ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യം അനവധി കലാരൂപങ്ങളാൽ സമ്പന്നമാണ്.
ഓരോ കലാരൂപത്തിനും അതിന്റെ സ്വന്തം ചരിത്രവും സാമൂഹിക പശ്ചാത്തലവും ഉണ്ട്. ചില കലാരൂപങ്ങൾ വിനോദത്തിനായും അലങ്കാരത്തിനായും രൂപം കൊണ്ടപ്പോൾ, ചിലത് മനുഷ്യരുടെ വേദനയും പ്രതിഷേധവും പ്രതീക്ഷയും രേഖപ്പെടുത്തുന്ന ചരിത്രരേഖകളായി മാറി.
അത്തരത്തിലുള്ള ശ്രദ്ധേയമായ ജനകീയ കലാരൂപമാണ് മാതാ നി പച്ചേഡി. ഇത് വെറും ചിത്രരചനയല്ല, സാമൂഹിക വിലക്കുകൾക്ക് എതിരായ ഒരു സമൂഹത്തിന്റെ ആത്മാഭിമാന പോരാട്ടത്തിന്റെ പ്രതീകമാണ്.
ഉത്ഭവവും അർത്ഥവും

“മാതാ നി പച്ചേഡി “എന്ന വാക്കിന് “ദേവിയുടെ പിന്നിൽ തൂക്കിയിടുന്ന തുണി” എന്നാണ് അർത്ഥം. ഗുജറാത്തിലെ വാഘരി സമൂഹത്തിൽ നിന്നാണ് ഈ കലാരൂപം രൂപം കൊണ്ടത്. ചരിത്രപരമായി ഈ സമൂഹം സാമൂഹിക വിവേചനങ്ങൾ നേരിട്ടിരുന്നു. അതിനാൽ ക്ഷേത്രങ്ങളിൽ പ്രവേശിക്കാനും പൊതുആരാധനകളിൽ പങ്കെടുക്കാനും അവർക്കു വിലക്കുകളുണ്ടായിരുന്നു.
മനുഷ്യന്റെ വിശ്വാസത്തെ മതിലുകൾ കൊണ്ട് തടയാനാകില്ല. ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ കഴിയാത്ത വാഘരി സമൂഹക്കാർ സ്വന്തം ദേവിയെ തുണിത്തരങ്ങളിൽ വരച്ച് ആരാധിക്കാൻ തുടങ്ങി. അവർ വരച്ച തുണിച്ചിത്രങ്ങൾ തന്നെയായിരുന്നു അവരുടെ ക്ഷേത്രങ്ങൾ. അങ്ങനെ ജന്മമെടുത്തതാണ്
മാതാ നി പച്ചേഡി.
കലാരൂപത്തിന്റെ പ്രത്യേകതകൾ

മാതാ നി പച്ചേഡി പ്രധാനമായും കൈകൊണ്ട് വരയ്ക്കുകയും ബ്ലോക്ക് പ്രിന്റിംഗ് രീതിയിൽ അച്ചടിക്കുകയും ചെയ്യുന്ന തുണിചിത്രങ്ങൾ ആണ് . പ്രകൃതിദത്ത നിറങ്ങളാണ് ഉപയോഗിക്കുന്നത്. ചുവപ്പ്, കറുപ്പ്, വെള്ള എന്നീ നിറങ്ങളാണ് കൂടുതലായും കാണപ്പെടുന്നത്.
ഈ ചിത്രങ്ങളിൽ ദേവിയുടെ വിവിധ രൂപങ്ങൾ, ഗ്രാമീണജീവിതം, ആരാധനാ രീതികൾ, മൃഗങ്ങൾ, പക്ഷികൾ, പ്രകൃതി ദൃശ്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു. ഓരോ ചിത്രത്തിനും ഒരു കഥ പറയാനുണ്ട്. ദേവിയെ കേന്ദ്രമാക്കി സമൂഹത്തിന്റെ ജീവിതവും വിശ്വാസങ്ങളും ഈ ചിത്രങ്ങളിൽ പ്രതിഫലിക്കുന്നു.
വലിയ തുണിത്തരങ്ങൾ ക്ഷേത്രഭിത്തി പോലെ ഉപയോഗിച്ചിരുന്നതിനാൽ, ഇത് ഒരു “സഞ്ചരിക്കുന്ന ക്ഷേത്രം” എന്ന നിലയിലും അറിയപ്പെട്ടു. ഗ്രാമങ്ങളിൽ ഉത്സവ സമയങ്ങളിൽ ഈ തുണികൾ വിരിച്ച് പൂജകളും ആചാരങ്ങളും നടത്തിയിരുന്നു.
കലയും സാമൂഹിക പ്രതിഷേധവും

