യമുനയുടെ ഓർമ്മകൾ അവിടെനിന്നും പതുക്കെ ശേഖർ സാറിലേക്ക് തന്നെ കേന്ദ്രീകൃതമായി. വൈശാഖിന്റെ കാര്യത്തിൽ സാർ കാണിച്ച ആ ദീർഘവീക്ഷണം വെറുമൊരു ഉപദേശമായിരുന്നില്ല, മറിച്ച് ഒരു സുഹൃത്തിനെ അനാവശ്യമായ പ്രശ്നങ്ങളിൽ നിന്ന് മോചിപ്പിക്കാനുള്ള ഒരു തന്ത്രം കൂടിയായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.
കാലത്തിന്റെ ഒഴുക്കിൽ പലതും മാഞ്ഞുപോയെങ്കിലും സാറുമായുള്ള സൗഹൃദം ഒരു കൽപ്പടവുപോലെ ഉറച്ചുനിന്നു. ആ പടവുകളിൽ ചവിട്ടിക്കയറി പോകുമ്പോൾ തന്നിലെ എഴുത്തുകാരിയും അധ്യാപികയും കൂടുതൽ പാകപ്പെടുന്നത് അറിയുകയായിരുന്നു. ഓരോ പ്രാവശ്യത്തെ ചർച്ചകൾക്ക് ശേഷം അറിവിൻ്റെ ഒരു കടൽ തന്നിൽ നിക്ഷേപിച്ചുകൊണ്ടായിരുന്നു അത് അവസാനിക്കുക. സാറിനോട് സംസാരിക്കുമ്പോഴാണ് തൻ്റെ അറിവുകൾ എത്ര പരിമിതമാണ് എന്ന് അറിയുക.
ഒരു വൈകുന്നേരം സ്റ്റാഫ് റൂമിൽ തനിച്ചിരിക്കുമ്പോൾ സാർ ചോദിച്ചു:
“യമുനാ, താൻ എന്താണ് ഇപ്പോഴും ഇങ്ങനെ ഒറ്റയ്ക്ക് നിൽക്കുന്നത്? ജീവിതത്തിൽ ഒരാൾ കൂട്ടിനുണ്ടാവേണ്ട പ്രായം അതിക്രമിച്ചില്ലേ?”
യമുന ഒന്ന് പുഞ്ചിരിച്ചു. “സാർ തന്നെയാണല്ലോ പറയാറുള്ളത്, എഴുത്തുകാർക്ക് ഏകാന്തതയാണ് ഏറ്റവും വലിയ കൂട്ടുകാരനെന്ന്.”
”അത് സർഗ്ഗാത്മകതയുടെ കാര്യത്തിലാണ്. പക്ഷേ, ജീവിതം ഒരു കവിതയല്ലല്ലോ. തനിക്ക് യോജിച്ച ഒരാളെ കണ്ടെത്താൻ ഞാൻ സഹായിക്കട്ടെ?”
സാറിന്റെ ആ ചോദ്യം കേട്ടപ്പോൾ യമുനയുടെ ഉള്ളിൽ നിരാശയുടെ ചുഴി രൂപപ്പെട്ടു. സാർ, ഇപ്പോൾ തൻ്റെ വിവാഹകാര്യത്തിൽ അശങ്കാകുലനാകുന്നത് എന്തുകൊണ്ടായിരിക്കും? തന്റെ ഉള്ളിലെ വികാരവിചാരങ്ങളെ തിരിച്ചറിഞ്ഞപ്പോൾ അത് താൽപര്യമില്ലെന്ന് പരോക്ഷമായി സൂചിപ്പിക്കുകയാണോ? മനസ്സിടിഞ്ഞെങ്കിലും ചോദിച്ചു.
”എന്താണ് എന്നെ ഇവിടെനിന്നും ഒഴിവാക്കാൻ അത്ര ധൃതിയായോ?” ചിരിയോടെയാണ് ചോദിച്ചത്. ഉള്ളിലെ ആന്തൽ സർ അറിയരുതല്ലോ.
