പിതാക്കന്മാരെയും പിതൃബന്ധത്തെയും സമൂഹത്തിൽ പിതാക്കന്മാരുടെ സ്വാധീനത്തെ പ്പറ്റിയും ബഹുമാനിക്കുന്ന ഒരു ആഘോഷമാണ് പിതൃദിനം. 1972 ൽ ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച
ഫാദേഴ്സ്‌ഡേ ആയി ആചരിക്കുന്നതിനുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നു.
എന്റെ അച്ഛനോടൊപ്പമുള്ള ചില രസകരമായ ഓർമ്മകൾ നിങ്ങളുമായി പങ്ക് വയ്ക്കുന്നു.
ഒരു ദിവസം ബാങ്കിൽ ചെന്നപ്പോൾ എൻറെ അച്ഛൻ അവിടെ ഒരു ഹിന്ദു പത്രം നിവർത്തി പിടിച്ചിരുന്ന് വായിക്കുന്നത് കണ്ടു. ഞങ്ങൾ അച്ഛനും മകളും ഒരു കോളനിയിൽ തന്നെ രണ്ട് കിലോമീറ്റർ മാത്രം ദൂരത്തിന്റെ വ്യത്യാസത്തിൽ അടുത്താണ് താമസിച്ചിരുന്നത്. അതായത് അച്ഛനും അമ്മയും സഹോദരിയും ഒരു വീട്ടിലും ഞാനും മകനും ഭർത്താവും അടങ്ങുന്ന കുടുംബം മറ്റൊരു വീട്ടിലും. നല്ല തിരക്കുള്ള ദിവസമായിരുന്നു. ക്യൂനിന്ന് മഞ്ഞ സ്ലിപ്പ് കൊടുത്തു ടോക്കൺ വാങ്ങി കാത്തിരുന്ന് കാശും വാങ്ങി (അന്ന് എ.ടി.എം. ഒന്നുമില്ല) പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ അച്ഛൻ പത്രവായന അവസാനിപ്പിച്ച് മഞ്ഞ സ്ലിപ് പൂരിപ്പിക്കുന്നതിനായി നീങ്ങുന്നത് കണ്ടു. അവിടെ പേന ഉണ്ടായിരുന്നില്ല. ഞാൻ ബാഗ് തുറന്ന് പേന കൊടുത്തു.സ്വതേ ഗൗരവപ്രകൃതക്കാരനായ അച്ഛൻ മുഖത്തേക്ക് നോക്കിയില്ല. പേന വാങ്ങി പൂരിപ്പിച്ചു കൗണ്ടറിന് അടുത്തേക്ക് പോകുന്നത് കണ്ടു. ഞാൻ പുറത്തിറങ്ങി. അപ്പോൾ അച്ഛൻ ഓടിച്ചുവന്ന ഫിയറ്റ് കാർ അവിടെ കിടപ്പുണ്ടായിരുന്നു. ഏതായാലും ബാങ്കിൽനിന്ന് ഞാൻ അമ്മയെ കാണാൻ വീട്ടിലേക്ക് പോകാൻ ഇരിക്കുകയായിരുന്നു.കാറിന്റെ മുൻവശത്തെ ഡോർ സൈഡ് ഗ്ലാസിന് ഇടയിൽ കൂടി കൈയിട്ട് ലോക്ക് തുറന്നു സീറ്റിൽ കയറി ഇരുന്നു.അച്ഛൻ സാവകാശം വന്ന് താക്കോലെടുത്ത് പൂട്ടിയിട്ടിരുന്ന കാർ തുറന്നപ്പോൾ ഞാൻ കാറിനകത്ത് ഇരിക്കുന്നത് കണ്ടു.ഞാൻ ചിരിച്ചിട്ടും അച്ഛന് മനസ്സിലായില്ല.
“അയ്യോ!,ആരാ? എങ്ങനെ നിങ്ങൾ അകത്തു കയറി?” എന്നൊക്കെ ഒറ്റശ്വാസത്തിൽ ചോദിച്ചു.
“ഞാനല്ലേ പേന തന്നത് മറന്നുപോയോ എന്ന് ചോദിച്ചു”ഞാൻ. ഒരു പേന തന്നെന്നും കരുതി എൻറെ കാർ കുത്തിതുറന്ന് ഇതിനകത്ത് കയറി ഇരിക്കുന്നോ? എന്ന് അടുത്ത ചോദ്യം.
‘അയ്യോ, അച്ഛാ ഇത് ഞാനാണ് മേരി ജോസി. അച്ഛൻറെ രണ്ടാമത്തെ മകൾ. ആലപ്പുഴയിലേക്ക് കെട്ടിച്ചില്ലേ, ആ മകൾ. നല്ല വെയിലത്തു നിന്ന് കയറി വന്നതു കൊണ്ടായിരിക്കും രണ്ടുമിനിറ്റ് കഴിഞ്ഞപ്പോഴാണ് അച്ഛന് കാര്യം പിടികിട്ടിയത്. “ങ്ഹാ, നീ ആയിരുന്നോ എനിക്ക് മനസ്സിലായില്ലായിരുന്നു” എന്ന്. വലിയ വലിയ കാര്യങ്ങളൊക്കെ ചിന്തിച്ചു നടക്കുന്നതുകൊണ്ട് ഈ ചെറിയ കാര്യങ്ങളൊന്നും ഞാൻ ശ്രദ്ധിക്കാറില്ല എന്നാണ് അച്ഛൻ ഇതിന് മറുപടി പറയുന്നത്.
