Thursday, May 21, 2026
Homeഅമേരിക്ക​ യമുനാതീരേ.. നോവൽ - അധ്യായം 3 ✍ ഡോളി തോമസ് ചെമ്പേരി

​ യമുനാതീരേ.. നോവൽ – അധ്യായം 3 ✍ ഡോളി തോമസ് ചെമ്പേരി

​കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ തോളിലേറ്റിയതോടെയാണ് യമുന തന്റെ ഏകാന്തതയുടെ കൂടാരത്തിലേക്ക് കൂടുതൽ ഉൾവലിഞ്ഞത്. സ്‌റ്റാഫ് റൂമിലെ ശബ്ദകോലാഹലങ്ങൾക്കിടയിലും അവൾ ഒരു നിശബ്ദദ്വീപായി മാറി. ആരോടുമുള്ള വിരോധമായിരുന്നില്ല അത്, മറിച്ച് ഉള്ളിലെ സംഘർഷങ്ങൾ പുറംലോകം അറിയാതിരിക്കാൻ അവൾ തീർത്ത സ്വയം പ്രതിരോധമായിരുന്നു. വാക്കുകൾക്ക് പരിധികൾ നിശ്ചയിക്കപ്പെട്ടപ്പോൾ, ഉള്ളിൽ നുരഞ്ഞുപൊന്തിയ സങ്കടങ്ങൾ പേപ്പറിൽ അക്ഷരങ്ങളായി പെയ്തിറങ്ങി. പേനത്തുമ്പിലൂടെ കഥാപാത്രങ്ങൾക്ക് ജീവൻ പകുത്തുനൽകിയപ്പോൾ, തന്റെ ഉള്ളിലെ പൊള്ളുന്ന നോവുകൾക്ക് അല്പം ശമനം ലഭിക്കുന്നത് അവൾ അറിഞ്ഞു. തർക്കങ്ങളും പരിഭവങ്ങളും പ്രണയവുമെല്ലാം ആ സാങ്കൽപ്പിക കഥാപാത്രങ്ങൾക്കിടയിൽ മാത്രമായി ഒതുങ്ങി.

ജീവിതത്തിന്റെ വിരസതയിൽ അല്പം നിറം ചാലിക്കാൻ വേണ്ടിയാണ് അവൾ തന്റെ രചനകൾ മാസികകൾക്ക് അയച്ചുതുടങ്ങിയത്. ചിലതൊക്കെ അച്ചടിച്ചു വന്നപ്പോൾ തോന്നിയ ആനന്ദം അവർണ്ണനീയമായിരുന്നു. എങ്കിലും ആ സന്തോഷം പങ്കുവെക്കാൻ അത്രമേൽ പ്രിയപ്പെട്ടവരായി ആരും അരികിലുണ്ടായിരുന്നില്ല.

​ട്രെയിനിന്റെ താളാത്മകമായ കുതിപ്പിനിടയിൽ കണ്ണുകളടച്ചു കിടക്കുമ്പോൾ, യമുനയുടെ മനസ്സിൽ തെളിഞ്ഞത് ശേഖർ സാറിന്റെ സ്നിഗ്ദ്ധമായ പുഞ്ചിരിയായിരുന്നു. സ്റ്റാഫ് റൂമിലെ ആ പഴയ മരമേശയ്ക്കപ്പുറം പുസ്തകങ്ങളിൽ മുഴുകിയിരിക്കുന്ന അദ്ദേഹത്തെ നോക്കി എത്രയോ ഉച്ചനേരങ്ങൾ അവൾ തള്ളിനീക്കിയിരിക്കുന്നു! തന്റെ മൗനത്തിനുള്ളിലെ ആരും കാണാത്ത ആ നോട്ടങ്ങൾ അദ്ദേഹം അറിഞ്ഞിട്ടുണ്ടാകുമോ?