സാർ അല്പം ഗൗരവത്തോടെ ഒന്ന് നോക്കി. “ഒഴിവാക്കാനല്ല യമുനാ, ചേർത്തുപിടിക്കാനാണ്. പക്ഷേ ചില ബന്ധങ്ങൾ സമൂഹത്തിന്റെ കണ്ണിൽ എന്നും ചോദ്യചിഹ്നങ്ങളായി അവശേഷിക്കും. നമ്മൾ തമ്മിലുള്ള ഈ ബന്ധത്തെ ലോകത്തിന് മുന്നിൽ സൗഹൃദമെന്ന് വിശേഷിപ്പിക്കാം. പക്ഷേ അതിന് വെറുമൊരു സൗഹൃദമെന്ന് പേരിടാൻ എനിക്കും പ്രയാസമാണ്.”
അവിശ്വസനീയതയോടെ കുറച്ചുനേരം ആ കണ്ണുകളിലേക്ക് നോക്കിനിന്നു.
“സർ ഒരു വിവാഹജീവിതം, അതിനി ഞാൻ പ്രതീക്ഷിക്കുന്നില്ല. നമ്മുടേത് വെറും സൗഹൃദം എന്നതിനപ്പുറം മറ്റൊന്നിലും ഊന്നിയല്ല.” അത് പറയുമ്പോൾ യമുനയുടെ മിഴികൾ ജാലകത്തിന് പുറത്തെ അങ്ങകലെ കാണുന്ന ചക്രവാളത്തിൻ്റെ അതിരുകളിലായിരുന്നു. മിഴിനീർ ഊറിക്കൂടി കണ്ണുകൾ വല്ലാതെ വേദനിച്ചു.
അരികിൽ നിന്നും എണീറ്റുപോകുമ്പോൾ സാറിൻ്റെ മുഖത്ത് വല്ലാത്തൊരു ആശ്വാസഭാവമാണ് കണ്ടത്. അതേ അദ്ദേഹം തന്നിൽ എന്താണ് എന്ന് സൂത്രത്തിൽ അറിയാൻ ശ്രമിക്കുകയായിരുന്നു. ട്രെയിനിന്റെ ജനാലയ്ക്കൽ തട്ടിത്തെറിക്കുന്ന കാറ്റുപോലെ ആ പഴയ ഓർമ്മകൾക്ക് ഗതിവേഗം കൂടി. അതിന് കണ്ണീരുപ്പിന്റെ രസമുണ്ടായിരുന്നു.
തലേരാത്രിയിലെ ഉറക്കമില്ലായ്മയും വീട്ടിലെ അനാവശ്യ തർക്കങ്ങൾ നൽകിയ മാനസിക സംഘർഷവും കാരണം അന്ന് രാവിലെ മുതൽ കഠിനമായ തലവേദന അനുഭവപ്പെടുന്നുണ്ടായിരുന്നു. ലീവെടുത്ത് ഒന്ന് വിശ്രമിക്കാമെന്ന് ഉറപ്പിച്ചാണ് ഇരുന്നത്. കോളേജിൽ പോകാൻ സമയമായിട്ടും ഒരുങ്ങുന്നില്ലെന്ന് കണ്ടപ്പോൾ അമ്മ അരികിൽ വന്നു ചോദിച്ചു:
“ഇന്നെന്താ നീ കോളേജിൽ പോകുന്നില്ലേ?”
“ഇല്ലമ്മേ, വല്ലാത്ത തലവേദന.”
“ആഹാ, ഒരു ജോലി കിട്ടിയിട്ട് അധികകാലമായില്ലല്ലോ, അതിനുമുമ്പേ ലീവെടുത്താൽ എങ്ങനെയാ? ഞാൻ ബാം പുരട്ടിത്തരാം, മാറിക്കോളും.”
