കൽപ്പറ്റ: അബ്കാരി കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിന് ജാമ്യമില്ല. ബത്തേരി കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഇതോടെ ആൻ്റോ അഗസ്റ്റിന് മാനന്തവാടി ജില്ലാ ജയിലില് തന്നെ തുടരും.
ജാമ്യം നിഷേധിച്ചതോടെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനായിരിക്കും എക്സൈസ് നീക്കം. വിശദമായ ചോദ്യം ചെയ്യലാകും അളവിൽ കവിഞ്ഞ മദ്യം കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിൻ്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കങ്ങളുണ്ടെന്നും ആൻ്റോ അഗസ്റ്റിന് ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. തൻ്റെ വീട് തൻ്റെ പേരിലല്ലെന്നും, കേസിൽ കുടുങ്ങിക്കിടക്കുന്നതാണെന്നും, കോടതി അറ്റ്‌ച്മെൻ്റിൻ്റെ പരിഗണനയിലുള്ളതിനാൽ തൻ്റെ പേരിൽ കേസ് എടുക്കാനാകില്ലെന്നും ആൻ്റോ വാദിച്ചിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ നികുതി അടച്ചതു പ്രകാരം ആ വീട് ഇപ്പോഴും ആൻ്റോയുടെ പേരിൽ തന്നെയാണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
ആൻ്റോയുടെ വീട്ടിൽ എക്സൈസ് നടത്തിയ റെയ്ഡിൽ, 138 കുപ്പികളിലായി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന 67 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. പിടികൂടിയ മദ്യത്തിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നും എക്സൈസ് കോടതിയെ അറിയിച്ചു. എന്നാൽ അത് വ്യാജമദ്യമല്ലെന്നും, ഹോം മെയ്ഡ് വൈനാണെന്നും ആൻ്റോ അഗസ്റ്റിൽ കോടതിയിൽ വാദിച്ചു. ശാസ്ത്രീയ പരിശോധന നടത്താതെ, വ്യാജമദ്യമാണെന്ന് പറയുന്നത് തനിക്കെതിരായ ഗൂഢാലോചനയുടെ ഫലമാണെന്നും ആൻ്റോ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.