​ചിലപ്പോഴൊക്കെ അദ്ദേഹം തന്നെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടോ എന്ന് അവൾ സംശയിച്ചിട്ടുണ്ട്. ക്ലാസ് കഴിഞ്ഞ് ക്ഷീണിച്ചു വരുമ്പോൾ, “യമുനാ, നമുക്കൊരു ചായ കുടിച്ചാലോ?” എന്ന അദ്ദേഹത്തിന്റെ ചോദ്യം പതിവായിരുന്നു. അത് കേവലം ഒരു സഹപ്രവർത്തകനോടുള്ള സൗഹൃദമായിരിക്കാം എന്ന് കരുതി അവൾ സ്വയം നിയന്ത്രിച്ചു. അച്ഛന്റെ ചികിത്സയും അനിയത്തിമാരുടെ വിവാഹവും എന്ന വലിയ ഭാരത്തിനടിയിൽ പെട്ട് അവളുടെ പ്രണയം ശ്വാസം മുട്ടുകയായിരുന്നു. പ്രണയിക്കാൻ തനിക്ക് അവകാശമില്ലെന്ന് അവൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.

ഒരിക്കൽ സ്റ്റാഫ് റൂമിൽ തനിച്ചായിരുന്നപ്പോൾ അദ്ദേഹം ചോദിച്ചു:

​”യമുനാ, താൻ ആരോടും സംസാരിക്കില്ലേ? വല്ലപ്പോഴുമെങ്കിലും എന്തെങ്കിലുമൊക്കെ പറയൂ…”

​അതൊരു സൗഹൃദപരമായ ഇടപെടലായിരുന്നു എന്ന് മനസ്സിലായെങ്കിലും ഒരു പുഞ്ചിരിയിൽ അവൾ മറുപടി ഒതുക്കി. പക്ഷേ ഉള്ളിലെ കടലിരമ്പം അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ? യമുനയുടെ മനസ്സിന്റെ ജാലകങ്ങൾ അല്പമെങ്കിലും തുറക്കാൻ കഴിയുന്നത് ശേഖർ സാറിന് മുന്നിലാണെന്ന് അവൾക്ക് തോന്നിത്തുടങ്ങിയിരുന്നു.

​ഒരിക്കൽ കോളേജ് കവാടത്തിൽ വെച്ച് യാത്ര ചോദിക്കുമ്പോൾ എന്തൊക്കെയോ പറയണമെന്ന് ആഗ്രഹം തോന്നിയെങ്കിലും കുടുംബ പ്രാരാബ്ധങ്ങളുടെ ഓർമ്മ അവളെ പിന്നോട്ട് വലിച്ചു. എങ്കിലും അദ്ദേഹത്തിന്റെ സാമീപ്യം നൽകിയ ഊർജ്ജം അവാച്യമായിരുന്നു. ആ സാമീപ്യത്തിൽ തന്റെ മാനസിക സംഘർഷങ്ങളുടെ ഭാരം കുറയുന്നതായി അവൾ അനുഭവിച്ചു. ഒരു തെന്നലായി വന്ന് ആശ്വാസം പകരുന്ന ഓർമ്മയായി അദ്ദേഹം അവളുടെ ഉള്ളിൽ വളർന്നു.

ട്രെയിൻ ജനാലയ്ക്കപ്പുറത്തെ ഇരുട്ടിലേക്ക് നോക്കി അവൾ കിടന്നു. പുറത്ത് മിന്നിമറയുന്ന വെളിച്ചങ്ങൾ പോലെ ആ സാമീപ്യവും തന്റെ ജീവിതത്തിലൂടെ കടന്നുപോയിരുന്നു.

അന്നത്തെ ആ ദിവസം അവൾക്ക് മറക്കാനാവില്ല. ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലെത്തിയ യമുനയെ കാത്തിരുന്നത് അഭിനന്ദനങ്ങളുടെ പെരുമഴയായിരുന്നു. കാര്യമറിയാതെ സ്തംഭിച്ചു നിന്ന അവളോട് ശേഖർ സർ ചോദിച്ചു:

“മലയാളധാര മാസികയിൽ ‘നിഴൽക്കൂത്ത്’ എന്ന കഥ എഴുതിയത് ഈ ടീച്ചറല്ലേ?”