“ഇല്ലമ്മേ, ബാം പുരട്ടിയാൽ മാറുന്ന ഒന്നല്ല ഇത്. എനിക്കിന്ന് പോകാൻ വയ്യ.”
“അതെങ്ങനെ ശരിയാകും? കാര്യങ്ങളൊന്ന് നേരെയായി വരുന്നതേയുള്ളൂ. ഇനിയും എത്ര ചിലവുകൾ കിടക്കുന്നു! നിന്റെ ജോലി സ്ഥിരപ്പെട്ടതൊന്നുമല്ലല്ലോ. എത്ര കഷ്ടപ്പെട്ടാണ് ഇത് കിട്ടിയതെന്ന് നിനക്കറിയില്ലേ? ഉള്ള ജോലി കളയാതെ വേഗം കോളേജിൽ പോകാൻ നോക്ക്.”
അമ്മയുടെ ആകുലത മകളുടെ ആരോഗ്യത്തെക്കുറിച്ചായിരുന്നില്ല, മറിച്ച് ജോലി നഷ്ടപ്പെടുമോ എന്നതിനെക്കുറിച്ചായിരുന്നു. ആ അവസ്ഥയിൽ മകൾ എങ്ങനെ ക്ലാസ്സെടുക്കും എന്നതിനേക്കാൾ അമ്മയെ അലട്ടിയത് സാമ്പത്തിക ഭദ്രതയായിരുന്നു. ജോലി അപ്പോളേക്കും സ്ഥിരമായിരുന്നു. അത് വീട്ടിലാരോടും പങ്കുവയ്ക്കാൻ തോന്നിയില്ല. തൻ്റെ നുകത്തിന് ഭാരം വർധിപ്പിക്കാൻ മാത്രമേ അത് ഉതകൂ എന്ന മുൻവിചരമാണ് തന്നെ തടഞ്ഞത്.
അമ്മയുടെ നിർബന്ധം സഹിക്കവയ്യാതെ ഒടുവിൽ ബാഗുമെടുത്ത് ഇറങ്ങി. വീട്ടിലിരുന്നാലും കുറ്റപ്പെടുത്തലുകൾ കേട്ട് മനസ്സമാധാനം കിട്ടില്ലെന്ന് അറിയാമായിരുന്നു. സ്റ്റാഫ്‌റൂമിൽ പോയിരുന്നാൽ അല്പം ആശ്വാസം ലഭിക്കുമല്ലോ എന്നോർത്താണ് കോളേജിലേക്ക് തിരിച്ചത്. കണ്ണുകളിൽ നിന്ന് അഗ്നി പ്രവഹിക്കുന്നതുപോലെ. തലയ്ക്കുള്ളിൽ ആയിരം മത്താപ്പുകൾ പൊട്ടിവിരിയുന്ന പ്രതീതി. ഒരുവിധം ബസ്സിൽ വലിഞ്ഞുകയറി. കുട്ടികളാരോ സീറ്റ് ഒഴിഞ്ഞുതന്നു. സീറ്റിലേക്ക് ചാരി കണ്ണടച്ചിരുന്നു. സ്റ്റോപ്പ് എത്തിയപ്പോൾ ഹിമ തട്ടിവിളിച്ചു.
“ടീച്ചർ ഇറങ്ങുന്നില്ലേ?”
ചാടിപ്പിടഞ്ഞെണീറ്റു. അവസാനത്തെ ആളായി കോളേജ് സ്റ്റോപ്പിൽ ഇറങ്ങി. ഹിമ ഒപ്പം നടന്നു.
“എന്താ ടീച്ചർ സുഖമില്ലേ?” തൻ്റെ ഭാവമാറ്റം കണ്ടാകും അവൾ ചോദിച്ചത്.
