വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ഭരണഘടന ഭേദഗതി ബിൽ പാസാകാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ല.
ഭരണഘടനാ ഭേദഗതി ആയിരുന്നതിനാൽ ബില്ലുകൾ പാസാകാൻ ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. 528 പേര് വോട്ട് ചെയ്‌തതിൽ 298 പേര് മാത്രമാണ് ബില്ലിനെ അനുകൂലിച്ചത്. 230 പേർ എതിർത്തു വോട്ട് ചെയ്തു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 54 വോട്ടുകൾ കുറവിൽ ബില്ല് പരാജയപ്പെട്ടു.
131ാം ഭരണഘടനാ ഭേദഗതി ബില്ലിനൊപ്പം അല്ലാതെ മണ്ഡല പുനർനിർണ്ണയ ബില്ലും കേന്ദ്ര പ്രദേശ ഭരണ നിയമഭേദഗതി ബില്ലും കൊണ്ടുവരാൻ സാധിക്കില്ല എന്ന് കേന്ദ്രം വ്യക്തമാക്കി. ഇതോടെ മൂന്ന് ബില്ലുകൾക്കും ലോക്സഭ കടക്കാനായില്ല.
പ്രതിപക്ഷം അതിശക്തമായ പ്രതിഷേധം ഉയർന്നപ്പോൾ തന്നെ ബിൽ പരാജയപ്പെടുമെന്ന സൂചന കേന്ദ്രത്തിന് ലഭിച്ചിരുന്നു. എന്നാൽ ബിൽ പിൻവലിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടത്.
പ്രതിപക്ഷത്തിൻ്റെ ആവശ്യങ്ങൾ അംഗീകരിച്ചാൽ ഭാവിയിൽ ബില്ലിനെ പിന്തുണയ്ക്കുമെന്ന് രാഹുൽഗാന്ധി പറഞ്ഞു. രണ്ട് ദിവസം നീണ്ടു നിന്ന ചർച്ചയിൽ കടുത്ത വിമർശനമാണ് ഭരണ പ്രതിപക്ഷ കക്ഷികൾ ഉയർത്തിയത്. അതേസമയം ബില്ലിനെ പ്രതിപക്ഷം എതിർക്കുന്നത് തിരഞ്ഞെടുപ്പിൽ പ്രചരണം ആയുധമാക്കാനാണ് ബിജെപി നീക്കം.
പ്രതിപക്ഷത്തിൻ്റെ നിലപാട് ദൗർഭാഗ്യകരമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചു. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.