താൻ അത്രമേൽ സൂക്ഷിച്ചുവെച്ച രഹസ്യം പരസ്യമായതിന്റെ പരിഭ്രമത്തോടെ അവൾ തലയാട്ടി. ചേട്ടന്റെ വീട്ടിൽ വെച്ച് യാദൃച്ഛികമായാണ് അദ്ദേഹം ആ മാസിക കണ്ടത്. ഫോട്ടോ കണ്ടപ്പോൾ തോന്നിയ കൗതുകം വായനയിലേക്ക് നയിച്ചെന്നും, കഥ ഗംഭീരമായെന്നും അദ്ദേഹം പുകഴ്ത്തിയപ്പോൾ യമുനയുടെ ഉള്ളിൽ ഒരു വസന്തം വിരിയുകയായിരുന്നു. തന്റെ ഏകാന്തതയുടെ ലോകത്തേക്ക് മറ്റൊരാൾ കൂടി പ്രവേശിച്ച നിമിഷമായിരുന്നു അത്.

​“ഇതൊക്കെ ഞങ്ങളും അറിയേണ്ടേ യമുനാ? എങ്കിലല്ലേ ആ വരികൾ ആസ്വദിച്ചു വായിക്കാൻ കഴിയൂ,” ശേഖർ സാർ സ്നേഹപൂർവ്വം പരിഭവിച്ചു.

​“അത്ര വലിയ കാര്യമായൊന്നും എനിക്ക് തോന്നിയിട്ടില്ല സാർ. വല്ലപ്പോഴും മനസ്സിൽ തോന്നുന്നത് ഒന്ന് കുത്തിക്കുറിക്കും, അതിൽ ഭേദമെന്ന് തോന്നുന്നത് അയച്ചുകൊടുക്കും. അവർക്കത് ഇഷ്ടപ്പെട്ടാൽ പ്രസിദ്ധീകരിക്കും; അത്രമാത്രം,” തികഞ്ഞ വിനയത്തോടെ യമുന മറുപടി നൽകി. എങ്കിലും, ഒരാൾ നേരിട്ട് അഭിനന്ദിക്കുന്നത് അവൾക്ക് തികച്ചും നവ്യമായൊരനുഭവമായിരുന്നു.

​പിന്നീട് തന്റെ കഥകൾ അച്ചടിച്ചു വരുമ്പോഴൊക്കെ യമുന അത് ശേഖർ സാറിനോട് മാത്രം പങ്കുവെച്ചു. അദ്ദേഹത്തിന്റെ ഓരോ വാക്കും അവൾക്ക് വലിയ പ്രോത്സാഹനമായി. എന്നാൽ, രഹസ്യമായി സൂക്ഷിച്ച ആ വാർത്ത അധികം വൈകാതെ സ്റ്റാഫ് റൂമിലാകെ പടർന്നു. ഒരു ഉച്ചഭക്ഷണ നേരത്താണ് ശൈലജ ടീച്ചർ ആ സർപ്രൈസ് വെളിപ്പെടുത്തിയത്:

​“യമുന ഇത്ര നന്നായി എഴുതുമായിരുന്നു എന്ന് നമ്മളറിഞ്ഞില്ലല്ലോ! ശേഖർ സാറാണ് കഴിഞ്ഞ ദിവസം ഇക്കാര്യം പറഞ്ഞത്. ‘യമുന’ എന്ന പേരിൽ കഥകൾ വായിക്കാറുണ്ടായിരുന്നെങ്കിലും അത് നമ്മുടെ കൂടെയിരിക്കുന്ന ഈ ആളാണെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല!”

​“ആൾ ഒരു മിണ്ടാപ്രാണിയാണെങ്കിലും എഴുത്തിന്റെ കാര്യത്തിൽ പുലിയാണല്ലോ!” ഗോപിനാഥൻ സാറും ആ തമാശയിൽ പങ്കുചേർന്നു. ‘മലയാളധാര’ മാസികക്കാരുടെ നിർബന്ധത്തിന് വഴങ്ങി ഫോട്ടോ നൽകേണ്ടി വന്നതാണ് തന്നെ കുടുക്കിയതെന്ന് യമുന ചിരിയോടെ സ്വയം സമാധാനിച്ചു.