“ഒരു ചെറിയ തലവേദന.” പറഞ്ഞുതീരും മുന്നേ ഹിമയെ ആരോ വിളിച്ചു. അവൾ അങ്ങോട്ട് പോയി. അത് ഭാഗ്യമായി എന്ന് തോന്നി. ശബ്ദം കേൾക്കുമ്പോൾ വേദന കൂടും. ഏന്തിയും വലിഞ്ഞും എത്തിയ പാടെ സ്റ്റാഫ്റൂമിലെ ഡെസ്കിൽ തലവെച്ച് കിടന്നു.
കുറച്ചുകഴിഞ്ഞപ്പോൾ മനംപുരട്ടൽ അനുഭവപ്പെട്ടു. ഓടിച്ചെന്ന് വാഷ്‌റൂമിലെ ബേസിനിലേക്ക് ആമാശയം പിളരുന്ന വേദനയോടെ പിത്തനീർ ഛർദ്ദിച്ചു. കണ്ണുകളിൽ നിന്ന് അറിയാതെ കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു. മുഖം കഴുകി തളർച്ചയോടെ വന്ന് വീണ്ടും കിടന്നു. എല്ലാവരും ക്ലാസ്സുകളിലേക്ക് പോയതിനാൽ സ്റ്റാഫ്റൂം വിജനമായിരുന്നു.
എത്രനേരം ആ കിടപ്പ് കിടന്നു എന്നറിയില്ല തോളിൽ ഒരു കൈ സ്പർശിച്ചപ്പോൾ യമുന മെല്ലെ തലയുയർത്തി. ശേഖർ സർ ആകുലതയോടെ മുന്നിൽ നിൽക്കുന്നു.
“എന്താ ടീച്ചറേ, എന്തുപറ്റി? സുഖമില്ലേ?”
“തീരെ വയ്യ സർ… വല്ലാത്ത തലവേദന. രാവിലെ തുടങ്ങിയതാണ്.”
തലയുയർത്താൻ പോലും ശേഷിയില്ലാത്തതിനാൽ മേശയിൽ കിടന്നുകൊണ്ട് തന്നെ മറുപടി നൽകി.
“എങ്കിൽ ഇന്ന് ലീവെടുക്കായിരുന്നില്ലേ?”
അമ്മയുടെ നിർബന്ധത്തെക്കുറിച്ച് എന്തു പറയാൻ! ഞാൻ മൗനം പാലിച്ചു.
“വാ, നമുക്ക് ഹോസ്പിറ്റലിൽ പോകാം.”
“വേണ്ട സർ…” ശബ്ദം വല്ലാതെ തളർന്നുതാണു പോയിരുന്നു.
അതുകണ്ടാകണം, അദ്ദേഹം നിർബന്ധപൂർവ്വം പിടിച്ചെഴുന്നേൽപ്പിച്ചു. ബാഗുമെടുത്ത് പുറത്തേക്കിറങ്ങുമ്പോൾ ശൈലജ ടീച്ചർ അങ്ങോട്ട് വരുന്നുണ്ടായിരുന്നു.
“എന്താ സർ, യമുനയ്ക്ക് എന്തുപറ്റി?”
“നല്ല തലവേദനയുണ്ടെന്ന് തോന്നുന്നു, കണ്ടിട്ട് വല്ലാത്ത തളർച്ചയുണ്ട്. ഹോസ്പിറ്റലിൽ കാണിച്ചിട്ട് വീട്ടിലാക്കാമെന്ന് കരുതി.”
“നന്നായി സർ. എനിക്ക് അടുത്ത പിരീഡ് ക്ലാസ് ടെസ്റ്റ് ഉണ്ട്, അല്ലെങ്കിൽ ഞാനും വരാമായിരുന്നു. സിന്ധു ടീച്ചർ ഇപ്പോൾ വരും, അവരോട് വരാൻ പറയട്ടെ?”
“അതൊന്നും വേണ്ട ടീച്ചറെ, യമുനയെ ഞാൻ കൊണ്ടുപൊയ്ക്കൊള്ളാം,” ശേഖർ സർ പറഞ്ഞു.
