Friday, July 11, 2025
Homeസ്പെഷ്യൽവൈക്കം മുഹമ്മദ് ബഷീർ. അനുസ്മരണക്കുറിപ്പ് ✍ ഒ.കെ. ശൈലജ ടീച്ചർ.

വൈക്കം മുഹമ്മദ് ബഷീർ. അനുസ്മരണക്കുറിപ്പ് ✍ ഒ.കെ. ശൈലജ ടീച്ചർ.

ഇന്ന് ജൂലായ് 5 . ബഷീർ ദിനം. വായനക്കാരായ ഭാഷാസ്നേഹികളുടെ സ്മരണയിലെന്നും തെളിഞ്ഞു നില്ക്കുന്ന വൈക്കംമുഹമ്മദ് ബഷീറിൻ്റെ സ്മരണദിനം.
1908 ജനവരി 21 ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് തലയോലപ്പറമ്പ് ഗ്രാമത്തിൽ കായി അബ്ദുറഹിമാൻ കുഞ്ഞാത്തുമ്മ ദമ്പതികളുടെ ആറു മക്കളിൽ മൂത്തമകനായി ജനനം.

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ.
സ്വതസിദ്ധമായ രചനാശൈലികൊണ്ട് മലയാളിമനസ്സുകളിൽ നക്ഷത്രശോഭയോടെ ജ്വലിച്ചു നിൽക്കുന്ന സാധാരണക്കാരായ വായനക്കാരുടെ കഥാകാരൻ! വൈക്കം മുഹമ്മദ് ബഷീർ എന്ന മ്മിണി ബല്യ ഒന്ന്.

സർവ്വാദരണീയനായ അദ്ദേഹത്തിൻ്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടാണ് ബഷീറിൻ്റെ രചനകളെല്ലാം തന്നെ ജനപ്രീതി നേടിയത്. ഒരേസമയം വായനക്കാരെ ചിരിപ്പിക്കാനും, ചിന്തിപ്പിക്കാനും കരയിപ്പിക്കാനും കഴിയുന്ന ലളിതമായ ഭാഷ, ഹൃദ്യമായ ആഖ്യാനശൈലി. ഹാസ്യത്തിലൊളിപ്പിച്ച വിമർശാനാത്മകമായ ചോദ്യങ്ങൾ സമൂഹത്തിനു നേരെ ഉയർത്താൻ തൻ്റെ രചനകളിലൂടെ അദ്ദേഹം ശ്രമിച്ചു.

തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ തീവ്രതയാകാം അദ്ദേഹത്തിൻ്റെ രചനകളെയും അദ്ദേഹത്തേയും അനശ്വരമാക്കുന്നത്. ബഷീർ കൃതികളിലെ ഓരോ കഥാപാത്രങ്ങളും ഇന്നും വായനക്കാരുടെ മനസ്സിൽ ജീവിക്കുന്നു.

പ്രേമലേഖനത്തിലെ കേശവൻനായരേയും സാറാമ്മയേയും ഒരു കാലത്തും മറക്കാനാവില്ല മലയാളികൾക്ക്. സമുദായസൗഹാർദ്ദത്തിനോ, സന്മാർഗ്ഗചിന്തയ്ക്കോ കോട്ടം തട്ടാത്ത വിധത്തിൽ ഒരു പ്രേമകഥ വിജയകരമായി അവതരിപ്പിച്ച ബഷീറിൻ്റെ പ്രേമലേഖനം വായിക്കാത്തവരുണ്ടാകില്ല.

പുസ്തകരൂപത്തിൽ പ്രസാധനം ചെയ്യപ്പെട്ട ആദ്യരചനയാണ് പ്രേമലേഖനം. അദ്ദേഹം ജയിലിൽ കിടക്കുന്ന അവസരത്തിലാണ് ഈ ലഘുനോവൽ എഴുതിയത്.
രാജ്യദ്രോഹപരമായി ഒന്നും തന്നെ ഈ രചനയിൽ പ്രതിപാദിക്കുന്നില്ലെങ്കിലും 1944 ൽ ഇത് നിരോധിക്കപ്പെടുകയും ഇതിൻ്റെ കോപ്പികൾ കണ്ടുകെട്ടപ്പെടുകയും ചെയ്തു.

വളരെക്കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യശാഖയായി മാറിയത് അദ്ദേഹത്തിൻ്റെ രചനാപാടവം തന്നെയാണ്.

സമൂഹത്തിൻ്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ, അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി.

ജയിൽപ്പുള്ളികളും ഭിക്ഷക്കാരും വേശ്യകളും പട്ടിണിക്കാരും സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാൻ്റസിയായിരുന്നു ബഷീറിൻ്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല

.സമൂഹത്തിനു നേരെയുള്ള വിമർശനാത്മക ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വെച്ചു. അതീവലളിതവും എന്നാൽ ശൈലികൾ നിറഞ്ഞതുമായ രചനകൾ മലയാളവായനക്കാർക്ക് പാരായണസുഗമങ്ങളായിരുന്നെങ്കിലും അതിലെ ഗ്രാമ്യഭാഷയുടെ ചടുലത കാരണം പരിഭാഷകർക്കു ബുദ്ധിമുട്ട് ഉളവാക്കി.