​സഹപ്രവർത്തകരുടെ അംഗീകാരം യമുനയുടെ ആത്മവിശ്വാസം വാനോളമുയർത്തി. അവളുടെ ക്ലാസ്സുകളിലും ആ മാറ്റം നിഴലിച്ചു. കോളേജ് സ്റ്റാഫ് ഡേയിൽ അവൾക്ക് പ്രത്യേക ആദരവ് നൽകാൻ മുന്നിൽ നിന്നതും ശേഖർ സാറായിരുന്നു. അതോടെ യമുന ക്യാമ്പസിലെ മിന്നുംതാരമായി മാറി. ഉള്ളിലുണ്ടായിരുന്ന അന്തർമുഖത്വം പതുക്കെ വഴിമാറിത്തുടങ്ങി; വിദ്യാർത്ഥികൾ ബഹുമാനപുരസ്സരം അവളെ പൊതിഞ്ഞു.

ആ വർഷത്തെ സാഹിത്യക്ലബ്ബ് ഉദ്ഘാടനം ചെയ്യാൻ അവർ എത്തിയത് യമുനയുടെ അടുത്തേക്കായിരുന്നു. “കുട്ടികളേ, ഞാൻ അത്ര വലിയ എഴുത്തുകാരിയൊന്നുമല്ല. പ്രശസ്തരായ ആരെയെങ്കിലും വിളിക്കൂ,” അവൾ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും എം.എ വിദ്യാർത്ഥിയായ ജീവ വിട്ടുകൊടുത്തില്ല.

​“ടീച്ചർ തന്നെ മതി. നമ്മുടെ കോളേജിലെ എഴുത്തുകാരിയെ ഒഴിവാക്കി മറ്റാരെ കൊണ്ടുവന്നാലും അത് അനാദരവാകും. പ്രശസ്തരെപ്പോലെ തന്നെ മികച്ചതാണ് ടീച്ചറുടെ രചനകളും.”

​അധ്യാപകരെ അത്യന്തം ആദരിച്ചിരുന്ന ആ പഴയ തലമുറയിലെ വിദ്യാർത്ഥികൾക്ക് തങ്ങളുടെ ടീച്ചറുടെ കഴിവിനെ അംഗീകരിക്കാൻ മടിയുണ്ടായിരുന്നില്ല. ഒടുവിൽ ശേഖർ സാറിന്റെയും ശൈലജ ടീച്ചറുടെയും നിർബന്ധത്തിന് മുന്നിൽ യമുനയ്ക്ക് വഴങ്ങേണ്ടി വന്നു.

അങ്ങനെ, എഴുത്തിലൂടെ സങ്കോചത്തിന്റെ മതിലുകൾ തകർത്ത് അവൾ ആ സാഹിത്യവേദിയിൽ ശോഭിച്ചു. നന്നായി തയ്യാറെടുത്തു നടത്തിയ ആ പ്രഭാഷണം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. കോളേജിൽ യമുന ഏവർക്കും പ്രിയങ്കരിയായി. സംസാരങ്ങളിലും വിശേഷം പങ്കുവെക്കലുകളിലും കുട്ടികൾ അവൾക്കായി മത്സരിച്ചു. പിന്നീട് മറ്റ് വിദ്യാലയങ്ങളിലേക്കും കോളേജുകളിലേക്കും മുഖ്യാതിഥിയായി അവൾ ക്ഷണിക്കപ്പെട്ടു.

​ഈ മാറ്റങ്ങൾക്കെല്ലാം കാരണഭൂതനായ ശേഖർ സാറിനോട് അളവറ്റ നന്ദിയും ബഹുമാനവുമാണ് അവൾക്ക് തോന്നിയത്. എന്നാൽ കാലം കടന്നുപോയപ്പോൾ, ആ വികാരങ്ങൾക്കപ്പുറം നിർവചിക്കാനാവാത്ത മറ്റെന്തോ ഒന്ന് അവളുടെ ഉള്ളിന്റെയുള്ളിൽ നാമ്പിടുകയായിരുന്നു.

മുകളിലെ ബെർത്തിലെ സഹയാത്രികന്റെ ഗാഢനിദ്രയ്ക്കിടയിലുള്ള ചുമ നിശബ്ദതയെ ഭേദിച്ചപ്പോൾ യമുന ഞെട്ടി ഉണർന്നു. മറ്റു യാത്രികരും പാതിയുറക്കത്തിൽ തലയുയർത്തി നോക്കി. മുറിഞ്ഞുപോയ ചിന്തകളെ തുന്നിച്ചേർക്കാൻ ശ്രമിച്ചുകൊണ്ട് അവൾ ഒന്ന് തിരിഞ്ഞുകിടന്നു. മനസ്സ് വീണ്ടും ആ പഴയ ക്യാമ്പസ് കാലഘട്ടത്തിന്റെ സ്മൃതികളിലേക്ക് ഊളിയിട്ടു.

