ചൊല്ലാനുണ്ട് കഥകൾ പലതും
ക്ഷമയോടങ്ങു കേട്ടീടേണം
കളിയെന്നൊന്നും തോന്നീടേണ്ട
ഇതെന്നുടെ രോദനം ഓർക്കുക
നിങ്ങൾ.
പണ്ടൊരു കാലം പട്ടിണി മാറ്റാൻ
പത്തേമാരിയിൽ അക്കരെപ്പോയി
പ്രാരാബ്ധങ്ങൾ അമ്മ പറഞ്ഞു
പെട്ടിയിലിട്ടു കത്തുകൾ പലതും.
പാവം മകനോ, ചെക്കുകൾ
ഡ്രാഫ്റ്റുകൾ
പടിപടിയായി അയച്ചു തുടങ്ങി
പണവും പാർസലും വന്നു നിറഞ്ഞു
കാശുപെരുകി നാടു വളർന്നു.
പത്നിയെഴുതും കണ്ണീർക്കഥകൾ
പതിയുടെ നെഞ്ചിൽ ആധികളായി
കാമുകിയെഴുതും പ്രണയലേഖനം
കാമുക ഹൃത്തിൽ കുളിർമഴയായി.
പാത്തുപതുങ്ങി വികൃതിപ്പിള്ളേർ
കത്തുകൾ കമ്പിൽ കുത്തിയെടുത്തു
വായിച്ചങ്ങനെ ഇക്കിളിയായി
ഹയ്യോ! ശിവനേ എന്തൊരു കഷ്ടം.
എന്നാലിന്നോ !
എന്നാലിന്ന് മൊബൈലു വന്നു
എല്ലാവരും തോണ്ടിയിരിപ്പായ്
പാവപ്പെട്ട തപാൽപ്പെട്ടിയെ
തൃണമായെങ്ങോ വലിച്ചെറിഞ്ഞില്ലേ !
എന്നുടെ ഉദരം കാലിയാണിന്ന്
പട്ടിണിയാണ് ഞാനിന്നിവിടെ
പള്ളയിലൊന്നും നിറയുന്നില്ല
പല്ലികൾ പാറ്റകൾ മുട്ടയിടുന്നു.
പാമ്പുകൾ ഇര തേടുന്നുദരത്തിൽ
പാവം ഞാനൊരു പുരാവസ്തുവായ്
എന്തൊരു കഷ്ടം എന്നുടെ കാര്യം
ചിന്തിച്ചാലൊരു അന്തവുമില്ല.
നാരായണ ജയ! നാരായണ ജയ
നാരായണ ജയ! നാരായണ ജയ.
(തുള്ളൽ പാട്ടിന്റെ രീതിയിൽ എഴുതാൻ ഒരു ചെറിയ ശ്രമം 🙏)




വളരെ നന്നായിട്ടുണ്ട്. രസകരമായ കവിത 💐💐💐💐💐💐
Thanks 🌹❤️