സാറിനൊപ്പം മെല്ലെ നടക്കുമ്പോൾ വരാന്തയിലുണ്ടായിരുന്ന ചില കുട്ടികൾ കൂടി വന്ന് താങ്ങിപ്പിടിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ചുറ്റുമുള്ളതെല്ലാം കറങ്ങുന്നതുപോലെ ഒരു തോന്നൽ. തലച്ചോറിനുള്ളിലൂടെ കൊള്ളിയാനുകൾ പാഞ്ഞുപോകുന്നു. ലോകത്തിന്റെ ഏതോ വിദൂരകോണിൽനിന്നെന്നപോലെ നേർത്ത സംസാരങ്ങൾ കേൾക്കാം, പക്ഷേ ഒന്നും വ്യക്തമല്ല.
ആരൊക്കെയോ ചേർന്ന് താങ്ങിപ്പിടിച്ച് കാറിലിരുത്തുന്നത് അവ്യക്തമായി അറിഞ്ഞു. കാറിന്റെ വേഗതയും, അല്പം കഴിഞ്ഞപ്പോൾ വീൽചെയറിലുള്ള യാത്രയും ഒരു സ്വപ്നത്തിലെന്നപോലെ കടന്നുപോയി. വെള്ളയുടുപ്പിട്ടവർ നിഴലുകളെപ്പോലെ അങ്ങുമിങ്ങും ചലിക്കുന്നു. വേദന! അസഹനീയമായ വേദന! തലച്ചോറിലെ ഞരമ്പുകളെല്ലാം ഒരേസമയം പൊട്ടിത്തെറിക്കുന്നതുപോലെ… കട്ടിലിലേക്ക് പിടിച്ചുകിടത്തുന്നതും ആരോ പാവാടയുടെ കെട്ടുകൾ അയയ്ക്കുന്നതും നേരിയ ബോധത്തിൽ അറിഞ്ഞു. ഇടുപ്പിലേറ്റ സൂചിക്കുത്തിന്റെ വേദന ആ വലിയ നോവിനു മുന്നിൽ ഒന്നുമല്ലായിരുന്നു. പതുക്കെ, ഒരു മയക്കത്തിലേയ്ക്ക് വഴുതിവീണു.
എത്രനേരം ഉറങ്ങിയെന്നറിയില്ല. ഉണർന്നപ്പോൾ കഠിനമായ തലവേദനയ്ക്ക് അല്പം ശമനം തോന്നി. “ഞാൻ എവിടെയാണ്? ഇപ്പോൾ സമയമെത്രയായി?” സ്ഥലകാലബോധം വീണ്ടെടുക്കാൻ കുറച്ചു നിമിഷങ്ങളെടുത്തു. ചുറ്റുമുള്ള നീലക്കർട്ടനുകൾ കണ്ടപ്പോൾ ആശുപത്രിയിലാണെന്ന് ഉറപ്പിച്ചു. പക്ഷേ, ആരാണ് തന്നെ ഇവിടെ എത്തിച്ചത്? ശേഖർ സാർ വിളിച്ചത് ഓർമ്മയിലുണ്ട്. ഒരുപക്ഷേ അദ്ദേഹം ആയിരിക്കുമോ?
കൂടുതൽ ആലോചിക്കാൻ നിൽക്കാതെ വെപ്രാളത്തോടെ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴേക്കും നേഴ്‌സ് ഓടി അരികിലെത്തി.
“ടീച്ചർ, വേദന കുറഞ്ഞോ?”
“കുറഞ്ഞു.”
“ശരി, ഞാൻ ഡോക്ടറെ വിളിക്കാം.”
വാച്ചിൽ നോക്കുമ്പോൾ സമയം ഒരു മണിയായിരിക്കുന്നു. ഈശ്വരാ! ഇതുവരെ താൻ മയക്കത്തിലായിരുന്നോ?
