വാർദ്ധക്യം എന്നത് എപ്പോഴും അറുപതിന്റെ പടിവാതിൽക്കൽ വന്ന് നിൽക്കണമെന്നില്ല; എഴുപതിന്റെ ദൂരങ്ങളിലുമല്ല. ചിലരിലത് മുപ്പത്തഞ്ചിലോ നാൽപ്പത്തഞ്ചിലോ തന്നെ നിശബ്ദമായി പടർന്നുപിടിച്ചേക്കാം. കേൾക്കുമ്പോൾ ഒരു വൈരുദ്ധ്യം തോന്നാം, അല്ലേ?
ഒന്ന് ചുറ്റും നോക്കൂ… വർഷങ്ങളോളം യൗവനം കാത്തുസൂക്ഷിച്ച ചിലരുണ്ടാകാം, എങ്കിലും അവരുടെ മുഖത്ത് എവിടെയോ ഒരു തരം അകാലവാർദ്ധക്യം നിഴലിക്കുന്നത് കാണാം. എന്നാൽ മറ്റു ചിലരുണ്ട് — നരച്ച കേശഭാരവും ചുളിവുകൾ വീണ കൈകളുമായിരിക്കാം അവർക്ക്, എങ്കിലും ആ മിഴികളിൽ ജീവനിലുറച്ച യൗവനത്തിന്റെ ജ്വാല കെടാതെ കത്തുന്നുണ്ടാകും!
അതുകൊണ്ട്, തലയിലെ വെള്ളിനൂലുകളോ കൈയിലെ ഊന്നുവടിയുടെ വളവോ അല്ല വാർദ്ധക്യത്തെ നിർവ്വചിക്കുന്നത്.
ഉള്ളിലെ ജീവന്റെ തുടിപ്പുകൾക്ക് സ്വയം മടുപ്പ് തോന്നിത്തുടങ്ങുമ്പോഴാണ് യഥാർത്ഥത്തിൽ ഒരാളിൽ വാർദ്ധക്യം ജന്മമെടുക്കുന്നത്.
സ്നേഹിക്കപ്പെടാനും പരിഗണിക്കപ്പെടാനും താൻ അർഹയല്ലെന്ന് മനസ്സ് രഹസ്യമായി വിശ്വസിച്ചു തുടങ്ങുമ്പോൾ, നിങ്ങൾ വാർദ്ധക്യത്തിലേക്ക് വഴുതിവീഴുന്നു.
വഴിയിലെവിടെയെങ്കിലും വെച്ച് ആരെങ്കിലും ഒരു പ്രശംസ ചൊരിയുമ്പോൾ, “ഏയ്, അതൊന്നുമില്ല, നിങ്ങൾ വെറുതെ പറയുകയാണ്” എന്ന് ഭാവരഹിതമായി തലകുനിക്കുമ്പോൾ, നിങ്ങളിൽ ആ വാർദ്ധക്യം പ്രകടമാകുന്നു. കണ്ണാടിക്കു മുന്നിൽ ഒരു നിമിഷം കൂടി ഒന്നു തിരിഞ്ഞുനിൽക്കാനോ, സ്വയം നോക്കി പുഞ്ചിരിക്കാനോ ഉള്ള ആഗ്രഹം പാടേ നശിച്ചുപോകുമ്പോൾ നിങ്ങൾ വൃദ്ധയാകുന്നു.
ആഹ്ലാദങ്ങൾ പോലും മനസ്സിന് ഭാരമായി പരിണമിക്കുമ്പോൾ, പുതിയതൊന്നും ഉൾക്കൊള്ളാനോ കേൾക്കാനോ ഉള്ള കൗതുകം വറ്റിപ്പോകുമ്പോൾ, ചെറുപ്പക്കാരുടെ നിഷ്കളങ്കമായ പൊട്ടിച്ചിരികൾ കാതുകൾക്ക് ശല്യമായി തോന്നുമ്പോൾ, ഒരു കൊച്ചുകുഞ്ഞിന്റെ വാത്സല്യം നിറഞ്ഞ കരച്ചിൽ പോലും തലവേദനയാകുമ്പോൾ തീർച്ചയായും, നിങ്ങൾ വാർദ്ധക്യത്തെ വരിച്ചിരിക്കുന്നു.
ആദ്യത്തെ നര തലമുടിയിൽ പടരുന്നതിനും എത്രയോ മുൻപേ, ചിലരുടെ ഹൃദയം വരണ്ടുണങ്ങിയിട്ടുണ്ടാകും. ഈർപ്പം തീർത്തും നഷ്ടപ്പെട്ട മണ്ണുപോലെ ഒന്നു തൊട്ടാൽ പൊടിഞ്ഞുപോകുന്ന അവസ്ഥ! “എനിക്കൊന്നും വേണ്ട” എന്ന വിരക്തിയുടെ വാക്കുകൾ ചുണ്ടുകളിൽ അടിക്കടി തങ്ങിനിൽക്കുമ്പോൾ, സ്വപ്നങ്ങൾക്ക് നിറം പകരാൻ മനസ്സ് മടിക്കുമ്പോൾ, നിരാശകളും നോവുകളും നിറഞ്ഞൊരു കനൽച്ചൂട് ഉള്ളിൽ പേറുകയും, വീണുപോയ ഇടങ്ങളിൽ നിന്ന് വീണ്ടുമൊരു ഉയിർത്തെഴുന്നേൽപ്പ് അസാധ്യമെന്ന് സ്വയം വിചാരിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ വൃദ്ധയാകുന്നു.
ലോകമൊരു ബാധ്യതയായി തോന്നി, സ്വന്തം തണലിലേക്ക് ഒതുങ്ങിക്കൂടാൻ മനസ്സ് കൊതിക്കുമ്പോൾ നിങ്ങൾ വൃദ്ധയാകുന്നു. പരാതികൾ, ആഘോഷങ്ങൾ ഒരു ബാധ്യതയുമാകുമ്പോൾ… ദൈവത്തോടും മനുഷ്യരോടും ജീവിതത്തോടും, ഒടുവിൽ സ്വന്തം മനസ്സിനോടു പോലുമുള്ള നന്ദിവാക്കുകൾ ചുരുങ്ങിപ്പോകുമ്പോൾ നിങ്ങൾ അറിയാതെ വാർദ്ധക്യത്തിന്റെ തടവറയിലാവുകയാണ്.
ഓർക്കുക, വാർദ്ധക്യത്തിന് ഒരു നിശ്ചിത പ്രായപരിധിയില്ല. ചിലർക്ക് എൺപതിലും യൗവനത്തിന്റെ വസന്തം ബാക്കിയുണ്ടാകും; ചിലരിൽ നാൽപ്പതു തികയും മുൻപേ ആ വസന്തം കൊഴിഞ്ഞുപോയിരിക്കും. ഇനി ആ കണ്ണാടിയിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കൂ ആ മിഴികളിൽ ഇപ്പോഴും കൗതുകത്തിന്റെ ആ പഴയ തിളക്കം ബാക്കിയുണ്ടോ?




സത്യം