ഞങ്ങൾ കുടുംബസമേതമാണ് പള്ളിയിൽ പോകുക. പള്ളി പിരിഞ്ഞ് ഞങ്ങൾ എല്ലാവരും അവരവരുടെ കൂട്ടുകാരെയൊക്കെ കണ്ട് വർത്തമാനത്തിൽ ലയിച്ചു നിന്നു ഒരു ദിവസം. അച്ഛൻ കാറുമെടുത്ത് തിരികെ വീട്ടിൽ എത്തി, ‘ഗേറ്റ് തുറക്കു’ എന്ന് പറഞ്ഞപ്പോഴാണ് മനസ്സിലായത് കാറിൽ ആരും കയറിയിട്ടില്ല എന്ന്.ഞങ്ങൾ വർത്തമാനം ഒക്കെ കഴിഞ്ഞു നോക്കിയപ്പോൾ അച്ഛനെയും കാണാനില്ല കാറും കാണുന്നില്ല. എന്തെങ്കിലും അത്യാവശ്യത്തിനു പോയത് ആയിരിക്കുമെന്നാണ് കരുതിയത്. അപ്പോഴുണ്ട് വീട് വരെ പോയ അച്ഛൻ തിരിച്ചുവരുന്നു. നിങ്ങളൊക്കെ കയറി എന്നാണ് ഞാൻ വിചാരിച്ചത് എന്നും പറഞ്ഞു. ആ സംഭവത്തിന് ശേഷം പള്ളി പിരിഞ്ഞാൽ ഉടനെ ഞങ്ങൾ എല്ലാവരും ഓടി കാറിൽ കയറും.എല്ലാവരെയും ഒറ്റയടിക്ക് മറന്നു പോയത് കൊണ്ടാണ് അച്ഛൻ അന്ന് തിരികെ വന്നത്. ഒരാൾ മാത്രമായിരുന്നെങ്കിൽ അയാൾ നടന്നു വരട്ടെ എന്നേ കരുതു. സമയത്തിന്‍റെ വില പഠിപ്പിക്കാനുള്ള അച്ഛൻറെ ഷോക്ക് ട്രീറ്റ്മെൻറ്കൾ ആയിരുന്നോ എന്നും അറിഞ്ഞുകൂടാ. അച്ഛൻറെ ഈ സ്വഭാവം കാരണം അമ്മയും ഞങ്ങൾ നാലു മക്കളും ജീവിതത്തിൽ നല്ല കൃത്യനിഷ്ഠ ഉള്ളവരാണ്.😜
ഞാൻ എഴുതുന്ന ഓരോ നർമ്മകഥകളും ഓർമ്മകുറിപ്പുകളും വായിക്കാനും അഭിപ്രായം അറിയാനുമായി അച്ഛന് അയച്ചു കൊടുക്കുന്ന പതിവുണ്ട്.ലോകത്ത് ആരുടെയും ശ്രദ്ധയിൽ പെടാത്ത അക്ഷരതെറ്റുകൾ വരെ കണ്ടുപിടിച്ച് ചൂണ്ടി കാണിക്കുന്നതുകൊണ്ടു തന്നെ ഞാനീ പതിവ് തുടർന്നു കൊണ്ടേയിരിക്കുന്നു. 😀 ഇന്ന് എഴുതിയത് അയച്ചു കൊടുത്തപ്പോൾ അച്ഛൻ എഴുതിയ വിശദീകരണമാണ് താഴെ ചേർക്കുന്നത്.
കാർ നിറുത്തിയ സ്ഥലത്തിൻ്റെ ചുററുപാടും മോഷ്ടാക്കളുടെ സങ്കേതമാണ്. ഇരുട്ടിത്തുടങ്ങിയാൽ വഴി നീളെ ചിലർ വന്നു കൂടും. മോഷ്ടിച്ച സൈക്കിളുകൾ ചില ചെറിയമാറ്റങ്ങൾ വരുത്തി പെയിൻ്റടിച്ചു ചില വരകളും വരച്ചു അധികം പഴക്കമില്ലാത്തതെന്നു തോന്നിപ്പിക്കുന്ന തരത്തിലാക്കും- വില്പന നടത്തും. കാറിൻ്റെ ഏതു ഭാഗമാണോ അഴിച്ചെടുക്കുക എന്നു പേടിച്ചാണ് അത് അവിടെ പാർക്ക് ചെയ്തു ബാങ്കിൽ കയറിയത്.
കാറിൻ്റെ ഇടതു വശമുള്ള ഗ്ലാസുപൊക്കിയിട്ടു വേണമായിരുന്നു കാറിൽ നിന്നിറങ്ങേണ്ടിയിരുന്നത്. അതു മറന്നു പോയി.
🌹🌹🌹🌹🌹
നവതി ആഘോഷിച്ച് ഇപ്പോഴും എഴുത്തിന്റെയും വായനയുടെയും വഴിയിൽ കർമ്മനിരതനായി മുന്നേറി കൊണ്ടിരിക്കുന്ന അച്ഛനും എല്ലാ പിതാക്കന്മാർക്കും പിതൃ ദിനാശംസകൾ നേർന്നുകൊണ്ട്.
അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ നന്നായി.
നല്ല വായന അനുഭവം
മധുര സ്മരണകളും, നല്ല അവതരണവും 👏👏ഫാദേർസ് ഡേ ആശംസകൾ 😍💕
❤️❤️