എം.എ ക്ലാസ്സിലെ വൈശാഖ് സാഹിത്യചർച്ചകൾക്കും സംശയനിവാരണത്തിനുമായി യമുനയെ സമീപിച്ചു തുടങ്ങിയത് അക്കാലത്താണ്. പ്രായം കൊണ്ട് സഹപാഠികളേക്കാൾ അല്പം മുതിർന്നവനായിരുന്നു അവൻ. ആദ്യമൊക്കെ ഒരു വിദ്യാർത്ഥിയുടെ അറിവിനോടുള്ള അടങ്ങാത്ത ദാഹമായി മാത്രമേ ആ താല്പര്യത്തെ യമുന കരുതിയുള്ളൂ. എന്നാൽ കാലക്രമത്തിൽ അവനിലെ ഭാവമാറ്റങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി. അത് കേവലമൊരു ഗുരുശിഷ്യ ബന്ധത്തിന്റെ അതിരുകൾ ലംഘിക്കുന്ന ഏതോ വികാരമായി വളരുകയായിരുന്നു.

കാണുമ്പോഴൊക്കെ അനാവശ്യമായി സംസാരം നീട്ടുക, സഹപാഠികൾക്കില്ലാത്ത പ്രത്യേക പരിഗണന നൽകുക—ഇതൊക്കെ പതിവായി. ഒന്നിച്ച് യാത്രചെയ്യേണ്ടി വരുമ്പോൾ, ബസ്സിലെ തിക്കും തിരക്കിനുമിടയിൽ തന്റെ ശരീരത്തിൽ അന്യമായ സ്പർശനങ്ങൾ ഏൽക്കാതിരിക്കാൻ ഒരു കവചം പോലെ അവൻ പിന്നിൽ പൊതിഞ്ഞുപിടിച്ചു നിൽക്കും. വൈശാഖിന്റെ ആ സംരക്ഷണരീതി യമുനയിൽ അസ്വസ്ഥതയാണ് ഉളവാക്കിയത്.

​ഒടുവിൽ, അഗാധമായ സൗഹൃദത്തിന്റെ തണലിൽ ശേഖർ സാറിനോട് ഈ വിഷയം യമുന തുറന്നു പറഞ്ഞു. തന്റെ ഉള്ളിലെ സന്ദേഹങ്ങൾ അവർ അദ്ദേഹത്തിന് മുന്നിൽ നിരത്തി.

​“അവനെ എനിക്കറിയാം യമുനാ. മോശമല്ലാത്ത പശ്ചാത്തലമാണ്. പിന്നെ ഒന്നോ രണ്ടോ വയസ്സിന്റെ കുറവൊന്നും ഇന്നത്തെ കാലത്ത് വലിയ കാര്യമല്ല. തനിക്ക് താല്പര്യമുണ്ടെങ്കിൽ ഇതിനെപ്പറ്റി ഗൗരവമായി ചിന്തിക്കാവുന്നതേയുള്ളൂ,” സാർ ഇത് പറഞ്ഞത് പുഞ്ചിരിയോടെയാണെങ്കിലും ആ വാക്കുകളിൽ ഒരു കാര്യഗൗരവം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

​“എന്താണ് സാർ ഈ പറയുന്നത്? അവൻ എന്റെ ശിഷ്യനാണ്. എനിക്കവനെ മറ്റൊരു കണ്ണിലൂടെ കാണാൻ കഴിയില്ല. ഇതൊക്കെ അവന്റെ പ്രായത്തിന്റെ ഓരോ ഭ്രമങ്ങളല്ലേ? പ്രശസ്തയായ ഗുരുവിനോട് തോന്നുന്ന അമിതമായ ആരാധന മാത്രമാകാം ഇത്.” യമുന തന്റെ വിയോജിപ്പ് തീർത്തു പറഞ്ഞു.

