അപൂർവ്വമായി കിട്ടുന്ന നീണ്ട അവധികൾ ഞങ്ങൾ നാട്ടിലാണ് ചെലവഴിക്കാറ്. അങ്ങനെ ഒരവധിക്കാലത്ത് നടന്ന സംഭവമാണിത്. വീട്ടിൽ ചെന്നാൽ പിന്നെ, “മൃഷ്ടാന്നം ഭോജനം … മമ ഉദരം സന്തുഷ്ടം”
(സംസ്കൃതം ഇടയ്ക്ക് തള്ളിയാൽ rating കൂടുംന്ന് ആരോ പറഞ്ഞു. അതോണ്ട് പെട്ടെന്ന് തട്ടിക്കൂട്ടിയ ശ്ലോകം ആണ്. അങ്ങട് സഹിക്യ)
ഉച്ചയ്ക്ക് ഡൈനിങ് ടേബിളിലെ workout ന് ശേഷം യോഗനിദ്രയും കഴിഞ്ഞ് ക്ഷീണിച്ചിരിക്കുമ്പോഴാണ് നല്ല പഴം പൊരിയും ചൂടുചായയും വീണ്ടും പ്രലോഭനവും ആയി വന്നത്. അവരെയും നിരാശരാക്കാതെ 100% പോളിങ് രേഖപ്പെടുത്തി, ഒന്നു മുറ്റത്തേക്ക് ഇറങ്ങി. വീട്ടിൽ ചെന്നുകേറുമ്പോൾ മുതൽ അടുക്കള to ഡൈനിങ്ങ് റൂം indoor tour കഴിഞ്ഞ് ഞാൻ , outdoor ലേക്ക് പൊതു ദർശനത്തിന് ഇറങ്ങി. ഇരുണ്ട് മൂടി കിടന്ന ആകാശത്ത് ഇടിയും മിന്നലുമായി ആകെ ഒരു മാറ്റം. പെട്ടന്ന് മഴ തുടങ്ങി നല്ല രീതിയിൽ തകർത്തു പെയ്തു. ആകെ ഒന്ന് തണുത്തു; മനവും. പുതുമഴയ്ക്ക് ഒരു നല്ല മണം ഉണ്ട്. റോഡുകളിൽ ചെളിവെള്ളം കുത്തിയൊഴുകുന്നു. എനിക്കിഷ്ടാണ് ഈ കാഴ്ചകൾ കാണാൻ.
പറയാൻ വന്നത് ഇതൊന്നുമല്ല. മഴ തകർത്തു പെയ്ത് തോർന്നു. രാത്രി വൈകിയും ഞങ്ങൾ വാതിൽ തുറന്നിട്ടിരിക്കുകയാണ്. കുറ്റാക്കുറ്റിരുട്ട്. നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. ഞാനും മമ്മിയും സംസാരിച്ചു കൊണ്ടേയിരുന്നു. പെട്ടന്ന് സംസാരം നിർത്തി മമ്മി പുറത്തേക്ക് നോക്കി. ആരോ ടോർച്ചടിക്കുന്നുണ്ടല്ലോ. ആരാടീ നീ ഒന്ന് നോക്കിക്കേ. | എൻ്റമ്മേ 🥺ഉള്ളിൽ കൊള്ളിയാൻ വീണ്ടും മിന്നി. വീടിൻ്റെ എതിർവശം റബർത്തോട്ടമാണ്. പാതിരാത്രിക്ക് അവിടെ ആരും ടോർച്ചടിക്കേണ്ട കാര്യമില്ല. അത് നടവഴി അല്ല. നാട്ടിൻപുറങ്ങളിലെ റബർത്തോട്ടങ്ങളിൽ വെളുപ്പാൻകാലത്ത് റബ്ബർ വെട്ടുകാരുടെ Searchlight ൻ്റെ സാന്നിധ്യം ഉണ്ട്. എന്നാൽ ഈ നട്ടപ്പാതിരായ്ക്ക് റബർ തോട്ടത്തിൽ എന്തിനാ ടോർച്ച് വെളിച്ചം.
