പറയിപെറ്റ പന്തിരുകുലം എന്ന ഐതീഹ്യമാലയുടെ പശ്ചാത്തലത്തിൽ നിന്നും എൻ മോഹനന്റെ തൂലികയിൽ പിറവി കൊണ്ട നോവൽ ആണ് ഇന്നലത്തെ മഴ.
വിക്രമാദിത്യൻ സദസ്സിലെ മഹാ പണ്ഡിതൻ ആയിരുന്ന വരരുചി എന്ന ബ്രാഹ്മണ പണ്ഡിതന് പറയ സമുദായത്തിലെ സ്ത്രീയിൽ ജനിച്ച 12 കുട്ടികളിൽ നിന്നാണ് 12 കുലം ഉണ്ടായതെന്നാണ് ഐതീഹ്യമാലയിൽ പറയുന്നത്. ഏവരും ഒരേ മാതാപിതാക്കളുടെ മക്കൾ ആണെന്നും തുല്യരാണെന്നുമുള്ള മഹത്തായ സന്ദേശമാണ് ഇതിൽ കൂടി വ്യക്തമാക്കുന്നത്.
പണ്ഡിതനായ വരരുചി സർവജ്ഞപീഠം പോലുമുപേക്ഷിച്ച് കൂടുതൽ അറിവ് നേടാനായി യാത്ര തിരിക്കുമ്പോൾ അറിഞ്ഞിരുന്നില്ല താൻ 12 കുലത്തിന് ജന്മം കൊടുക്കാൻ പോവുകയാണെന്ന്. ലൗകിക ജീവിതം ഒരിക്കലും സ്വപ്നത്തിൽ കൂടി കാണാത്ത വരരുചി ദിശ മാറി സഞ്ചരിക്കേണ്ടി വരുന്ന ചില സാഹചര്യങ്ങൾ. എത്ര പണ്ഡിതനായാലും വിധിയെ തടുക്കാനാവില്ല എന്നും എത്ര തടുക്കാൻ ശ്രമിച്ചാലും അത് അതിന്റെ വഴിക്ക് എത്തിച്ചേരുന്നു എന്നും മനസിലാക്കാം.
ജ്യോതിഷവും വ്യാകരണവും ഭൗതികവും തത്വശാസ്ത്രവും എന്നിവയിലെല്ലാം അപാര പാണ്ഡിത്യം നേടിയ വരരുചി യാത്രയിൽ പക്ഷികളുടെ വർത്തമാനം ശ്രവിക്കാൻ ഇടയാവുകയും അതിൽ നിന്നും സമീപ പ്രദേശത്ത് ഒരു പറയകുലത്തിൽ ജനിച്ച സ്ത്രീ യെ താൻ വേളി കഴിക്കേണ്ടി വരുമെന്നും അറിയാൻ സാധിച്ചു. അത് നടക്കാതിരിക്കാൻ ആ കുഞ്ഞിനെ നദിയിൽ ഒഴുക്കി വിടുകയും ചെയ്തു. യാത്രയിലുടനീളം അദ്ദേഹത്തിന് ആ കുറ്റബോധം നീറ്റുകയും ചെയ്യുന്നുണ്ട്.
വർഷങ്ങൾക്ക് ശേഷം ബ്രാഹ്മണ കുടുംബത്തിൽ വെച്ച് മിടുക്കിയും ബുദ്ധിമതിയുമായ പഞ്ചമിയെ കാണുകയും അവളെ വിവാഹം കഴിക്കുകയും ചെയ്യുന്നു. പക്ഷെ താൻ അന്ന് കൊല്ലാനായി നദയിൽ ഒഴുക്കിയ പെൺ കുഞ്ഞ് ആണെന്ന് തിരിച്ചറിയുകയും ചെയ്യുന്നിടത്തു അദ്ദേഹം പകച്ചു പോയി. ജനിച്ചു വീഴുന്ന ഓരോ കുഞ്ഞുങ്ങളെയും അദ്ദേഹം അവിടെ ഉപേക്ഷിച്ചു കൂടെ ചെല്ലാൻ പഞ്ചമിയെ നിർബന്ധിക്കുകയും ചെയ്തു. കുഞ്ഞുങ്ങളെ അതാത് പ്രദേശത്തെ വിവിധ കുലത്തിൽ പെട്ട ഓരോരുത്തരും എടുത്ത് വളർത്തുകയും അവർ ആ കുലത്തിലെ ചിട്ടയിൽ വളർന്നു മിടുക്കരാവുകയും ചെയ്തു.ജാതിവ്യവസ്ഥയിലെ വിവേചനം നിർത്തലാക്കാനും
ഏവരും ഒരു രക്ഷകർത്താവിന്റെ മക്കൾ ആണെന്നും തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനും ഈ നോവൽ ഓർമ്മിപ്പിക്കുന്നു.
നല്ല സന്ദേശം നൽകിയ കഥയുടെ നല്ല വിലയിരുത്തൽ