പത്തനംതിട്ട: കോഴഞ്ചേരിയിൽ റിസോർട്ടിൽ യുവതിയെ കുത്തിക്കൊന്നു. റിസോർട്ടിലെ ട്രെയിനി റിസപ്ഷനിസ്റ്റായ കുളത്തൂപ്പുഴ സ്വദേശി ദിൽഷയാണ് കൊല്ലപ്പെട്ടത്. 20 വയസ്സായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തായ കീഴുക്കര സ്വദേശി ജിത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് ഉച്ചയ്ക്ക് രണ്ടു തവണയായിരുന്നു ക്രൂര കൊലപാതകം. കോഴഞ്ചേരി മാരാമണിലുള്ള റിസോർട്ടിൽ ഈ മാസം പതിനൊന്നാം തീയതിയാണ് ദിൽഷ ജോലിക്കായി എത്തിയത്. ഇന്ന് ഉച്ചയോടെ സുഹൃത്തായ ജിത്തു റിസോർട്ടിലെത്തുകയും പിന്നീട് ഇരുവരും പുറത്തുനിന്ന് സംസാരിക്കുകയും ചെയ്തുവെന്നും ജീവനക്കാർ പറഞ്ഞു. സംസാരത്തിനിടെ ജിത്തു കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് ദിൽഷയുടെ കഴുത്തിൽ കുത്തുകയായിരുന്നു. നിരവധി തവണ കുത്തിയതായാണ് വിവരം.
ഗുരുതരമായി പരിക്കേറ്റ ദിൽഷയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രതിയെ നാട്ടുകാർ പിടികൂടി സമീപത്തുള്ള മരത്തിൽ കെട്ടിയിട്ട ശേഷം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്കായി മാറ്റി. പ്രണയനൈരാശ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.