“എനിക്ക് കോളേജിൽ പോകണം,” പരിഭ്രമത്തോടെ അവൾ പറഞ്ഞു.
നേഴ്‌സ് മറുപടിയൊന്നും പറയാതെ ഡോക്ടറെ കൂട്ടിവന്നു.
“ഇന്നിനി ക്ലാസ്സ് എടുക്കാൻ പോകേണ്ട. നേരെ വീട്ടിൽപ്പോയി വിശ്രമിക്കൂ. ടെൻഷൻ ഒട്ടും പാടില്ല, നന്നായി ഉറങ്ങണം,” ഡോക്ടർ നിർദ്ദേശിച്ചു.
“ശരി ഡോക്ടർ.”
“രണ്ടു ദിവസത്തേക്കുള്ള മരുന്നുകൾ കൂടി കുറിച്ചിട്ടുണ്ട്, അത് വാങ്ങിക്കോളൂ.”
“ശരി, നന്ദി.”
പുറത്തേക്കിറങ്ങുമ്പോൾ ശേഖർ സർ അവിടെത്തന്നെയുണ്ടായിരുന്നു.
“സർ പോയില്ലായിരുന്നോ?” അവൾ അത്ഭുതത്തോടെ ചോദിച്ചു.
“ഇല്ല, ടീച്ചറെ ഇവിടെ തനിയെ ആക്കിയിട്ട് ഞാൻ എങ്ങനെ പോകാനാണ്?”
ആ വാക്കുകൾക്ക് നന്ദിസൂചകമായി അവളൊന്ന് പുഞ്ചിരിച്ചു. വാടിവീണ പനിനീർപ്പൂവിതളുകളെ ഓർമ്മിപ്പിച്ചു അത്. ഇൻജക്ഷന്റെ മയക്കം വിട്ടുമാറിയിരുന്നില്ല. വേച്ചുപോയപ്പോൾ സർ താങ്ങി.
“എങ്ങനെയുണ്ട്? വേദന കുറവുണ്ടോ?”
“കുറവുണ്ട് സർ. ആ മരുന്ന്…”
“ഇതാ, ഞാൻ വാങ്ങിയിട്ടുണ്ട്,” അദ്ദേഹം മരുന്നുകൾ കൈമാറി.
“താങ്ക്സ്. എല്ലാം കൂടി എത്ര രൂപയായി?” ബാഗിൽ മരുന്ന് വെക്കുന്നതിനിടെ അവൾ ചോദിച്ചു.
“അതൊക്കെ നമുക്ക് പിന്നീട് സംസാരിക്കാം.”
“എന്നെപ്രതി ബുദ്ധിമുട്ടിയതിൽ സങ്കടമുണ്ട്, സോറി സർ. ഇനി സർ പൊയ്ക്കോളൂ, ക്ലാസ്സ് മുടങ്ങണ്ട. ഞാൻ ബസ്സിൽ പൊയ്ക്കൊള്ളാം.”
“അതിനെന്തിനാ ടീച്ചറെ സോറി? മനുഷ്യർക്ക് ഒരാവശ്യം വരുമ്പോൾ സഹായിക്കുന്നതല്ലേ മനുഷ്യത്വം? വാ, ഞാൻ വീട്ടിൽ കൊണ്ടുപോയി വിടാം.”
സാറിന്റെ നിർബന്ധത്തിന് വഴങ്ങി കാറിൽ കയറി. മനസ്സ് നന്ദികൊണ്ട് നിറയുകയായിരുന്നു. അച്ഛനൊഴികെ മറ്റാരും ഇത്രയും കരുതലോടെ തന്നോട് ഇടപെട്ടിട്ടില്ലെന്ന് അവൾ ഓർത്തു. ക്ഷീണം കൊണ്ട് അവൾ സീറ്റിലേക്ക് ചാരിക്കിടന്നു; തല നേരെ നിർത്താൻ പോലും വയ്യാത്ത അവസ്ഥ.