മാതാ നി പച്ചേഡിയുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത അതിന്റെ പ്രതിഷേധാത്മക സ്വഭാവമാണ്. സാമൂഹിക വിവേചനങ്ങളെ നേരിട്ട വാഘരി സമൂഹം കലയുടെ ഭാഷയിലൂടെ തങ്ങളുടെ വിശ്വാസവും ആത്മാഭിമാനവും പ്രകടിപ്പിച്ചു. “ദൈവം എല്ലാവർക്കുമുള്ളതാണ്” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച ഈ കലാരൂപം സമാധാനപരമായ സാമൂഹിക പ്രതിരോധ ത്തിന്റെ ശക്തമായ ഉദാഹരണമാണ്.
സ്ത്രീശക്തിയുടെ പ്രതീകം ” മാതാ ” എന്നത് ദേവിയെയാണ് സൂചിപ്പിക്കുന്നത്. അതിനാൽ ഈ കലാരൂപത്തിൽ സ്ത്രീ ശക്തിക്ക് വലിയ പ്രാധാന്യമുണ്ട്. ദേവിയെ സംരക്ഷണത്തിന്റെയും ശക്തിയുടെയും പ്രതീകമായി അവതരിപ്പിക്കുന്നു. സ്ത്രീയെ ദൈവികശക്തിയായി കാണുന്ന ഇന്ത്യൻ സംസ്കാരത്തിന്റെ ഒരു പ്രതിഫലനവുമാണ് ഇത്.
ചിത്രങ്ങളിൽ ദേവി സാധാരണയായി ശക്തിയാർന്ന രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഇത് സമൂഹത്തിന്റെ ആത്മവിശ്വാസത്തെയും അതിജീവന ശേഷിയേയും പ്രതിനിധീകരിക്കുന്നു.
ആധുനികകാലത്തെ പ്രാധാന്യം
ഇന്ന് മാതാ നി പച്ചേഡി ഇന്ത്യയുടെ അതിരുകൾ കടന്ന് ലോകശ്രദ്ധ നേടിക്കഴിഞ്ഞു. കലാപ്രദർശനങ്ങളിലും മ്യൂസിയങ്ങളിലും സർവകലാശാലകളിലെ പഠനവിഷയങ്ങളിലുമെല്ലാം ഇതിന് സ്ഥാനം ലഭിച്ചിട്ടുണ്ട്.എന്നിരുന്നാലും, ഇതിന്റെ യഥാർത്ഥ പ്രാധാന്യം അതിന്റെ സാമൂഹിക സന്ദേശത്തിലാണ്. ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും ജാതി, മതം, വർഗം തുടങ്ങിയവയുടെ പേരിൽ വിവേചനങ്ങൾ നിലനിൽക്കുന്നു. അത്തരം സാഹചര്യങ്ങളിൽ മാതാ നി പച്ചേഡി ഓർമ്മിപ്പിക്കുന്നത്, മനുഷ്യന്റെ ആത്മാഭിമാനത്തെയും വിശ്വാസത്തെയും ഒരിക്കലും പൂർണമായി അടിച്ചമർത്താൻ കഴിയില്ല എന്ന സത്യമാണ്.
കല വെറും സൗന്ദര്യപ്രകടനം മാത്രമല്ല, അത് സമൂഹത്തിന്റെ അനുഭവങ്ങളെയും പ്രതീക്ഷകളെയും രേഖപ്പെടുത്തുന്ന ശക്തമായ മാധ്യമമാണ്. ചരിത്രത്തിൽ നിരവധി കലാരൂപങ്ങൾ സാമൂഹിക ബോധവൽക്കരണത്തിനും മാറ്റങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട്. മാതാ നി പച്ചേഡി അതിന്റെ ഉദാഹരണമാണ്.
വാഘരി സമൂഹം തുണിത്തരങ്ങളിൽ സ്വന്തം വിശ്വാസത്തിന്റെ ലോകം സൃഷ്ടിച്ചു. അങ്ങനെ മാതാ നി പച്ചേഡി ഒരു ചിത്രകലാരൂപം എന്നതിലുപരി മനുഷ്യന്റെ വിശ്വാസവും ആത്മാഭിമാനവും പ്രതിസന്ധികളെ അതിജീവിക്കുന്ന സൃഷ്ടിപരമായ ശക്തിയും രേഖപ്പെടുത്തുന്ന സാംസ്കാരിക സാക്ഷ്യപത്രമായി മാറി.
തുടരും..




👏👏👍
സ്നേഹം 🙏❤️
നല്ല അറിവ്
നന്ദി സർ 🙏