എന്നിരുന്നാലും ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ൻ്റുപ്പാപ്പക്കൊരാനേണ്ടാർന്ന് , എന്നീ നോവലുകൾ ഇന്ത്യയിലെ പ്രധാനഭാഷകളിലെല്ലാം തർജ്ജമചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ബാല്യകാലസഖി, ഭാർഗ്ഗവിനിലയം തുടങ്ങിയ നോവലുകൾ സിനിമയാക്കിയിട്ടുമുണ്ട്.
1970 ൽ സാഹിത്യ അക്കാദമി അവാർഡിനർഹനായി 1982 ൽ പത്മശ്രീ പുരസ്കാരം നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. അതേ വർഷം തന്നെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും അദ്ദേഹത്തെ തേടിയെത്തി.

മലയാള സാഹിത്യലോകത്തെ പകരക്കാരനില്ലാത്ത പ്രതിഭാശാലിയാണ് അക്ഷരസുൽത്താനായ വൈക്കം മുഹമ്മദ് ബഷീർ. ഭാഷയിൽ സ്വന്തമായൊരു ഇരിപ്പിടം സൃഷ്ടിക്കുകയും തൻ്റേതായ ഭാഷാശൈലി കൊണ്ട് മലയാളിയുടെ ഭാഷാ ലാവണ്യത്തെ അട്ടിമറിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം സമ്പന്നമാക്കിയ ഭാഷാ സാഹിത്യം ഇതിഹാസത്തിൻ്റെ ഭാഗം തന്നെയാണ്.

മലയാളസാഹിത്യത്തിൻ്റെ ഉമ്മറക്കോലായിൽ ബഷീറിൻ്റെ ചാരുകസേര ഇപ്പോഴും ഒഴിഞ്ഞു തന്നെ കിടക്കുകയാണ്. പ്രേമലേഖനത്തിലെ സാറാമ്മ, മുച്ചീട്ടുകളിക്കാരൻ്റെ മകളിലെ സൈനബ, ഭാർഗ്ഗവിനിലയത്തിലെ ഭാർഗ്ഗവിക്കുട്ടി, ബാല്യകാലസഖിയിലെ സുഹ്റ , ൻ്റുപ്പാപ്പാ ക്കോരാനേണ്ടാർന്നു വിലെ കുഞ്ഞിപ്പാത്തുമ്മ , പൂവൻപഴത്തിലെ ജമീലാബീവി / കാമുകൻ്റെ ഡയറിയിലെ ദേവി, മതിലുകളിലെ നാരായണി തുടങ്ങിയ എത്രയോ കഥാപാത്രങ്ങൾക്ക് ജീവൻ നല്കിയ മലയാളത്തിൻ്റെ സ്വന്തം സുൽത്താൻ!

സ്നേഹദാരിദ്ര്യം കൊണ്ട് വീടുപോലും ജയിലായി മാറിപ്പോകുമ്പോൾ ജയിലിനെപ്പോലും സ്നേഹത്തിൻ്റെ പൂങ്കാവനമാക്കിത്തീർത്തു ബഷീർ.
വൈവിധ്യമാർന്ന മനുഷ്യകഥാപാത്രങ്ങളെപ്പോലെത്തന്നെ പ്രകൃതിയും അതിലെ അസംഖ്യം ജീവജാലങ്ങളും ബഷീർ കൃതികളിൽ സജീവമായി നിൽക്കുന്നു.

പുഴുവിനും പുല്ലിനും പൂമ്പാറ്റയ്ക്കും വവ്വാലിനും മാനിനും മീനിനും കാക്കയ്ക്കും പൂച്ചയ്ക്കും കീരിക്കും കുറുക്കനും കുരങ്ങനുമെല്ലാം ബഷീർ തൻ്റെ സർഗ്ഗാത്മകമണ്ണിലിടം കൊടുത്തു.

ഭൂമിയുടെ അവകാശികൾ വായിക്കുമ്പോൾ നാമറിയാതെ പാരിസ്ഥിതിക വിവേകത്തിൻ്റെ സൗന്ദര്യബോധത്തിലേക്ക് എത്തിച്ചേരുന്നു 1994 ജൂലൈ 5 ന് കോഴിക്കോട് ജില്ലയിലെ ബേപ്പൂരിൽ വെച്ച് മലയാളത്തിൻ്റെ ജനകീയ എഴുത്തുകാരനായ ബേപ്പൂർ സുൽത്താൻ വിടവാങ്ങി.

തൻ്റെ എല്ലാ രചനകളിലും ജാതിമത ചിന്തകൾക്കപ്പുറം മനുഷ്യമനസ്സിൻ്റെ നന്മയും സൗന്ദര്യവും കാണാൻ ശ്രമിച്ച സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന് , മലയാളത്തിൻ്റെ ഇമ്മിണി ബല്യ ഒന്നിന് ഓർമ്മയുടെ ഒരായിരം സ്നേഹപ്പൂക്കൾ സമർപ്പിക്കുന്നു.

ഒ.കെ. ശൈലജ ടീച്ചർ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