ജംഗ്ഷനിൽ എത്തിയപ്പോൾ എങ്ങോട്ടാണ് തിരിയേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. അവൾ വഴി പറഞ്ഞുകൊടുത്തു.
“ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ടീച്ചറെ,” കാറിനുള്ളിലെ നിശബ്ദത ഭേദിച്ചുകൊണ്ട് ശേഖർ സർ സംസാരം തുടങ്ങി. അവൾ സംശയത്തോടെ നോക്കുന്നത് കണ്ടപ്പോൾ അദ്ദേഹം തുടർന്നു:
“അല്ല, ഡോക്ടർ പറഞ്ഞു നല്ല ടെൻഷനുണ്ടെന്ന്. ഇത്ര ശക്തമായ വേദന വരാൻ മാത്രം എന്ത് ടെൻഷനാണ് ടീച്ചർക്ക്? പറയാൻ പറ്റുന്നതാണെങ്കിൽ പറയൂ. ടീച്ചർ ഇവിടെ വന്നത് മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ട്, ആരോടും അധികം സംസാരിക്കാറില്ല. ഉള്ളിൽ എന്തോ വലിയ പ്രശ്നങ്ങൾ കൊണ്ടുനടക്കുന്നത് പോലെയുണ്ട്. എന്നെ ഒരു നല്ല സുഹൃത്തായി കരുതുന്നുണ്ടെങ്കിൽ പറയൂ. വിഷമങ്ങൾ പങ്കിടുമ്പോൾ അല്പം ആശ്വാസം കിട്ടിയാലോ.”
തനിക്ക് വേണ്ടി ഇത്രയേറെ ചെയ്ത സാറിനെ അവിശ്വസിക്കേണ്ടതില്ലെന്ന് അവൾക്ക് തോന്നി. അല്ല ഒട്ടും അവിശ്വസിക്കേണ്ട. ഉള്ളിലൊതുക്കി വെച്ചാൽ ഈ കനൽ നീറി നീറി തന്നെ ഇല്ലാതാക്കും. ആരോടെങ്കിലും ഒന്ന് തുറന്നു പറയുക തന്നെ വേണം.
“ഇപ്പോൾ ഞാനോർക്കുകയാണ്, ഈ ജോലി കിട്ടേണ്ടിയിരുന്നില്ല എന്ന്.”
“അതെന്തേ? നല്ല ജോലിയല്ലേ? അധ്യാപനം സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ മേഖലയല്ലേ?”
“അതെ സർ, ശരിയാണ്. പക്ഷേ അച്ഛൻ ഉള്ളിടത്തോളം കാലമേ ഓരോ പെൺകുട്ടിയും സുരക്ഷിതയാകുന്നുള്ളൂ. അതുകഴിഞ്ഞാൽ അവൾക്ക് ആരുമില്ല. അമ്മമാരാണ് പെൺകുട്ടികളെ ഏറ്റവും കൂടുതൽ മനസ്സിലാക്കുന്നത് എന്നത് വെറും അസംബന്ധമാണ് സർ.”
“അതെന്താണ് അങ്ങനെ പറഞ്ഞത്?”
സീറ്റ് ബെൽറ്റ് കൊണ്ട് ശരീരത്തെ തളച്ചിട്ട് അവൾ മനസ്സിനെ സ്വതന്ത്രയാക്കി. പിന്നെ ഉള്ളിലുള്ളതെല്ലാം ഒരു പ്രവാഹം പോലെ പുറത്തേക്ക് ഒഴുകുകയായിരുന്നു
തുടരും..




യമുന ടീച്ചറും ശേഖർ സർ ഉം എല്ലാം കൂടെ ഉള്ളത് പോലെ.. കഥ വളരെ നന്നായി മുന്നോട്ട് പോകുന്നു . Waiting for the next episode.