​“ഗുരുശിഷ്യ ബന്ധമൊക്കെ ഇക്കാലത്ത് അത്ര വലിയ തടസ്സമാണോടോ? ശിഷ്യകളെ വിവാഹം കഴിക്കുന്ന അധ്യാപകർ പോലുമുണ്ട്. പിന്നെ ഇതിലെന്താണിത്ര അത്ഭുതം?”

​“അങ്ങനെയെങ്കിൽത്തന്നെ അതിന് എന്റെ മനസ്സ് കൂടി പാകപ്പെടേണ്ടേ സാർ?”

​“അത് വേണം. എന്തായാലും അവൻ നേരിട്ട് വന്ന് പ്രണയം വെളിപ്പെടുത്തുന്നത് വരെ താൻ പ്രതികരിക്കേണ്ടതില്ല. ഇനി മാസങ്ങൾക്കപ്പുറം അവന്റെ പഠനം കഴിയും. യമുന പറഞ്ഞതുപോലെ അതിരുകടന്ന ആരാധനയാണെങ്കിൽ കാലം അതിനെ മായ്ച്ചു കൊള്ളും.”

​സാറിന്റെ വാക്കുകൾ എത്ര കൃത്യമായിരുന്നുവെന്ന് പിൽക്കാലം തെളിയിച്ചു. അവന് തോന്നിയത് ഒരു താത്കാലിക ആവേശം മാത്രമായിരുന്നു; പ്രിയപ്പെട്ട എഴുത്തുകാരോട് വായനക്കാർക്ക് തോന്നാറുള്ള ഒരിനം വൈകാരികമായ ആരാധന. പഠനം കഴിഞ്ഞ് കുറച്ചുനാൾ കൂടി ഫോൺ വിളികൾ തുടർന്നു, പിന്നീട് അതും ഓർമ്മകളിൽ അലിഞ്ഞുപോയി.

​ഒരിക്കൽ സാർ അവനെപ്പറ്റി വീണ്ടും തിരക്കി.

“അറിയില്ല സാർ, ആദ്യമൊക്കെ വിളിക്കുമായിരുന്നു, ഇപ്പോൾ വിവരമൊന്നുമില്ല.”

“ഞാൻ അന്നേ പറഞ്ഞില്ലേ യമുനാ… അന്ന് എന്തെങ്കിലും പറഞ്ഞ് അവനെ തടയുകയോ ശകാരിക്കുകയോ ചെയ്തിരുന്നെങ്കിൽ അത് ആ കുട്ടിയെ അപമാനിക്കുന്നതിന് തുല്യമാകുമായിരുന്നു.”

​അതൊരു വലിയ തിരിച്ചറിവായിരുന്നു. വർഷങ്ങൾക്കിപ്പുറം വൈശാഖ് വീണ്ടും കോളേജിലെത്തി. ആ വരവ് തന്നിൽ ആശ്ചര്യം പടർത്തി. വിവാഹക്ഷണക്കത്തുമായിട്ടായിരുന്നു ആ വരവ്. ഉത്തരേന്ത്യയിലെ തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്കൂളിൽ അധ്യാപകനായി ജോലി ലഭിച്ചെന്നും, സഹപ്രവർത്തകയെത്തന്നെയാണ് വിവാഹം കഴിക്കുന്നതെന്നും അവൻ സന്തോഷത്തോടെ അറിയിച്ചു.

​“ടീച്ചർ നിർബ്ബന്ധമായും വരണം.” അവൻ ശഠിച്ചു.

“നോക്കട്ടെ വൈശാഖ്. സാഹചര്യം അനുകൂലമെങ്കിൽ ഉറപ്പായും വരാം.”

​അവനെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളോടെ യാത്രയാക്കി. യമുന അവന്റെ വിവാഹത്തിൽ സംബന്ധിക്കുകയും ചെയ്തു. ജീവിതത്തിലെ ഇത്തരം നിർണ്ണായക സന്ധികളിൽ ശേഖർ സാറിന്റെ ഉപദേശങ്ങൾ എപ്പോഴും ഒരു തണൽമരം പോലെ കൂടെയുണ്ടായിരുന്നു. ഒച്ചപ്പാടുകളില്ലാതെ, ശാന്തമായി പകൽ വെളിച്ചങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീണുകൊണ്ടിരുന്നു.
​തുടരും…

ഡോളി തോമസ് ചെമ്പേരി✍

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com