Saturday, March 22, 2025
Homeഅമേരിക്കആശംസകൾ അല്ല, ആശയങ്ങൾ വളരട്ടെ (സുബി വാസു എഴുതുന്ന “ഇന്നലെ-ഇന്ന്-നാളെ")

ആശംസകൾ അല്ല, ആശയങ്ങൾ വളരട്ടെ (സുബി വാസു എഴുതുന്ന “ഇന്നലെ-ഇന്ന്-നാളെ”)

സുബി വാസു നിലമ്പൂർ

വനിതാദിനം!, ശരിക്കും ഓരോ ദിനവും അതിന്റെ പ്രധാന്യവും, അതിന്റെ ആശയവും അറിഞ്ഞു ആഘോഷിക്കപ്പെടുമ്പോൾ ആണ് അതു അർഥവത്താവുന്നത്. പക്ഷെ എല്ലാം ഒരു ചടങ്ങുപോലെ, വഴിപാട് പോലെ അതങ്ങനെ ആഘോഷിക്കപ്പെടുന്നു. മാധ്യമങ്ങളിൽ കുറച്ചു ചർച്ചകൾ, വനിതകളുടെ പ്രകടനങ്ങൾ, സോഷ്യൽ മീഡിയയിൽ ആശംസപോസ്റ്റുകൾ നമ്മുടെ വനിതാദിനം ധന്യമായി. അതിനപ്പുറത്തേക്ക് അടിസ്ഥാനപ്രശ്നങ്ങളിലേക്ക് ഇറങ്ങാനോ, ചർച്ചചെയ്യപ്പെടാനോ ആരും തയ്യാറാകുന്നില്ല. അങ്ങനെ ആയിരുന്നെങ്കിൽ ഇന്ന് ആത്മഹത്യചെയുന്ന വിവാഹിതകളുടെ എണ്ണം കുറഞ്ഞേനെ, ലഹരിക്കാടിമപ്പെടുന്ന പെൺകുട്ടികളുടെ എണ്ണം കുറഞ്ഞേനെ, കൗമാരപ്രായത്തിൽ അമ്മയാകുന്ന കുട്ടികൾ കുറഞ്ഞേനെ, ചൂഷണങ്ങൾ കുറഞ്ഞേനെ, ശക്തമായ നിയമങ്ങൾ ഉണ്ടായനെ.

ഒരുകാലത്ത് തികച്ചും പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹമാണ് സ്ത്രീകളുടേത്. കേവലം അടുക്കളയിൽ മാത്രം ഒതുങ്ങി നിന്നുകൊണ്ടുള്ള ജീവിതം. നാലുചുമരുകൾക്കുള്ളിൽ അടങ്ങി ഒതുങ്ങി, കുലസ്ത്രീകളായി, ഭർത്താവിന്റെ പട്ടടയിൽ എരിയേണ്ടി വന്ന സ്ത്രീകൾ! അവറുടെ പ്രശ്നങ്ങളോ, മറ്റു കാര്യങ്ങളോ ചർച്ച ചെയ്യാൻ ആരുമുണ്ടായിരുന്നില്ല, ഉണ്ടായാലും അതിനു വലിയ പ്രസക്തി ഉണ്ടായിരുന്നില്ല. അടുക്കളയിൽ മാത്രമായുള്ള ഉത്തരവാദിത്തങ്ങൾ! ഭക്ഷണം വയ്ക്കുക കുട്ടികളെ പ്രസവിക്കുക, അവരെ വളർത്തുന്ന ഇതു മാത്രമായിരുന്നു സ്ത്രീകളുടെ ചുമതലകൾ എന്ന് വിശ്വസിച്ചിരുന്ന ഒരു സമൂഹത്തിൽ നിന്നു കൊണ്ടാണ് സ്ത്രീകളെ ഇന്നുള്ള രീതിയിലേക്ക് കൊണ്ട് വന്നതമതത്തിന്റെയും, ജാതിയുടെയും കുടുംബത്തിന്റെയും വേലിക്കുള്ളിൽ അടഞ്ഞുകിടന്നിരുന്ന ഒരു സമൂഹത്തെ മറക്കുടയില്ലാതെ പുറത്തേക്കു കൊണ്ടുവരുക എന്നത് അന്നത്തെ നവോത്ഥാന ദർശനികരുടെ ബുദ്ധിമുട്ടുള്ള എന്നാൽ ഏറ്റവും മുഖ്യമായൊരു വെല്ലുവിളി തന്നെയായിരുന്നു. സമൂഹത്തിന്റെ ഉന്നതിയുടെ ഓരോഘടകങ്ങളിലും സ്ത്രീകളുടെ സാനിധ്യം വേണം അതുകൊണ്ടുതന്നെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും, ഉന്നമനത്തിനും ഊന്നൽ നൽകിക്കൊണ്ട് നമ്മുടെ സാമൂഹ്യ പരിഷ്കർത്താക്കൾ മുന്നോട്ട് പോയത്.അതുകൊണ്ടുമാത്രമാണ് ഇന്നത്തെ സ്ത്രീകൾക്ക് മികച്ച വിദ്യാഭ്യാസവും, ജോലിനേടാനും,സ്വയം പര്യാപ്തത നേടാനും കഴിഞ്ഞത്.