😳ഞങ്ങളുടെ നാട്ടിൽ എൻ്റെ കുട്ടിക്കാലത്താണ് നാടിനെ നടുക്കിയ മണിയമ്മ കൊലപാതകം നടന്നത്. അന്ന് പോലീസ് പട്ടിയേക്കാളും വിവരം അന്വേഷിച്ച് ഓടിയത് ഞങ്ങൾ കുട്ടികളായിരുന്നു. കേസന്വേഷണത്തിന് വന്ന പോലീസുകാർ സഞ്ചരിക്കാത്ത വഴിയിലൂടെ, ഇന്നത്തെ ഓൺലൈൻ മാപ്രകൾപോലും തോറ്റുപോകുന്ന രീതിയിൽ കേസന്വേഷണം നടത്തിയ നാട്ടുകാരും കുറവല്ല . അമ്പലക്കുളത്തിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ട മൃതദ്ദേഹം എടുക്കുന്നതും ഇൻക്വസ്റ്റ് നടത്തുന്നതും അടക്കമുള്ള കാര്യങ്ങൾക്ക് ദൃക്സാക്ഷിയായ കാര്യങ്ങൾ വീണ്ടും ഒന്ന് ഓർമ്മിച്ചു.
അന്നും റബർ തോട്ടത്തിൽ ടോർച്ചിൻ്റെ വെട്ടം കണ്ട കഥകൾ പ്രചരിച്ചിരുന്നതിനാൽ ഒന്നു പേടിച്ചെങ്കിലും, ധൈര്യം സംഭരിച്ച് ഒന്നൂടെ നോക്കി. ഒന്നല്ല രണ്ട് ടോർച്ചിൻ്റെ വെട്ടം മിന്നി മിന്നി നീങ്ങുന്നുണ്ട്. ഉറപ്പിച്ചു. കൊലപാതകം തന്നെ. ആരായിരിക്കും? എന്തിനായിരിക്കും? ചിന്തകൾ കാടുകേറി. പണ്ട് വായിച്ച മംഗളം, സഖി വാരികകളിലെ കൊലപാതക കഥകൾ ഓർത്തു. ദൈവമേ പോലീസും കോടതിയും… ലീവെടുത്ത് കോടതി കേറേണ്ടി വരുമോ? 🤭 എന്തൊക്കെയോ ആലോചിച്ചു. നമുക്ക് പോലീസിനെ അറിയിക്കണ്ടേ മമ്മീ എന്ന് ഞാൻ.മിണ്ടാതെ പോയി കിടന്നുറങ്ങ് എൻ്റാ ശേന്ന് മമ്മി
.😏 എൻ്റെ ധൈര്യക്കൂടുതൽ 🤭മമ്മിയിൽ ഒരു പ്രതികരണവും ഉണ്ടാക്കിയില്ലാന്ന് പറയില്ല, കാരണം അത്രയും പുച്ഛഭാവം ഞാൻ ആ മുഖത്ത് ഇതുവരെ കണ്ടിട്ടില്ല. മാത്രമല്ല ഇതൊക്കെ എന്ത് എന്ന് ആ നോട്ടത്തിൽ നിറയുന്നതും എനിക്ക് മനസിലായി. പേടിച്ച് വിറച്ചതാണോ അതോ വേനൽ മഴ സമ്മാനിച്ച കുളിരു കൊണ്ടാ എന്തോ എനിക്ക് ചെറുതായി ഒരു തണുപ്പ് തോന്നി.
വീണ്ടും കുറേനേരം കൂടി നോക്കി. പിന്നെ ടോർച്ചിൻ്റെ വെട്ടം കണ്ടില്ല. പോലീസിനെ അറിയിക്കണ്ടേന്ന് ഇടയ്ക്ക് ചോദിച്ചു കൊണ്ടിരുന്നതുകൊണ്ടാവാം🙆 മമ്മി കതകടച്ച് കുറ്റിയിട്ട് കിടക്കാൻ പോയി. കൂടെ ഞാനും. മമ്മി എത്തുന്നതിന് മുൻപ് തന്നെ ബെഡ്ഡിൽ കേറി. അല്ല പിന്നെ😀 . വൈകിയുറങ്ങി വൈകി എണീറ്റെങ്കിലും ഉടൻ പത്രം നോക്കി. വാകത്താനത്ത് അനിഷ്ടസംഭവങ്ങൾ ഒന്നും ഇല്ല. ആശ്വാസം. എന്നാലും ആ വെളിച്ചം. അതെന്തായിരി ക്കും? ഉണ്ണിയാശ അസ്വസ്ഥയായി. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഉണ്ണിയാശക്കില്ല; ആ ഉത്തരം കണ്ടെത്തിയിരിക്കും. അതാണീ ഉണ്ണിയാശ.
