ബോംബെ ഹൈക്കോടതി ക്ലർക്ക് റിക്രൂട്ട്മെന്റ് പരീക്ഷയിൽ സാങ്കേതിക തകരാറെന്ന് പരാതി. ടൈപ്പിംഗ് പരീക്ഷയ്ക്കിടെ കമ്പ്യൂട്ടറുകൾ പണിമുടക്കി. മൗസും കീബോർഡും തകരാറിലായതിനാൽ പരീക്ഷ തുടങ്ങി മിനിറ്റുകൾക്കകം സിസ്റ്റത്തിൽ നിന്ന് പരീക്ഷാർത്ഥികൾ ലോഗ് ഔട്ടാവുകയായിരുന്നു. സിസ്റ്റം ലോഗ് ഔട്ട് ആയ മുഴുവൻ പരീക്ഷാർത്ഥികളെയും പരാജയപ്പെട്ടതായി പ്രഖ്യാപിച്ചു. എന്നാൽ വീണ്ടും പരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് ഛത്രപതി സംഭാജിനഗറിൽ പരീക്ഷാർത്ഥികൾ പ്രതിഷേധിക്കുകയാണ്. പരീക്ഷാർത്ഥികൾക്ക് പ്രതിഷേധത്തിന് പിന്തുണയുമായി സിജെപി സ്ഥാപകൻ അഭിജീത് ദീപ് കെയും പ്രതിഷേധത്തിൽ പങ്കുചേർന്നു. പുനഃ പരീക്ഷ നടത്തുന്നത് വരെ ഇവിടെ തന്നെ തുടരുമെന്ന് അഭിജീത് ദീപ്കെ വ്യക്തമാക്കി.
ഇന്നലെ രാവിലെ ഹൈക്കോടതി പരീക്ഷയുണ്ടായിരുന്നതായി വിദ്യാർഥികൾ എന്നെ അറിയിച്ചു. പരീക്ഷ എഴുതാനായി ഇരുന്ന ഉടൻ തന്നെ, ചിലരുടെ കമ്പ്യൂട്ടറുകളിൽ മൗസ് പ്രവർത്തിക്കുന്നില്ലെന്നും മറ്റു ചിലരുടേതിൽ കീബോർഡ് തകരാറിലാണെന്നും അവർ കണ്ടെത്തി. പത്ത് മിനിറ്റിനുള്ളിൽ ഭൂരിഭാഗം വിദ്യാർഥികളും ലോഗ് ഔട്ട് ആയിപ്പോവുകയും, തുടർന്ന് അവരെല്ലാം പരാജയപ്പെട്ടതായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു, അഭിജീത് ദീപ്കെ പറഞ്ഞു.
ഓൺലൈൻ പരീക്ഷകൾ ശരിയായ രീതിയിൽ നടത്താൻ കഴിയാത്തത് സർക്കാരിന്റെയും സംവിധാനത്തിന്റെയും പരാജയമാണ്.. അധികൃതരോട് പരാതിപ്പെട്ടപ്പോൾ, പരീക്ഷ എഴുതാനുള്ള സാമാന്യബോധം പോലും വിദ്യാർഥികൾക്കില്ലെന്ന മറുപടിയാണ് അവർക്ക് ലഭിച്ചത്, അദ്ദേഹം പറഞ്ഞു.
ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാതെയും ഓൺലൈൻ പരീക്ഷകൾ ശരിയായി നടത്താൻ കഴിയാതെയും ഇരിക്കുമ്പോൾ, എന്തിനാണ് നിങ്ങൾ ഇത്തരം പരീക്ഷകൾ നടത്തുന്നത്? ഇതിന്റെ ഉദ്ദേശ്യം എന്താണ്? രാജ്യത്തുടനീളവും മഹാരാഷ്ട്രയിലും ഓൺലൈൻ പരീക്ഷാ സെർവറുകൾ തകരാറിലാകുന്നതോ കീബോർഡ്, മൗസ് തുടങ്ങിയ ഹാർഡ്വെയറുകൾ പ്രവർത്തനരഹിതമാകുന്നതോ ഇതാദ്യമായല്ല; എല്ലാ പരീക്ഷകളിലും ഇത് സംഭവിക്കാറുണ്ട് അഭിജീത് ദീപ്കെ കൂട്ടിച്ചേർത്തു.