പെൺകുട്ടികൾ ജനിക്കുന്നത് തന്നെ പാപമാണ് എന്ന് കരുതി പെൺഭ്രൂണഹത്യനടത്തിയ, പെൺകുട്ടി ജനിച്ചാൽ വായിൽ നെല്ലിട്ട് കൊല്ലുന്ന കാലഘട്ടത്തിൽ നിന്നും പെൺകുട്ടികളെ വളർത്താനും, അവർ ജനിക്കുന്നതു അഭിമാണെന്നും, അവർക്കും ജീവിക്കാൻ അനുവാദമുണ്ടെന്നും അതിനവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കാനും ഒരു സമൂഹം വളർന്നുവെങ്കിൽ നവോത്ഥാനത്തിൻറെ പങ്ക് വളരെ വലുതാണ്.അന്ന് ശ്രീനാരായണ ഗുരുവും, ചട്ടമ്പി സ്വാമികളും, vt ഭട്ടതിരിപ്പാടുമൊക്കെ മുന്നോട്ട് വച്ച ആശയങ്ങളും, പ്രവർത്തനങ്ങളും നമ്മുടെ സമൂഹത്തിന്റെ പുരോഗതിക്കു എത്രത്തോളം ആക്കം കൂട്ടിയെന്നുള്ളത്തിന്റെ തെളിവുകൾ കൂടിയാണ് ഇതൊക്കെ.

പക്ഷേ ഇന്നത്തെ നവോത്ഥാനം, സ്ത്രീസുരക്ഷ യെന്നൊക്കെ പറഞ്ഞു കൊണ്ട് നടക്കുന്ന ആശയങ്ങളും പ്രവർത്തനങ്ങളും എന്താണ്?ഒട്ടും സുരക്ഷയൊ, ആശയങ്ങളോ ഇല്ലാത്ത കാര്യങ്ങളാണ് പലപ്പോഴും മുന്നോട്ട് വെക്കുന്നത്.
സ്ത്രീസ്വാതന്ത്ര്യമെന്നും ,സ്ത്രീ സുരക്ഷയെന്നും കൊട്ടിഘോഷിക്കപ്പെട്ട ഈ കാലഘട്ടത്തിൽകൊല്ലപ്പെടുന്ന, അല്ലെങ്കിൽ ആത്മഹത്യ ചെയ്യപ്പെടുന്ന സ്ത്രീകളുടെ എണ്ണമെത്രയാണ്, ലഹരിക്കു അടിമപ്പെട്ടുപോയ കൗമാരക്കാരികളുടെ എണ്ണമെത്രയാണ്, ലഹരിയിൽ മുങ്ങിയ യുവത്വങ്ങൾ, കൗമാരപ്രായത്തിൽ അമ്മയാകുന്നവർ, ചൂഷണം ചെയ്യപ്പെടുന്നവർ, എത്രയെത്രവാർത്തകളാണ് ഓരോ ദിനവും നമ്മളിലേക്ക് എത്തുന്നത്. ഓരോ ആത്മഹത്യയും നമ്മുടെ മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങൾ ആയിട്ടാണ് നിൽക്കുന്നത്. കൗമാരക്കാരുടെ ഇടയിൽ ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന ഓരോ കാര്യങ്ങളും യഥാർത്ഥ പ്രശ്നങ്ങളുടെ അവഗണനയല്ലെ കാണിക്കുന്നത്.