നാട്ടിലെത്തിയാൽ മിക്കവാറും കാണുന്ന സുഹൃത്ത് സഖാവ് അനീഷ് വീട്ടിൽ വന്നു. പതിവു കട്ടൻ കാപ്പിക്കൊപ്പം നാട്ടു വിശേഷങ്ങളും പങ്കു വച്ചു. പാതിരാത്രിയിൽ കണ്ട ദീപശിഖ പ്രയാണത്തെ ക്കുറിച്ച് എനിക്കുണ്ടായ സംശയം ഞാൻ അവനോട് പറഞ്ഞു. ഇത്തിരി കരുതൽ കൂടുതലുള്ള നല്ല സുഹൃത്തായതിനാൽ ദീപശിഖയുടെ ഉത്ഭവരഹസ്യം കണ്ടെത്താനായില്ലയെങ്കിലും, എൻ്റെ ആശങ്കകളെ പുഛിച്ചില്ല. ഒരു പതിവു ചിരിയോടെ അവനത് നേരിട്ടു.
വൈകുന്നേരം പതിവ് പൊതുദർശനത്തിന് മുറ്റത്ത് നിൽക്കുമ്പോൾ സഹപാഠിയും പഞ്ചായത്ത് മെമ്പറും ആയ രമേശിനോടും ഇരുട്ടിലൂടെ നീങ്ങുന്ന ദീപശിഖ എന്ന ആശങ്ക പങ്കുവച്ചു. ആർത്ത് ചിരിച്ച് അവൻ പറഞ്ഞ കാര്യം കേട്ട് ഞാൻ ഞെട്ടിത്തരിച്ച് പോയി . ഇവിടെ ചില മത്സരങ്ങൾ നടക്കുന്നുണ്ട്. അതിൻ്റെ ഭാഗമാണ് ഈ ദീപശിഖാ പ്രയാണംന്ന്. പാതിരാത്രിക്ക് മത്സരമോ? ഞാൻ ചോദിച്ചു. മറുപടി ഇങ്ങനെ: അതേ, കാറ്റിലും മഴയത്തും പറമ്പിൽ തേങ്ങ വീഴും മരക്കൊമ്പ് ഒടിഞ്ഞു വീഴും. ഇതൊക്കെ ശേഖരിക്കുന്നത് സമീപസ്ഥരുടെ ഒരു ഗോമ്പറ്റിഷൻ ഐറ്റം ആണത്രേ. മഴ കഴിഞ്ഞ ഉടൻ തന്നെ work തുടങ്ങി, മറ്റു വീട്ടുകാരേക്കാൾ കൂടുതൽ Point നേടി ഗപ്പടിക്കാനുള്ള ആത്മാർത്ഥ ശ്രമത്തിൻ്റെ ഭാഗമായിരുന്നത്രേ ആ ദീപശിഖാ പ്രയാണം. എന്നാലും എൻ്റെ നാടേ…. എൻ്റെ കുറ്റാന്വേഷണം അങ്ങനെ തുടക്കത്തിലേ ഒടുങ്ങി. എന്നിലെ ഷെർലക്ക് ഹോംസ് ബാധ തൽക്കാലത്തേക്ക് ആണെങ്കിലും ഇറങ്ങി ഓടി.
പാതിരാത്രിയിലെ ടോർച്ച് വെളിച്ചത്തെ കുറിച്ചുള്ള അന്വേഷണം ഗംഭീരം..
സഖി, മംഗളം ഓർമ്മപ്പെടുത്തൽ വായിച്ചപ്പോൾ ചിരി വന്നു.
വളരെ രസകരമായ വിവരണം
😍 സനേഹം നന്ദി
😃
👍👍
എന്നത്തേയും പോലെ ഏറെ ചിരിപ്പിച്ച മറ്റൊരു ഓർമ്മകുറിപ്പ്. ഗംഭീരം ഉണ്ണിയാശേ
😂😂 superbly penned❤️