഈ തത്ത്വത്തിനിടയിൽ ഒരു നാദപ്രബഞ്ചമുത്ഭവിയ്ക്കുകയും ആയത് ചേങ്ങലയുടെ പ്രണവ നാദത്തോടെ ശൂന്യതയാകുന്ന ബ്രഹ്മത്തിൽ ലയിക്കുകയും ചെയ്യുന്നു. ഏതാണ്ട് ഇതാണ് പണിയുടെ നാദശില്പം. മന്ത്രശാസ്ത്രത്തോട് സമാന്തരമായി പോകുന്ന ഇത്തരം ഒരു നാദശില്പത്തിൻ്റെ സൃഷ്ടിയും താന്ത്രിക കർമ്മങ്ങളോടുകൂടി അതിൻ്റെ അവിച്ഛേദ്യബന്ധവും കേരളത്തിൽ ഈ വാദ്യവിദ്യ എത്രമാത്രം ഔന്നത്യങ്ങളിലേക്കുയർന്നിട്ടുണ്ട് എന്നതിൻ്റെ മഹനീയോദാഹരണമാണ്.
വേദജ്ഞന്മാരായും സാധകന്മാരായുമുള്ള ബ്രഹ്മണന്മാരായിരിയ്ക്കണമല്ലോ ഉയർന്ന താന്ത്രിയക്രിയ നടത്തുന്ന പുരോഹിതന്മാർ. ഈ നാദത്തിൻ്റെ പൗരോഹിത്യം വഹിക്കുന്ന പാണിക്കാരും അതിലെ മുഖ്യവാദ്യവും പുരോഹിത വേഷധാരികൾ ആകണമെന്ന് നിർബന്ധമാണ്. തറ്റുടുത്ത് ഉത്തരീയമിട്ടു തന്നെയാണ് പാണിവാദ്യക്കാർ ഉത്സവാവസരങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഓരോ മുഖ്യ വാദ്യത്തിനും ഉപനയനാദി സംസ്ക്കാരക്രിയകൾ വേണമെന്ന് തന്ത്രശാസ്ത്രം അനുശാസിക്കുന്നുണ്ട്. മൃദംഗോപനയനം എന്ന ക്രിയ തന്നെയുണ്ട്. അങ്ങനെ പുരോഹിതൻ മാത്രമല്ല വാദ്യവും പ്രണവമന്ത്രധ്വനികൾ മുഴക്കുന്ന ഉയർന്ന സാധകനായ ബ്രാഹ്മണൻ്റെ നിലയവലംബിയ്ക്കുന്നു. ഇന്ന് ഈ വാദ്യശാഖ വെറും അനുഷ്ഠാന ക്രിയയാകകൊണ്ട് നാശോന്മുഖമായിരിയ്ക്കുകയാണെന്നും സംസ്ക്കാര പ്രേമികളും ഭക്തജനങ്ങളുമായവരുണ്ട ദൃഷ്ടി പതിയുന്നില്ലെങ്കിൽ അത് നമ്മുടെ ക്ഷേത്രകലയിൽ നിന്നും തുടച്ചു മാറ്റപ്പെടുമെന്നുള്ള പ്രതിസന്ധിയെ നാം മനസ്സിലാക്കേണ്ടതായിട്ടുണ്ട്.
അതെ ഗുരുജി. പാണി വാദ്യത്തിൻ്റെ പ്രാധാന്യവും ആ വാദ്യത്തിൻ്റെ നാശോന്മുഖതയും എടുത്തു പറഞ്ഞു. ഇതു മനസ്സിലാക്കി ഇതിൻ്റെ പ്രാധാന്യത്തോടെ ഉദ്ധരിക്കേണ്ടതിലേക്ക് ശ്രദ്ധ തിരിയ്ക്കുന്ന ലേഖനം. നന്ദി ഗുരുജി നമസ്ക്കാരം
അഭിപ്രായത്തിന് ഒരു പാട് സന്തോഷം
🙏🙏🙏
Very informative 🙏
പാണിവാദ്യവും ശംഖനാദവുമുൽപാദിപ്പിക്കുന്ന പ്രണവോർജ്ജത്തിന്റെ പ്രാധാന്യം ക്ഷേത്രാന്തരീക്ഷത്തിൽ നമുക്ക് നൽകുന്ന ശാന്തിയും ഉന്മേഷവും തികച്ചും അനുഭവ
വേദ്യമാണ്. ശംഖനാദം(8-12Hz) സൃഷ്ടിക്കുന്ന
ഓങ്കാരസ്പന്ദനം പ്രത്യേകിച്ചും മനസ്സിനും മസ്തിഷ്കത്തിനും ആരോഗ്യപ്ദമാണെന്ന് ആധുനിക പഠനങ്ങൾ തെളിയിക്കുന്നു. പിഎംഎൻജിയുടെ ഈ നല്ല ഉദ്യമം ശ്ലാഘനീയമാണ്. നമസ്കാരം