ഇന്ന് നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പറ്റാത്ത സമയത്താണ് ഒരു വനിതാദിനം കൂടെ ആഘോഷിക്കപ്പെടുന്നത് വുമൺ എംപവർമെന്റ് എന്ന് പറഞ്ഞാൽ കേവലം തുണിയില്ലാത്ത ഉടുപ്പുമിട്ട് ചാനലുകളിൽ ചർച്ചയ്ക്ക് വന്നു കാലിന്മേൽകാൽ കയറ്റിവെച്ച് ചർച്ച ചെയ്താൽ മാത്രം പോരാ അതിനപ്പുറത്തേക്ക് സ്ത്രീകളുടെ അടിസ്ഥാന പ്രശ്നങ്ങൾ ഉണ്ട്, ഒരുപാട് സ്ത്രീകൾ അനുഭവിക്കുന്ന മാനസികസംഘർഷങ്ങൾ ഉണ്ട് കുടുംബത്തിലായാലും, ജോലിസ്ഥലത്ത് ആയാലും, സോഷ്യൽ മീഡിയയിൽ കൂടി ആയിക്കോട്ടെ സ്ത്രീകൾ അനുഭവിക്കുന്ന ചൂഷണങ്ങളിലേക്കും, അടിസ്ഥാന പ്രശ്നങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ കഴിയുന്നില്ല. സർക്കാർ സംവിധാനങ്ങൾ ആകട്ടെ, മറ്റ് സംവിധാനങ്ങൾ ആകട്ടെ ഇത്തരത്തിലേക്ക് സ്ത്രീകൾക്കിടയിൽ ഇറങ്ങി ചെല്ലാൻ കഴിയാത്ത അവസ്ഥയുണ്ട്. അതിലേക്ക് ഇറങ്ങിച്ചെന്ന് സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞാൽ മാത്രമേ ഇത്തരം സംവിധാനങ്ങൾ ഫലപ്രാപ്തിയിൽ എത്തുകയുള്ളൂ.

വിവാഹിതകളായ ഒരുപാടു പെൺകുട്ടികൾ മരണപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ അടുത്ത് നമ്മുടെ സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഈ വനിതാദിനം നടക്കുന്നതിന് കുറച്ച് ദിവസങ്ങൾക്കു മുൻപാണ്  അമ്മയും രണ്ടു പെൺകുട്ടികളും ട്രെയിനിനു മുന്നിൽ ചാടി ജീവിതമവസാനിപ്പിച്ചത്. അത് എന്തുകൊണ്ടാണ്? അവരെ സംരക്ഷിക്കേണ്ട കൈകൾ അവരെ തള്ളുമ്പോൾ സ്വന്തം വീട്ടുകാരും, ഭർത്താവിന്റെ വീട്ടുകാരും സപ്പോർട്ട് കൊടുക്കാതെ തളർത്തി കളഞ്ഞപ്പോൾ പിന്നീട് അവർക്കുള്ള വഴി മരണമാണ്. ഒരു കുഞ്ഞു സുരക്ഷ അല്ലെങ്കിൽ ഒരു കൈത്താങ്ങ്കൊടുത്തിരുന്നെങ്കിൽ ആ അമ്മയും മക്കളും ജീവനോടെ ഉണ്ടാകുമായിരുന്നു. നിയമങ്ങളും, മതനിയമങ്ങളും കാറ്റിൽപറത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്ത്രീകൾ എന്നും വീടിനുള്ളിൽ തളച്ചീടെണ്ടവരാണെന്നും, മൂടുപടങ്ങൾക്കുഉള്ളിൽ ജീവിക്കേണ്ടവരാണെന്നുള്ള ഒരു പൊതുബോധം മതങ്ങളെല്ലാം ഉണ്ടാക്കിവെച്ചിട്ടുണ്ട്. അതിനനുസരിച്ചു ജീവിക്കുന്ന ഒരുപാടു സ്ത്രീകളും ഉണ്ട്. ശരിക്കും അവർ തന്നെയാണ് ഇത്തരം ആശയങ്ങൾക്ക് തുരങ്കം വെക്കുന്നത്.

സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്‍തപ്പെടുമ്പോഴൊക്കെ ഏതെങ്കിലും ഒരു പോയിന്റ് ഓഫ് വ്യൂ വിൽ നിന്നല്ല കാര്യങ്ങൾ കാണേണ്ടത്. എല്ലാതരത്തിലും അവരെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ശ്രമിക്കേണ്ടത്. അതിനനുസരിച്ചു നിയമങ്ങളും, നീതിപാലകരും നടപടികൾ സ്വീകരിക്കുമ്പോൾ മാത്രമാണ് അതു പൂർണ ഫലപ്രാപ്തിയിൽ എത്തുകയുള്ളൂ.

ഈ വനിതാ ദിനത്തിൽ ആശംസകൾ മാത്രമല്ല, സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്കെതിരെ, അനീതികൾക്കെതിരെയുള്ള പോരാട്ടമാകട്ടെ.

സുബി വാസു നിലമ്പൂർ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments